രാശിയിൽ വയ്പിക്കാനുള്ള സ്വർണ്ണപണം വെള്ളംകൊണ്ടു കഴുകി അതിന്മേൽ ചന്ദനം ചാർത്തി

അഥ പ്രക്ഷാള്യ തോയേന സ്വർണ്ണം ചന്ദനഭൂഷിതം
പത്രേ വിന്യസ്യ കുസുമൈരക്ഷതൈരപി യോജയേൽ.

സാരം :-

ഈശ്വരനമസ്കാരങ്ങളെല്ലാം കഴിഞ്ഞതിനുശേഷം രാശിയിൽ വയ്പിക്കാനുള്ള സ്വർണ്ണപണം വെള്ളംകൊണ്ടു കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു പുഷ്പങ്ങളും നെല്ലുമരിയും കൂട്ടി സ്വർണ്ണത്തെ യോജിപ്പിക്കണം.

വില്ലും ധരിച്ചുകൊണ്ട് ആരോ വരുന്നുവെങ്കിൽ അയാൾ ഏതൊരു ദിക്കിൽനിന്നുവരുന്നുവോ ആ ദിക്കിൽ ശാസ്താവിന്റെ ക്ഷേത്രമുണ്ടെന്നു പറയണം

ദൃശ്യന്തേ ദിശി യത്ര മനുജാ ദൂതസ്യ വിഷ്വക്സ്ഥിതാ
ദിക്ഷ്വാസ്വാസു ഗൃഹാണി സന്തി സദൃശാം ജാത്യാ ച തൈഃ സംഖ്യയാ
ആയാനേന ധനുഷ്മതോത്ര ഹരിതി സ്ഥാനം ച ശാസ്തൂർവദേ-
ദ്ദേവ്യാസ്തദ്ദിശി യോഷിതഃ കുപൃഥുകായാനേ പിശാചസ്ഥിതിം.

സാരം :-

ദൂതന്റെ ചുറ്റും എവിടെയെല്ലാം ജനങ്ങൾ ഇരിക്കുന്നുവോ പ്രഷ്ടാവിന്റെ ഭവനത്തിന്റെ ആ ദിക്കുകളിൽ ആ ഇരിക്കുന്നവരുടെ ജാതിക്കാർ പാർക്കുന്ന ഭവനങ്ങളുണ്ടെന്നു പറയണം. ഭാവങ്ങളുടെ സംഖ്യ ദൂതന്റെ ചുറ്റുമുള്ളവരോടു സമമായിരിക്കും. തത്സമയം വില്ലും ധരിച്ചുകൊണ്ട് ആരോ വരുന്നുവെങ്കിൽ അയാൾ ഏതൊരു ദിക്കിൽനിന്നുവരുന്നുവോ ആ ദിക്കിൽ ശാസ്താവിന്റെ ക്ഷേത്രമുണ്ടെന്നു പറയണം. ഇതുപോലെ സ്ത്രീ വരുന്നുവോ ആ ദിക്കിൽ ഭഗവതിയുടെ ക്ഷേത്രമുണ്ടെന്നും പറയണം. വിരൂപമാന്മാരായ കുട്ടികൾ വന്നാൽ ആ ദിക്കിൽ പിശാചുക്കളുടെ ആവാസമുണ്ടെന്നു പറയണം. ഈ ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ടു പറയപ്പട്ടെ ലക്ഷണങ്ങൾ ദൈവജ്ഞനെ ക്ഷണിക്കുന്നതിന് ദൂതൻചെന്ന് ആശ്രയിക്കുന്ന ഘട്ടത്തിലും ദൂതൻ സ്വർണ്ണം വച്ചതിനുശേഷം പോയി ഒരു സ്ഥാനത്തെ ആശ്രയിക്കുന്ന ഘട്ടത്തിലും മറ്റും വിചാരിക്കാവുന്നതാണ്. ഈ ശ്ലോകത്തിന്റെ ഉത്തരാർദ്ധംകൊണ്ട് പറയപ്പെട്ടത് പൃച്ഛാകാലം പ്രശ്നാരംഭകാലം മുതലായ ഘട്ടങ്ങളിൽ വിചാരിക്കേണ്ടതാണ്.

*******************************************

വിപ്രായാനേബ്രഹ്മരക്ഷോനിവാസ-
ശ്ചോരോത്ഥാപദ്ദുർമതേരാഗമേന
ദൂതസ്യൈതത്സംഭവോ യദ്ദിശായാം
പ്രഷ്ടുർധാമ്നസ്തൽഫലം യദ്ദിശി സ്യാൽ ഇതി.

സാരം :-

മേൽപറഞ്ഞ സമയങ്ങളിൽ ബ്രാഹ്മണൻ വന്നാൽ ആ ദിക്കിൽ ബ്രഹ്മരക്ഷസിന്റെ ആവാസമുണ്ടെന്നു പറയണം. ദുഷ്ടബുദ്ധിയായ ഒരാൾ വന്നാൽ ആ ദിക്കിലുള്ള കള്ളന്മാരിൽ നിന്നും ഉപദ്രവമുണ്ടെന്നു പറയണം. ദിക്ക് നിർണ്ണയിക്കുന്നത് ദൂതനെ കേന്ദ്രമായി നിശ്ചയിച്ചിട്ടു വേണ്ടതാണ്. ശാസ്താവിന്റെ ആലയം മുതലായത് പ്രഷ്ടാവിന്റെ ഭവനത്തെ ലാക്കാക്കിയാണ് പറയേണ്ടത്. ഈ വക നിമിത്തങ്ങൾ ഏതൊന്നിനെക്കുറിച്ചു വിചാരിക്കുന്നുവോ ആ അവസരങ്ങളിലെല്ലാം വിചാരിക്കപ്പെടാവുന്നതാണ്. എങ്ങിനെയെന്നാൽ ദേവകോപത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വില്ലും ധരിച്ച് ഒരാൾ വന്നാൽ ശാസ്താവിന്റെ കോപമാണെന്നും ബാധാചിന്ത ചെയ്യുമ്പോൾ ബ്രാഹ്മണൻ വന്നാൽ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമാണെന്നും മറ്റും പറയാവുന്നതാണ്. 

രാശിചക്രം എഴുതിയതിന്റെ ശേഷം ദൈവജ്ഞൻ തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ

സ്വപൃഷ്ഠഭാഗസ്ഥനതപ്രദേശ-
സ്പർശേന കുല്യാം കഥയേന്നദീം വാ
രഹസ്യലക്ഷ്മേത്യഥ തൽപ്രസംഗാ-
ദ്ദൂതാശ്രയം കിഞ്ചന ലക്ഷ്മ വക്ഷ്യേ.

സാരം :-

രാശിചക്രം എഴുതിയതിന്റെ ശേഷം ദൈവജ്ഞൻ തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിക്ക് തോടിന്റേയോ പുഴയുടെയോ സംബന്ധമുണ്ടെന്നു പറയണം. ദൈവജ്ഞാന്മാർ മറ്റൊരു സ്ഥാനത്തിരുന്ന് പ്രഷ്ടാവിന്റെ ഭൂമിയിലുള്ള ഏവം വിധങ്ങളായ രഹസ്യങ്ങൾ പറയുവാനുള്ള ലക്ഷണമാണല്ലോ പറയപ്പെട്ടത്. അതുകൊണ്ട് ദൂതനെ ആശ്രയിച്ച് ചിന്തിക്കേണ്ട ചില ലക്ഷണങ്ങളും ഇവിടെ പറയുന്നതും അനുചിതമല്ല.

കാലിന്റെ മുട്ടു മുതലായ അസ്ഥിപ്രധാനമായ അവയവങ്ങളിൽ / പൊക്കിൾ മുതലായ കുഴിയുള്ള അവയവങ്ങളിൽ തൊട്ടാൽ

ജാന്വാദികേƒംഗേƒസ്ഥിയുതേ സ്പൃശേച്ചേൽ
പാഷാണജാലൈർനിചിതാസ്ഥിഭിശ്ച
നാഭ്യാദിനിമ്നാവയവാഭിമർശേ
ശ്വഭ്രാന്വിതാ പൃച്ഛകഭൂഃ സകുല്യാ.

സാരം :-

രാശിചക്രം എഴുതിയിട്ട് കാലിന്റെ മുട്ടു മുതലായ അസ്ഥിപ്രധാനമായ അവയവങ്ങളിൽ തൊട്ടാൽ പ്രഷ്ടാവിന്റെ ഭൂമിയിൽ കല്ലുകളും അസ്ഥികളും ഉണ്ടെന്നു പറയണം. പൊക്കിൾ മുതലായ കുഴിയുള്ള അവയവങ്ങളിൽ തൊട്ടാൽ അവിടെ ചില കുഴികളോ തോടുകളോ ഉണ്ടെന്നു പറയണം.

രാശിചക്രം എഴുതിയിട്ട് കക്ഷത്തിലോ ഗുദത്തിലോ തൊട്ടാൽ പൃച്ഛകഭവനത്തിലുള്ള ജലാശയങ്ങളിലെ വെള്ളം ചീത്തയാണെന്നു പറയണം

കക്ഷാപാനസ്പർശനേ വാരിദൃഷ്ടം
ബാഹൂന്നത്യാ ഭൂരുഹോƒതീവദീർഘാഃ
ഹസ്താനത്യാം തത്ര വൃക്ഷോƒതിഖർവോ
ലോഹാനി സ്യുഃ സ്പർശനേ ദന്നഖാനാം.

സാരം :-

രാശിചക്രം എഴുതിയിട്ട് കക്ഷത്തിലോ ഗുദത്തിലോ തൊട്ടാൽ പൃച്ഛകഭവനത്തിലുള്ള ജലാശയങ്ങളിലെ വെള്ളം ചീത്തയാണെന്നു പറയണം. കൈ ഉയർത്തി പിടിക്കുന്നു എങ്കിൽ വളരെ പൊക്കമുള്ള വൃക്ഷങ്ങളുണ്ടെന്നും താഴ്ത്തിപ്പിടിക്കുന്നുവെങ്കിൽ ഉയരം കുറഞ്ഞ മരങ്ങളുണ്ടെന്നും പല്ലിനേയോ നഖത്തേയോ തൊടുന്നുവെങ്കിൽ അവിടെ ഇരുമ്പു മുതലായ ലോഹങ്ങളുണ്ടെന്നും പറയണം.

രാശിചക്രലേഖന കർത്താവ് അഴിഞ്ഞ തലമുടിയോ മുഖരോമമോ സ്പർശിക്കുന്നുവെങ്കിൽ

കേശാൽ വിശ്ലഥിതാംശ്ച രോമ മുഖജം യദ്വാ സ്പൃശേന്നിർദ്ദിശേ-
ന്മുഞ്ജോശരീരകുശാദികാനപി നസോ വാല്മീകമാമർശനേ
മേഢ്രക്രോഡദൃശാം കുചാസ്യവിലയോശ്ച സ്പർശനേƒന്തർജലം
പ്രഷ്ടുർവാസ്ത്വനിശോദ്യദംബു കഥയേത്സ്വിന്നാംഗസംസ്പർശനേ.

സാരം :-

രാശിചക്രലേഖന കർത്താവ് അഴിഞ്ഞ തലമുടിയോ മുഖരോമമോ സ്പർശിക്കുന്നുവെങ്കിൽ പൃച്ഛകന്റെ ഭൂമിയിൽ മേഖലപ്പുല്ലു രാമച്ചം ദർഭ മുതലായ തൃണവർഗ്ഗങ്ങളുണ്ടെന്നും മൂക്കിനെ സ്പർശിച്ചാൽ പുറ്റുണ്ടെന്നും ലിംഗം വയറ് കണ്ണ് വായ്‌ മുല ഇവകളെ സ്പർശിച്ചാൽ പ്രഷ്ടാവിന്റെ ഭൂമി മേൽഭാഗത്തുതന്നെ ഊറ്റുള്ളതാനെന്നും എപ്പോഴും വിയർപ്പുണ്ടാവുന്ന അവയവങ്ങളിൽ തൊട്ടാൽ എപ്പോഴും വെള്ളമൊഴുകുന്ന ജലാശയമുണ്ടെന്നും പറയണം.

രാശിചക്രം എഴുതിയിട്ട് അല്പമാത്രം വളർന്നിട്ടുള്ള (ക്ഷൌരം കഴിഞ്ഞ് അല്പകാലമായ) മുഖരോമത്തെ / മൂക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ തൊടുന്നു എങ്കിൽ

മുഖരോമാർധച്ഛിന്നം സ്പൃശേദ്യതി വദേത്സകണ്ടകാൻ വൃക്ഷാൻ
നാസാശ്രവസോ രന്ധ്രസ്പർശേ തു വിലം ഭുജംഗമാഖൂനാം.

സാരം :-

രാശിചക്രം എഴുതിയിട്ട് അല്പമാത്രം വളർന്നിട്ടുള്ള (ക്ഷൌരം കഴിഞ്ഞ് അല്പകാലമായ) മുഖരോമത്തെ തൊടുന്നു എങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ മുള്ളുവൃക്ഷങ്ങളുണ്ടെന്നു പറയണം. മൂക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ സ്പർശിക്കുന്നെങ്കിൽ എലി പാമ്പു മുലതലായവയുടെ മാളങ്ങളുണ്ടെന്നും പറയണം.

രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്‌

സംസ്പർശനാദ്യൈരപി ചക്രകർത്തുഃ
പ്രഷ്ടുഃ ക്ഷിതേർലക്ഷ്മ വിചാരണീയം
വിലിഖ്യ ചക്രം പ്രദദാദി കിഞ്ചിൽ
ദ്രവ്യം പരസ്മൈ യദി ഭൂമിരേഷാ

പരസ്വതാമേഷ്യതി, യൽ പരസ്മാ -
ദാദാനമന്യക്ഷിതിലാഭശംസി,
യദ്യുദ്ധരേത്സ്വാഭിമുഖം പ്രസാര്യ
ഹസ്തം നാഗാഃ സ്യു, ര്യദി സാംഗുലീയഃ

കരഃ സ വല്ലീപരിവേഷ്ടിതാംഗാ
ഗ്രീവാവിഭൂഷാലഭനേƒപി തദ്വൽ
ശാഖാവിഹീനാസ്തരവോƒംഗുലീനാ-
മാകുഞ്ചനേ സ്ഥാണവ ഏവ മുഷ്ടൗ

സാരം :-

രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്‌. 

രാശിചക്രം എഴുതിയ ഉടനെ ശേഷിച്ച ഭസ്മത്തെയോമറ്റോ വേറൊരാളിന്റെ കയ്യിൽ കൊടുത്താൽ പ്രഷ്ടാവിന്റെ ഭൂമി അന്യനു കൊടുപ്പാനിടവരുമെന്നു പറയണം. രാശിചക്രലേഖനം കഴിഞ്ഞാൽ ഉടനെ മറ്റൊരാളോട് ഏതെങ്കിലും വാങ്ങിക്കുമെങ്കിൽ താമസം വിനാ പ്രഷ്ടാവിന് ഭൂലാഭമുണ്ടാകുമെന്നു പറയണം. രാശിചക്രം എഴുതിയിട്ടു കൈപരത്തി നേരെ മേൽപ്പോട്ടുയർത്തുമെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ വൃക്ഷങ്ങളുണ്ടെന്നും ആ കൈവിരൽ മോതിരമുണ്ടെങ്കിൽ വൃക്ഷങ്ങളിൽ വള്ളി ചുറ്റിക്കിടക്കുന്നുണ്ടെന്നും കഴുത്തിലെ ആഭരണത്തിൽ തൊടുകയാണെങ്കിൽ അപ്രകാരമാണെന്നും, വിരലുകൾ മടക്കിവച്ചിരിക്കുന്നു എങ്കിൽ വൃക്ഷങ്ങൾക്കു കൊമ്പുകളില്ലെന്നും കൈ മുറുക്കിപ്പിടിച്ചിരിക്കുന്നു എങ്കിൽ കുറ്റികളുണ്ടെന്നും യുക്തിപോലെ പറഞ്ഞുകൊള്ളുക.

രാശിചക്രത്തിൽ വെള്ളം വീണു നനഞ്ഞിട്ടുള്ള ഭാഗത്ത് ആ ഭാഗത്തു പറമ്പിൽ ജലാശയമുണ്ടെന്നു പറയണം

ചക്രേ യത്ര തൃണാനി തത്ര തരവ, സ്തത്രാംബുസിക്തേ ജലം
ഗ്രാവാ യത്ര ശിലേഹ, യത്ര സികതാസ്തത്ര സ്ഥലം ചോന്നതം
കേരാ വാ ഖലു നാളികേരസദൃശാകാരാഃ പരേ ഭൂരുഹോ,
വല്മീകോƒത്ര പിപീലികാഹൃതമൃദോ യത്രൈവമാദിശ്യതാം.

യത്ര ക്ഷിതൗ പൃച്ഛതാമിതി വാ പാഠഃ

സാരം :-

രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ അല്ലെങ്കിൽ പുല്ലിന്റെ ശകലം വീണുകിടക്കയോ ചെയ്യുന്നുവെങ്കിൽ പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ദിക്കിൽ വൃക്ഷങ്ങളുണ്ടെന്നു പറയണം. വൃക്ഷങ്ങളുടെ ജാതിസംഖ്യ മുതലായവ " ശുഭോശുഭർക്ഷേരുചിരംകുഭൂതലേ" ഇത്യാദി ഹോരാവചനം അനുസരിച്ചു നിശ്ചയിച്ചുകൊള്ളുക.

രാശിചക്രത്തിൽ വെള്ളം വീണു നനഞ്ഞിട്ടുള്ള ഭാഗത്ത് ആ ഭാഗത്തു പറമ്പിൽ  ജലാശയമുണ്ടെന്നു പറയണം.

രാശിചക്രത്തിൽ ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പറമ്പിൽ പാറയുണ്ടെന്നു പറയണം.

രാശിചക്രത്തിൽ മണൽ വീണുകിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പറമ്പിന് ഉയർച്ചയുണ്ടെന്നും ഇല്ലെങ്കിൽ തെങ്ങുകളോ തെങ്ങുപോലെയുള്ള മറ്റു മരങ്ങളോ ഉണ്ടെന്നോ പറയണം.

രാശിചക്രത്തിൽ എറുമ്പുകൾ മണ്ണു കുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ (എറുമ്പുകൾ കൊണ്ടുവന്ന മണ്ണുകാണുന്ന ഭാഗത്തായി) പറമ്പിൽ ആ ഭാഗത്തു പുറ്റുണ്ടെന്നും മറ്റും യുക്തിപൂർവ്വം ആലോചിച്ചു പറയണം.

രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയര്ന്നിരിക്കുന്നത്, പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ഭാഗം ഉയർന്നിരിക്കുന്നുവെന്നും

ചക്രസ്യ യത്ര നിമ്നത്വമൗന്നത്യം വാപി ദൃശ്യതേ
പ്രഷ്ടുർനിവാസഭൂമിശ്ച തത്ര തത്ര നതോന്നതാ.

സാരം :-

രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയർന്നിരിക്കുന്നത്, പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ഭാഗം ഉയർന്നിരിക്കുന്നുവെന്നും ചക്രലേഖനത്തിൽ താഴ്ചയുള്ള ഭാഗത്തു പ്രഷ്ടാവിന്റെ വാസഭൂമിയിലും ആ ഭാഗത്ത് താഴ്ചയുണ്ടെന്നു പറയണം. ഹസ്തപ്രമാണമായ ഈ രാശിചക്രത്തെക്കൊണ്ട് പ്രഷ്ടാവിന്റെ വാസഭൂമിയുടെ സകല ഗുണദോഷങ്ങളും അവസ്ഥയും പറയാവുന്നതാണ്. അതിന്റെ രീതി അടുത്തു പറയാൻ പോകുന്നു. ഇങ്ങിനെയുള്ള വിചാരം ദൈവജ്ഞന്റെ വീട്ടിൽ വച്ച് പ്രശ്നം ആരംഭിച്ചു പറയുന്നുവെങ്കിൽ മാത്രമേ യോജിക്കയുള്ളൂ.

രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ ധനലാഭമുണ്ടാകുമെന്നു പറയണം

ലിഖിതാ സൗമ്യരേഖാ പ്രാഗ്യദി നൂനം ധനാഗമഃ
വരുണീ യദി രോഗാപ്തിരൈന്ദ്രീ ചേത്സന്തതിർഭവേൽ.

യാമ്യരേഖാ യദി ഭവേന്മരണായൈവ പൃച്ഛതാം.

സാരം :-

രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ പൃച്ഛത്തുകൾക്കു ധനലാഭമുണ്ടാകുമെന്നു പറയണം. പടിഞ്ഞാറേ രേഖ ആദ്യമായി എഴുതിയാൽ രോഗദുഃഖമുണ്ടാകുമെന്നും കിഴക്കേ രേഖ ആദ്യമായി എഴുതിയാൽ സന്താനലാഭമുണ്ടാകുമെന്നും തെക്കേ രേഖ ആദ്യം എഴൂതുന്നു എങ്കിൽ മരണം സംഭവിക്കുമെന്നും പറയണം.

ഇവിടെ പൃച്ഛതം എന്നുള്ള ബഹുവചനപ്രയോഗംകൊണ്ടു മരണം മുതലായ ഫലങ്ങൾ പ്രഷ്ടാവിനോ തൽസംബന്ധിക്കൾക്കോ ഉണ്ടാകുമെന്നു സൂചിപ്പിച്ചിരിക്കുന്നു. "മൃത്യുസൂത്രഫലംമൃത്യുഃ പ്രഷ്ടുഃ സംബന്ധിനാമപി" എന്നുള്ള ഭാഗംകൊണ്ടു ഇതു സ്പഷ്ടമാണ് ഫലനിർദ്ദേശത്തിനായി പുറമേയുള്ള ഈ നാലു രേഖകൾ മാത്രമേ വരപ്പിക്കേണ്ടതുള്ളൂ.

രാശിചക്രത്തിന്റെ രേഖ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു

സ്ഥൂലരേഖ സുഖകരീ സൂക്ഷ്മാ ദുഃഖപ്രദായിനീ
രേഖാച്ഛേദോ ഭവേൽ പ്രഷ്ടുഃ സുഖകാര്യവിഘാതകഃ.

സാരം :-

രാശിചക്രത്തിന്റെ രേഖ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു. രേഖയ്ക്കു ഇടയ്ക്കിടെ മുറിവുണ്ടെങ്കിൽ പ്രഷ്ടാവിന് ഇടയ്ക്കിടെ ദുഃഖവും കാര്യവിഘ്നവും ഉണ്ടെന്നറിയണം.

രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി ചക്രരേഖ എഴുതരുത്

പ്രദക്ഷിണതയാ കാര്യം രാശിചക്രസ്യ ലേഖനം
അനുലോമവിലോമേന ലേഖനേ വിഘ്നസംഭവഃ

സാരം :-

രാശിചക്രം വരയ്ക്കുന്നതിനു നിയോഗിക്കുന്ന ആളോട് ഒരിക്കോൽ തുല്യചതുരശ്രത്തിൽ നാലു വര വരയ്ക്കണമെന്നു പറയുകയല്ലാതെ ഇന്ന മാതിരിയിൽ വരയ്ക്കണമെന്നു പറഞ്ഞുകൂട.

രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി ചക്രരേഖ എഴുതരുത്. ചിലതു വലതുവശമായും ചിലതു ഇടതുവശമായും എഴുതുന്നുവെങ്കിൽ ഇഷ്ടമായ കാര്യനിവൃത്തിക്ക് തടസ്സങ്ങളുണ്ടെന്നു പറയണം.

ഭസ്മംകൊണ്ട് രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്

കേചിന്നിന്ദന്തി ദൈവജ്ഞാ ഭസ്മനാ ചക്രലേഖനം
തഥാപി തത്ര ഭസ്മൈവ ഗൃഹ്ണന്തി ബഹവോƒധുനാ.

സാരം :-

ഭസ്മംകൊണ്ട് രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും ഇക്കാലത്ത് പലേ ദൈവജ്ഞന്മാരും ഭസ്മംകൊണ്ടുതന്നെയാണ് ചക്രലേഖനം നടത്തിവരാറുള്ളത്.

രാശിചക്രം എഴുതേണ്ട ക്രമം

ഹസ്തപ്രമാണേ ചതുരശ്രഖണ്ഡേ ഷഡംഗുലാംശൈർവിഭജേദ്ദളാനി
ചതുർദളം പദ്മമിഹാസ്തു മദ്ധ്യേ ചതുർഭിരന്യാന്യജപൂർവഭാനി.

സാരം :-

ഒരു കോൽ സമചതുരശ്രമായി നാലു ദിക്കിലും നാലു രേഖകളെ ആദ്യമായി വരയ്ക്കണം. പിന്നീട് അറാറ് അംഗുലം സമചതുരമായി പതിനാറു ഖണ്ഡങ്ങളായി ഭാഗിക്കണം. അവയിൽ മദ്ധ്യേയുള്ള നാലുദളങ്ങൾ നാലു ദളമുള്ള ഒരു പത്മാകൃതിയിലാക്കി കല്പിക്കുക. ശേഷമുള്ള പന്ത്രണ്ടു ദളങ്ങൾ മേടം മുതൽ മീനംവരെയുള്ള പന്ത്രണ്ടു രാശികളാകുന്നു.

രാശിചക്രം എഴുതണം

ശുദ്ധതണ്ഡുലസമ്പൂർണ്ണപ്രസ്ഥദീപാദ്യലംകൃതേ
സമേ സുമൃഷ്ടസംസിക്തേ ചക്രം ലിഖതു ഭൂതലേ.

സാരം :-

തറ നിരപ്പുവരുത്തി മെഴുകി ശുദ്ധമാക്കി വിധിപ്രകാരം വിളക്കുകൊളുത്തിവച്ച് അരി മുതലായ പദാർത്ഥങ്ങൾ ഇടങ്കഴി പറ മുതലായ പാത്രങ്ങളിൽ നിറച്ചു വച്ച് അഷ്ടമംഗലം വെറ്റില മുതലായ സാധനങ്ങളും വച്ച് അലങ്കരിച്ചിട്ട് രാശിചക്രം എഴുതണം. 

രാശിചക്രം എഴുതുന്നത്, പ്രഷ്ടാവു തന്നെ വേണമെന്നില്ല. പ്രശ്നക്രിയയ്ക്കു വേണ്ട സാധനങ്ങൾ സംഭരിച്ചുകൊണ്ടുവരുന്ന ആളിനെക്കൊണ്ടോ അഥവാ മറ്റൊരാളെക്കൊണ്ടോ രാശിചക്രം എഴുതിക്കാവുന്നതാണ്‌.

പ്രശ്നകർമ്മത്തിനുവേണ്ടി സംഗ്രഹിച്ചിട്ടുള്ള ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നിൽക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ

പ്രശ്നാർത്ഥമാപാദിതപത്രപൂർവ്വാൻ
ഛിത്വാ ച ഭിത്വാ * ഗുളികസ്ഥരാശൗ
പ്രഷ്ട്രഷ്ടമർക്ഷേ യദി നിക്ഷിപേച്ചേ
ത്സദ്യോ മൃതിഃ സ്യാന്ന തു ജീവദൃഷ്‌ടേ.

