തത്രസ്ഥേ ചതുരംഘ്രിസംജ്ഞവിഹഗേ മാതംഗപശ്വാദയോ-
ഭ്യായാതാഃ പഥി പക്ഷിസംജ്ഞവിഹഗേ ദൃഷ്ടാശ്ചകോരാദയഃ
സൂര്യാരൗ തു ചതുഷ്പദൗ നിഗതിതൗ മന്ദേന്ദുജൗ പക്ഷിണൗ
ശീതാംശുസ്തു സരീസൃപോഷ്ടചരണഃ ശാസ്ത്രേ പ്രദിഷ്ടഃ ഫണീ.
സാരം :-
മുൻപറഞ്ഞവണ്ണം ഏഴാം ഭാവം മുതലായ ഭാവങ്ങളിൽ നാല്ക്കാലിഗ്രഹം നിന്നാൽ വഴിയിൽ വെച്ചു ആന കുതിര മുതലായ നാല്ക്കാലികളെയാണ് ശകുനം കണ്ടതെന്നും അവിടെ പക്ഷിഗ്രഹങ്ങൾ നിന്നാൽ ശകുനമായി കണ്ടതു ചകോരം മുതലായ പക്ഷികളെയാണെന്നും പറയണം. സൂര്യനും ചൊവ്വയും നാല്ക്കാലി ഗ്രഹങ്ങളാണ്. ബുധനേയും ശനിയേയും കൊണ്ട് പക്ഷികളെ വിചാരിക്കണം. ചന്ദ്രനെക്കൊണ്ട് സരീസൃപത്തെ വിചാരിക്കണം. രാഹുവിനെക്കൊണ്ട് എട്ടുകാലി (ചിലന്തി)യെ വിചാരിക്കണം. ഇവിടെ ശകുനചിന്തനയിൽ ഹോരയിൽ പറഞ്ഞിട്ടുള്ള വിയോനി ലക്ഷണം ഉണ്ടെങ്കിൽ മാത്രമേ വിയോനികളെ ശകുനമായി കണ്ടു എന്നു പറയാവു. അല്ലാതെ രാജകാരകനായ സൂര്യനെക്കൊണ്ടു മൃഗങ്ങളേയും സ്ത്രീകാരകനായ ചന്ദ്രനെക്കൊണ്ട് മൃഗങ്ങളേയും സരീസൃപങ്ങളേയും എങ്ങനെ കല്പിക്കും?. ഇവിടെയെല്ലാം ഫല നിർദ്ദേശത്തിന്റെ വിഷയ ഭാഗത്തിന് ദൈവജ്ഞന്റെ നിഷ്ക്കളങ്കത തന്നെയാണ് ആശ്രയമെന്നു ഗ്രാഹ്യമാകുന്നു.