ഇഷ്ടസ്ഥിതാനാം വാരേഷു ശുഭപ്രാപ്തിം ച നിർദിശേൽ
ഉദയേനൈഷ്യവാരേഷു ഫലമപ്യേവമാദിശേൽ. ഇതി.
അനിഷ്ടഭാവങ്ങൾ സാമാന്യേന മേൽപറഞ്ഞുവല്ലോ. മറ്റുള്ള ഇഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ട് അവർക്ക് പറയപ്പെട്ട ശുഭാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു പറയണം. ഇതു പ്രശ്നകാലത്തിന് അടുത്തു കഴിഞ്ഞ ഗ്രഹത്തിന്റെ ആഴ്ചയിലായിരിക്കും ഉണ്ടായത്. ഇപ്പറഞ്ഞ ലക്ഷണങ്ങൾ ആരൂഢരാശിയുടെ അഷ്ടമം മുതലായ ഭാവങ്ങളെ ആശ്രയിച്ചാണല്ലോ പറഞ്ഞിട്ടുള്ളത്. ഇതുപോലെ അപ്പോഴത്തെ ഉദയ ലഗ്നം അറിഞ്ഞ് അതിന്റെ എട്ടാം ഭാവം മുതലായ അനിഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ടു അടുത്തുവരുന്ന അവരുടെ ആഴ്ചകളിൽ മേൽപറഞ്ഞവണ്ണമുള്ള അശുഭഫലങ്ങൾ പറയാവുന്നതാണ്. ഉദയലഗ്നത്തിങ്കൽ നിന്നു തന്നെ ഇഷ്ടഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ അടുത്തുവരുന്ന ആഴ്ചകളിൽ ശുഭാനുഭവത്തെയും പറയാം. ഇവിടെ ആരൂഢരാശിയെ ആശ്രയിച്ച് കഴിഞ്ഞ ഫലങ്ങളും ഉദയരാശികൊണ്ട് വരാൻപോകുന്ന ഫലങ്ങളും പറഞ്ഞുകാണുന്നു. ഇതുതന്നെയാണ് "അതീതഫലമാരൂഢാദുദയാദാഗതം ഫലം. വർത്താമനഫലം ഛത്രാൽ ഫലം ത്രൈകാല്യമാദിശേൽ" എന്നുള്ള വചനം കൊണ്ടും പറഞ്ഞിരിക്കുന്നത്. ആരൂഢത്തിന്റെയും ലഗ്നത്തിന്റെയും സംസ്കാരം കൊണ്ടാണല്ലോ ഛത്രരാശി സിദ്ധിക്കുന്നത്. അതുകൊണ്ട് കല്പിയ്ക്കുന്ന ഫലം ഭൂതത്തിന്റെയും ഭാവിയുടേയും അന്തരസ്ഥമായ വർത്തമാന കാലത്തിൽ അടങ്ങുന്നത് അനുചിതമല്ലല്ലോ. "ഇതി" എന്നതുകൊണ്ട് ഇങ്ങനെ മാധവീയവചനം സമാപിച്ചു.