പാപാഃ കുജാര്യസൂര്യജ്ഞാഃ ശുക്ര ഏകശ്ശുഭോ മതഃ
ശനിനാ ഗുരുസംയോഗശ്ചിന്ത്യോ മേഷഭുവോ യഥാ.
നാലം ശനിർന്നിഹന്തും തല്ലക്ഷണാൽ പാപിനസ്ത്വലം
കിം തു യോഗപ്രദസ്സൗമ്യോ ബലീ ചേദിതി കേചന.
ധനനാഥോƒപി ശീതാംശുർമ്മാരകോ ന ഭവേദിഹ
ജ്യേഷ്ഠഭ്രാതുർവ്വിരോധസ്സ്യാൽ ബുധോ മീനഗതോ യദി.
സാരം :-
മിഥുനലഗ്നത്തിൽ ജനിച്ചവന് ആറാം ഭാവാധിപനും എട്ടാം ഭാവാധിപനുമായ ചൊവ്വയും കേന്ദ്രാധിപനായ വ്യാഴവും ബുധനും വിക്രമാധിപനായ സൂര്യനും പാപഗ്രഹങ്ങളാണ്. ത്രികോണാധിപനായ ശുക്രൻ മാത്രം ശുഭനാകുന്നു. എന്നാൽ ശുക്രൻ പന്ത്രണ്ടാം ഭാവാധിപൻകൂടിയാകയാൽ അനിഷ്ടരാശിസ്ഥിതിയും പാപരോഗവും മറ്റും ഉള്ളപക്ഷം പാപഫലത്തെക്കൂടെ ചെയ്കയും ചെയ്യും. ശനിവ്യാഴസംബന്ധം മേടലഗ്നത്തിൽ പറഞ്ഞതുപോലെത്തന്നെ ഇവിടേയും വിചാരിച്ചുകൊള്ളണം. ശനി എട്ടാം ഭാവാധിപനാണെങ്കിലും ഒമ്പതാം ഭാവാധിപൻകൂടിയാകയാൽ മാരകനായിരിക്കുകയില്ല. മിക്കവാറും ശനിയ്ക്ക് ശുഭാശുഭത്വം തുല്യമായിരിക്കും. കുജാദികൾതന്നെ മിഥുനലഗ്നജാതനു മാരകന്മാരാകുന്നു. ബുധൻ കേന്ദ്രാധിപനാകയാൽ പാപനാണെങ്കിലും ലഗ്നാധിപത്യം ഉള്ളതുകൊണ്ട് ശുഭഗൃഹസംബന്ധാദികൾകൊണ്ടും ചിലപ്പോൾ യോഗപ്രദനായിത്തീരുമെന്ന ചില അഭിപ്രായമുണ്ട്. "കർമ്മലഗ്നഗതപാകദശായാം " ഇത്യാദി പ്രമാണവ്യാഖ്യാനം ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നു. ദ്വിതീയമാരകനാഥനായ ചന്ദ്രന് ഇവിടെ മാരകത്വമില്ല. രാശിസ്ഥിതി, ഗ്രഹസംബന്ധം ഇതുകളെ അനുസരിച്ച് ചന്ദ്രൻ ശുഭാശുഭഫലങ്ങളെ ചെയ്യും.
മിഥുനലഗ്നത്തിൽ ജനിച്ചവനു പത്താം ഭാവത്തിൽ (മീനം രാശിയിൽ) ബുധൻ നിന്നാൽ ജ്യേഷ്ഠസഹോദരന്റെ വിരോധമുണ്ടാകുമെന്നുമുണ്ട്. 2, 7, 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന കേതു മാരകനാകുന്നു. രാഹുവിനോടുകൂടി രണ്ടാം ഭാവത്തിൽ (കർക്കിടകം രാശിയിൽ) വ്യാഴം നിന്നാൽ രാഹുദശയിലെ വ്യാഴ അപഹാരകാലം മരണം തന്നെ സംഭവിക്കാനിടയുണ്ട്. മിഥുനലഗ്നവിചാരം