നമ്മുടെ ക്ഷേത്രങ്ങള്‍

മതത്തെപ്പറ്റി എപ്പോഴും നാം അറിഞ്ഞിരിക്കേണ്ടതില്ലെങ്കിലും താത്ത്വികമായി നാം മതാനുബന്ധികളാണ്. ബാഹ്യജീവിതത്തില്‍ ആരാധനാക്രമങ്ങളേയും ചടങ്ങുകളേയും നാം സ്വീകരിയ്ക്കുകയോ സ്വീകരിയ്ക്കാതിരിക്കുകയോ ചെയ്‌തെന്നുവരാം. ഒരു മനുഷ്യന്റെ വിശ്വാസത്തെ അവന്റെ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടി നാം സമീപിയ്ക്കുന്നത് വെറും ഉപരിതലസ്പര്‍ശിയായെന്നുവരാം. എല്ലാ അംഗീകൃതമതങ്ങളുടേയും ആധികാരികതയെ നിരസിക്കുന്ന ഒരാള്‍ക്കും അയാളുടെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പാരമാര്‍ത്ഥികമായ ദൈവത്തിന്റെ സന്തുഷ്ടി അയാളുടെ ആകൃതിയിലും പ്രകൃതിയിലും അയാള്‍ നയിക്കുന്ന ഒരു തത്ത്വമായിപ്രവര്‍ത്തിക്കുന്നാതാണ്.
നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈശ്വരചിന്തപ്രകടമാകുന്നത് ആദ്യമായി എല്ലാത്തിലും പൊതുവേ ഒരു താല്‍പര്യമില്ലായ്മ അഥവാ ഉന്മേഷകുറവ് എന്നുള്ള ഭാവത്തിലാണ്, മനസ്സ് അസ്വസ്ഥവും അനുഭൂതവും വ്യാപൃതവുമായ കാര്യങ്ങളില്‍ അതിനുള്ള അഭിരുചി കുറഞ്ഞുവരുന്നതുമാണ്.

മനസ്സ് അസ്വസ്ഥമാവുകയും പൂര്‍വ്വപരിചിതങ്ങളായ കാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും അഭിരുചി കറയുകയും ചെയ്യുന്നു. ഹൃദയത്തില്‍ ഒരു ശൂന്യതയുടെ അനുഭൂതിയുണ്ടാകുന്നു. ഈ ശൂന്യതയെ നിവാരണം ചെയ്യാനായി പല മാര്‍ഗ്ഗങ്ങളും ആരായുന്നു. നമ്മുടെ സന്തുഷ്ടിക്കുള്ള കാരണം നമ്മില്‍ നിന്നു പറയുകയാണെങ്കില്‍ നാം എളുപ്പം ക്ഷീണിതരാകുകയും യഥാര്‍ത്ഥമായ സന്തുഷ്ടിയെ കണ്ടെത്താനായി ശ്രമിക്കുകയും ചെയ്യുന്നു. സിനിമ, റേഡിയോ  മുതലായി ക്ഷണിക സന്തുഷ്ടിപ്രദങ്ങളായ കാര്യങ്ങള്‍ നമുക്കുള്ള താല്‍പര്യത്തെ പുറംതള്ളുകയും അസുഖകരങ്ങളായ അവയുടെ നിഴല്‍മാത്രം അവശേഷിക്കുകുയം ചെയ്യുന്നു. അങ്ങനെ നമ്മുടെ ഉള്ളില്‍തന്നെ സ്ഥിതിച്ചെയ്യുന്ന നിത്യമായ സന്തുഷ്ടിയെപ്പറ്റിയുള്ള നമ്മുടെ അന്വേഷണത്തില്‍ ആത്മാനുഭൂതിവന്ന ഗുരുക്കന്മാരും, ശാസ്ത്രങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ കാണുന്ന സാങ്കേതികരൂപങ്ങളും നമുക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.