സാരം :-

പ്രശ്നകർമ്മത്തിനുവേണ്ടി സംഗ്രഹിച്ചിട്ടുള്ള ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നിൽക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ രോഗപ്രശ്നമാണെങ്കിൽ പ്രഷ്ടാവിന് ഉടൻതന്നെ മരണമുണ്ടാകുമെന്നു പറയണം. ആ രാശിയെ വ്യാഴം നോക്കുന്നുവെങ്കിൽ മരണം സംഭവിക്കയില്ല എങ്കിലും ശരീരക്ലേശം ഉണ്ടാകുന്നതാണ്.

-------------------------------------------

* ഗുളികസ്തരാശൗ (പാ. ഭേ)

ദീപത്തിന്റെ ജ്വാല കിഴക്കോട്ടു ചരിയുന്നുവെങ്കിൽ

പൂർവേƒഭിപ്രേതദാത്രീ, ശിഖിനി ശിഖിഭയം,
ദക്ഷിണേ പ്രാണഹാനിർ, -
നൈരൃത്യാം വിസ്മൃതിഃ സ്യാ, ദ്വരുണദിശി ശിഖാ
ശാന്തിദാ, വായുകോണേ
ശൂന്യാ, മൃത്യുഞ്ജയീ സ്യാദ്ധനദദിശി ശിഖാ,
ശം വിധത്തേ ശിവാഖ്യേ,
വഹ്നേരൂർധ്വാ ശിഖൈഷാ വിതരതി വപുഷോ -
ഭീഷ്ടവസ്തൂനി സദ്യഃ.

സാരം :-

ദീപത്തിന്റെ ജ്വാല കിഴക്കോട്ടു ചരിയുന്നുവെങ്കിൽ പ്രഷ്ടാവിന് അഭീഷ്ടസിദ്ധിയും, അഗ്നികോണിലേയ്ക്ക് ദീപനാളം ചരിയുന്നുവെങ്കിൽ അഗ്നിഭയവും, തെക്കോട്ടു ചരിയുന്നുവെങ്കിൽ മരണവും, നിരൃതികോണിലേയ്ക്കു ചരിയുന്നുവെങ്കിൽ ഓർമ്മക്കുറവും, (ബുദ്ധിശൂന്യതയും) പടിഞ്ഞാറു ഭാഗത്തേയ്ക്ക് ചരിയുന്നുവെങ്കിൽ രോഗശമന (സമാധാന) വും വായുകോണിലാണെങ്കിൽ ശൂന്യതയും വടക്കോട്ടാണെങ്കിൽ ആരോഗ്യവും ഈശാനദിക്കിലാണെങ്കിൽ ഐശ്വര്യവും ഫലമാകുന്നു. 

ദീപനാളം ഊർദ്ധ്വമായിത്തന്നെയിരുന്നാൽ അഭീഷ്ടകരമായ എല്ലാ സുഖങ്ങളുമുണ്ടാകും. ഉടനെ രോഗശമനം മുതലായ അനുകൂലഫലസിദ്ധി വരുമെന്നു സാരം.

എണ്ണ, തിരി, ജ്വാല എന്നിവയുടെ ഫലങ്ങൾ

സ്നേഹോ യസ്യേഹ ദേഹോ ഭവതി തദുദരേ വർത്തിനീ വർത്തിരാത്മാ
ജ്വാലാ ചായുസ്തദീയേ വിമലമലിനതേ സൗഖ്യദുഃഖേ ക്രമേണ
പാത്രം ഗേഹം സമീരോ മൃദുപരുഷഗുണോ ബന്ധുശത്രുസ്വരൂപഃ
പ്രഷ്ടുർവൃത്തം നികാമം പിശുനയതി മഹാദേവതാത്മാ സ ദീപഃ

സാരം :-

എണ്ണകൊണ്ട് പ്രഷ്ടാവിന്റെ ദേഹസ്ഥിതയെ അറിയേണ്ടതാണ്. എണ്ണമലിനമാണെങ്കിൽ പ്രഷ്ടാവിന് ശാരീരമായ അസ്വാസ്ഥ്യമുണ്ടെന്നും, എണ്ണ നിർമ്മലമാണെങ്കിൽ ആരോഗ്യവാനാണെന്നും എണ്ണ അല്പമാണെങ്കിൽ ക്ഷീണനാണെന്നും എണ്ണ നിറച്ചുണ്ടെങ്കിൽ പൂർണ്ണദേഹനാണെന്നും മറ്റും എണ്ണയുടെ ദ്വിവിധാവസ്ഥകളെ അനുസരിച്ച് ശരീരത്തിന്റെ എല്ലാ അവസ്ഥകളും അറിയേണ്ടതാണ്. 

തിരികൊണ്ട് ആത്മാവിന്റെ (ചൈതന്യശക്തിയുടെ) ഗുണദോഷം വിചാരിക്കേണ്ടതാണ്. തിരി പൂർണ്ണവും നിർമ്മലവുമാണെങ്കിൽ ആത്മാവിനു സുഖവും ദൃഢതയും പറയാവുന്നതാണ്. തിരിക്ക് അല്പതയും മലിനതയും ഉണ്ടെങ്കിൽ ആത്മാവിനു ദുഃഖവും സങ്കോചവും പറയേണ്ടതാണ്. ഇങ്ങനെയുള്ള ആത്മഗുണദോഷങ്ങൾ തിരിയെക്കൊണ്ട് ചിന്തിച്ചുകൊള്ളണം. 

ജ്വാല ആയുസ്സിന്റെ ശുഭാശുഭചിന്തനയ്ക്കുള്ള സാധനമാണല്ലോ. അതിനു മേൽപറയപ്പെട്ട ശുഭലക്ഷണങ്ങൾ പരിപൂർണ്ണമാണെങ്കിൽ പ്രഷ്ടാവ് ചിരംജീവി എന്നും അശുഭലക്ഷണങ്ങൾ പരിപൂർണ്ണമാണെങ്കിൽ അല്പായുസ്സ് എന്നും മിശ്രങ്ങളാണെങ്കിൽ മദ്ധ്യായുസ്സ് എന്നും മറ്റും അതിന്റെ സ്ഥിതിഗതികളനുസരിച്ച്  നിശ്ചയിച്ചുകൊള്ളുക. 

എണ്ണ, തിരി, ജ്വാല ഇതുകൾക്ക് സാമാന്യേന ആധാരമായപാത്രത്തിന്റെ ശുഭാശുഭം പഴക്കം ബലം കേട് മുതലായവകൊണ്ട് പ്രഷ്ടാവിന്റെ വാസഭവനത്തിന്റെ നന്മതിന്മ ജീർണ്ണത ഉറപ്പ് മുതലായവയെ ചിന്തിക്കണം. 

ദേഹാത്മമായ എണ്ണ സുഷിരമുഖമായോ മറ്റോ ചോർന്നു പോകുന്നുവെങ്കിൽ അവിടെയുള്ളവർ തുടരെ മൃത്യുദുഃഖമനുഭവിക്കുന്നെന്നു അറിയണം. പ്രകാശത്തിനനുകൂലമാംവിധം മൃദുലവായുവുണ്ടെങ്കിൽ തന്റെ ജീവിതഗതിക്കനുകൂലികളായ ബന്ധുവർഗ്ഗങ്ങളുടെ സഹായസാന്നിദ്ധ്യമുണ്ടെന്നും ദീപനാശം ചെയ്യത്തക്കവണ്ണം പരുഷമായ കാറ്റുണ്ടെങ്കിൽ ലോകഗതിയിൽ തനിക്കുള്ള അഭ്യുദയത്തെ പ്രായേണ നിരോധിക്കുന്നതിനു പ്രതികൂലികൾ നേരിട്ടിരിക്കുന്നു എന്നും അറിയണം. 

വിളക്ക് ഈശ്വരമയമായതുകൊണ്ട് പ്രഷ്ടാവിന്റെ മിക്ക അനുഭവങ്ങളും അതിൽനിന്നുതന്നെ ഗ്രഹിക്കാവുന്നതാണ്‌.

********************************************

മഹാദേവതമാരുടെ അധിഷ്ഠാനുഭൂതമാകയാൽ ദേവതാസ്വരൂപനെന്നുതന്നെ വിളക്കിന്റെ പറയാം. ആ വിളക്കു പൃച്ഛകന്റെ സകലവർത്തമാനത്തേയും നമുക്കു നല്ലവണ്ണം സൂചിപ്പിച്ചുതരുന്നു. അതെങ്ങിനെ എന്നാൽ വിലക്കിലുള്ള സ്നേഹത്തെ (എണ്ണ) പൃച്ഛകന്റെ ശരീരമെന്നു കല്പിക്കുക. ആ സ്നേഹത്തിന്റെ വലിപ്പം, ചൂട്, മാലിന്യം, തെളിവ്, ചെറുപ്പം, അതിൽ കിടക്കുന്ന വസ്തുക്കൾ ഇതുകളെക്കൊണ്ടു പൃച്ഛകന്റെ ശരീരത്തിന്റെ തടി, സന്താപം, രക്തദോഷം, പ്രകാശം, മെലിച്ചിൽ, കൃമികളുടെയും മറ്റും ഉപദ്രവം ഇതുകളെ അറിയുക. എങ്ങിനെ യുക്തികൊണ്ടു കണ്ടുകൊൾക.

ആ സ്നേഹത്തിന്റെ (എണ്ണയുടെ) ഉള്ളിൽ കിടക്കുന്ന തിരി ആത്മാവാകുന്നു. തിരിയുടെ അവസ്ഥപോലെ ആത്മാവിന്റെ അവസ്ഥയെ പറയണം. ഒരു തിരി മറ്റൊരു തിരിയിന്മേൽ കേറിക്കിടക്കുന്നുവെങ്കിൽ പ്രാണാദിവായുക്കൾക്ക് ആവരണം സംഭവിച്ചിട്ടുണ്ടെന്നു പറയാം. ആ തിരി മുഷിഞ്ഞ ശീലയാണെങ്കിൽ പൃച്ഛകനു ബുദ്ധിപ്രസാദം കുറയുമെന്നറിയണം. ഇങ്ങിനെ കണ്ടുകൊൾക. 

വിളക്കിന്റെ ജ്വാല ആയുസ്സാകുന്നു. അതിന്റെ വലിപ്പംപോലെ ആയുസ്സിന്റെ വലിപ്പത്തെ വിചാരിച്ചുകൊൾക. ജ്വാലയ്ക്ക് നല്ല തെളിവുണ്ടായാൽ പൃച്ഛകനു സൗഖ്യമുണ്ടെന്നും അതു മങ്ങികൊണ്ടിരുന്നാൽ ദുഃഖമുണ്ടെന്നും അറിയുക. 

പാത്രം ഗൃഹമാകുന്നു. അതു വലിയതായും കേടില്ലാത്തതും ശുദ്ധിയുള്ളതുമായിരുന്നാൽ പൃച്ഛകന്റെ ഗൃഹം വലിപ്പമുള്ളതും കേടില്ലാത്തതും വൃത്തിയുള്ളതുമാണെന്നറിയുക. ആ വിളക്കിനെ ആദ്യം വെച്ച ദിക്കിൽ നിന്നു മാറ്റിവച്ചുവെങ്കിൽ മൂലസ്ഥാനം പ്രശ്നാലമേടമല്ല. വേറെയുണ്ട് എന്ന് അറിയുക. എങ്ങിനെ യുക്തികൊണ്ടാലോചിക്കുക. 

മാർദ്ദവമുള്ള വായു വിളക്കിന്മേൽ തട്ടിയിരുന്നുവെങ്കിൽ ബന്ധുസഹായമുണ്ടെന്നും, വിളക്കിന്മേൽ പരുഷവായുസംബന്ധിച്ചാൽ ശത്രുവൃദ്ധിയുണ്ടെന്നും പറയാം. മറ്റു ഈ വിധം പലതും ബുദ്ധിമാന്മാർ ഊഹിചു പറഞ്ഞുകൊൾക. 

ഇവിടെ "സ്നേഹഃ ശശാങ്കാൽ" എന്ന ബൃഹത്ത്ജാതകശ്ലോകത്തിന്റെ ദശാദ്ധ്യായിയിലെ വ്യാഖ്യാനപ്രകാരം സ്നേഹത്തിനെക്കൊണ്ടു പുണ്യപാപകർമ്മങ്ങളെ ആലോചിക്കാമെന്നും അതുകൊണ്ടു സുഖദുഃഖങ്ങളെ നിരൂപിക്കാമെന്നും കാണുന്നുണ്ട്. വർത്തിയെക്കൊണ്ട് ദേഹഗുണത്തെ നിരൂപിക്കണമെന്നും അഭിപ്രായമുണ്ട്. ദീപജ്വാലകൊണ്ട് ആത്മാവിനെ വിചാരിക്കാമെന്നും വരുന്നുണ്ട്. ഈ ദശാദ്ധ്യായീ അഭിപ്രായത്തെ അനുസരിച്ചു ചിലർ "തദുദരേ വർത്തിനീ വർത്തിരായുർജ്ജ്വാലാചാത്മാ" എന്ന പാഠത്തെ കല്പിയ്ക്കുന്നു. അവർ സ്നേഹോ യസ്യേഹ ദേഹോ എന്നേടത്തുള്ള ദശാദ്ധ്യായീവിസംവാദത്തെ ഗണിക്കുന്നതുമില്ല. ഈ ശ്ലോകപ്രകാരമുള്ള നിരൂപണവും വെവ്വേറെതന്നെ എന്നും സംവാദാർത്ഥം രണ്ടും വിചാരിക്കാമെന്നും ഉഭയപ്രാമാണ്യാഭ്യുപഗമേന സമ്മതിക്കണമെന്നും സിദ്ധാന്തിക്കുന്നതുതന്നെ ഉചിതമായിരിക്കും. അത്ര വർത്തിനീത്യത്ര "സുപ്യജാതാവിതിണിനേരുപപദസദ്‌ഭാവ ഏവാനുശാസനാൽ തദുദരേവർത്തിനീത്യേകം പദമിതി കേചിൽ തൽപുരുഷേ കൃതി ബഹുലമിത്യലുഗിതി തൽപക്ഷഃ യദ്വാവർത്തഃ വർത്തനംഘഞന്തഃ സോസ്യാസ്തീതി വർത്തിനീതി സമാധേയം. പിശുനയതീത്യത്രതൽകരോതി, തദാചഷ്ടേ ഇതിണിചി പിശുനം കരോതീത്യർഥേ പിശുന ശബ്ദസ്യ പിശുനൗ ഖലസൂചകാവിതി കോശാൽ സൂചകപരത്വേ ച ആത്മാനം പിശുനയതീത്യധ്യാഹാരേണാന്വയഃ. തൽപേ ക്ഷ വൃത്തമിത്യത്രവൃത്തേ ഇതി പാഠ്യം; അന്യഥാ ദ്വിതീയാനുപപത്തേഃ ഇത്യലം തോദേന."

