ഗൃഹാരംഭം, ഗൃഹപ്രവേശനം എന്നീ ചടങ്ങുകളോട് അനുബന്ധിച്ച് മൂത്താശാരി വാസ്തുപൂജ ചെയ്യുന്ന പതിവുണ്ട്. അതിനുശേഷം അദ്ദേഹം തേങ്ങയുടച്ച് രണ്ട് കഷ്ണങ്ങളും ഇരുവശത്തുമായി വച്ച് വെള്ളം നിറച്ച് അതില്‍ പുഷ്പം ഇടുകയും രാശി നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. നാളികേരത്തിന്‍റെ രണ്ട് ഖണ്ഡങ്ങളും നിരപ്പായിരിക്കുകയോ മുറിച്ച സമയത്ത് കഷ്ണം അകത്ത് വീഴുകയോ ചെയ്‌താല്‍ അത് മംഗളകരമാണ്. തേങ്ങ ഉടഞ്ഞു ചിതറിയാല്‍ ഹൃദ്രോഗവും തേങ്ങയുടെ കണ്ണുകള്‍ മുറിഞ്ഞുടഞ്ഞാല്‍ ദുഃഖവും ശിരോമദ്ധ്യത്തില്‍ ഉടഞ്ഞാല്‍ മൃത്യുവും അചാരികള്‍ക്ക് ക്ലേശവുമാണ് ഫലം. നാളികേര ഖണ്ഡത്തിന്‍റെ മേടം രാശി ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ധനപുഷ്ടിയും ഇടവം ഉയര്‍ന്നിരിക്കുന്നുവെങ്കില്‍ സ്ത്രീനാശവും മിഥുനമെങ്കില്‍ സ്ത്രീകള്‍ മുഖാന്തരം കലഹവും, കര്‍ക്കിടകമെങ്കില്‍ തസ്കരഭയവും ചിങ്ങമെങ്കില്‍ സന്താനലാഭവും കന്നി ഉയര്‍ന്ന് മീനം താഴ്ന്ന് നില്‍ക്കുന്നുവെങ്കില്‍ ഐശ്വര്യവും വൃശ്ചികമെങ്കില്‍ അന്യദേശഗമനവും തുലാമെങ്കില്‍ സ്ത്രീനായകത്വവും ധനുവെങ്കില്‍ കോപവും മകരമെങ്കില്‍ അഭീഷ്ടസിദ്ധിയും കുംഭമെങ്കില്‍ അനര്‍ത്ഥവും മീനമെങ്കില്‍ മൃത്യുവും സംഭവിക്കാം. മേടം രാശിയുടെയും ഇടവം രാശിയുടെയും അന്തരം താഴ്ന്നിരുന്നാല്‍ നിശ്ചയമായും മൃത്യു സംഭവിക്കും.
നാളികേര ഖണ്ഡങ്ങളിലിടുന്ന പുഷ്പം മേടം രാശിയില്‍ ചേര്‍ന്നാല്‍ ധനലാഭവും, ഇടവം രാശിയില്‍ ചേര്‍ന്നാല്‍ ധനനഷ്ടവും കലഹവും, മിഥുനം അഗ്നിഭയവും, കര്‍ക്കിടകം ക്രോധവും ധനനഷ്ടവും, ചിങ്ങം പുത്രലാഭവും, കന്നി സ്ത്രീസന്താനലാഭവും, തുലാം കീര്‍ത്തിയും, വൃശ്ചികം നാഗപീഡയും ധനു അധികാരികളില്‍ നിന്നുള്ള അതൃപ്തിയും മകരം സുഖവും കുംഭം അനര്‍ത്ഥവും മീനം മൃത്യുവും ഉണ്ടാക്കും.
മേല്‍പ്പറഞ്ഞ പൊതുവായ ഫലങ്ങള്‍ കാണുന്നുവെങ്കിലും അന്നത്തെ ഗ്രഹസ്ഥിതികള്‍ മനസ്സിലാക്കി വേണം ഗുണദോഷഫലങ്ങള്‍ നിരൂപിക്കേണ്ടത്.