ക്ഷേത്രങ്ങള്‍ കല്ലിലുള്ള പുസ്തകങ്ങള്‍
നാം പദ്മമെന്നോ മുല്ലയെന്നോ എഴുതുമ്പോള്‍ ആ വാക്കില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അക്ഷരങ്ങള്‍ ഏതു പ്രത്യേകതരം ശബ്ദത്തെയാണ് പ്രകടമാക്കേണ്ടതെന്നുള്ളതിന്റെ ചിഹ്നങ്ങള്‍ മാത്രമാകുന്നു. ഭാഷയിലെ അക്ഷരങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ജ്ഞാനമില്ലാത്തവര്‍ക്കു അങ്ങനെയുള്ള അടയാളംകൊണ്ടു യാതൊരു പ്രയോജനവും സിദ്ധിക്കുന്നില്ല. അതിനെ പ്രത്യേകതരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മാത്രമേ ഗണിക്കാറുള്ളു. മുല്ലയെന്നോ ലോട്ടസ് എന്നോ ഉള്ള ശബ്ദംപോലും വെള്ളത്തിലും വള്ളിയിലും വളരുന്ന ഒരുതരം ചെടിയുടെ അടയാളമാണെന്നു മാത്രമേ നമുക്കു ലഭിക്കുന്നുള്ളു. അതുകൊണ്ട് നമ്മുടെ ഭാഷ ചിഹ്നങ്ങളുടെ ഒരു സമൂഹമല്ലാതെ മറ്റൊന്നുമല്ല എന്നു പറയാം. നമ്മുടെ പൂര്‍വ്വികന്മാര്‍ അവരുടെ ആശയങ്ങളെ കല്ലിലും ലോഹങ്ങളിലുമുള്ള കൊത്തുപണികള്‍മൂലം പ്രകടിപ്പിക്കുന്നതില്‍ തല്പരരായിരുന്നു.

അമ്പലങ്ങളില്‍ പോകുന്നതാവശ്യമാണോ?
എല്ലായിടത്തും വെള്ളംതന്നെ, വായുവില്‍ അത് ബാഷ്പരൂപമായി സ്ഥിതിച്ചെയ്യുന്നു. സമുദ്രത്തില്‍ ഉപ്പ് വെള്ളത്തിന്റെ രൂപമാണ്. വൃക്ഷങ്ങളില്‍ അവയുടെ രസം (ചാറ്) ആയിട്ട് സ്ഥിതിചെയ്യുന്നു. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. നമുക്ക് ശുദ്ധജലം കുടിക്കണമെന്നുള്ളപ്പോള്‍ വൃത്തിയുള്ള കിണറുകളേയോ പൈപ്പുകളേയോ സമീപിക്കുന്നു. അതുപോലെ  എല്ലായിടത്തും ദൈവമുണ്ട്. എന്നാല്‍ ക്ഷേത്രങ്ങള്‍ ഈശ്വരാനുഭൂതിയെ ഉണ്ടാക്കാനായി പ്രത്യേകം പ്രതിഷ്ഠക്കപ്പെട്ടിട്ടുള്ളവയാണ്. ഒരു ക്ഷേത്രത്തിന്റെ ചുറ്റുപാടുകള്‍ ആത്മചൈതന്യത്തെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ പര്യാപത്മായിട്ടുള്ളവയാണ്. ക്ഷേത്രങ്ങളുടെ ഓരോ ഭാഗവും പ്രത്യേകിച്ച് പ്രചോദനം നല്‍കുന്നവയാണ്. ഓരോ ബിംബവും അവയുടെ പൂര്‍ണ്ണമായ നിശ്ശബ്ദതയില്‍കൂടി നമ്മുടെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രകാശത്തെ എങ്ങനെ കാണണമെന്ന് പ്രചോദനം നല്‍കുകയാണ്.

ബുദ്ധിയുള്ള ഒരു മനുഷ്യന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അവന്റെ ഭൗതികാവസ്ഥയില്‍ നിന്നും ഒരു വൈകാരികാവസ്ഥയിലേക്കും വൈകാരികാവസ്ഥയില്‍ നിന്ന് യുക്തിചിന്തയിലേക്കും യുക്തിചിന്തയില്‍ നിന്ന് സമാപനചിന്തയിലേക്കും അവസാനമായി തത്ത്വചിന്തയിലേക്കും കടക്കുന്നു. മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങള്‍ക്കും, അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചു കോശങ്ങള്‍ ഉള്ളതുപോലെ ക്ഷേത്രങ്ങള്‍ക്കും അഞ്ചു കോശങ്ങള്‍ ഉണ്ട്. ഓരോ കോശവും അതാതിന്റെ അടുത്ത കോശത്തിലേക്കു നയിക്കുന്നത് അവസാനമായി നമുക്കു പരമചൈതന്യത്തോടും കൂടിയുള്ള ഒരുലയം സിദ്ധിക്കുന്നതുമാണ്.

