അകചടതപയാ വർഗാ രവികുജസിതസൗമ്യജീവസൗരാണാം
ചന്ദ്രസ്യ ച നിർദിഷ്ടം പ്രശ്നേ പ്രഥമോദ്ഭവം വർണം
ജ്ഞാത്വാ തസ്മാല്ലഗ്നം സംഗൃഹ്യ ശുഭാശുഭം വദേൽ പ്രഷ്ടുഃ
വർഗ്ഗാദിമദ്ധ്യപരമൈർവർണൈഃ പ്രഥമോദ്ഭവൈർവിഷമം.
രാശിം ലഗ്നം പ്രവദേച്ഛിഷ്ടൈര്യൂഗ്മം കുജജ്ഞജീവാനാം
സിതരവിജയോശ്ച നൈവം രവിശശിനോരേകരാശിത്വാൽ
തസ്മാല്ലഗ്നാൽ പ്രവദേൽ പൃച്ഛാസമയേ ശുഭാശുഭം സർവം
കാലസ്യാƒവിജ്ഞാനാദേതച്ചിന്ത്യം ബഹു പ്രശ്നേ.
അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് സൂര്യന്റെതാണ്.
ക ഖ ഗ ഘ ങ ഈ അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് ചൊവ്വയുടെതാകുന്നു.
ച ഛ ജ ഝ ഞ ഈ അഞ്ച് അക്ഷരങ്ങൾ ശുക്രന്റെ വർഗ്ഗമാകുന്നു.
ട ഠ ഡ ഢ ണ ഈ അക്ഷരങ്ങൾ ബുധന്റെ വർഗ്ഗമാകുന്നു.
ത ഥ ദ ധ ന ഈ അഞ്ച് അക്ഷരങ്ങൾ വ്യാഴത്തിന്റെ വർഗ്ഗങ്ങളാകുന്നു.
പ ഫ ബ ഭ മ ഈ അക്ഷരങ്ങൾ ശനിയുടെ വർഗ്ഗങ്ങളാകുന്നു.
യ മുതലുള്ള അക്ഷരങ്ങൾ ചന്ദ്രന്റെതാണ്.
പ്രശ്നത്തിന്റെ ആദ്യക്ഷരം ഏതൊരു ഗ്രഹത്തിന്റെതായി വരുന്നുവോ ആ ഗ്രഹത്തിന്റെ രാശി ലഗ്നമാണെന്ന് അറിയണം. അതായത് അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ ചിങ്ങം ലഗ്നമാണെന്നും യ മുതൽ ഹ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ കർക്കടകം രാശി ലഗ്നമാണെന്നും അറിയണം. ചൊവ്വാ മുതൽ ശനി വരെയുള്ള ഗ്രഹങ്ങൾക്ക് ഈ രണ്ടു രാശി ഉണ്ടല്ലോ.
ക ഖ ഗ ഘ ങ കുജന്റെവർഗ്ഗം
ച ഛ ജ ഝ ഞ ശുക്രന്റെവർഗ്ഗം
ട ഠ ഡ ഢ ണ ബുധന്റെവർഗ്ഗം
ത ഥ ദ ധ ന വ്യാഴത്തിന്റെവർഗ്ഗം
പ ഫ ബ ഭ മ ശനിയുടെവർഗ്ഗം
ഈ അഞ്ച് വർഗ്ഗങ്ങളുടേയും ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങൾ ആദ്യക്ഷരമായി വന്നാൽ മേടം, തുലാം, മിഥുനം, ധനുസ്സ് കുംഭം ഈ ഓജരാശികൾ ലഗ്നമാണെന്നും അറിയണം. മേൽകാണിച്ച അഞ്ച് വർഗ്ഗങ്ങളുടേയും രണ്ടാമത്തേയും നാലാമത്തേയും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യക്ഷരമായി വന്നാൽ വൃശ്ചികം ഇടവം കന്നി മീനം മകരം ഈ രാശികൾ ലഗ്നമാണെന്ന് അറിയണം. എങ്ങനെയെന്നാൽ ചൊവ്വായുടെ അക്ഷരങ്ങൾ ക ഖ ഗ ഘ ങ ഇത്രയുമാണല്ലോ. ഇവയിൽ ക ഗ ങ ഒന്നും മൂന്നും അഞ്ചും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യ അക്ഷരമായാൽ ചൊവ്വയുടെ ക്ഷേത്രങ്ങളിൽ ഓജരാശിയായ മേടം ലഗ്നമെന്നും ഖ ഘ എന്ന രണ്ടും നാലും അക്ഷരങ്ങൾ ആദ്യക്ഷരമായാൽ ചൊവ്വായുടെ യുഗ്മരാശിയായ വൃശ്ചികം രാശി ലഗ്നമെന്നും അറിയണം. ഇങ്ങനെ വർഗ്ഗാക്ഷരങ്ങളെ കൊണ്ട് ശുക്രൻ മുതലായവരുടെ രാശി ഭേദങ്ങളെ ഗ്രാഹ്യമാകുന്നു. ഈ ലഗ്നം ആസ്പദമാക്കി പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്. ഒട്ടധികം പ്രശ്നങ്ങൾ ഒരേ സമയത്ത് ഉണ്ടായാൽ ഇപ്രകാരം ലഗ്നമറിഞ്ഞു ഫലം പറയാവുന്നതാണ്.