ദ്രവ്യദ്വന്ദ്വമപീതരേതരസമാബദ്ധം യദി പ്രേക്ഷ്യതേ
ദമ്പത്യോശ്ച യദൃച്ഛയേക്ഷണസമായാനാദികം വാ തദാ
ഊർണ്ണാസൂത്രനിബദ്ധപാണിചരണസ്യാവേക്ഷണം ഗാനിനാ-
മായാനഞ്ച കരഗ്രഹായ കളഭദ്രവ്യേക്ഷണഞ്ചാചിരാൽ. ഇതി.
സാരം :-
വിവാഹപ്രശ്നസമയത്ത് യാദൃച്ഛികമായി രണ്ടു പദാർത്ഥങ്ങൾ തമ്മിൽ ചേർന്ന് (പിണഞ്ഞ്) ഇരിയ്ക്കുന്നത് കാണുക. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചവിടെ വരിക, അല്ലെങ്കിൽ അവരെ കാണാനിടവരിക, കരിമ്പടച്ചരട് കൈയിലും കാലിലും ബന്ധിച്ചിട്ടുള്ള ആരെയെങ്കിലും ഒരാളെ കാണുക. പാട്ടുകാരോ, പാടികൊണ്ടോ ആരോ വരിക, ചന്ദനം മുതലായ കുറിക്കൂട്ടിനുതകുന്ന സാധനങ്ങളെ കാണുക. ഈ വക ലക്ഷണങ്ങൾ ഉണ്ടായാൽ ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം.