അനാസന്നേ തു സമയേ മദ്ധ്യാഹ്നോദയയോ രവേഃ
പ്രശ്നകർമ്മ ഹി കർത്തവ്യം സുപ്രസന്നേ ദിവാകരേ.
സാരം :-
ഉദയം മദ്ധ്യഹ്നം ഈ സമയത്തോട് ഏറ്റവും അടുക്കാതെ ഉള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത്. ഇതുകൊണ്ടു പ്രശ്നത്തിന് ഉദായല്പരം മദ്ധ്യാഹ്നംവരെയുള്ള കാലം ഉത്തമമാണെന്നു സൂചിപ്പിച്ചിരിക്കുന്നു. അല്ലെങ്കിൽ ഉദയം മദ്ധ്യാഹ്നം സായാഹ്നം ഈ മൂന്നുകാലങ്ങളുടേയും സാമീപ്യത്തെ നിഷേധിക്കുമായിരുന്നു. കൂടാതെ സൂര്യന് അഭിമുഖമായിരുന്നുവേണം പ്രശ്നം ആരംഭിക്കേണ്ടതെന്നു 'മാർത്താണ്ഡാഭിമുഖ പ്രഹൃഷ്ടഹൃദയഃ" എന്നും മറ്റുമുള്ള വചനങ്ങൾകൊണ്ടു തെളിയുന്നു. കിഴക്കോട്ടു ഇരിക്കണമെന്നു ഈ പദ്യംകൊണ്ടും സ്പഷ്ടമാകുന്നുവല്ലോ. ഈ രണ്ടു സംഗതികളും സംഗതമാകണമെങ്കിൽ മദ്ധ്യാഹ്നത്തിനുമുമ്പ് വേണമെന്നുള്ള സംഗതി തർക്കവിഷയമല്ലലോ. പ്രശ്നക്രിയയ്ക്കു വിളക്ക് പൂജാസാധനങ്ങൾ മുതലായവയെ സംഗ്രഹിച്ചിട്ട് ദൂതനെക്കൊണ്ടു പ്രശ്നസ്ഥലത്തേക്കു കൊണ്ടുവരാൻ പറയണം.