പാപാഃ പാപവിലോകിതാ നിധനഗാ നീചാരിവേശ്മാശ്രിതാ
വിഘ്നാനാം ജനകാ വിവാഹസമയേ കേനാപി വാ ഹേതുനാ
ഏവം ഷഷ്ഠഗതാ വധൂവരരുജാ യദ്വാനയോർബന്ധുഭിഃ
പ്രശ്നേ പക്ഷിമൃഗോരഗാദിസുരതേ ദൃഷ്ടേ വധൂർജാരിണീ.
സാരം :-
ലഗ്നത്തിന്റെ എട്ടാം ഭാവത്തിൽ പാപഗ്രഹദൃഷ്ടിയോടുകൂടി പാപഗ്രഹങ്ങൾ നില്ക്കണം. അത് നീചത്തിലോ ശത്രുക്ഷേത്രത്തിലോ ആയിരിക്കയും വേണം ഈ യോഗമുണ്ടായാൽ എന്തെങ്കിലും കാരണമുണ്ടായി വിവാഹം വിഘ്നപ്പെടുമെന്നും പറയണം.
പാപഗ്രഹദൃഷ്ടിയോടുകൂടിയ പാപഗ്രഹങ്ങൾ ആറാംഭാവത്തിൽ നില്ക്കുക, ശത്രു ക്ഷേത്രത്തിലോ നീചത്തിലോ ആയിരിക്കുക, ഈ യോഗമുണ്ടായാൽ കന്യകയ്ക്കോ, പുരുഷനോ രോഗമുണ്ടാകനിമിത്തം വിവാഹം മുടങ്ങാനിടവരുമെന്നു പറയണം. അല്ലെങ്കിൽ ബന്ധുക്കൾ തമ്മിലുള്ള സ്വൈരക്കുറവുകൊണ്ടും വിവാഹവിഘ്നം സംഭവിക്കാം. ഇവിടെ " പാപാഃ " എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നതുകൊണ്ടു രണ്ടിലധികം പാപഗ്രഹങ്ങൾ ഉണ്ടായിരുന്നാൽ ഫലത്തിന് ഏറ്റവും ദാർഢ്യമുണ്ടെന്നു സൂചിപ്പിച്ചിരിക്കുന്നു.
പ്രശ്നസമയത്തു പക്ഷികൾ, മൃഗങ്ങൾ, സർപ്പങ്ങൾ മുതലായ ജന്തുക്കൾ തമ്മിൽ ഇണചേരുന്നതായി കണ്ടാൽ കന്യക വ്യഭിചാരിണിയാണെന്ന് അറിയണം.