വിളക്കിന്റെ ജ്വാല നല്ലവണ്ണവും നീളവുമുള്ളതായി പ്രദക്ഷിണഗതിയായിരുന്നാലും വിറച്ചിലില്ലാതേയും നല്ലപ്രകാശത്തോടു കൂടിയും

ദീപഃ സംഹതമൂർത്തിരായതതനുർന്നിർവേപഥുർദീപ്തിമാൻ
നിശ്ശബ്ദോ രുചിരഃ പ്രദക്ഷിണഗതിർവൈഡൂർര്യഹേമദ്യുതിഃ
ലക്ഷ്മീം ക്ഷിപ്രമഭിവ്യനക്തി രുചിരാം യശ്ചോച്ഛിഖോ ദൃശ്യതേ
ശേഷം ലക്ഷണമഗ്നിലക്ഷണസമം യോജ്യം യഥാ യുക്തിതഃ

സാരം :-

ചിതറാതെ ചേർന്നു തടിച്ചു നീണ്ട വിറയിലും ശബ്ദവും കൂടാതെ ശുദ്ധതേജോമയമായി വലതുവശം ചുഴിഞ്ഞു വൈഡൂര്യരത്നത്തിന്റെയോ സ്വർണ്ണത്തിന്റെയോ ദ്യുതിക്ക് സമാനമായ നിറത്തോടുകൂടി മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുന്നുവെന്നു സ്പഷ്ടമായി സൂചിപ്പിക്കുന്നു. അതായത് ഈവക ഗുണങ്ങൾ ദേഹാത്മകമായ, എണ്ണയുടേയും ആത്മസ്വരൂപമായ, തിരിയുടേയും വാസസ്ഥാനാത്മകമായ തൽപാത്രത്തിന്റെയും ശുഭസാമുഹ്യസമ്പൂർണ്ണതകൊണ്ടും ശത്രുസ്വരുപനായ, കൊടുംകാറ്റിൽ അഭാവംകൊണ്ടും മറ്റും സിദ്ധിക്കേണ്ടതാണ്. ഒരു മനുഷ്യന് ശാരീരമായും ആത്മീയമായും ഭവനവിഷയമായും ശത്രുവർഗ്ഗങ്ങളിൽനിന്നും യാതൊരനർത്ഥങ്ങൾക്കും അവകാശമില്ലാതെയിരിക്കിൽ അയാളുടെ അഭിവൃദ്ധിയുടെപ്പതിനിമിഷമുള്ള ശ്രീഘ്രഗമനം എത്ര മെച്ചമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്‌. തന്നിമിത്തം പ്രഷ്ടാവിന് അപ്പോഴത്തേതിലും പ്രശംസനീയാമായ ഒരു സ്ഥാനം സന്നിഹിതമാണെന്നു നിശ്ശങ്കം പറയാവുന്നതാണ്. ചിതറാതെ ഊർദ്ധ്വഗതിയോടു കൂടി മനോഹരമായി പ്രകാശിക്കുന്ന ദീപവും ശുഭപ്രദമാണ്.

നിമിത്തങ്ങളിൽവച്ചു ദീപത്തിനു പ്രാമാണ്യമുള്ളതിനാൽ സമയം മുതലായ തല്ക്കാലികലക്ഷണങ്ങൾ ദീപലക്ഷണത്തോടു യോജിപ്പിച്ചു പറയാം. നാലാംപാദത്തിനു പ്രകാരാന്തരേണ ഒരർത്ഥംകൂടി പറയാം. യാഗാഗ്നിയുടേയും മറ്റും ലക്ഷണചിന്തനയിൽനിന്നും അന്യഗ്രന്ഥങ്ങളിലുള്ള ദീപലക്ഷണവിധിയിൽനിന്നും ദീപവിഷയമായ മറ്റു ലക്ഷണങ്ങളെ ഗ്രഹിച്ചു ഇവിടെ ചേരത്തക്കവിധം ആലോചിച്ചു പറയേണ്ടതാണ്.

*********************

വിളക്കിന്റെ ജ്വാല നല്ലവണ്ണവും നീളവുമുള്ളതായി പ്രദക്ഷിണഗതിയായിരുന്നാലും വിറച്ചിലില്ലാതേയും നല്ലപ്രകാശത്തോടു കൂടിയും ഇരുന്നാലും ശബ്ദങ്ങൾ പുറപ്പെടാതെയിരുന്നാലും ജ്വാലയ്ക്കു ഭംഗിയുണ്ടായാലും സ്വർണ്ണവർണ്ണമായോ വൈഡൂര്യരത്നവർണ്ണമായോ ഇരുന്നാലും ജ്വാല നേരെ മേൽപ്പോട്ടുതന്നെയായിരുന്നാലും ന്യായമായി നല്ല ഐശ്വര്യലാഭം ഉടനെ ഉണ്ടാകുമെന്നു പറയണം. ബാക്കി ദീപലക്ഷണവിചാരം യുക്തിക്കുതക്കവണ്ണം അഗ്നിലക്ഷണംപോലെ യോജിപ്പിച്ചു പറഞ്ഞുകൊൾക.

എണ്ണയും തിരിയും ശുദ്ധവും സംപൂർണ്ണവുമായിരിക്കെ വിളക്ക് അണഞ്ഞുപോകുന്നു എങ്കിൽ അശുഭലക്ഷണമാകുന്നു

വാമാവർത്തോ മലിനകിരണഃ സസ്ഫുലിംഗോƒല്പമൂർത്തിഃ
ക്ഷിപ്രം നാശം വ്രജതി വിമലസ്നേഹവർത്ത്യന്വിതോപി
ദീപഃ പാപം കഥയതി ഫലം ശബ്ദവാൻ വേപഥുശ്ച
വ്യാദീർണാർചിർവിമലമസകൃദ്യശ്ച നാശം പ്രയാതി.

സാരം :-

ദീപത്തിന്റെ ഇടതുവശമുള്ള ചുഴിച്ചിൽ അശുഭസൂചകമാണ്. ജ്വാല ആയുസ്സിന്റെ ഗുണദോഷചിന്തയ്ക്കു വിഷയമാകയാൽ അതിന്റെ മലിനതയും പൊരിച്ചിലും അല്പത്വവും ആയുസ്സിനെ സംബന്ധിച്ച ചില വൈഷമ്യഫലങ്ങളെ സൂചിപ്പിക്കുന്നു. എണ്ണയും തിരിയും ശുദ്ധവും സംപൂർണ്ണവുമായിരിക്കെ വിളക്ക് അണഞ്ഞുപോകുന്നു എങ്കിൽ അതും അശുഭലക്ഷണമാകുന്നു. ഒരുതരം ശബ്ദത്തോടുകൂടി കത്തുന്നതും ജ്വാലയ്ക്കിളക്കമുള്ളതും ഒന്നിലധികം പ്രാവശ്യം കത്തിച്ചിട്ടും വീണ്ടും വീണ്ടും അണയുന്നതും കഷ്ടതരങ്ങളായ ലക്ഷണങ്ങളാണ്.

ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം

സർവ്വപ്രശ്നേഷു സർവേഷു കർമ്മസ്വപി വിശേഷതഃ
പ്രസാദേനൈവ ദീപസ്യ ഭവിഷ്യഛ്ശുഭമാദിശേൽ.

സാരം :-

ആയുസ്സ്, വിവാഹം, സന്താനം മുതലായവയെ ആശ്രയിച്ചുള്ള എല്ലാ പ്രശ്നങ്ങളിലും മംഗല്യം പ്രതിഷ്ഠ മുതലായ സകല കർമ്മങ്ങളിലും ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം.

വിളക്കിന്റെ അപ്രകാശത മുതലായ അശുഭലക്ഷണംകൊണ്ട് ഭാവികാലം അശുഭപ്രദമാണെന്നു പറയാം. ഇതുകൊണ്ടു ദീപഫലം അനുഭവിക്കാനുള്ളതാണെന്നു വന്നുകൂടുന്നു. അങ്ങനെയല്ല, വിളക്കുകൊണ്ടുതന്നെ ത്രികാലഫലങ്ങളും അറിയപ്പെടാവുന്നതാണ്. എണ്ണചോർന്നോ മറ്റോ കളയുക ജ്വാല അണയുക ഇത്യാദി ലക്ഷണങ്ങൾ മരണസൂചകങ്ങളാണല്ലോ. " ആരഭ്യസ്വോദയാദർക്ക " എന്നുള്ള വിധിപ്രകാരം തൈലനാശം ജീവനാശം മുതലായവ വിളക്കിന്റെ മദ്ധ്യം ലാക്കാക്കി ഏതൊരു ദിക്കിലാണോ സംഭവിച്ചത് ആ ദിക്കിന്റെ ഭൂതം ഭാവി വർത്തമാനം ഈ അവസ്ഥയെ അനുസരിച്ചു മരണത്തെ കല്പിച്ചുകൊള്ളണം. ഫല നിർദ്ദേശനിപുണന്മാർ ഇങ്ങിനെ വിചാരിച്ചു കൃതാർത്ഥന്മാരാകുന്നുണ്ട്.

പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ്‌ / ദീപമാണ് ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ

പ്രശ്നാനുഷ്ഠാനസംഭാരസംഭൃതൗ പ്രാക്തു ഭസ്മനഃ
ആനീതിർമൃതിദാർത്തസ്യ ദീപസ്യ തു ശുഭപ്രദാ.

സാരം :-

പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ്‌ ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ രോഗി മരിക്കതന്നെ ചെയ്യും. ദീപമാണ് കൊണ്ട് വന്നത് എങ്കിൽ ആയുരാരോഗ്യാദി ശുഭം ഉണ്ടാകുന്നതാണ്. രോഗപ്രശ്നമല്ലാത്തെ മറ്റു പ്രശ്നങ്ങളിൽ യുക്തികൊണ്ട് ചിന്തിച്ചു ഫലം യോജിപ്പിച്ചുകൊള്ളണം.

ഉദയം മദ്ധ്യഹ്നം ഈ സമയത്തോട്‌ ഏറ്റവും അടുക്കാതെ ഉള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത്

അനാസന്നേ തു സമയേ മദ്ധ്യാഹ്നോദയയോ രവേഃ
പ്രശ്നകർമ്മ ഹി കർത്തവ്യം സുപ്രസന്നേ ദിവാകരേ.

സാരം :-

ഉദയം മദ്ധ്യഹ്നം ഈ സമയത്തോട്‌ ഏറ്റവും അടുക്കാതെ ഉള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത്. ഇതുകൊണ്ടു പ്രശ്നത്തിന് ഉദായല്പരം മദ്ധ്യാഹ്നംവരെയുള്ള കാലം ഉത്തമമാണെന്നു സൂചിപ്പിച്ചിരിക്കുന്നു. അല്ലെങ്കിൽ ഉദയം മദ്ധ്യാഹ്നം സായാഹ്നം ഈ മൂന്നുകാലങ്ങളുടേയും സാമീപ്യത്തെ നിഷേധിക്കുമായിരുന്നു. കൂടാതെ സൂര്യന് അഭിമുഖമായിരുന്നുവേണം പ്രശ്നം ആരംഭിക്കേണ്ടതെന്നു 'മാർത്താണ്ഡാഭിമുഖ പ്രഹൃഷ്ടഹൃദയഃ" എന്നും മറ്റുമുള്ള വചനങ്ങൾകൊണ്ടു തെളിയുന്നു. കിഴക്കോട്ടു ഇരിക്കണമെന്നു ഈ പദ്യംകൊണ്ടും സ്പഷ്ടമാകുന്നുവല്ലോ. ഈ രണ്ടു സംഗതികളും സംഗതമാകണമെങ്കിൽ മദ്ധ്യാഹ്നത്തിനുമുമ്പ് വേണമെന്നുള്ള സംഗതി തർക്കവിഷയമല്ലലോ. പ്രശ്നക്രിയയ്ക്കു വിളക്ക് പൂജാസാധനങ്ങൾ മുതലായവയെ സംഗ്രഹിച്ചിട്ട് ദൂതനെക്കൊണ്ടു പ്രശ്നസ്ഥലത്തേക്കു കൊണ്ടുവരാൻ പറയണം. 

ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട്

സ്നാത്വാ ധൃതസിതവാസാ ഭൃതഭസ്മാ പ്രാങ്മുഖഃ സുഖാസീനഃ
ആലോച്യാഥ നിമിത്തം പ്രശ്നവിധിം പ്രാരഭേത ഗുരുഭക്ത്യാ.

സാരം :-

ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട് ഗുരുവിനെ ഭക്തിയോടുകൂടി ധ്യാനിച്ച് (അപ്പോഴുണ്ടാകുന്ന പ്രശ്നക്രിയയിലും മറ്റും സംഭവിക്കുന്ന) നിമിത്തങ്ങളെ ആലോചിച്ചുകൊണ്ട് പ്രശ്നം ആരംഭിക്കണം.

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ അണഞ്ഞു പോകയും

നിവാതേ ദീപനാശഃ സ്യാന്മന്ദിരേ യസ്യ രോഗിണഃ
സ ന  ജീവതി ചുല്യാദൗ ചാഗ്നിനാശഃ സതീന്ധനേ.

സാരം :-

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ അണഞ്ഞു പോകയും അടുപ്പ് മുതലായ തീ കത്തിക്കുന്ന സ്ഥാനങ്ങളിൽ വിറക്  വേണ്ടവണ്ണം ഉണ്ടായിരിക്കെ തീ അണഞ്ഞു പോകയും ചെയ്യുന്നു എങ്കിൽ രോഗി മരിച്ചു പോകുമെന്ന് അറിയണം. കാറ്റുകൊണ്ട് വിളക്ക് അണഞ്ഞാലും വിറകില്ലാതെ തീ അണഞ്ഞു പോയാലും ദോഷമില്ലെന്ന് സാരം.

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ

ആതുരസ്യ ഗൃഹേ യസ്യ ഭിദ്യന്തേ വാ പതന്തി വാ
അതിമാത്രമമത്രാണി ദുർലഭം തസ്യ ജീവിതം.

സാരം :-

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ രോഗി മരിച്ചുപോകുമെന്ന് അറിയണം.

കട്ടിൽ മുതലായ കിടപ്പുസാധങ്ങളുടെയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാനസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത്

ശയനാസനയാനാനാമുത്താനാനാം ച ദർശനം
ന്യുബ്ജാനാമിതരേഷാം ച പാത്രാദീനാമശോഭനം

സാരം :-

കട്ടിൽ മുതലായ കിടപ്പുസാധങ്ങളുടെയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാനസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത് ദൈവജ്ഞന്റെ ദൃഷ്ടിയ്ക്ക് വിഷയീഭവിച്ചാൽ അശുഭകരമാകുന്നു. കിണ്ടി, ഉരുളി മുതലായ പാത്രങ്ങളും അതുപോലെ കമഴ്ത്തിയിരിക്കുന്നതായി കാണുന്നെങ്കിൽ അതും അശുഭപ്രദമായ ലക്ഷണമാകുന്നു.

ദൈവജ്ഞൻ രോഗിയുടെ വസതിയിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹജപമോ

വേദാധ്യയനഘോഷശ്ച തഥാ പുണ്യാഹനിസ്വനഃ
ഗന്ധശ്ച സുരഭിർവായുഃ സുഖസ്പർശഃ പ്രദക്ഷിണഃ

വൃഷസ്യ ചാനുലോമസ്യ സ്വനസ്തദ്വദ്ഗവാമപി
പ്രവേശസമയേ പ്രഷ്ടുരാരോഗ്യാദിഫലാപ്തയേ.

സാരം :-

ദൈവജ്ഞൻ രോഗിയുടെ വസതിയിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹജപമോ, അനുകൂലമായി വരുന്ന കാളയുടെയും പശുവിന്റേയും ശബ്ദമോ കേൾക്കുക, സുഗന്ധം അനുഭവിക്കുക, സുഗന്ധത്തോടുകൂടി വലതുവശം വീശുന്ന മന്ദവായു ഏൽക്കുക ഇവയെല്ലാം പ്രഷ്ടാവിനു രോഗനിവൃത്തി മുതലായ ശുഭ പ്രാപ്തിയുണ്ടെന്ന് സൂചിപ്പിക്കുന്നവയാണ്.

ജ്യോതിഷക്കാരൻ പ്രശ്നവിചാരത്തിന്നായികൊണ്ടു രോഗിയുടെ ഗൃഹത്തിന്റെ സമീപം ചെല്ലുമ്പോൾ

ഗൃഹാന്തികം പ്രഷ്ടുരിഹാഭിയാതേ
തതോ വധൂഃ പ്രശ്നവിചാരീണീത്ഥം
വിനിർഗതാ മൂലഫലോപപന്നാ
രജസ്വലോന്മൂലവിനാശിനീ സ്യാൽ.

സാരം :-

ജ്യോതിഷക്കാരൻ പ്രശ്നവിചാരത്തിന്നായികൊണ്ടു രോഗിയുടെ ഗൃഹത്തിന്റെ സമീപം ചെല്ലുമ്പോൾ അവിടെനിന്നു രാജസ്വലയായ ഒരു സ്ത്രീ മൂലങ്ങളോ ഫലങ്ങളോ എടുത്തുകൊണ്ടു പുറത്തേക്കു വരുന്നതായിരുന്നാൽ പൃച്ഛകന്നു മൂലനാശം വരുമെന്നറിയണം.

ദൈവജ്ഞൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾ താനെ വേറൊരാൾ പുറത്തേയ്ക്ക് പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും

ആർത്താലയം വിശതി ദൈവവിദീത ഏത-
ദ്വാരാ നിരേതി യദി കോപി സരുങ്മ്രിയേത
* ദ്വാരാ തയൈവ വിശതീഹ യദീതരശ്ചേ-
ജ്ജീവേത്സ നൂനമിതി മി ഗുരുണോപദിഷ്ടം.

സാരം :-

ദൈവജ്ഞൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾ താനെ വേറൊരാൾ പുറത്തേയ്ക്ക് പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും. ആ വാതിലിൽ കൂടി ദൈവജ്ഞനോട് ഒരുമിച്ചു വന്നവരല്ലാതെ വേറെ ആരെങ്കിലും അകത്തേക്ക് കടന്നു വന്നാൽ രോഗി നിശ്ചയമായും ജീവിക്കുമെന്നും നിശ്ചയമായി പറയാമെന്ന് എനിക്ക് എന്റെ ഗുരുനാഥൻ ഉപദേശിച്ചിരിക്കുന്നു.

---------------------------------------
* ദ്വാരാനയൈവ (പാ. ഭേ.)

ദൂതൻ ദൈവജ്ഞനോട്‌ അഭീഷ്ടം പറഞ്ഞപ്പോഴും അവിടെ നിന്നും പുറപ്പെട്ട സമയവും വഴിയിൽ വച്ചും ആലോചിച്ചറിയേണ്ട പല നിമിത്തങ്ങളും

പ്രശ്നേ തൽക്കാലജാം യദ്യന്നിർഗ്ഗമേ യദ്യദദ്ധ്വനി
പ്രോക്തം പ്രഷ്ടൃഗൃഹപ്രാപ്തൗ തത്തൽ പ്രായേണ ചിന്ത്യതാം.

സാരം :-

ദൂതൻ ദൈവജ്ഞനോട്‌ അഭീഷ്ടം പറഞ്ഞപ്പോഴും അവിടെ നിന്നും പുറപ്പെട്ട സമയവും വഴിയിൽ വച്ചും ആലോചിച്ചറിയേണ്ട പല നിമിത്തങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അവയെല്ലാം പ്രഷ്ടാവിന്റെ വീട്ടിൽ കടക്കുന്ന സമയവും ചിന്തിച്ചുകൊള്ളണം. ഈ കാലങ്ങളിലുണ്ടാകുന്ന നിമിത്തങ്ങളേയും അവയുടെ ശുഭാശുഭങ്ങളേയും ആലോചിച്ച് ധരിച്ചുകൊള്ളണം. അവയെ ആശ്രയിച്ച് മേൽ ഫലം പറയുകയും വേണം. എങ്കിലും ചില നിമിത്തങ്ങൾ ഇവിടേയും പറയപ്പെടുന്നു.

യാത്രപുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം

ഏകാദശാദിമേƒനിഷ്ടേ ദ്വിതീയേ ശകുനേ പുനഃ
പ്രാണായാമാഃ ഷോഡശ സ്യുസ്തൃതീയേ തു ന ച വ്രജേൽ. ഇതി.

സാരം :-

യാത്രപുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം. അപ്പോഴും അനിഷ്ട ശകുനം കണ്ടാൽ മടങ്ങി വന്ന് മേൽപറഞ്ഞവണ്ണം പതിനാറ് പ്രാണായാമം ചെയ്യണം. വീണ്ടും പുറപ്പെടുമ്പോൾ ദുശ്ശകുനം കണ്ടാൽ ആ കാര്യത്തിനായി നിശ്ചയമായും പോകരുത്. (മൂന്നു ദിവസം ദുശ്ശകുനം കണ്ടാൽ പോലും ആ കാര്യത്തിനായി നിശ്ചയമായും പോകരുത്).

ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തഎന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്

ശാന്തദീപ്തത്വമാശാനാം ശകുനാനാം ച തദ്വശാൽ
ശുഭാശുഭത്വമസ്ത്യേതദപി ശാസ്ത്രാന്തരോദിതം.

സാരം :-

ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തഎന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്. അതിനെ ആശ്രയിച്ച് ശകുനവും ശുഭരൂപമായും അശുഭരൂപമായും വരുന്നുണ്ട്. അത് അറിയാനുള്ള മാർഗ്ഗം മറ്റു ചില ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്. അത് ഇവിടെ എഴുതുന്നു.

********************************

രവിമുക്താദയസ്തിസ്രോ ദീപ്താ നേഷ്ടാസ്തതോƒപരാഃ
ശാന്താഃ ശുഭാഃ സ്വദിക്തുല്യഫലം ഹി ശകുനം മതം. ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കും അപ്പോൾ നിൽക്കുന്ന ദിക്കും അടുത്തുപ്രവേശിക്കേണ്ട ദിക്കും ഈ മൂന്നു ദിക്കുകളും ദീപ്തകളും ശേഷമുള്ള അഞ്ചുദിക്കുകൾ ശാന്തദിക്കുകളുമാകുന്നു. ദീപ്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം അശുഭപ്രദവും ശാന്തദിക്കുകളിൽനിന്ന് അനുഭവപ്പെടുന്ന ശകുനം ശുഭപ്രദവുമാകുന്നും. 

**************************************

യാമാർധമുദയാൽ പൂർവമാരഭ്യാഷ്ടാസു ദിക്ഷ്വപി
പരിഭ്രമതി തിഗ്മാംശുര്യാമേഷ്വഷ്ടാസു സർവദാ.

രവൗ ജ്വാലാ തതോ ധൂമച്ഛായാ മൃദ്വാരിഭൂമയഃ
ഭസിതാംഗാരകം ചേതി പ്രാദക്ഷിണ്യേന സംസ്ഥിതം

അംഗാരാദിത്രയം ദീപ്തം ശാന്തം മൃൽസ്നാദികത്രയം
ഛായാപൂർവം ശുഭം ഭസ്മ പശ്ചാച്ചൈവം ശുഭം ഭവേൽ.

സാരം :-

സൂര്യോദയത്തിനു മൂന്നേമുക്കാൽ നാഴിക മുമ്പ് തുടങ്ങി ഏഴരശ്ശനാഴികനേരം സൂര്യൻ കിഴക്കു മുതലായ എട്ടു ദിക്കുകളിലായി എല്ലായ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ ആദിത്യൻ നിൽക്കുന്ന ദിക്കു തുടങ്ങി പ്രദക്ഷിണമായി എട്ടു ദിക്കുകൾക്കു ക്രമത്താലേ ജ്വാല, ധൂമം, ഛായ, മണ്ണ്, വെള്ളം, ഭൂമി, ഭസ്മം, കണൽ എന്നിങ്ങനെ കല്പിക്കപ്പെടുന്നു. അതിൽ അംഗാരം മുതൽ മൂന്നു ദിക്കുകൾ ദീപ്തകളാകുന്നു. മണ്ണ്, വെള്ളം, ഭൂമി ഇതുകൾ ശാന്തദിക്കുകളാകുന്നു. ഛായാദിക്കിന്റെ പൂർവാർധവും ഭസ്മദിക്കിന്റെ ഉത്തരാർധവും ശുഭമായിരിക്കും. ബാക്കി അർധങ്ങൾ അശുഭങ്ങളായിരിക്കും. ഈ മതത്തിങ്കൽ ഛായുടെ പൂർവാധം ദീപ്താസന്നികൃഷ്ടമാകുന്നുവല്ലോ. ഭസ്മപശ്ചാദ്‌ഭാഗവും അങ്ങിനെതന്നെ. അതുകൾക്കു ശുഭത്വകല്പനം യുക്തിക്കു ശരിയായിരിക്കുന്നില്ല. കിഞ്ച രവിമുക്താദയസ്ത്രിസ്രോ ദീപ്താ നേഷ്ടാസ്തതോƒപരാഃ; ശാന്തഃ ശുഭാഃ എന്ന പൂർവവചനംകൊണ്ടു ദിക്കുകളിൽ മൂന്നുദിക്കുകൾക്കുമാത്രമശുഭത്വവും ബാക്കി അഞ്ചു ദിക്കുകൾക്കു ശാന്തത്വാൽ ശുഭത്വവും പറഞ്ഞതിനു വിരുദ്ധമായി കാണുന്നു. അതിനാൽ ഈ ശ്ലോകങ്ങൾ ഈ ആചാര്യമതത്തിന്നനുസരിക്കാത്തവകളും പ്രക്ഷിപ്തങ്ങളുമാണെന്നു വിചാരിക്കേണ്ടിവന്നിരിക്കുന്നു. 

ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി, ഇതുകൾ പോകുന്നത് ശുഭമാകുന്നു

സൃഗാലനകുലവ്യാഘ്രചകോരോരഗപോത്രിണഃ
ഗച്ഛന്തോ ദക്ഷിണേ വാമേ ശ്വകാകാജമൃഗദ്വിപാഃ

ദൃഷ്ടാഃ പ്രശസ്താ ഏതേ തു ന ശുഭാഃ സ്യുർവിപര്യയാൽ.

സാരം :-

ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി, ഇതുകൾ പോകുന്നത് ശുഭമാകുന്നു. ഇടതുഭാഗമായി പോകുന്നതുകണ്ടാൽ അശുഭമാകുന്നു. പട്ടി, കാക്ക, ആട്, മാൻ, ആന, ഈ ജന്തുക്കൾ ഇടതുവശം വച്ചു പോകുന്നതായി കണ്ടാൽ ശുഭമാകുന്നു. ഈ ജന്തുക്കൾ വലതുവശം കൂടി പോകുന്നതു കണ്ടാൽ അശുഭമാകുന്നു.

പക്ഷികളും മൃഗങ്ങളും വലതുവശത്തുകൂടി ഒഴിഞ്ഞുപോകുന്നത് ശുഭമാണ്

പ്രദക്ഷിണം ഖഗമൃഗാ യാന്തോ നൈവം ശ്വജംബുകൗ
അയുഗ്മാശ്ച മൃഗാഃ ശസ്താഃ ശസ്താ നിത്യം ച ദർശനേ.

സാരം :-

പക്ഷികളും മൃഗങ്ങളും വലതുവശത്തുകൂടി ഒഴിഞ്ഞുപോകുന്നത് ശുഭമാണ്. കുറക്കനും പട്ടിയും ഇടതുവശം ഒഴിഞ്ഞുപോകുന്നത് ശുഭമാണ്. മേൽപ്പറയപ്പെട്ട ആന, കുതിര, മുതലായ മൃഗങ്ങൾ ഒന്ന്, മൂന്ന്, തുടങ്ങിയ ഒറ്റ സംഖ്യ ആയിരുന്നാൽ ശുഭമാകുന്നു. ഇങ്ങനെയുള്ള മൃഗങ്ങളെ വഴിയിൽ വച്ചെന്നല്ല ഏതു ഘട്ടത്തിലും ശുഭശകുനമായി കരുതാവുന്നതാണ്.

****************************

ചാഷഭാസഭരദ്വാജനകുലഛാഗബർഹിണഃ
മത്സ്യൗ ഘടീതിപദ്യോക്തം നിമിത്തം ച ശുഭപ്രദം.

സാരം :-

മേൽപറഞ്ഞ ശ്ലോകം അർത്ഥബാഹുല്യം ഉള്ളവയാണെങ്കിലും ഈ വിഷയത്തെ സംബന്ധിച്ചിടത്തോളമുള്ള സാരം ഇങ്ങനെയാകുന്നു. രണ്ടു മത്സ്യങ്ങൾ, കുടം ധരിച്ചുള്ള ഒരാൾ (വെറുംകുടം ആകരുത്) ഗദാധാരിയായ പുരുഷൻ, വീണാധാരിണിയായ സ്ത്രീ, വില്ലു ധരിച്ചിട്ടുള്ള പുരുഷൻ; മുതല, തൂക്ക്പടിധരിച്ചിട്ടുള്ള ആൾ, കന്യക, കറിസാധനങ്ങൾ, കത്തുന്ന തീയ്, അവരവരുടെ ജീവിതോപയോഗ്യങ്ങളായ സാധനങ്ങൾ ഇവയെല്ലാം നേരിട്ടു വന്നാൽ ശുഭമാകുന്നു. ഇവയുടെ ദർശനാദികളും ശുഭമാണ്.

ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു മുൻപേ പച്ചഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ളമുണ്ട്,

ആമം മാംസമഥാസവം മധുഘൃതേ ധൗതാംശുകാലേപനം
രത്നേഭദ്വിജവാജിനശ്ച നൃപതിം സംവർധമാനം നരം
ദേവം പാണ്ഡുരചാമരം സുമധുര സ്നിഗ്ധാന്നപാനേ ശവം
വിപ്രൗ ച ജ്വലദഗ്നിമത്ര ശുഭദം വിദ്യാന്നിമിത്തം ബുധഃ

സാരം :-

ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു മുൻപേ പച്ചഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ളമുണ്ട്, വെളുത്തകുറിക്കൂട്ട്, ആന, പക്ഷികൾ, രത്നങ്ങൾ, കുതിര, രാജാവ്, ധനജന സമൃദ്ധിയോടുകൂടിയ മനുഷ്യൻ, ദേവന്റെ എഴുന്നള്ളത്ത്, വെഞ്ചാമരം, മധുരവും പയസ്സുമുള്ള അന്നം, അപ്രകാരമുള്ള പാനിയം, ശവം, രണ്ട് ബ്രാഹ്മണർ, കത്തുന്നതീയ്, ഈ വക പദാർത്ഥങ്ങൾ നേരിട്ട് വരുന്നത് ശുഭപ്രദമാകുന്നു.

ഹിംസക പദാർത്ഥം, ദുർഗന്ധപദാർത്ഥം, കണ്ണിനും ചെവിക്കും മനസ്സിനും അനിഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത്

കാർപ്പാസൗഷധകൃഷ്ണധാന്യലവണം ജാലാദി ഹിംസാർത്ഥകം
ഭസ്മാംഗാരമയശ്ച തക്രമുരഗം പൂതിം ച വിൾഛർദിതേ
ഭ്രാന്താപന്ന ജഡാന്ധമൂകബധിരക്ലീബാംശ്ച സന്യാസിനോ
യദ്യദ്ദൃങ്മനസോരനിഷ്ടമഖിലം കഷ്ടം നിമിത്തം വിദുഃ

സാരം :-

പരുത്തി, മരുന്ന്, എള്ള്, ഉപ്പ്, വല, ചൂണ്ട മുതലായ ഹിംസക പദാർത്ഥം, ഭസ്മം, തീക്കനൽ, ഇരുമ്പ്, മോര്, സർപ്പം, ദുർഗന്ധപദാർത്ഥം, മലം, ഛർദ്ദില്‌, ഭ്രാന്തൻ, ആപത്തിൽപ്പെട്ടവൻ, തിരിച്ചറിവില്ലാത്തവൻ, കണ്ണുകാണാൻപാടില്ലാത്തവൻ, ശബ്ദിക്കാൻമേലാത്തവൻ, കേൾക്കാൻ വഹിയാത്തവൻ, നപുംസകൻ, സന്യാസി, ഇവയും കണ്ണിനും ചെവിക്കും മനസ്സിനും അനിഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത്.

*******************************

പഥച്ഛേദോƒഹിമാർജാരഗോധാനകുലവാനരൈഃ
സർഷപേന്ധനപാഷാണതൃണാനീതിശ്ച ദോഷകൃൽ.

സാരം :-

പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, ഇവർ ദൈവജ്ഞന്റെ വഴിക്കു കുറുക്കിട്ടാലും കടുക്, വിറക്, കല്ല്‌, പുല്ല്, മുതലായവയെ നേരിട്ടുകൊണ്ടു വരുന്നതും അനിഷ്ടനിമിത്തമാകുന്നു.

പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതൻ മതം ആശ്രമം ജാതി മുതലായവകൊണ്ട് തന്നോട് സമാനനായിരിക്കണം

പാഷാണ്ഡാശ്രമവർണ്ണാനാം സവർണ്ണാഃ കാര്യസിദ്ധയേ
ത ഏവ വിപരീതാഃ സ്യുർദൂതാഃ കാര്യവിപത്തേയേ.

സാരം :-

പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതൻ മതം ആശ്രമം ജാതി മുതലായവകൊണ്ട് തന്നോട് സമാനനായിരിക്കണം. അങ്ങനെയാണെങ്കിൽ രോഗശാന്തി മുതലായ കാര്യ സിദ്ധി ഉണ്ടെന്ന് പറയണം. മതം, ആശ്രമം, വർണ്ണം എന്നിവ കൊണ്ട് ദൂതൻ പ്രതികൂലനാണെങ്കിൽ കാര്യസാദ്ധ്യമുണ്ടാകയില്ലെന്ന് മാത്രമല്ല കാര്യനാശംകൂടി സംഭവിക്കും.

കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും തെക്കേ ദിക്കിൽ സേനാനായകനും നിരൃതി കോണിൽ ദൂതനും

രാജാകുമാരോ നേതാ ച ദൂതഃ ശ്രേഷ്ഠശ്ചരോ ദ്വിജഃ
ഗജാദ്ധ്യക്ഷശ്ച പൂർവ്വാദ്യാഃ ക്ഷത്രിയാദ്യാശ്ചതുർദിശഃ

സാരം :-

കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും തെക്കേ ദിക്കിൽ സേനാനായകനും നിരൃതി കോണിൽ ദൂതനും പടിഞ്ഞാറേ ദിക്കിൽ പുരോഹിതനും വായുകോണിൽ ഗജാധിപതിയും വിധിക്കപ്പെട്ടിരിക്കുന്നു. വിശേഷിച്ച് കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും വടക്ക് ബ്രാഹ്മണനും ഇങ്ങനെ നാലു ദിക്കുകളിലായി നാലു വർണ്ണങ്ങളെയും കല്പിച്ചിരിക്കുന്നു.

*************************************

ഗച്ഛതസ്തിഷ്ഠതോ വാപി ദിശി യസ്യാം പ്രതിഷ്ഠിതഃ
വിരൗതി ശകുനോ വാച്യസ്തദ്ദിക്സ്ഥേന സമാഗമഃ.

സാരം :-

യാത്രപുറപ്പെടുമ്പോഴോ അല്ലെങ്കിൽ ഒരിടത്തിരുന്ന് ഏതിനേയോ കുറിച്ച് ചിന്തിക്കുമ്പോഴോ ഏതൊരു ദിക്കിൽ നിന്ന് പക്ഷിയുടേയോ മറ്റോ ശബ്ദം കേൾക്കുന്നു. ആ ദിക്കിന്റെ അധിപൻ വരുമെന്നോ വഴിയിൽ വച്ച് കാണുമെന്നോ പറയണം. അതായതു യാത്രാ സമയം കിഴക്കു നിന്ന് പക്ഷിയുടെ ശബ്ദം ഉണ്ടായാൽ ക്ഷത്രിയ വംശജനോ അഥവാ രാജാവോ വഴിയിൽ വച്ച് കണ്ടുമുട്ടുമെന്ന് പറയണം. മറ്റു ദിക്കുകളിൽ വച്ചുണ്ടാകുന്ന ശകുനംകൊണ്ടും ഇപ്രകാരം തന്നെ വിചാരിക്കണം.

*****************************

പ്രാച്യാം ദിശി ശകുനരവോ യദി ഖലു ഭവിതാ സമാഗമോ രാജ്ഞാ
രാജകുമാരേണാഗ്നൗ യാമ്യാദിഷ്വേവമേവ നേതൃമുഖൈഃ. ഇതി.

സാരം :-

കിഴക്കേ ദിക്കിൽ പക്ഷി ശബ്ദിച്ചാൽ രാജാവിനെയും അഗ്നി കോണിലിരുന്ന് ശബ്ദിച്ചാൽ യുവരാജാവിനെയും, തെക്കെ ദിക്കിലിരുന്ന് ശബ്ദിച്ചാൽ സേനാപതിയേയും വഴിയിൽ വച്ച് കാണുമെന്ന് പറയണം. ഇതുപോലെ അതാതു ദിക്കിലെ പക്ഷി ശബ്ദം കൊണ്ട് അതാത് നായകൻമാരോട് സംഗമം ഉണ്ടാകുമെന്ന് പറയേണ്ടതാണ്.

ശകുനം ഏത് ദിക്കിൽ വച്ചാണോ സംഭവിക്കുന്നത് ആ ദിക്കിനെ ആശ്രയിച്ച് ഫലംചിന്തിക്കണം

ആരഭ്യ സ്വോദയാദർക്കഃ പൂർവാദ്യഷ്ടാസു ദിക്ഷ്വപി
സഞ്ചരത്യർധസംയുക്താഃ സപ്ത നാഡീർദിവാനിശം.

മുക്തപ്രാപ്തൈഷ്യസൂര്യാസു ഫലം ദിക്ഷു തഥാവിധം
അംഗാരദീപ്തധൂമിന്യസ്താശ്ച ശാന്താസ്തതോƒപരാഃ.

സാരം :-

സൂര്യൻ ഏഴര നാഴിക വീതം ഓരോ ദിക്കുകളിൽ ഉദയ സമയം മുതൽ രാത്രിയും പകലും സഞ്ചരിക്കുന്നു. ഉദിച്ച് ഏഴര നാഴിക പുലരുന്നതുവരെ കിഴക്കേ ദിക്കിലും അതിനു മേൽ ഏഴര നാഴിക സമയം അഗ്നി കോണിലും ഇങ്ങനെ എട്ടു ദിക്കുകളിലായി സൂര്യൻ എട്ട് യാമകാലം കഴിക്കുന്നു. ഇവയിൽ സൂര്യൻ നിൽക്കുന്ന ദിക്കിനെ ദീപ്തിയെന്നും സൂര്യൻ ഉപേക്ഷിച്ച ദിക്കിനെ അംഗാരമെന്നും അടുത്തു ചെല്ലാൻ പോകുന്ന ദിക്കിനെ ധൂമിനിയെന്നും ശേഷമുള്ള അഞ്ച് ദിക്കുകളെ ശാന്തയെന്നും പറയപ്പെടുന്നു.

