ദീപഃ സംഹതമൂർത്തിരായതതനുർന്നിർവേപഥുർദീപ്തിമാൻ
നിശ്ശബ്ദോ രുചിരഃ പ്രദക്ഷിണഗതിർവൈഡൂർര്യഹേമദ്യുതിഃ
ലക്ഷ്മീം ക്ഷിപ്രമഭിവ്യനക്തി രുചിരാം യശ്ചോച്ഛിഖോ ദൃശ്യതേ
ശേഷം ലക്ഷണമഗ്നിലക്ഷണസമം യോജ്യം യഥാ യുക്തിതഃ
സാരം :-
ചിതറാതെ ചേർന്നു തടിച്ചു നീണ്ട വിറയിലും ശബ്ദവും കൂടാതെ ശുദ്ധതേജോമയമായി വലതുവശം ചുഴിഞ്ഞു വൈഡൂര്യരത്നത്തിന്റെയോ സ്വർണ്ണത്തിന്റെയോ ദ്യുതിക്ക് സമാനമായ നിറത്തോടുകൂടി മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുന്നുവെന്നു സ്പഷ്ടമായി സൂചിപ്പിക്കുന്നു. അതായത് ഈവക ഗുണങ്ങൾ ദേഹാത്മകമായ, എണ്ണയുടേയും ആത്മസ്വരൂപമായ, തിരിയുടേയും വാസസ്ഥാനാത്മകമായ തൽപാത്രത്തിന്റെയും ശുഭസാമുഹ്യസമ്പൂർണ്ണതകൊണ്ടും ശത്രുസ്വരുപനായ, കൊടുംകാറ്റിൽ അഭാവംകൊണ്ടും മറ്റും സിദ്ധിക്കേണ്ടതാണ്. ഒരു മനുഷ്യന് ശാരീരമായും ആത്മീയമായും ഭവനവിഷയമായും ശത്രുവർഗ്ഗങ്ങളിൽനിന്നും യാതൊരനർത്ഥങ്ങൾക്കും അവകാശമില്ലാതെയിരിക്കിൽ അയാളുടെ അഭിവൃദ്ധിയുടെപ്പതിനിമിഷമുള്ള ശ്രീഘ്രഗമനം എത്ര മെച്ചമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. തന്നിമിത്തം പ്രഷ്ടാവിന് അപ്പോഴത്തേതിലും പ്രശംസനീയാമായ ഒരു സ്ഥാനം സന്നിഹിതമാണെന്നു നിശ്ശങ്കം പറയാവുന്നതാണ്. ചിതറാതെ ഊർദ്ധ്വഗതിയോടു കൂടി മനോഹരമായി പ്രകാശിക്കുന്ന ദീപവും ശുഭപ്രദമാണ്.
നിമിത്തങ്ങളിൽവച്ചു ദീപത്തിനു പ്രാമാണ്യമുള്ളതിനാൽ സമയം മുതലായ തല്ക്കാലികലക്ഷണങ്ങൾ ദീപലക്ഷണത്തോടു യോജിപ്പിച്ചു പറയാം. നാലാംപാദത്തിനു പ്രകാരാന്തരേണ ഒരർത്ഥംകൂടി പറയാം. യാഗാഗ്നിയുടേയും മറ്റും ലക്ഷണചിന്തനയിൽനിന്നും അന്യഗ്രന്ഥങ്ങളിലുള്ള ദീപലക്ഷണവിധിയിൽനിന്നും ദീപവിഷയമായ മറ്റു ലക്ഷണങ്ങളെ ഗ്രഹിച്ചു ഇവിടെ ചേരത്തക്കവിധം ആലോചിച്ചു പറയേണ്ടതാണ്.
*********************
വിളക്കിന്റെ ജ്വാല നല്ലവണ്ണവും നീളവുമുള്ളതായി പ്രദക്ഷിണഗതിയായിരുന്നാലും വിറച്ചിലില്ലാതേയും നല്ലപ്രകാശത്തോടു കൂടിയും ഇരുന്നാലും ശബ്ദങ്ങൾ പുറപ്പെടാതെയിരുന്നാലും ജ്വാലയ്ക്കു ഭംഗിയുണ്ടായാലും സ്വർണ്ണവർണ്ണമായോ വൈഡൂര്യരത്നവർണ്ണമായോ ഇരുന്നാലും ജ്വാല നേരെ മേൽപ്പോട്ടുതന്നെയായിരുന്നാലും ന്യായമായി നല്ല ഐശ്വര്യലാഭം ഉടനെ ഉണ്ടാകുമെന്നു പറയണം. ബാക്കി ദീപലക്ഷണവിചാരം യുക്തിക്കുതക്കവണ്ണം അഗ്നിലക്ഷണംപോലെ യോജിപ്പിച്ചു പറഞ്ഞുകൊൾക.