പഞ്ചഭൂതങ്ങളും അവയുടെ സാങ്കേതികാര്‍ത്ഥവും
ലോകത്തിലുള്ള എല്ലാമതഗ്രന്ഥങ്ങളും പഞ്ചഭൂതങ്ങളെ ജീവിതത്തിന്റെ പ്രധാന ഉപാധികളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. പൂജാമന്ത്രങ്ങള്‍, ഭക്തിഗാനങ്ങള്‍, പൗരാണികകഥകള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങി പഞ്ചഭൂതങ്ങളുടെ പല ഉദ്ധാരണങ്ങളില്‍കൂടി നമ്മള്‍ കടന്നുവരുന്നു. പൃഥ്വി, പാറ, വെള്ളം, വൃക്ഷലതാദികള്‍, പുഷ്പങ്ങള്‍, അഗ്നിവായ്പാദികള്‍, പക്ഷിമൃഗാദികള്‍, ആകാശം, മേഘങ്ങള്‍, പല ചിഹ്നങ്ങള്‍ തുടങ്ങി ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഉദ്ധരാണങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലേക്കു ഒന്നു കടക്കണമെങ്കില്‍ പഞ്ചഭൂതങ്ങളുടെ ഒരു സാങ്കേതികജ്ഞാനം വേണം.

പൃഥ്വി
എല്ലാ സമഷ്ടിഭാവങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് ഭൂമി. നിറഭേദങ്ങളോടുകൂടി അതിന് ഭൗതികമായൊരു രൂപമുണ്ട്. അതിന്റെ ഓരോ കണികകളിലും വിലമതിക്കാന്‍ പാടില്ലാത്ത രത്‌നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൂമി നമ്മുടെ ഭൗതികാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ രൂപങ്ങളും ഉള്‍ക്കൊള്ളുന്നതായി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഭൂമിക്ക് നമ്മുടെ ജീവിതത്തിന്റെ ഭൗതികാവസ്ഥയുമായിട്ട് ബന്ധമുണ്ട്. ഉദാഹരണമായി പൗരാണികകഥ തന്നെ നോക്കാം. ഗൗതമമുനിയുടെ ശാപം നിമിത്തം ശിലാരൂപമായിരുന്ന അഹല്യ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ് വീണ്ടും സ്വന്തം രൂപം കൈക്കൊള്ളുന്നു. ബൈബിളില്‍ ലോട്ടസിന്റെ ഭാര്യ തൂണായിട്ടു മാറിയ കഥ പറയുന്നു. ഇത് എല്ലാ മതഗ്രന്ഥങ്ങളിലും സാധാരണയായി നമുക്കു കാണാന്‍ കഴിയുന്നതാണ്. നമ്മുടെ ക്ഷേത്രങ്ങളിലെ ചുറ്റുപാടുകളും ഭൗതികാവസ്ഥയെ (പൃഥിവിയെ) പ്രതിനിധാനം ചെയ്യുന്നവയാണ്.

ജലം
ഒരു ജലാശയത്തില്‍ പരപ്പും താഴ്ചയുമുണ്ട്, ചിന്താദീപ്തിയോടുകൂടിയ ജീവിതത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ജലപ്പരപ്പിനെ, ബാഹ്യപ്രപഞ്ചത്തിലെ അനന്തവൈവിദ്ധ്യങ്ങള്‍ തമ്മില്‍ പ്രതിഫലിക്കുമ്പോള്‍ ചിന്താദീപ്തമാകുന്ന മനസ്സിനോടുപമിയ്ക്കാം. എന്നാല്‍ താഴ്ചയാകട്ടെ ആ ചിന്താദീപ്തിയുടെയെല്ലാം മൂലകാരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു താമരക്കുളത്തില്‍ മനോഹരമായ പൂക്കള്‍ വിടര്‍ന്ന് നില്ക്കുകയും ജലപ്പരപ്പ് അതിന്റെ ഇലകള്‍കൊണ്ട് വിതാനം ചെയ്തിരിക്കുന്നതായും നാം കാണുന്നു. പക്ഷേ അതിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്ന ചെളിയില്‍ നിന്നാണ് കുസുമങ്ങള്‍ പൊന്തിവന്നിട്ടുള്ളതെന്നുള്ള കാര്യം നാം വിസ്മരിക്കുന്നു.

ചിന്താദീപ്തിയില്‍ നിന്നുളവാകുന്ന സന്തോഷപ്രകടനങ്ങള്‍ മനസ്സാകുന്ന സരസ്സില്‍ നിന്നു പൊന്തിവരുന്ന പങ്കജങ്ങളാണ്. ഈ പങ്കജങ്ങളുടെ വേരുകളും നമ്മുടെ ജീവിതത്തിന്റെ അഗാധതയിലുള്ള അടിത്തട്ടില്‍ ഓടിട്ടുള്ളവയാണ്. ചിന്താദീപ്തിയെ കുറിക്കുന്ന പലകാര്യങ്ങളും ജലത്തെ സംബന്ധിച്ചുവരുന്ന പ്രതീകങ്ങളില്‍കൂടി നമ്മുടെ പുരാണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്മതീര്‍ത്ഥം (ക്ഷേത്രങ്ങളും) മുതലായവ ക്ഷേത്രങ്ങളോടനുബന്ധിച്ച സാങ്കേതികതകളില്‍ നിന്നുളവാകുന്ന ചിന്താദീപ്തിയെ പ്രതിനിധാനം ചെയ്യുന്നു.

