ഇരുകവിളിലും മഞ്ഞള്‍ തൊട്ട് ഏതെങ്കിലും സ്ത്രീകള്‍ നടന്നുപോകുന്നത് കണ്ടാല്‍ അവരെ കളിയാക്കാനോ പുച്ഛിക്കാനോ ആണ് സാധാരണ പുരുഷന്മാര്‍ ശ്രമിക്കുന്നത്. പുരുഷന്മാരെ കുറ്റം പറയേണ്ട. അത്തരത്തിലുള്ളവരെ പുച്ഛിക്കാന്‍ ചില സ്ത്രീകള്‍ താല്‍പ്പര്യവും കാണിക്കാറുണ്ടെന്നതാണ് വാസ്തവം.
ദ്രാവിഡമഹിമയില്‍ ഏറെ വിശ്വസിക്കുന്ന തമിഴ്നാട്ടിലെ സ്ത്രീകള്‍ മുഖത്തും കവിളുകളിലും മഞ്ഞള്‍ അരച്ചുതേയ്ക്കുന്നത് ഒരു പതിവാണ്. തമിഴ് സാമീപ്യം കൊണ്ട് മലയാളി പെണ്‍കുട്ടികളും ഇങ്ങനെ ചെയ്യാറുണ്ട്.
പൊതുവേ, ഇങ്ങനെ ചെയ്യുന്നതുകാരണം സൗന്ദര്യം വര്‍ദ്ധിക്കുമെന്നാണ് സങ്കല്‍പ്പം. സൗന്ദര്യവര്‍ദ്ധനയ്ക്ക് മലയാളിസ്ത്രീകള്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതിനുശേഷം മുഖത്ത് മഞ്ഞള്‍ തേയ്ക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടമായിട്ടുണ്ട്.
എന്നാല്‍ സൗന്ദര്യവര്‍ദ്ധകവസ്തുവായി ഇതിനെ കരുതുന്നുവെങ്കിലും സത്യം അതല്ല. മഞ്ഞള്‍ മുഖത്തു തേയ്ക്കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ മറ്റൊരു ഗുണമാണ് കാണുന്നത്.
ഇങ്ങനെ ചെയ്യുന്നത്കൊണ്ട് ലഭ്യമാകുന്ന ഗുണത്തെ നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. നാം മുഖം എത്രയൊക്കെ ശുദ്ധമായി സൂക്ഷിച്ചിരുന്നാലും അഴുക്കും കൃമികീടങ്ങളും പറ്റാന്‍ സാധ്യത ഏറെയുണ്ട്. ഇതു ത്വക്ക് രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇതൊഴിവാക്കുകയും നമ്മുടെ മുഖത്തു പറ്റുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുമുള്ള കഴിവ് മഞ്ഞളിനുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് രോഗാണുക്കളെ നശിപ്പിക്കാനായി സ്ത്രീകള്‍ മഞ്ഞള്‍ അരച്ചു മുഖത്ത് തേയ്ക്കുന്നത്.
ഇതു പറയുമ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നിറം ലഭ്യമാകാനാണെന്നാണ് പലരും കരുതുന്നത്. ഇതു തെറ്റാണ്. ഭക്ഷണ പദാര്‍ത്ഥത്തത്തില്‍ നിലനില്‍ക്കുന്നതോ പറ്റിക്കൂടുന്നതോ ആയ രോഗാണുക്കളെ നശിപ്പിച്ച് ശുദ്ധിപ്പെടുത്താനാണ് മഞ്ഞള്‍ അരച്ചു ചേര്‍ക്കുന്നത്. അല്ലാതെ നിറം കിട്ടാനോ ഭക്ഷണത്തിന് സൗന്ദര്യം കൂട്ടാനോ അല്ല.
ഇത്തരത്തിലുള്ള മഞ്ഞളിന്റെ പ്രാധാന്യത്തെ പഴയതലമുറ വിമര്‍ശിക്കാതെ കണ്ടിരുന്നു.