ലഗ്നേƒസ്തേ നിധനേ സുതേ ച നവമേ സത്സ്വാമിയുക്തേക്ഷിതേ
പാപാദൃഷ്ടയുതേ വിവാഹസമയേ പ്രശ്നേ ശുഭം പുംസ്ത്രിയോഃ
അസ്മാച്ചേദ്വിപരീതതാ ന മതിമാൻ പാണിഗ്രഹം കാരയേ -
ല്ലഗ്നേന്ദൂ ശുഭദൗ ശുഭാംശകഗതൗ പാപാംശഗൗ മൃത്യുദൗ. ഇതി.
സാരം :-
ലഗ്നം, അഞ്ച്, ഏഴ്, എട്ട്, ഒൻപത്, എന്നീ ഭാവങ്ങൾക്കു ഭാവനാഥന്റെയോ, ശുഭഗ്രഹങ്ങളുടെയോ യോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുക, ഈ ഭാവങ്ങളുടെ അധിപന്മാരല്ലാത്ത പാപഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഇല്ലാതെ വരിക ഇങ്ങനെ വന്നാൽ വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം.
മേൽപറഞ്ഞ ലഗ്നാദികളായ അഞ്ചു ഭാവങ്ങൾക്കും പാപഗ്രഹങ്ങളുടെ യോഗമോ, ദൃഷ്ടിയോ അഥവാ രണ്ടുമോ വരികയും ഈ ഭാവങ്ങളുടെ അധിപന്റെയും ശുഭന്മാരുടെയും യോഗദൃഷ്ടികൾ സംഭവിക്കാതെയും വന്നാൽ ബുദ്ധിമാനായ പ്രശ്നക്കാരൻ (ജ്യോതിഷി) ആ വധൂവരന്മാരെക്കൊണ്ടുള്ള വിവാഹത്തിന് അനുവദിക്കരുത്.
ലഗ്നചന്ദ്രന്മാർ ശുഭനവാംശകത്തിൽ നിന്നാൽ ദമ്പതികൾക്കു ശോഭനഫലങ്ങളും പാപനവാംഷശകങ്ങളിൽ നിന്നാൽ പാപഫലങ്ങളും സംഭവിക്കുമെന്നു പറയണം. "ദുഃഖദൗ ' എന്നുള്ള പാഠഭേദം സ്വീകരിക്കുമ്പോൾ ലഗ്നചന്ദ്രന്മാർ പാപനവാംശകങ്ങളിൽ നിന്നാൽ ദുഃഖഫലം സംഭവിക്കുമെന്നു അറിഞ്ഞുകൊള്ളണം.