അഗ്നി
അഗ്നിയെ സംബന്ധിച്ചിടത്തോളം പലതും നമുക്കു മനസ്സിലാക്കാനുണ്ട്. ഗ്രീക്കുകാരുടെ പൗരാണിക കഥയില്‍ ‘പ്രൊമീതിയസ്’ എന്നൊരു ജൂതന്‍ ഈശ്വരസന്നിധിയില്‍നിന്നും അഗ്നിയെ മോഷ്ടിച്ചുകൊണ്ടുപോന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ദൈവികമായ ഒരു ശക്തി അഗ്നിയിലും ഉണ്ടെന്നാണു വിശ്വാസം. അഗ്നിജ്വാലകള്‍ ഒന്നിനുപുറകെ ഒന്നായിട്ടു പോകുന്നതുപോലെ നമ്മുടെ മനസ്സും ഒരിക്കലും ശമിക്കാത്ത ദാഹത്തോടും വിശപ്പോടുംകൂടി ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വയ്‌ക്കോല്‍ തീയിലിട്ടാല്‍ എരിഞ്ഞു ചാമ്പലാകുന്നു. സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കാന്‍ അഗ്നിക്കുമാത്രമേ കഴിയൂ. കള്ളങ്ങളെല്ലാം അഗ്നി സാക്ഷിയായിട്ടാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പുരാതനകാലങ്ങളില്‍ സത്യത്തെ അറിഞ്ഞിരിക്കുന്നത് അഗ്നിപരീക്ഷ കൊണ്ടാണ്. രാവണന്‍ ലങ്കയില്‍ കൊണ്ടിരുത്തിയിരുന്ന സീതയുടെ ചാരിത്ര്യശുദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളത് അഗ്നിപരീക്ഷകൊണ്ടാണ്. ഈശ്വരാംശം അഗ്നിയില്‍ ഉള്ളതുകൊണ്ടാണ് ലങ്കാനഗരത്തെ ഭസ്മാക്കാന്‍ ആഞ്ജനേയനു കഴിഞ്ഞത്.

വായു
അഗ്നിയേക്കാള്‍ സൂക്ഷ്മമാണ് വായു. വായുവിന് ഒരു രൂപവുമില്ല. അതു കാണാനും സാധ്യമല്ല. പിന്നെയോ അനുഭവം കൊണ്ട് മനസ്സിലാക്കാവുന്ന ഒന്നാണ്. കാറ്റുകൊണ്ട് തീ പെരുകുന്നു. അതുപോലെ കാരണത്തിനു ദര്‍ശനം കൊണ്ട് പിന്‍ബലം ലഭിക്കുമ്പോള്‍ അത് ഒരു വലിയ ശക്തിയായി തീരുകയും ആ ശക്തി വ്യക്തികളേയോ, രാജ്യത്തേയോ ജനസമുദായത്തെ മുഴുവന്‍ തന്നേയോ മുന്നോട്ടു തള്ളിവിടുന്നതിനു പര്യാപ്തമായി തീരുകയും ചെയ്യുന്നു. വായുവിന്റെ ഗതിയില്‍ പോകുന്ന മേഘങ്ങളും പക്ഷികളും ഇതേ അര്‍ത്ഥത്തിലുള്ളതുതന്നെ ക്ഷേത്രപ്രതീകത്തില്‍ വായുവിനെ സംഗീതോപകരണത്തില്‍കൂടി വരുന്നതും ഭക്തന്മാര്‍ ആലപിക്കുന്നതുമായ ഗാനങ്ങളെ ശ്രവിക്കാനുള്ള ഒരു ഉപാധിയായിട്ട് കണക്കാക്കിയിരിക്കുന്നു.

