Showing posts with label acharangal. Show all posts
Showing posts with label acharangal. Show all posts

ക്ഷേത്ര ചോദ്യങ്ങൾ - 57

1006. "ആരാധനാ സ്വാതന്ത്ര്യദിനം" ആഘോഷിക്കുന്ന ക്ഷേത്രം ഏത്?
          അങ്ങാടിപ്പുറം തളി ക്ഷേത്രം (മലപ്പുറം)

1007. പട്ടും, പാവാടയും ഉടുപ്പിക്കാത്ത ശ്രീകൃഷ്ണവിഗ്രഹമുള്ള ക്ഷേത്രം?
          കടലായി ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - പുതിയതെരു)

1008. വലിയ ഉറുമ്പ് പുറ്റ് (വാല്മീകം) ഏതു ക്ഷേത്രത്തിലാണുള്ളത്‌?
          ആദിസുബ്രഹ്മണ്യ ക്ഷേത്രം (കർണ്ണാടക)

1009. ഏത് ക്ഷേത്രത്തിലെ ബലിക്കല്ലിനാണ്‌ തുള (ദ്വാരം) യുള്ളത്?
           തൃക്കണാമുക്ക് ശിവക്ഷേത്രം (തൃശ്ശൂർ - വൈലത്തൂർ)

1010. ഏത് ക്ഷേത്രത്തിലാണ് ബലിക്കല്ല് നടയ്ക്ക് നേരെയല്ലാത്തത്?
           തിരുനെല്ലി ക്ഷേത്രം (വയനാട്)

1011. കഴകക്കാരില്ലാത്ത ക്ഷേത്രം ഏത്?
          രയിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രം (പാലക്കാട് - നടുവട്ടം)

1012. ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
           പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ)

1013. പഴയകാലത്ത് കുരങ്ങന്മാർക്ക്‌ പഴം കൊടുക്കൽ ആചാരമുണ്ടായിരുന്ന ക്ഷേത്രം?
          ചാമക്കാവ് (പത്തനംതിട്ട - പന്തളം)

1014. പയ്യന്നൂർ പവിത്രമോതിരം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
          പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)

1015. ആറന്മുള കണ്ണാടി ഉത്ഭവം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.?
           ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)

1016. പഴയകാലത്ത് യാഗത്തിന് സോമവും, ചമതയും നൽകിയിരുന്ന ക്ഷേത്രം?
           കൊല്ലംങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം (പാലക്കാട്)

1017. ഏത് ക്ഷേത്രത്തിലാണ് പൂജാവേളയിൽ ക്ഷേത്ര മേൽശാന്തിമാർ ഭസ്മം ധരിക്കുവാൻ പാടില്ലാത്തത്?
          തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

1018. ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
           പള്ളിയറ ക്ഷേത്രം (പത്തനംതിട്ട)

1019. തന്ത്രവിദ്യാപീഠം പ്രവർത്തിക്കുന്ന ക്ഷേത്രം ഏത്?
          ചെറിയത്ത് നരസിംഹക്ഷേത്രം (എറണാകുളം - ആലുവ)

1020. ഗ്രഹണം ബാധിക്കാത്ത (ഗ്രഹണസമയത്തും പൂജ നടത്തുന്ന) ക്ഷേത്രം ഏത്?
          തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

1021. ഏത് ക്ഷേത്ര സ്ഥാപനത്തോടെയാണ്‌ കണ്ടിയൂരബ്ദം എന്നൊരു വർഷം തന്നെയുണ്ടായത്?
           കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)

1022. ശിവന്റെ ശ്രീകോവിലിൽ വിഷ്ണുവിന്റെ വാഹനമുള്ള ക്ഷേത്രം?
            ഒല്ലൂതൃക്കോവിൽ ശിവക്ഷേത്രം (തൃശ്ശൂർ)

1023. ശംഖ്നാദം മുഴക്കാത്ത ഒരു ക്ഷേത്രം ഏത്‌?
           ഇക്കരെ കൊട്ടിയൂർ (കണ്ണൂർ)

1024. ഭാരതത്തിൽ ഏറ്റവും അധികം വിവാഹം നടക്കുന്നതിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
          ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

1025. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ ഏത്?
           തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം (ആന്ധ്രാപ്രദേശ്‌),
          ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

1026. ഏതു ഗുഹാക്ഷേത്രത്തിലാണ് ധർമ്മചക്രം സ്ഥാപിച്ചിരിക്കുന്നത്?
           കർളി ഗുഹാക്ഷേത്രം

1027. കംബോഡിയൻ ജനതയുടെ ദേശീയപതാകയിൽ മുദ്രണം ചെയ്തിരിക്കുന്നത് ഏത് ക്ഷേത്രത്തിന്റെ ചിത്രമാണ്?
          ആൻഖോർവാത് ക്ഷേത്ര ചിത്രം

1028. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം ഏതാണ്?
           കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (തൃശ്ശൂർ)

1029. പാതിവ്രത്യത്തിന്റെ ഉത്തമോദാഹരണമായ കണ്ണകിയുടെ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
            വഞ്ചിനഗരം എന്ന സ്ഥലത്ത് (തമിഴ്നാട്)