ഉദയം മുതൽ ഏഴര നാഴിക പുലർച്ചവരെ സൂര്യചാരം കിഴക്കേ ദിക്കിലാണല്ലോ. അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്ക് ഈശാനകോണ്. ഇത് അംഗാരം, നീറിപ്പോയത് കഴിഞ്ഞത് എന്നു സാരം. സൂര്യൻ നിൽക്കുന്ന ദിക്ക് കിഴക്ക് ഇത് ദീപ്തിയാകുന്നു. ജ്വലിച്ചുകൊണ്ടിരിക്കുന്നത് അപ്പോൾ അനുഭവിക്കുന്നത് എന്നു സാരം. സൂര്യൻ പിന്നീട് ചെല്ലാൻ പോകുന്ന ദിക്ക് അഗ്നി കോണ്. ഇത് ധൂമിനി, പുകയുന്നത് വരാനുള്ളത് എന്നു സാരം. മറ്റുള്ള ദിക്കുകൾ അഗ്നി ബന്ധമില്ലാതെ ശാന്തമായിരിക്കുന്നു എന്നു സാരം.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വെച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം കഴിഞ്ഞതാണെന്നും സൂര്യൻ ചെല്ലാൻ പോകുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം വരാനുള്ളതാണെന്നും അറിയണം.

********************************

തൽപഞ്ചമദിശാം തുല്യം ഫലം ത്രൈകാല്യമാദിശേൽ
പരിശേഷദിശോർവാച്യം യഥാസന്നം ശുഭാശുഭം. ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ചുണ്ടാകുന്ന ശകുനഫലം അനുഭവിച്ചതാണെന്ന് മുമ്പേ പറഞ്ഞുവല്ലോ. അതുപോലെ അതിന്റെ അഞ്ചാമത്തെ ദിക്കിൽ വെച്ചു സംഭവിക്കുന്ന ശകുനത്തിന്റെ ഫലവും അനുഭവിച്ചതാണെന്ന് പറയണം. സൂര്യൻ നിൽക്കുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം അപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും സൂര്യൻ അടുത്തു ചെല്ലാൻ പോകുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം ഭാവിയിൽ അനുഭവിപ്പാനുള്ളതാണെന്നും പറയണം. സൂര്യൻ കിഴക്കേ ദിക്കിൽ നിൽക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ന്യായം അനുസരിച്ച് അഗ്നികോൺ, കിഴക്ക്, ഈശാനകോൺ, നിരൃതികോൺ, പടിഞ്ഞാറ്, വായുകോൺ ഈ ആറു ദിക്കുകളിലെ ഫലം ഇവിടെ പറഞ്ഞുവല്ലോ, ബാക്കി ശേഷിച്ചിട്ടുള്ളത് തെക്ക് വടക്ക് ഈ ദിക്കുകളിലാണല്ലോ. തെക്ക് പകുതിക്ക് കിഴക്കുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അഗ്നികോണിനു പറഞ്ഞിട്ടുള്ളവണ്ണവും പകുതിക്ക് പടിഞ്ഞാറുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം നിരൃതികോണിനു പറഞ്ഞിട്ടുള്ളവണ്ണവും വടക്ക് പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം ഈശാനകോണിനുപറഞ്ഞ പോലെയും പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം വായുകോണിനു പറഞ്ഞപോലെയും ധരിച്ചുകൊള്ളണം. ഇതുപോലെ മറ്റു ഘട്ടങ്ങളിലും ചിന്തിച്ചുകൊള്ളണം. 

ഒരാൾ തനിയേ പോകുമ്പോൾ ഉണ്ടാകുന്ന ശകുന ഫലം തനിക്ക് മാത്രം അനുഭവമാകുന്നു

പഥ്യാത്മാനം നൃപം സൈന്യേ, പുരേ ചോദ്ദിശ്യ ദേവതാം,
സാർഥേ പ്രധാനം, സാമ്യേ തു ജാതിവിദ്യാവയോധികം. ഇതി.

സാരം :-

ഒരാൾ തനിയേ പോകുമ്പോൾ ഉണ്ടാകുന്ന ശകുന ഫലം തനിക്ക് മാത്രം അനുഭവമാകുന്നു. സൈന്യങ്ങളുടെ (പടയാളികളുടെ) പുറപ്പാടിലും മറ്റും ഉണ്ടാകുന്ന ശകുനഫലം രാജാവനുഭവിക്കുന്നു. രാജധാനിയിൽ വച്ച് സംഭവിക്കുന്ന ഒരു ശകുനത്തിന്റെ ഫലം അവിടെയുള്ള പുരദേവത അനുഭവിക്കുന്നു. അതായത് ആ പുരവാസികളായ ജനങ്ങൾക്ക് പൊതുവേ സംബന്ധിക്കുന്നു. ഒട്ടധികം ജനങ്ങൾ സംഘം ചേർന്ന് പുറപ്പെടുമ്പോൾ ഉണ്ടാകുന്ന ശകുനത്തിന്റെ ഫലം ആ കൂട്ടത്തിൽ പ്രധാനി അനുഭവിക്കുന്നു . എല്ലാവർക്കും പ്രാധാന്യം തുല്യമാണെന്നു വരുന്ന പക്ഷം ജാതികൊണ്ട് പ്രാധാന്യം ഉള്ളയാൾക്കും അതും തുല്യമായി വന്നാൽ വിദ്വത്തം കൂടുതലുള്ളയാൾക്കും അതും പക്ഷേ തുല്യമായി വന്നാൽ പ്രായം കൂടുതലുള്ളയാൾക്കും ആണ് ഫലത്തിന്റെ അനുഭവം.

പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ്

അന്യജന്മാന്തരകൃതം പുംസാം കർമ്മ ശുഭാശുഭം
യത്തസ്യ ശകുനഃ പാകം നിവേദയതി പൃച്ഛതാം.

സാരം :-

പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ്. അതായത് ഇപ്പോൾ പ്രഷ്ടാവ് അനുഭവിക്കുന്നത് കഴിഞ്ഞ ജന്മം ചെയ്യപ്പെട്ട പുണ്യകർമ്മത്തിന്റെ ഫലമോ അതല്ല പാപ കർമ്മത്തിന്റെ ഫലമോ എന്നുള്ളത് ശുഭശകുനമാണെങ്കിൽ പുണ്യകർമ്മഫലമാണെന്നും അശുഭ ശകുനമാണെങ്കിൽ പാപകർമ്മഫലമാണെന്നും പറയണം.

ദൈവജ്ഞൻ പുറപ്പെടുന്ന സമയം കാല് കല്ലിൻമേൽ തട്ടുകയോ ശിരസ്സ് തൂണിൻമേലോ മറ്റോ അടിക്കുകയോ ചെയ്യുന്നുവെങ്കിൽ

പാഷാണാദിഷു പാദസ്ഖലനം സ്തംഭാദികേ തഥാ ശിരസഃ
നേഷ്ടം നിർഗമനേƒന്യാന്യപി ചിന്ത്യാനി ലോകസിദ്ധാനി.

സാരം :-

ദൈവജ്ഞൻ പുറപ്പെടുന്ന സമയം കാല് കല്ലിൻമേൽ തട്ടുകയോ ശിരസ്സ് തൂണിൻമേലോ മറ്റോ അടിക്കുകയോ ചെയ്യുന്നുവെങ്കിൽ കഷ്ടഫലമാണെന്ന് അറിയണം. മറ്റു ലോക മുഖേനയും ശാസ്ത്രം വഴിയായും ഗുരുപദേശം കൊണ്ടും ലഭിക്കപ്പെടുന്ന മറ്റു നിമിത്തങ്ങളും അവയുടെ ശുഭാശുഭവും കൂടി പുറപ്പെടുന്ന സമയം ചിന്തിച്ച് ധരിച്ചുകൊള്ളണം.

"നിർഗച്ഛതോംബരം" എന്നു തുടങ്ങി ഇവിടെ പറയപ്പെട്ട നിമിത്തങ്ങൾ ദൈവജ്ഞനെ മാത്രമല്ല ദൂതനേയും സംബന്ധിക്കുന്നതാണ്. 

ദൈവജ്ഞൻ പ്രശ്നത്തിനായി പുറപ്പെടുമ്പോൾ മറ്റാരെങ്കിലും ദൈവജ്ഞനോട് ഇവിടെ വരിക, അവിടെ നിൽക്കുക, പോകരുത്, ഇങ്ങോട്ട് പ്രവേശിക്കുക, എവിടെ പോകുന്നു എന്നും മറ്റുമുള്ള

ആഗച്ഛ തിഷ്ഠ മാ ഗച്ഛ പ്രവിശ ക്വ നു ഗച്ഛസി
ഇത്യദിവാചഃ പ്രസ്ഥാനേ ഭവന്ത്യശുഭദാ ദൃഢം.

സാരം :-

ദൈവജ്ഞൻ പ്രശ്നത്തിനായി പുറപ്പെടുമ്പോൾ മറ്റാരെങ്കിലും ദൈവജ്ഞനോട് ഇവിടെ വരിക, അവിടെ നിൽക്കുക, പോകരുത്, ഇങ്ങോട്ട് പ്രവേശിക്കുക, എവിടെ പോകുന്നു എന്നും മറ്റുമുള്ള പ്രതിബന്ധവാക്കുകൾ പറഞ്ഞാൽ കണിശമായ അശുഭഫല സൂചകങ്ങളാണെന്ന് ധരിക്കേണ്ടതാണ്.

യാത്രപുറപ്പെടുമ്പോൾ വസ്ത്രം വല്ലതിൻമേലും ഉടക്കുകയോ കയ്യിലുള്ള കുട മുതലായ സാധനങ്ങൾ താഴെ വീഴുകയോ ചെയ്യുന്നുവെങ്കിൽ

നിർഗ്ഗച്ഛതോംബരം സംഗമേതി ഭൂമൗ പതേച്ച വാ
ഛത്രാദ്യം യൽ കരസ്ഥം വാ ഭവേദേവാശുഭായ തൽ.

സാരം :-

യാത്രപുറപ്പെടുമ്പോൾ വസ്ത്രം വല്ലതിൻമേലും ഉടക്കുകയോ കയ്യിലുള്ള കുട മുതലായ സാധനങ്ങൾ താഴെ വീഴുകയോ ചെയ്യുന്നുവെങ്കിൽ അത് നിശ്ചയമായും അശുഭസൂചകമായ ലക്ഷണമാകുന്നു.

ദൂതദൈവജ്ഞ സംവാദ സമയത്തെ ആശ്രയിച്ച് കണ്ടും കെട്ടും മറ്റും അറിയേണ്ട നിമിത്തങ്ങൾ

ശുഭാശുഭനിമിത്തം യൽ പ്രശ്നകാലസമുദ്ഭവം
ഉക്തം നിഖിലമപ്യേതച്ചിന്തനീയം ഹി നിർഗ്ഗമേ.

സാരം ;-

ദൂതദൈവജ്ഞ സംവാദ സമയത്തെ ആശ്രയിച്ച് കണ്ടും കെട്ടും മറ്റും അറിയേണ്ട നിമിത്തങ്ങൾ മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. അവയെല്ലാം പ്രശ്നത്തിനായി പുറപ്പെടുന്ന സമയവും ചിന്തിച്ചുകൊള്ളേണ്ടതാണ്.

പ്രശ്നത്തിനു പുറപ്പെടുന്നത് വ്യാഴത്തിന്റെ കാലഹോരയിലോ അല്ലെങ്കിൽ മുഹൂർത്തവിധി പ്രകാരമുള്ള ശുഭസമയത്തോ ആയിരിക്കണം

പ്രശ്നകാലോദ്ഭവം ബുദ്ധ്വാ സദസത്സമയാദികം
നിർഗ്ഗച്ഛേത്സമയേ ജീവകാലഹോരാദികേ ശുഭേ.

സാരം :-

പ്രശ്നത്തിൽ സമയം ദേശം മുതലായ സകലതിനേയും അതിന്റെ ശുഭാശുഭത്തെയും വഴിപോലെ അറിഞ്ഞിട്ട് - നല്ലപോലെ ചിന്തിച്ച് മനസ്സിൽ ധരിച്ചിട്ട് - പ്രശ്നത്തിനു പുറപ്പെടണം. പുറപ്പെടുന്നത് വ്യാഴത്തിന്റെ കാലഹോരയിലോ അല്ലെങ്കിൽ മുഹൂർത്തവിധി പ്രകാരമുള്ള ശുഭസമയത്തോ ആയിരിക്കണം. കാലഹോര അറിയുന്നതിനുള്ള ന്യായം താഴെ പറയുന്നു.

ഒരു പകലിന് പന്ത്രണ്ട് കാലഹോരയാണ്. ഒരു കാലഹോരയ്ക്ക് രണ്ടര നാഴിക ആയിരിക്കും. പകലിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഈ കാലഹോരാകാലത്തിനും അല്പം കൂടുതൽകുറവ് വന്നേക്കാം. ഇതുപോലെ തന്നെ രാത്രിയിലും പന്ത്രണ്ട് കാലഹോരയാണുള്ളത്.