ആകാശം
ആകാശം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഇടമാണ്. അതിന്റെ ഭൗതികമായ നിലനില്പ് മറ്റു നാലിനേയും അപേക്ഷിച്ചു വളരെ സൂക്ഷ്മമാണ്. ആത്മാവിനെപ്പോലെ അത് എല്ലായിടത്തും ഉണ്ട്. ഒരിടത്തും ഇല്ല. അത് എല്ലാത്തിനേയും പൊതിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആകാശം ആത്മാവിനെ (ചൈതന്യത്തെ) പ്രതിനിധാനം ചെയ്യുന്നു. അത് പരിശുദ്ധജ്ഞാനമാണ്. പ്രപഞ്ചം മുഴുവനും ആകാശത്തിലേ ഇടഞ്ഞാല്‍ ചുറ്റപ്പെടും താങ്ങപ്പെട്ടും ഇരിക്കുന്നതുപോലെ ആത്മാവിനുമാത്രമേ സര്‍വ വ്യാപകമായി സ്ഥിതി ചെയ്യാന്‍ സാധിക്കയുള്ളൂ. മുകളിലും താഴേയും ചുറ്റുപാടും ആകാശം സ്ഥിതിച്ചെയ്യുന്നതെങ്ങിനേയോ അതുപോലെ പ്രപഞ്ചാത്മാവും എല്ലായിടവും നിറഞ്ഞിരിക്കുന്നു. ആകാശം (ഇടം) പ്രതിഷ്ഠാമണ്ഡപമാണ്. അവിടെയാണ് നമുക്കു ദേവതാദര്‍ശനമുണ്ടാകുന്നത്. ഉദാഹരണമായി ചിദംബരം ക്ഷേത്രത്തില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്ന (നൃത്തം ചെയ്യുന്ന) നടരാജവിഗ്രഹം ചിത്താകുന്ന ആകാശത്തില്‍ ബന്ധനിര്‍മ്മുക്തമായ അവബോധസുഖത്തെയാണ് കുറിയ്ക്കുന്നത്. അതുകൊണ്ട് ശ്രീകോവില്‍ നമ്മുടെ  ജീവിതത്തിലെ ആദ്ധ്യാത്മികവശത്തേയാണ് കുറിയ്ക്കുന്നത്.

ക്ഷേത്രപ്രതീകം
ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണ്. ഇന്ന് നാം അറിയുന്നതിനേക്കാള്‍ ഒരു മഹത്തായ ചരിത്രം അതിനുണ്ട്. മതപരവും സാമുദായികവുമായ ഇന്നത്തെ കുഴഞ്ഞ നിലയ്ക്ക് കാരണം ഇന്ത്യയില്‍ വന്നുചേര്‍ന്ന പല സംസ്‌കാരങ്ങളുടെയും കൂട്ടിക്കലര്‍പ്പാണ്. ഒരേ കുടുംബത്തില്‍ത്തന്നെ റോമന്‍സിന്റേയും, അറബികളുടേയും മങ്കോളികളുടേയും ആര്യന്മാര്‍ക്കുമുമ്പുണ്ടായിരുന്ന ദ്രാവിഡരുടേയും സാംസ്‌കാരികശകലങ്ങള്‍ കലര്‍ന്നിട്ടുള്ള അംഗങ്ങളെ കാണുന്നത് സാധാരണമാണ്. പല നൂറ്റാണ്ടുകളില്‍കൂടെയും ഉണ്ടായിട്ടുള്ള ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചയില്‍ കന്യാകുമാരി മുതല്‍ കൈലാസം വരെ അനവധിക്ഷേത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മിതിയിലും അവയുടെ ദേവതാപ്രതിഷ്ഠയിലും രാജ്യത്തിന്റെ തത്ത്വചിന്താഗതിയുടെ വളര്‍ച്ചയെ കാണിക്കുന്ന ആന്തരികമായ തത്ത്വങ്ങളില്‍ നിന്നുദ്ഭുതമായിട്ടുള്ള ചില മുറകള്‍ ഉള്‍പ്പെട്ടു കാണുന്നുണ്ട്.

