ദ്യൂനസ്ഥേഷ്വശുഭേഷു ദുഷ്ടശകുനം സൗമ്യേഷു തച്ഛോഭനം
ദൂതാരൂഢവശാദമുഷ്യ കഥയേൽ പ്രശ്നാധിരൂഢേന വാ
കർമ്മാരൂഢസുഖസ്ഥിതൈർബലയുതൈരപ്യേവമാദിശ്യതാം
യാതുർവാ ശകുനം ശുഭാശുഭമിതി പ്രസ്ഥാനലഗ്നാദ്വദേൽ.
സാരം :-
പ്രഷ്ടാവോ ദൂതനോ വന്നു സ്ഥിതി ചെയ്ത ആരൂഢരാശിയുടെ ഏഴാം രാശിയിൽ പാപഗ്രഹങ്ങൾ നിന്നാൽ പ്രഷ്ടാവ് പുറപ്പെട്ട സമയം അശുഭശകുനത്തെയാണ് കണ്ടതെന്നും ഏഴാം ഭാവത്തിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ശുഭശകുനത്തെയാണ് കണ്ടതെന്നും പറയണം. ഇതുപോലെ ആരൂഢ നാലാം ഭാവം പത്താം ഭാവം ഈ രാശികളിൽ ബലവാന്മാരായി നിൽക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ശകുനത്തെ പറയാം. എന്നാൽ അവിടെയും ശുഭാന്മാരെക്കൊണ്ടു ശുഭശകുനത്തേയും പാപന്മാരെക്കൊണ്ട് അശുഭശകുനത്തേയും പറഞ്ഞുകൊള്ളണം. കേന്ദ്രഭാവങ്ങളെ ആശ്രയിച്ച് ശകുനം പറയാമെങ്കിലും അവയിൽ മാർഗ്ഗഭാവമായ ഏഴാം ഭാവത്തിനാണ് പ്രാബല്യമെന്ന് ഗ്രഹിക്കേണ്ടതാണ്. ഈ ശകുന ലക്ഷണം ദൂതന്റെ ആരൂഢരാശികൊണ്ടും മാത്രമല്ല പ്രശനം വയ്ക്കുമ്പോൾ കിട്ടുന്ന ആരൂഢരാശികൊണ്ടും ചിന്തിച്ചു പറയാവുന്നതാണ്. ഒരാൾ യാത്ര പുറപ്പെടുമ്പോൾ അയാൾ കാണുന്ന ശകുനത്തിന്റെ ശുഭാശുഭത്വം പുറപ്പെടുന്ന ലഗ്നം കൊണ്ടും മേൽപറഞ്ഞവണ്ണം ചിന്തിയ്ക്കാവുന്നതാണ്.