സംസ്പർശനാദ്യൈരപി ചക്രകർത്തുഃ
പ്രഷ്ടുഃ ക്ഷിതേർലക്ഷ്മ വിചാരണീയം
വിലിഖ്യ ചക്രം പ്രദദാദി കിഞ്ചിൽ
ദ്രവ്യം പരസ്മൈ യദി ഭൂമിരേഷാ
പരസ്വതാമേഷ്യതി, യൽ പരസ്മാ -
ദാദാനമന്യക്ഷിതിലാഭശംസി,
യദ്യുദ്ധരേത്സ്വാഭിമുഖം പ്രസാര്യ
ഹസ്തം നാഗാഃ സ്യു, ര്യദി സാംഗുലീയഃ
കരഃ സ വല്ലീപരിവേഷ്ടിതാംഗാ
ഗ്രീവാവിഭൂഷാലഭനേƒപി തദ്വൽ
ശാഖാവിഹീനാസ്തരവോƒംഗുലീനാ-
മാകുഞ്ചനേ സ്ഥാണവ ഏവ മുഷ്ടൗ
സാരം :-
രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്.
രാശിചക്രം എഴുതിയ ഉടനെ ശേഷിച്ച ഭസ്മത്തെയോമറ്റോ വേറൊരാളിന്റെ കയ്യിൽ കൊടുത്താൽ പ്രഷ്ടാവിന്റെ ഭൂമി അന്യനു കൊടുപ്പാനിടവരുമെന്നു പറയണം. രാശിചക്രലേഖനം കഴിഞ്ഞാൽ ഉടനെ മറ്റൊരാളോട് ഏതെങ്കിലും വാങ്ങിക്കുമെങ്കിൽ താമസം വിനാ പ്രഷ്ടാവിന് ഭൂലാഭമുണ്ടാകുമെന്നു പറയണം. രാശിചക്രം എഴുതിയിട്ടു കൈപരത്തി നേരെ മേൽപ്പോട്ടുയർത്തുമെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ വൃക്ഷങ്ങളുണ്ടെന്നും ആ കൈവിരൽ മോതിരമുണ്ടെങ്കിൽ വൃക്ഷങ്ങളിൽ വള്ളി ചുറ്റിക്കിടക്കുന്നുണ്ടെന്നും കഴുത്തിലെ ആഭരണത്തിൽ തൊടുകയാണെങ്കിൽ അപ്രകാരമാണെന്നും, വിരലുകൾ മടക്കിവച്ചിരിക്കുന്നു എങ്കിൽ വൃക്ഷങ്ങൾക്കു കൊമ്പുകളില്ലെന്നും കൈ മുറുക്കിപ്പിടിച്ചിരിക്കുന്നു എങ്കിൽ കുറ്റികളുണ്ടെന്നും യുക്തിപോലെ പറഞ്ഞുകൊള്ളുക.