വടക്കേ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും ശ്രീരാമനും സീതയും ശിവനും പാര്‍വ്വതിയും ഇങ്ങനെ ജോടിയായിട്ടാണ് പ്രതിഷ്ഠകള്‍ കാണുന്നത്. നേരേമറിച്ചാണ് തെക്കേ ഇന്ത്യയിലെ സ്ഥിതി ശിവന്‍, കൃഷ്ണന്‍, പാര്‍വ്വതി, സുബ്രഹ്മണ്യന്‍, ഗണപതി ഇങ്ങനെ ഒറ്റയ്ക്കുള്ള പ്രതിഷ്ഠകളാണ് മിക്കവാറും കാണുന്നത്. ഒന്നില്‍ കൂടുതല്‍ സങ്കല്പങ്ങളുണ്ടെങ്കില്‍ അവയ്‌ക്കെല്ലാം പ്രത്യേകം ക്ഷേത്രങ്ങളും കാണും. തെക്കേ ഇന്ത്യയിലേയും പ്രതിഷ്ഠകളെല്ലാം തന്ത്രശാസ്ത്രവിധിപ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ളവയാണ്. അതില്‍ തെക്കേ ഇന്ത്യയ്ക്കു ഒരു പ്രത്യേകതയുണ്ട് ഓരോ പ്രതിഷ്ഠയും ഓരോ ഉദ്ദേശത്തെ നിലനിറുത്തിയിട്ടുള്ളവയാണ്. ഉദാഹരണം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിയുടെ പ്രതിഷ്ഠതന്നെ. ക്ഷേത്രങ്ങളിലേ ശില്പങ്ങളും കൊത്തുപണികളുമെല്ലാം ശ്രദ്ധിച്ചു കണ്ടാല്‍ ഓരോന്നില്‍ നിന്നു ഓരോ കാര്യങ്ങള്‍ മനസ്സിലാക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുന്നൂറ്റിയിരുപത്തിനാലു കല്തൂണുകളുള്ള ശീവേലിപ്പുരയും ആയിരം തൂണുകളുള്ള കുലശേഖമണ്ഡപവും കണ്ടിട്ടുള്ളവര്‍ക്കു മുന്‍പറഞ്ഞ കാര്യം വ്യക്തമാകുന്നതാണ്.

ശ്രീമദ്ഭഗവദ്ഗീതയില്‍ ക്ഷേത്രത്തെക്കുറിച്ചും ക്ഷത്രജ്ഞനെക്കുറിച്ചും വിവരിക്കുന്ന ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗമെന്ന പതിമ്മൂന്നാം അദ്ധ്യായം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഭഗവത് ഗീതയില്‍ സ്മരിക്കുന്ന ക്ഷേത്രത്തിന് ഗാത്രക്ഷേത്രം എന്നു വ്യവഹാരം ഉള്ളതുപോലെ, പ്രാകൃതഭക്തന്മാരോ അല്ലെങ്കില്‍ വിഗ്രഹാരാധനാതല്പരരോ ആയിട്ടുള്ള സാധുക്കള്‍ അമ്പലം എന്നു വ്യവഹരിച്ചുവരുന്ന സങ്കേതത്തിനും ക്ഷേത്രം എന്നു പേരുണ്ട്. ശരീരത്തെ ശരീരപിണ്ഡം എന്നു പറഞ്ഞുവരുന്നതുപോലെ ക്ഷേത്രത്തെ ക്ഷേത്രപിണ്ഡം എന്നും പറഞ്ഞു വരുന്നുണ്ട്. ആത്മാവിനെ ശരീരപിണ്ഡത്തില്‍ എന്നപോലെ ഈശ്വരനെ ക്ഷേത്രപിണ്ഡത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നമ്മള്‍ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചെരിപ്പു കുട തുടങ്ങിയുള്ള സാധനങ്ങളെല്ലാം പറത്തു സൂക്ഷിച്ചിട്ടാണല്ലോ പ്രവേശിക്കാറുള്ളത്. നാം ഒരു ഭക്തനെന്നനിലയിലാണ് അതിനകത്തു പ്രവേശിക്കുന്നത്. പ്രവേശിക്കുന്ന ആള്‍ ചിലപ്പോള്‍ ചിലരുടെ അച്ഛനായിരിക്കാം. ചിലപ്പോള്‍ ഒരു പ്രഭുവായിരിക്കാം. ചിലപ്പോള്‍ ഒരു ഭടനും ആയിരിക്കാം. ക്ഷേത്രത്തിനുള്ളില്‍ കടക്കുമ്പോള്‍ ഒരു ഭക്തനെന്നുള്ള ഭാവമല്ലാതെ മറ്റൊന്നും ഇവരില്‍ നിന്നു നമുക്കു അനുഭവപ്പെടുകയില്ല.

നാം ക്ഷേത്രത്തിനുള്ളില്‍ കടക്കുന്നതോടുകൂടി കടക്കുന്നവര്‍, ജ്ഞാനികളാണെങ്കില്‍ അവര്‍ ജ്ഞാനത്തിനുവേണ്ടിയും, അര്‍ത്ഥികളാണെങ്കില്‍ അര്‍ത്ഥത്തിനുവേണ്ടിയും ആര്‍ത്തന്മാരാണെങ്കില്‍ ആര്‍ത്തിനാശത്തിനുവേണ്ടിയും ജിജ്ഞാസുവാണെങ്കില്‍ അതിനുവേണ്ടിയും പ്രാര്‍ത്ഥനനടത്തും എന്നു നമുക്കു വിചാരിക്കാം. ഏതായാലും ക്ഷേത്രാരാധനകൊണ്ട് ജീവിതത്തിനും മനസ്സിനും ശരീരത്തിനും വന്നുചേര്‍ന്നിട്ടുള്ള സകല പാകപ്പിഴകള്‍ക്കും പരിഹാരമുണ്ടാകുമെന്നു നമുക്കു വിശ്വസിക്കാം.

