സ്ത്രീഭ്യാം യുക്തേന പുംസാ പരിണതനൃയുജാ ഗോവൃഷാഭ്യാമുഭാഭ്യാ -
മാരബ്ധപ്രശ്നകൃത്യാ പുനരുപയമനശ്ലാഘിവാചാ തഥൈതൈഃ
ദൈവാൽ പ്രശ്നോപയാതൈഃ പുനരുപയമനം പൃച്ഛതഃ കീർത്തനീയം
കഥ്യന്തേ ലക്ഷണാന്യപ്യുപയമനവിരോധീനി പുഷ്പോദ്ഗമാദ്യൈഃ.
സാരം :-
വിവാഹപ്രശ്ന സന്ദർഭത്തിൽ വിവാഹപ്രശ്ന സ്ഥലത്ത് ഒരു പുരുഷൻ രണ്ടു സ്ത്രീകളോടുകൂടി വരികയോ, അല്ലെങ്കിൽ യൌവനം കഴിഞ്ഞ ഭാര്യാഭർത്താക്കന്മാർ വരികയോ, ഒരു പശുവും ഒരു കാളയും കൂടി വരികയോ ചെയ്താലും ചക്രലേഖനം മുതലായ ദൂത്യകർമ്മങ്ങൾ രണ്ടുപേർ കൂടി നിർവഹിച്ചാലും പുനർ വിവാഹത്തിനനുകൂലങ്ങളായ വാക്കുകൾ ആരെങ്കിലും പറയുന്നതു കേൾക്കാനിടവന്നാലും ഇവിടെ പുനർവിവാഹത്തിന് ഇടവരുമെന്നു പറയണം. ഈ വക ലക്ഷണങ്ങൾ യാദൃച്ഛികമായി സംഭവിക്കേണ്ടതാണ്. മനഃപൂർവ്വം വരുത്തിക്കൂട്ടുന്ന നിമിത്തങ്ങൾകൊണ്ട് ഫലം പറയരുതെന്ന് ഇതുകൊണ്ടു സൂചിപ്പിക്കുന്നു.
"ഗോവൃഷാഭ്യാമുഭാദ്യാ " മെന്ന ഭാഗംകൊണ്ട് ഏകഭാര്യാനിഷ്ഠയില്ലാത്ത മറ്റു ജന്തുക്കൾ വന്നാലും ബഹുഭാര്യാപരമായ പുരുഷൻ വന്നാലും പുനർവിവാഹം വേണ്ടിവരുമെന്നു പറയാം.