മൃഗലഗ്നഭുവസ്സാക്ഷാൽ ഭൃഗുജോ രാജയോഗദഃ
പാപാ കുജാര്യശശീനഃ ശുഭൗ ശുക്രശശാങ്കജൗ.
സബുധോƒതിശുഭശ് ശുക്രസ്സ്വയം ഹന്തി ന സൂര്യജഃ
തല്ലക്ഷണാന്നിഹന്താരോ ഭവന്തി കുജപൂർവ്വകാഃ.
സാരം :-
മകരലഗ്നത്തിൽ ജനിച്ചവന് ശുക്രൻ ഏറ്റവും ശുഭനും രാജയോഗപ്രദനുമാണ്. ബുധനും സാമാന്യശുഭദൻതന്നെ. ബുധശുക്രന്മാരുടെ യോഗം ഏറ്റവും ശുഭമാകുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനും ചന്ദ്രനും ഉത്തരോത്തരം പാപത്വം കൂടിയിരിക്കും. ഇവർക്ക് മാരകലക്ഷണം കൂടിയുണ്ടായാൽ മരണത്തെത്തന്നെ ചെയ്യുന്നതുമാണ്. ശനി ദ്വിതീയമാരകാധിപനാണെങ്കിലും ലഗ്നാധിപൻകൂടിയാകയാൽ താനേതന്നെ മാരകനായിരിക്കുന്നതല്ല. സൂര്യൻ അഷ്ടമാധിപനാണെങ്കിലും സൂര്യചന്ദ്രന്മാർക്ക് അഷ്ടമാധിപത്യദോഷം ഇല്ലെന്നുള്ള പ്രമാണപ്രകാരം മാരകനല്ലാത്തതും മദ്ധ്യമഫലപ്രദനായിരിക്കുന്നതുമാണ്.