1030. ഗരുഡമാടത്തറയുള്ള ക്ഷേത്രം ഏത്?
            തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

1031. കഥകളി നിഷിദ്ധമായ ക്ഷേത്രം ഏത്?
           ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)

1032. ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം?
           തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്)

1033. ഏതു ക്ഷേത്രത്തിലെ ചെറു തടാകത്തിലാണ് ഒരു മുതല ഉണ്ടായിരിക്കുമെന്ന പാരമ്പര്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നത്?
           അനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രം (കാസർകോഡ്)

1034. കന്യാമറിയത്തിന്റെ പള്ളിയാണെന്നു ധരിച്ച് വാസ്കോഡിഗാമ മുട്ടുകുത്തി പ്രാർത്ഥിച്ച ക്ഷേത്രം ഏത്?
         പുത്തൂർ ദുർഗ്ഗാ ക്ഷേത്രം (കോഴിക്കോട്)

1035. ഗർഭപാത്രത്തിന്റെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
           വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ) 

ആദിശങ്കരന്റെ കാലം

മഹത്തുക്കളുടെ ഈറ്റില്ലമായ ഭാരതവര്‍ഷം കലിയുഗത്തില്‍ ജന്മം നല്‍കിയിട്ടുള്ള മഹത്തുക്കളില്‍ അദ്വിതീയസ്ഥാനത്തെ അലങ്കരിക്കുന്ന പ്രതിഭയാണ് ആദിശങ്കരന്‍. ശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായ പുണ്യഭൂമിയാണ് വിന്ധ്യാചലത്തിനപ്പുറമുള്ള ഭാര്‍ഗ്ഗവക്ഷേത്രം. ശൈവവൈഷ്ണവ, ശാക്തേയ, ഗാണപത്യ വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയും ബൗദ്ധജൈനാദി ഇതരമതങ്ങളുടെ അമിതപ്രചാരവും സനാതനമായ ഹിന്ദുമതത്തെ ക്ഷീണിപ്പിക്കുകയും, ക്ഷയിപ്പിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ശങ്കരന്റെ ജനനം.
ഒരുപക്ഷേ ശങ്കരന്‍ ജനിച്ചില്ലായിരുന്നെങ്കില്‍, ഇന്ന് ഹിന്ദുമതം തന്നെ നാമാവിശേഷമായിത്തീര്‍ന്നേനെ എന്ന കാര്യം സ്മരണീയമാണ്. മേല്‍ചൊന്ന ശൈവ, വൈഷ്ണവ, ശാക്തേ, ഗാണപത്യ വിഭാഗങ്ങള്‍ എല്ലാംതന്നെ അദൈ്വതത്തിലടങ്ങുന്നു എന്ന് ഉദ്‌ഘോഷിച്ച ശങ്കരന്‍ ഹിന്ദുമതത്തിന്റെ സനാതനമൂല്യങ്ങള്‍ നശിക്കാതെ കാത്തുസൂക്ഷിച്ച് അതേ ആഴത്തില്‍ വേരുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

മാനവരാശിയുടെ നന്മയ്ക്കുവേണ്ടി മാത്രമായി വേദത്തെ നാലായി വിഭജിച്ച് സരളമായി ആഖ്യാനം ചെയ്ത് അനന്തരം പുരാണരചന നടത്തിയ മഹര്‍ഷിവ്യാസന്‍ തന്റെ പതിനൊന്നാമത്തെ മഹാപുരാണമായ സ്‌കാന്ദമഹാപുരാണത്തില്‍ പ്രതിപാദിച്ചിട്ടുള്ള അദൈ്വതസിദ്ധാന്തം പ്രചരിതമാകാതെ വന്നപ്പോള്‍ അതു പ്രചരിതമാക്കുവാന്‍ വേണ്ടി വ്യാസന് അതേ ഉപദേശം ചെയ്ത സ്‌കന്ദാചാര്യന്‍ തന്നെയാണ് ദക്ഷിണാമൂര്‍ത്തി സ്വരൂപനായ ശങ്കരനെ ഈ ഭൂലോകത്തേയ്ക്കയച്ചത്. ശങ്കരന്‍ അതു പാലിക്കുകയും ചെയ്തു.

