നവവസ്ത്രദ്വയാദീനാം ദർശനം കരസംഗ്രഹേ
സിദ്ധയേ തദസിദ്ധ്യൈ സ്യാദ്വിയോഗസ്തു കയോരപി
സാരം :-
പ്രഷ്ടാവ് വിവാഹകാര്യത്തെക്കുറിച്ച് ദൈവജ്ഞനോടു ചോദിക്കുമ്പോൾ കോടിപ്പുടവ കാണുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുകയോ ചെയ്യുന്നുവെങ്കിൽ ആ വിവാഹം വിഘ്നംകൂടാതെ നടക്കുമെന്ന് പറയണം. ഇവിടെ ആദിശബ്ദം കൊണ്ട് വിവാഹോപയോഗ്യമായ താലി മുതലായ അന്യവസ്തുക്കളേയും ഗ്രഹിക്കേണ്ടതാണ്. മേൽപ്പറഞ്ഞവണ്ണം വിവാഹം സാധിക്കുമോ എന്നു ചോദിക്കുമ്പോൾ പുടവ മുതലായ ഇരട്ട വസ്ത്രങ്ങൾ രണ്ടായി മുറിക്കുകയോ അഥവാ ചേർന്ന് നിൽക്കുന്ന രണ്ടുപേർ പിരിഞ്ഞ് രണ്ട് ദിക്കിലേയ്ക്ക് പോവുകയോ ചെയ്യുന്നുവെങ്കിൽ വിവാഹം സാധിക്കയില്ലെന്നു പറയണം. "കയോരപി" എന്നതിന്റെ സ്ഥാനത്ത് "തയോരപി" എന്നും പാഠമുണ്ട്.