സ്നേഹോ യസ്യേഹ ദേഹോ ഭവതി തദുദരേ വർത്തിനീ വർത്തിരാത്മാ
ജ്വാലാ ചായുസ്തദീയേ വിമലമലിനതേ സൗഖ്യദുഃഖേ ക്രമേണ
പാത്രം ഗേഹം സമീരോ മൃദുപരുഷഗുണോ ബന്ധുശത്രുസ്വരൂപഃ
പ്രഷ്ടുർവൃത്തം നികാമം പിശുനയതി മഹാദേവതാത്മാ സ ദീപഃ
സാരം :-
എണ്ണകൊണ്ട് പ്രഷ്ടാവിന്റെ ദേഹസ്ഥിതയെ അറിയേണ്ടതാണ്. എണ്ണമലിനമാണെങ്കിൽ പ്രഷ്ടാവിന് ശാരീരമായ അസ്വാസ്ഥ്യമുണ്ടെന്നും, എണ്ണ നിർമ്മലമാണെങ്കിൽ ആരോഗ്യവാനാണെന്നും എണ്ണ അല്പമാണെങ്കിൽ ക്ഷീണനാണെന്നും എണ്ണ നിറച്ചുണ്ടെങ്കിൽ പൂർണ്ണദേഹനാണെന്നും മറ്റും എണ്ണയുടെ ദ്വിവിധാവസ്ഥകളെ അനുസരിച്ച് ശരീരത്തിന്റെ എല്ലാ അവസ്ഥകളും അറിയേണ്ടതാണ്.
തിരികൊണ്ട് ആത്മാവിന്റെ (ചൈതന്യശക്തിയുടെ) ഗുണദോഷം വിചാരിക്കേണ്ടതാണ്. തിരി പൂർണ്ണവും നിർമ്മലവുമാണെങ്കിൽ ആത്മാവിനു സുഖവും ദൃഢതയും പറയാവുന്നതാണ്. തിരിക്ക് അല്പതയും മലിനതയും ഉണ്ടെങ്കിൽ ആത്മാവിനു ദുഃഖവും സങ്കോചവും പറയേണ്ടതാണ്. ഇങ്ങനെയുള്ള ആത്മഗുണദോഷങ്ങൾ തിരിയെക്കൊണ്ട് ചിന്തിച്ചുകൊള്ളണം.
ജ്വാല ആയുസ്സിന്റെ ശുഭാശുഭചിന്തനയ്ക്കുള്ള സാധനമാണല്ലോ. അതിനു മേൽപറയപ്പെട്ട ശുഭലക്ഷണങ്ങൾ പരിപൂർണ്ണമാണെങ്കിൽ പ്രഷ്ടാവ് ചിരംജീവി എന്നും അശുഭലക്ഷണങ്ങൾ പരിപൂർണ്ണമാണെങ്കിൽ അല്പായുസ്സ് എന്നും മിശ്രങ്ങളാണെങ്കിൽ മദ്ധ്യായുസ്സ് എന്നും മറ്റും അതിന്റെ സ്ഥിതിഗതികളനുസരിച്ച് നിശ്ചയിച്ചുകൊള്ളുക.
എണ്ണ, തിരി, ജ്വാല ഇതുകൾക്ക് സാമാന്യേന ആധാരമായപാത്രത്തിന്റെ ശുഭാശുഭം പഴക്കം ബലം കേട് മുതലായവകൊണ്ട് പ്രഷ്ടാവിന്റെ വാസഭവനത്തിന്റെ നന്മതിന്മ ജീർണ്ണത ഉറപ്പ് മുതലായവയെ ചിന്തിക്കണം.
