ഭാർഗ്ഗവേന്ദുസുതൗ പാപൗ ഭൂസുതാംഗിരസൗ ശുഭൗ
ഏക ഏവ ഭവേൽ സാക്ഷാദ് ഭൂമിജോ യോഗകാരകഃ
നിഹന്താ രവിരന്ന്യൗ തു പാപിനൗ മാരകാഹ്വയൗ
ക്വചിദ്വ്യയാർത്ഥഗഃ ശുക്രോ യോഗദശ്ചേതി കേചന.
സാരം :-
കർക്കിടകം രാശി ലഗ്നത്തിൽ ജനിച്ചവന് കേന്ദ്രലാഭാധിപനായ ശുക്രനും വിക്രമവ്യയാധിപനായ ബുധനും പാപന്മാരാകുന്നു. കുജനും വ്യാഴവും ശുഭാന്മാർതന്നെ. എന്നാൽ വ്യാഴത്തിനു ഷഷ്ഠാധിപത്യം കൂടിയുള്ളതുകൊണ്ട് ശുഭത്വത്തിനു ന്യൂനതയുണ്ട്. ചൊവ്വാ അങ്ങനെയല്ല. കേന്ദ്രത്രികോണാധിപനാകയാൽ ഏറ്റവും ശുഭനും യോഗകാരകനുമാണ്. ദ്വിതീയാധിപനായ സൂര്യൻ മാരകനാകുന്നു. ശനിക്കും ചന്ദ്രനും പാപത്വവും മാരകത്വവുമുണ്ട്. എങ്കിലും ശനിചന്ദ്രന്മാർ മിക്കവാറും സമഫലപ്രദന്മാർതന്നെയാണ്.
കർക്കിടകലഗ്നത്തിൽ ജനിച്ചവന് പന്ത്രണ്ടിലോ രണ്ടിലോ നിൽക്കുന്ന ശുക്രനും യോഗപ്രദനാണെന്ന് ചില ആചാര്യന്മാർ നിർണ്ണയിച്ചിട്ടുണ്ട്.