ലിഖിതാ സൗമ്യരേഖാ പ്രാഗ്യദി നൂനം ധനാഗമഃ
വരുണീ യദി രോഗാപ്തിരൈന്ദ്രീ ചേത്സന്തതിർഭവേൽ.
യാമ്യരേഖാ യദി ഭവേന്മരണായൈവ പൃച്ഛതാം.
സാരം :-
രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ പൃച്ഛത്തുകൾക്കു ധനലാഭമുണ്ടാകുമെന്നു പറയണം. പടിഞ്ഞാറേ രേഖ ആദ്യമായി എഴുതിയാൽ രോഗദുഃഖമുണ്ടാകുമെന്നും കിഴക്കേ രേഖ ആദ്യമായി എഴുതിയാൽ സന്താനലാഭമുണ്ടാകുമെന്നും തെക്കേ രേഖ ആദ്യം എഴൂതുന്നു എങ്കിൽ മരണം സംഭവിക്കുമെന്നും പറയണം.
ഇവിടെ പൃച്ഛതം എന്നുള്ള ബഹുവചനപ്രയോഗംകൊണ്ടു മരണം മുതലായ ഫലങ്ങൾ പ്രഷ്ടാവിനോ തൽസംബന്ധിക്കൾക്കോ ഉണ്ടാകുമെന്നു സൂചിപ്പിച്ചിരിക്കുന്നു. "മൃത്യുസൂത്രഫലംമൃത്യുഃ പ്രഷ്ടുഃ സംബന്ധിനാമപി" എന്നുള്ള ഭാഗംകൊണ്ടു ഇതു സ്പഷ്ടമാണ് ഫലനിർദ്ദേശത്തിനായി പുറമേയുള്ള ഈ നാലു രേഖകൾ മാത്രമേ വരപ്പിക്കേണ്ടതുള്ളൂ.