ദേഹാത്മമായ എണ്ണ സുഷിരമുഖമായോ മറ്റോ ചോർന്നു പോകുന്നുവെങ്കിൽ അവിടെയുള്ളവർ തുടരെ മൃത്യുദുഃഖമനുഭവിക്കുന്നെന്നു അറിയണം. പ്രകാശത്തിനനുകൂലമാംവിധം മൃദുലവായുവുണ്ടെങ്കിൽ തന്റെ ജീവിതഗതിക്കനുകൂലികളായ ബന്ധുവർഗ്ഗങ്ങളുടെ സഹായസാന്നിദ്ധ്യമുണ്ടെന്നും ദീപനാശം ചെയ്യത്തക്കവണ്ണം പരുഷമായ കാറ്റുണ്ടെങ്കിൽ ലോകഗതിയിൽ തനിക്കുള്ള അഭ്യുദയത്തെ പ്രായേണ നിരോധിക്കുന്നതിനു പ്രതികൂലികൾ നേരിട്ടിരിക്കുന്നു എന്നും അറിയണം.
വിളക്ക് ഈശ്വരമയമായതുകൊണ്ട് പ്രഷ്ടാവിന്റെ മിക്ക അനുഭവങ്ങളും അതിൽനിന്നുതന്നെ ഗ്രഹിക്കാവുന്നതാണ്.
********************************************
********************************************
മഹാദേവതമാരുടെ അധിഷ്ഠാനുഭൂതമാകയാൽ ദേവതാസ്വരൂപനെന്നുതന്നെ വിളക്കിന്റെ പറയാം. ആ വിളക്കു പൃച്ഛകന്റെ സകലവർത്തമാനത്തേയും നമുക്കു നല്ലവണ്ണം സൂചിപ്പിച്ചുതരുന്നു. അതെങ്ങിനെ എന്നാൽ വിലക്കിലുള്ള സ്നേഹത്തെ (എണ്ണ) പൃച്ഛകന്റെ ശരീരമെന്നു കല്പിക്കുക. ആ സ്നേഹത്തിന്റെ വലിപ്പം, ചൂട്, മാലിന്യം, തെളിവ്, ചെറുപ്പം, അതിൽ കിടക്കുന്ന വസ്തുക്കൾ ഇതുകളെക്കൊണ്ടു പൃച്ഛകന്റെ ശരീരത്തിന്റെ തടി, സന്താപം, രക്തദോഷം, പ്രകാശം, മെലിച്ചിൽ, കൃമികളുടെയും മറ്റും ഉപദ്രവം ഇതുകളെ അറിയുക. എങ്ങിനെ യുക്തികൊണ്ടു കണ്ടുകൊൾക.
ആ സ്നേഹത്തിന്റെ (എണ്ണയുടെ) ഉള്ളിൽ കിടക്കുന്ന തിരി ആത്മാവാകുന്നു. തിരിയുടെ അവസ്ഥപോലെ ആത്മാവിന്റെ അവസ്ഥയെ പറയണം. ഒരു തിരി മറ്റൊരു തിരിയിന്മേൽ കേറിക്കിടക്കുന്നുവെങ്കിൽ പ്രാണാദിവായുക്കൾക്ക് ആവരണം സംഭവിച്ചിട്ടുണ്ടെന്നു പറയാം. ആ തിരി മുഷിഞ്ഞ ശീലയാണെങ്കിൽ പൃച്ഛകനു ബുദ്ധിപ്രസാദം കുറയുമെന്നറിയണം. ഇങ്ങിനെ കണ്ടുകൊൾക.
വിളക്കിന്റെ ജ്വാല ആയുസ്സാകുന്നു. അതിന്റെ വലിപ്പംപോലെ ആയുസ്സിന്റെ വലിപ്പത്തെ വിചാരിച്ചുകൊൾക. ജ്വാലയ്ക്ക് നല്ല തെളിവുണ്ടായാൽ പൃച്ഛകനു സൗഖ്യമുണ്ടെന്നും അതു മങ്ങികൊണ്ടിരുന്നാൽ ദുഃഖമുണ്ടെന്നും അറിയുക.
