സ്വപൃഷ്ഠഭാഗസ്ഥനതപ്രദേശ-
സ്പർശേന കുല്യാം കഥയേന്നദീം വാ
രഹസ്യലക്ഷ്മേത്യഥ തൽപ്രസംഗാ-
ദ്ദൂതാശ്രയം കിഞ്ചന ലക്ഷ്മ വക്ഷ്യേ.
സാരം :-
രാശിചക്രം എഴുതിയതിന്റെ ശേഷം ദൈവജ്ഞൻ തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിക്ക് തോടിന്റേയോ പുഴയുടെയോ സംബന്ധമുണ്ടെന്നു പറയണം. ദൈവജ്ഞാന്മാർ മറ്റൊരു സ്ഥാനത്തിരുന്ന് പ്രഷ്ടാവിന്റെ ഭൂമിയിലുള്ള ഏവം വിധങ്ങളായ രഹസ്യങ്ങൾ പറയുവാനുള്ള ലക്ഷണമാണല്ലോ പറയപ്പെട്ടത്. അതുകൊണ്ട് ദൂതനെ ആശ്രയിച്ച് ചിന്തിക്കേണ്ട ചില ലക്ഷണങ്ങളും ഇവിടെ പറയുന്നതും അനുചിതമല്ല.