പകൽ ഉദയം മുതൽ രണ്ടര നാഴിക പുലരുന്നതുവരെയാണല്ലോ ഒന്നാമത്തെ കാലഹോര. അതിന്റെ നാഥൻ അന്നത്തെ ആഴ്ചയുടെ അധിപനാകുന്നു. രണ്ടാമത്തെ കാലഹോരയുടെ അധിപൻ ആ ആഴ്ചയുടെ ആറാമത്തെ ആഴ്ചയുടെ അധിപനാണ്. അതിന്റെ ആറാമാതെ ആഴ്ചയുടെ അധിപനാണ് മൂന്നാമത്തെ കാലഹോരയുടെ നാഥൻ. ഇങ്ങനെ ക്രമേണ കണ്ടുകൊൾക. രാത്രിയിൽ ഒന്നാമത്തെ കാലഹോര അന്നത്തെ ആഴ്ചയുടെ അഞ്ചാമത്തെ ആഴ്ചയുടെ അധിപന്റെതാണ്. പിന്നെ ക്രമേണ ആറാമതുള്ള വാരാധിപൻമാരുടേതായിരിക്കും. 

ഇതിനുള്ള പ്രമാണം

"ദിനദ്വാദശാംശോ മത കാലഹോര
പതിസ്തസ്യ പൂർവ്വസ്യ വാരാധിനാഥഃ
തതഃ ഷഷ്ഠഷഷ്ഠാഃ ക്രമേണേതരേഷാം
നിശായാന്തു വാരാധിപാൽ പഞ്ചമാദ്യഃ" 

പ്രഷ്ടാവ് ദൈവജ്ഞനോട്‌ ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുവോ അതിന്റെ നാശത്തെ സൂചിപ്പിക്കുന്ന വല്ല ലക്ഷണങ്ങളോ ശ്രവണങ്ങളോ മറ്റോ ഉണ്ടായാൽ

ലോകാച്ശാസ്ത്രമുഖാത്തഥാ ഗുരുമുഖാദന്യന്നിമിത്താന്തരം
വിജ്ഞാതവ്യമതഃ ശുഭാശുഭഫലം പ്രാജ്ഞൈഃ പ്രയത്നാദിഹ
യദ്യൽ പൃച്ഛതി പൃച്ഛകോƒന്തികഗതം തന്നാശചിഹ്നം ഭവേ-
ന്നാശഃ സ്യാദിഹ തസ്യ തസ്യ ന ചിരാത്തദ്വ്യത്യയേ വ്യത്യയഃ

സാരം :-

ഇവിടെ പറയാത്ത നിമിത്തങ്ങളുടെ ശുഭാശുഭത്വം ലോകാചാരവഴിയായും നിമിത്ത പ്രധാനമായ സംഹിതാദി ഗ്രന്ഥങ്ങളിൽ നിന്നും ഗുരുവിന്റെ ഉപദേശം കൊണ്ടും അറിയേണ്ടവയാണ്. എങ്കിലും അവയുടെ യഥാർത്ഥം ചുരുക്കമായി പറയാം. പ്രഷ്ടാവ് ദൈവജ്ഞനോട്‌ ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുവോ അതിന്റെ നാശത്തെ സൂചിപ്പിക്കുന്ന വല്ല ലക്ഷണങ്ങളോ ശ്രവണങ്ങളോ മറ്റോ ഉണ്ടായാൽ ആ കാര്യത്തിനു നാശം സംഭവിക്കുമെന്നും അതിന് അനുകൂലങ്ങളായ ലക്ഷണങ്ങളോ ശ്രവണങ്ങളോ ഉണ്ടായാൽ ആ കാര്യത്തിനു സാദ്ധ്യമുണ്ടെന്നും അറിയണം.

ശുഭനിമിത്തങ്ങളാകുന്നു

ഛത്രം തോരണഹൃദ്യയാനശകടം സ്തോത്രം ച വേദധ്വനിം
ബദ്ധം ചൈകപശും വൃഷം ച മുകുരം സ്വർണ്ണം സവത്സാം ച ഗാം
ഭക്ഷ്യം ചോദ്ധൃതമൃത്തികാം ബുധവരം യച്ചാന്യദിഷ്ടം ശ്രുതം.
ദൃഷ്ടം ശ്രോത്രദൃശോഃ ശുഭം തദഖിലം പ്രശ്നേ നിമിത്തം വിദുഃ

സാരം :-

പ്രശ്ന സമയം കുട കൊടിക്കൂറ ഹൃദയപ്രിയമായ വണ്ടി മുതലായ വാഹനങ്ങൾ സ്തോത്രനാദം വേദശബ്ദം കയറോട് കൂടിയ ഒറ്റപ്പശുവ് കയറോട് കൂടിയ കാള കണ്ണാടി സ്വർണ്ണം കുട്ടിയോട്കൂടിയ പശു ഭക്ഷണ യോഗ്യങ്ങളായ സാധനങ്ങൾ കുഴിച്ചെടുത്ത മണ്ണ് അറിവുള്ള മനുഷ്യൻ ഇവകൾ ശുഭനിമിത്തങ്ങളാകുന്നു. കൂടാതെ മനസ്സിനും കണ്ണിനും ചെവിക്കും സന്തോഷപ്രദമായി വരുന്നത് എല്ലാം ശുഭ നിമിത്തങ്ങളാണെന്ന് അറിയേണ്ടതാണ്. ഇവിടെ പറയപ്പെട്ട നിമിത്തങ്ങൾ പ്രശ്നസമയത്തെ ലാക്കാക്കിയാണെങ്കിലും നിർഗ്ഗമം മാർഗ്ഗം ഗൃഹപ്രവേശം മുതലായ ഘട്ടങ്ങളിലും ചിന്തിക്കാവുന്നതാണ്‌.

പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും

വീണാവേണുമൃദംഗശംഖപടഹധ്വാനം ച ഭേരീരവം
ഗീതം മംഗലമംഗനാം ച ഗണികാം ദധ്യക്ഷതേക്ഷ്വാദികം.
ദൂർവാചന്ദനപൂർണ്ണകുംഭകുസുമം മാലാം ഫലം കന്യകാം
ഘണ്ടാം ദീപസരോരുഹേ ച ശുഭദം വിദ്യാന്നിമിത്തം ബുധഃ

സാരം :-

പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും വൈധവ്യം വരാത്ത സൗന്ദര്യവതികളായ സ്ത്രീകളേയും വേശ്യ തൈർ മലർ കരിമ്പ്‌ കറുക ചന്ദനം നിറകുടം പുഷ്പം കായ്കൾ കന്യകകൾ മണികൾ വിളക്ക് താമരപ്പൂവ് ഇതുകളേയും കാണുന്നതും ശുഭനിമിത്തമാണെന്ന് വിദ്വാന്മാർ പറയുന്നു.

പ്രശ്ന സമയം ആന കുതിര കാള മുതലായ ഇഷ്ട ജന്തുക്കളെ കാണുന്നതും

മാതംഗാശ്വവൃഷാദീനാം പൃച്ഛാകാലേ രുതം യദി
തേഷാം വാ ദർശനം തർഹി പ്രഷ്ടാഭീഷ്ടമവാപ്നുയാൽ.

സാരം :-

പ്രശ്ന സമയം ആന കുതിര കാള മുതലായ ഇഷ്ട ജന്തുക്കളെ കാണുന്നതും അവ ശബ്ദിക്കുന്നതു കേൾക്കുന്നതും പ്രഷ്ടാവിന്റെ അഭീഷ്ടകാര്യസിദ്ധിയുടെ ലക്ഷണമാകുന്നു.

പന്നി, ഉടുമ്പ് അഹി മയിൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്നസമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു

പ്രശസ്താഃ കീർത്തനേ കോലഗോധാഹിശശജാഹകാഃ
ന ദർശനേ ന വിരുതേ വാനരർക്ഷാവതോന്യഥാ.

സാരം :-

പന്നി, ഉടുമ്പ് അഹി മയിൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്നസമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു. ജന്തുക്കളെ കാണുന്നതും ഇവയുടെ ശബ്ദം കേൾക്കുന്നതും ശുഭമല്ല. കുരങ്ങ്, കരടിക്കുരങ്ങ്  ജന്തുക്കളുടെ ശബ്ദം കേൾക്കുന്നതും ഇവകളെ കാണുന്നതും ശുഭം തന്നെയാണ്.

പ്രശ്ന സമയം പൂച്ച ചേര ഊമൻ ഉടുമ്പ് മുതലായ അശുഭ ജന്തുക്കളെ ഇടതുഭാഗത്തുവച്ച് കാണുന്നതും

മാർജ്ജാരഡുണ്ഡുഭോലൂകഗോധാദ്യശുഭദർശനം
ഗൗള്യാ രുതം ച നാശായ വാമേ ദക്ഷേ തഥാ ക്ഷുതം.

സാരം :-

പ്രശ്ന സമയം പൂച്ച ചേര ഊമൻ ഉടുമ്പ് മുതലായ അശുഭ ജന്തുക്കളെ ഇടതുഭാഗത്തുവച്ച് കാണുന്നതും ഇടതുഭാഗത്തിരുന്ന് ഗൌളി ശബ്ദിക്കുന്നതും നാശത്തെ സൂചിപ്പിക്കുന്നവയാണ്. വലതുഭാഗത്ത് ഇരുന്ന് ആരെങ്കിലും തുമ്മുന്നതും നാശസൂചകമാണ്.

ദൂത ദൈവജ്ഞ സംവാദ സമയം അയ്യോ അയ്യോ എന്നിങ്ങനെയുള്ള സങ്കട ശബ്ദങ്ങളും

ഹാഹാഖേദരവം ക്ഷുതം ച പതനം ചൈത്യധ്വജാദേസ്തഥാ
വസ്ത്രച്ഛത്രപദത്രവിക്ഷതിമപി ധ്വംസാർത്ഥനാനാഗിരഃ
ക്രൂരാണാം മൃഗപക്ഷിണാം പ്രതിദിശം വാചശ്ച ദീപക്ഷയം
പാതം പൂർണ്ണഘടാദികസ്യ ച ബുധാഃ കഷ്ടം നിമിത്തം വിദുഃ

സാരം :-

ദൂത ദൈവജ്ഞ സംവാദ സമയം അയ്യോ അയ്യോ എന്നിങ്ങനെയുള്ള സങ്കട ശബ്ദങ്ങളും തുമ്മുന്നതും കൊടിമരം അരയാൽ മുതലായ ഉത്തമ വൃക്ഷങ്ങൾ പതിക്കുന്നതും മുണ്ട് കുട ചെരിപ്പ് മുതലായവ നാശപ്പെടുന്നതും നാശസൂചകങ്ങളായ ശബ്ദങ്ങൾ പുറപ്പെടുന്നതും ദിക്കുകളിൽ നിന്ന് ഘോരങ്ങലായ പക്ഷി മൃഗങ്ങളുടെ ശബ്ദം കേൾക്കുന്നതും വിളക്ക് അണയുന്നതും ഏതോ പദാർത്ഥങ്ങളെ കൊണ്ട് നിറച്ച് വച്ചിരിക്കുന്ന കുടം മുതലായ പാത്രങ്ങൾ ഉടയുന്നതും കണ്ണ് ചെവി മുതലായ ഇന്ദ്രിയങ്ങൾക്ക് അനുഭവപ്പെട്ടാൽ അതായത് തത്സമയമുണ്ടായാൽ കഷ്ടമാണെന്ന് നിമിത്ത ശാസ്ത്രജ്ഞന്മാരായ മഹാന്മാർ പറയുന്നു.

രണ്ടു കക്ഷികളെ തമ്മിൽ പറഞ്ഞു യോജിപ്പിക്കുന്നതിനെക്കുറിച്ച് പ്രഷ്ടാവ് ചോദിക്കുമ്പോൾ

പാണിഗ്രഹണമന്യോന്യം ദ്വയോഃ കസ്യാപി ചാഗമഃ
സന്ധയേ ഛേദഭേദാദി സർവം സന്ധിവിരോധകൃൽ.

സാരം :-

രണ്ടു കക്ഷികളെ തമ്മിൽ പറഞ്ഞു യോജിപ്പിക്കുന്നതിനെക്കുറിച്ച് പ്രഷ്ടാവ് ചോദിക്കുമ്പോൾ രണ്ടുപേർ തമ്മിൽ കൈകൾ കോർത്ത് പിടിക്കുന്നത് കാണുകയോ അവിടെ ഒരാൾ വരികയോ ചെയ്‌താൽ ഉദ്ദേശിച്ച സന്ധികാര്യം ശുഭമായി അവസാനിക്കുമെന്നും അപ്പോൾ ഏതോ സാധനങ്ങളെ കീറുക മുറിക്കുക മുതലായ വിയോഗ ക്രിയകൾ ചെയ്യുന്നതായി കണ്ടാൽ സന്ധിയുണ്ടാകുന്നതല്ലെന്നും പറയണം.

പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ

ശയനം ചോപവേശശ്ച പൃഷ്ട്വാ യാത്രാവിഘാതകൃൽ

പാദവ്യത്യാസസങ്കോചൗ വിളംബനകരൗ ധ്രുവം
പൃഷ്ട്വോത്ഥാനം ച യാനം ച യാത്രാലാഭായ സത്വരം.

സാരം :-

പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ ചോദിച്ച് ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്‌താൽ വിഘ്നങ്ങളാൽ യാത്ര മുടങ്ങുമെന്നും കാൽ ഇളക്കിയിളക്കി ചവിട്ടികൊണ്ടോ പിണച്ചോ മടക്കിയോ വച്ചുകൊണ്ടോ ചോദിച്ചാൽ യാത്രയ്ക്ക് കാല താമസം വേണ്ടി വരുമെന്നും ചോദിച്ച ഉടൻ തന്നെ എഴുനേല്ക്കുകയോ നടക്കുകയോ ചെയ്‌താൽ ഉടൻ തന്നെ യാത്രയ്ക്കിടയാകുമെന്നും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.