പാത്രം ഗൃഹമാകുന്നു. അതു വലിയതായും കേടില്ലാത്തതും ശുദ്ധിയുള്ളതുമായിരുന്നാൽ പൃച്ഛകന്റെ ഗൃഹം വലിപ്പമുള്ളതും കേടില്ലാത്തതും വൃത്തിയുള്ളതുമാണെന്നറിയുക. ആ വിളക്കിനെ ആദ്യം വെച്ച ദിക്കിൽ നിന്നു മാറ്റിവച്ചുവെങ്കിൽ മൂലസ്ഥാനം പ്രശ്നാലമേടമല്ല. വേറെയുണ്ട് എന്ന് അറിയുക. എങ്ങിനെ യുക്തികൊണ്ടാലോചിക്കുക.
മാർദ്ദവമുള്ള വായു വിളക്കിന്മേൽ തട്ടിയിരുന്നുവെങ്കിൽ ബന്ധുസഹായമുണ്ടെന്നും, വിളക്കിന്മേൽ പരുഷവായുസംബന്ധിച്ചാൽ ശത്രുവൃദ്ധിയുണ്ടെന്നും പറയാം. മറ്റു ഈ വിധം പലതും ബുദ്ധിമാന്മാർ ഊഹിചു പറഞ്ഞുകൊൾക.
ഇവിടെ "സ്നേഹഃ ശശാങ്കാൽ" എന്ന ബൃഹത്ത്ജാതകശ്ലോകത്തിന്റെ ദശാദ്ധ്യായിയിലെ വ്യാഖ്യാനപ്രകാരം സ്നേഹത്തിനെക്കൊണ്ടു പുണ്യപാപകർമ്മങ്ങളെ ആലോചിക്കാമെന്നും അതുകൊണ്ടു സുഖദുഃഖങ്ങളെ നിരൂപിക്കാമെന്നും കാണുന്നുണ്ട്. വർത്തിയെക്കൊണ്ട് ദേഹഗുണത്തെ നിരൂപിക്കണമെന്നും അഭിപ്രായമുണ്ട്. ദീപജ്വാലകൊണ്ട് ആത്മാവിനെ വിചാരിക്കാമെന്നും വരുന്നുണ്ട്. ഈ ദശാദ്ധ്യായീ അഭിപ്രായത്തെ അനുസരിച്ചു ചിലർ "തദുദരേ വർത്തിനീ വർത്തിരായുർജ്ജ്വാലാചാത്മാ" എന്ന പാഠത്തെ കല്പിയ്ക്കുന്നു. അവർ സ്നേഹോ യസ്യേഹ ദേഹോ എന്നേടത്തുള്ള ദശാദ്ധ്യായീവിസംവാദത്തെ ഗണിക്കുന്നതുമില്ല. ഈ ശ്ലോകപ്രകാരമുള്ള നിരൂപണവും വെവ്വേറെതന്നെ എന്നും സംവാദാർത്ഥം രണ്ടും വിചാരിക്കാമെന്നും ഉഭയപ്രാമാണ്യാഭ്യുപഗമേന സമ്മതിക്കണമെന്നും സിദ്ധാന്തിക്കുന്നതുതന്നെ ഉചിതമായിരിക്കും. അത്ര വർത്തിനീത്യത്ര "സുപ്യജാതാവിതിണിനേരുപപദസദ്‌ഭാവ ഏവാനുശാസനാൽ തദുദരേവർത്തിനീത്യേകം പദമിതി കേചിൽ തൽപുരുഷേ കൃതി ബഹുലമിത്യലുഗിതി തൽപക്ഷഃ യദ്വാവർത്തഃ വർത്തനംഘഞന്തഃ സോസ്യാസ്തീതി വർത്തിനീതി സമാധേയം. പിശുനയതീത്യത്രതൽകരോതി, തദാചഷ്ടേ ഇതിണിചി പിശുനം കരോതീത്യർഥേ പിശുന ശബ്ദസ്യ പിശുനൗ ഖലസൂചകാവിതി കോശാൽ സൂചകപരത്വേ ച ആത്മാനം പിശുനയതീത്യധ്യാഹാരേണാന്വയഃ. തൽപേ ക്ഷ വൃത്തമിത്യത്രവൃത്തേ ഇതി പാഠ്യം; അന്യഥാ ദ്വിതീയാനുപപത്തേഃ ഇത്യലം തോദേന."