അമ്പലത്തില്‍ ആരാധനയ്ക്കു ചെല്ലുന്നവര്‍ ആദ്യമായി ശരീരശുദ്ധിവരുത്തുന്ന ഒരു സമ്പ്രദായമുണ്ട്. അതിലേക്ക് ക്ഷേത്രങ്ങളോടനുബന്ധിച്ചു നിര്‍മ്മിച്ചിട്ടുള്ള പത്മതീര്‍ത്ഥത്തില്‍ ഒരു സ്‌നാനം നടത്തുക പതിവാണ്. അത് ശരീരത്തെമാത്രമല്ല മനസ്സിനേയും നിര്‍മ്മലമാക്കുന്നു. ശുദ്ധജലം ഭക്തിയുടെ പ്രതീകമാണ്. നമ്മുടെ ശരീരത്തെ വെള്ളംകൊണ്ടു കഴുകുമ്പോല്‍ നമ്മുടെ വികാരങ്ങളെല്ലാം ഭക്തിയില്‍ കുളിരുന്നു. സ്‌നാനത്തിനുമുമ്പ് കൈക്കൂമ്പിള്‍ നിറയെ ജലവുമായി സൂര്യനഭിമുഖമായിനിന്നു നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ഋഷികള്‍ കല്പിച്ചിട്ടുള്ള സ്ഥാനം ഏറ്റവും ശ്രേഷ്ഠമാണ്.

പഞ്ചവാദ്യം
അഞ്ചുപകരണങ്ങളില്‍നിന്ന് വരുന്ന സംഗീതത്തെ പഞ്ചവാദ്യമെന്നു പറയുന്നു. ആ സംഗീതത്തിന് മനുഷ്യമനസ്സിനെ വശീകരിക്കാനുള്ള ശക്തിയുണ്ട്. നല്ല പാട്ടുകേള്‍ക്കുമ്പോള്‍ നമ്മള്‍ സകലതും മറന്ന് അതില്‍ത്തന്നെ ലയിച്ചുചേരുന്നു. മനസ്സ് ശാന്തമാകുന്നു, തുഞ്ചത്താചാര്യന്‍ ഹരിനാമകീര്‍ത്തനത്തില്‍ വര്‍ണ്ണിച്ച ‘ഢക്കാമൃദംഗ തുടിതാളങ്ങള്‍ ചോലെയുടന്‍ ഓര്‍ക്കാമതന്നിലയില്‍’ എന്ന ഭാഗം

‘ഡംഭാദിദോഷമുടനെട്ടും കളഞ്ഞുഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്കും

എന്നുള്ള പ്രാര്‍ത്ഥനയുടെ പരിണതഫലമായിവന്നു ചേരുന്നതാണ്, അതായത് ക്ഷേത്രദര്‍ശനം സാധിക്കുന്നതിന് ശ്രമിക്കുന്ന സാധകന് മുന്‍പറഞ്ഞ അനുഭവങ്ങള്‍ വന്നുചേരുന്നുമെന്നാണ് നാം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ക്ഷേത്രത്തില്‍ പഞ്ചവാദ്യമേളം സൂചിപ്പിക്കുന്നതും ഇക്കഥയല്ലെന്നാരറിഞ്ഞു!!

നമ്മള്‍ അമ്പലത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ നമ്മുടെ എല്ലാ ശ്രദ്ധയും ദീപാരാധനയ്ക്കുവേണ്ടി അടച്ചിരിക്കുന്ന നട തുറക്കുന്ന കാര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നു. മണിനാദം മുഴക്കിക്കൊണ്ട് ദീപാരാധനയ്ക്കു നടതുറക്കുന്ന വേളയില്‍, ആര്‍ത്തന്മാരും ജിജ്ഞാസുക്കളും അര്‍ത്ഥാര്‍ത്ഥികളും ജ്ഞാനികളുമായിട്ടുള്ള ഭക്തജനങ്ങള്‍ ആലപിക്കുന്ന കീര്‍ത്തനങ്ങളും മണിമുഴക്കവും പഞ്ചവാദ്യഘോഷവും കൊണ്ട് ക്ഷേത്രവും ക്ഷേത്രപരിസരവും മുഖരിതമാവും, ക്ഷേത്രത്തില്‍ ആവരണങ്ങള്‍ പലതുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിനെ മാറ്റിയതുകൊണ്ട് ഭക്തജനങ്ങള്‍ തൃപ്തരാകുന്നില്ല. എല്ലാ ആവരണങ്ങളും മാറ്റണം. എന്തിനുവേണ്ടിയാണ് അത്തരം ഒരു ബുദ്ധി ഭക്തജനങ്ങളില്‍ ഉണ്ടാകുന്നതെന്നു നാം മനസ്സിലാക്കാണം.

ഈശ്വരചൈതന്യത്തെ നേരില്‍ അനുഭവിക്കുന്നതിനുവേണ്ടിയാണ് ആ യത്‌നം. പെട്ടെന്ന് ആവരണം മാറുന്നു. നമ്മള്‍ ആ തേജസ്സു കാണുന്നു. അതുപോലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ കണ്‍മുമ്പില്‍ വരുന്നു. ആ തേജസ്സിന് ഒരു സമയം നമ്മെ അന്ധരാക്കാന്‍ കഴിഞ്ഞു എന്നു വരാം. അതുകൊണ്ട് ആ പ്രകാശം കാണാന്‍ നമ്മുടെ പുറം കണ്ണ് ഉപയോഗിക്കാതിരിക്കണം, അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കാനുള്ള കണ്ണും, ആ കണ്ണിനു കണ്ണായിട്ടുള്ള മനമാകുന്ന കണ്ണുമാണല്ലോ, പിന്നെയും ഒരു കണ്ണുണ്ട്, സജ്ഞയനും, അര്‍ജ്ജുനനും കിട്ടിയ കണ്ണ് (ദിവ്യം ദരാമിതേ ചക്ഷുഃഗീ) അതിനും കണ്ണായിട്ടുള്ളതാണ് പൊരുള്‍ക്കണ്ണ്.

ആ കണ്ണുകൊണ്ട് അഥവാ അകകണ്ണുകൊണ്ട് ആ പ്രകാശത്തെ നുകരണം. അതായിത്തീരണം ക്ഷേത്രത്തില്‍ നാം നടത്തുന്ന വിഗ്രഹാരാധനകൊണ്ട് നമുക്ക് കൈവരേണ്ടത്, അതായത് ആത്മീയതയിലേക്ക് ഉയരുവാനുള്ള കഴിവ്. അന്തഃചൈതന്യം പലതായി ഒഴികിയിട്ട് ‘ഏകമേവ അദ്വിതീയം ബ്രഹ്മ’ എന്ന പരമതത്ത്വത്തിനു സമാനമായ് ബഹിഃ പ്രകാശിപ്പിക്കുന്ന കര്‍പ്പൂരദീപം സ്വയം ലയിക്കുന്ന കാഴ്ച നാം കാണാറുള്ളതാണല്ലോ. അതുപോലെ നിത്യശുദ്ധബുദ്ധസ്വഭാവമായിരിക്കുന്ന ബ്രഹ്മത്തില്‍ എല്ലാം ലയം പ്രാപിക്കുന്നു. അപ്പോള്‍ ഉള്ളില്‍ യോഗികള്‍ക്കു കേള്‍ക്കുവാന്‍ കഴിയുന്നതും പുറത്ത് പ്രാകൃതഭക്തന്മാര്‍ക്കുവേണ്ടി വിധിച്ചിട്ടുള്ളതുമായ പഞ്ചവാദ്യഘോഷങ്ങളും മണിനാദവും എല്ലാം അടങ്ങിയാല്‍ അവശേഷിക്കുന്നത് നിശ്ശബ്ദത മാത്രമായിരിക്കും. പരമമായിരിക്കുന്ന ഈ തത്ത്വമാണ് നമ്മുടെ ക്ഷേത്രത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്ന വസ്തുത ഗ്രഹിച്ചുകൊണ്ട് എല്ലാവരും ക്ഷേത്രാരാധനയ്ക്ക് പ്രാധാന്യംകല്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

കേരളത്തിലും ഭാരതത്തിലും അനേകം ക്ഷേത്രങ്ങള്‍ ശില്പവൈദഗ്ധ്യത്തോടുകൂടി സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ഉയഷരക്ഷേത്രങ്ങളും ബീജക്ഷേത്രങ്ങളും ഉണ്ട്. ക്ഷേത്രസൃഷ്ടി ശരീരസൃഷ്ടിക്കനുസരണമായിട്ടാണെന്നു സ്ഥൂലവും സൂക്ഷമവും ആയ ശരീരപിണ്ഡതത്ത്വങ്ങളെ ആസ്പദമാക്കിക്കൊണ്ട് പല മഹാന്മാരും പ്രസ്താവിച്ചിട്ടുണ്ടെന്നുള്ള കാര്യവും ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.