ഭാരത പുണ്യഭൂമിയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറുഭാഗത്തേയ്ക്കു ചേര്‍ന്ന് നീണ്ടുകിടക്കുന്ന ഈ കൊച്ചു കേരളത്തില്‍ പെരിയാറ്റിന്റെ തീരഭൂമിയായ കാലടി എന്ന കൊച്ചുഗ്രാമത്തില്‍ ജാതനായി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ജഗദ്ഗുരു ശങ്കരാചാര്യരുടെ ജീവിതകാലഘട്ടത്തെപ്പറ്റി ഇന്നും വിവാദങ്ങളുണ്ട്. ജഗദ്ഗുരു ശങ്കരാചാര്യരെ കുറിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച്, ശങ്കരന്‍ ലോകത്തിനു കാഴ്ചവച്ച സംഭാവനകളെ കുറിച്ച് സങ്കര സാഹിത്യത്തെ കുറിച്ച് ഒക്കെ അനവധി ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ശങ്കരന്റെ കാലഘട്ടത്തെ കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുവാന്‍ കഴിഞ്ഞിട്ടില്ല. ശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലൊന്നായ ശൃംഗേരിമഠത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ശങ്കരന്റെ 1200ാമത്തെ ജന്മദിനമാണ് 1988 ഏപ്രില്‍ 21ാം തീയതി, വൈശാഖശുകഌപഞ്ചമിനാളില്‍ കൊണ്ടാടിയത്. എന്നാല്‍ കാഞ്ചിമഠം അത് അംഗീകരിക്കുന്നില്ല അവരുടെ പക്ഷപ്രകാരം ഇത് ശങ്കരന്റെ 2496ാമത് ജന്മദിനമാണ്. ഈ വിപരീതാഭിപ്രായങ്ങള്‍ ലോജനതയോടൊപ്പം തന്നെ ശങ്കരന്‍ ജനിച്ചു മണ്ണിലെ ജനങ്ങളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട് ശങ്കരന്റെ കാലഘട്ടത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ വ്യക്തമാക്കുക എന്ന കാര്യമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. ശങ്കരാചാര്യരുടെ പൂര്‍വ്വജന്മകാര്യങ്ങളെപ്പറ്റിയും തുടര്‍ന്ന് ശങ്കരനായി ജനിച്ചശേഷമുള്ള ചില കാര്യങ്ങളെപ്പറ്റിയും സുബ്രഹ്മണ്യഅഗസ്ത്യസംവാദ രൂപമായ ‘മരണാനന്തരരഹസ്യം’ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

കാവേരിയാറിന്റെ തീരഭൂമിയില്‍ കറുപ്പിനോട് അധികപ്രിയമുണ്ടായിരുന്ന ഒരു കുശവന്‍ വസിച്ചിരുന്നു. മണ്‍പാത്രനിര്‍മ്മാണമായിരുന്നു അയാളുടെ ഉപജീവനമാര്‍ഗം. കൃഷ്ണഭക്തനായിരുന്ന നിരക്ഷരകുക്ഷിയായ അയാള്‍ക്ക് കറുപ്പുനിറം ദേവപ്രതീകമായിരുന്നു. ഇപ്രകാരം കറുപ്പുനിറമുള്ള കാക്കയെയും കൃഷ്ണഭഗവാനായിതന്നെ അയാള്‍കണ്ടിരുന്നു. കാരണം കാകനും കറുപ്പ് അയ്യനും കറുപ്പ്. ഇപ്രകാരം സങ്കല്പത്തെ വളര്‍ത്തി ആണ്ടുകള്‍ പലതു കഴിഞ്ഞു. പിതൃശ്രാദ്ധാദികര്‍മങ്ങളില്‍ വിശ്വാസമുണ്ടായിരുന്ന അയാള്‍ ആണ്ടുബലികള്‍ കൃഷ്ണാര്‍പ്പണമായി തന്നെ ചെയ്തിരുന്നു. കാലാന്തരത്തില്‍ ഒരു ബലിക്കാക്ക അയാളുടെ സന്തത സഹചാരിയായി മാറി.

ശനിദശ പിടിച്ചപ്പോള്‍ ഈ കുശവന്റെ കുടില്‍ അഗ്നിക്കിരയായിപ്പോയി. തന്റെ സന്തതസഹചാരിയായ, കാകനോടയാള്‍ സങ്കടം ഉണര്‍ത്തിച്ചു. ആ കാകന്‍ അനേകം കാകന്മാരെക്കൂട്ടി കാക്കകള്‍ കൂടുണ്ടാക്കുന്നതുപോലെ ചുള്ളിയും കമ്പും വച്ച് ഒരു കുടില്‍ പണിത് അയാള്‍ക്കു കൊടുത്തു. കുശവന്‍ സന്തുഷ്ടനായി. എന്നാല്‍ കാകനുണ്ടാക്കിയ കുടില്‍ അല്‍പകൊല്ലംപോലും നിലനിക്കുകയില്ല എന്ന് ചില വിദ്വാന്മാര്‍ പ്രവചിച്ചു. ഇതു ശ്രവിച്ച കാക്കകള്‍ ഒരു പാതിരാവില്‍ ഒച്ചപ്പാടുണ്ടാക്കി അയാളുടെ പറമ്പില്‍ ഈശാനഭാഗത്തായി കൊക്കുകൊണ്ട് നിലത്തുകൊത്തി ഒരു ഗര്‍ത്തം തുരന്നുണ്ടാക്കി. കാകന്മാരുടെ ചെയ്തികളെ ഏകനായി സശ്രദ്ധം വീക്ഷിച്ചിരുന്ന കുശവന്‍ കാകന്മാര്‍ പിന്മാറിയപ്പോള്‍ അവിടത്തില്‍ ചെന്നുനോക്കി. ആശ്ചര്യമെന്നേ പറയേണ്ടു ഒരു ചെമ്പുകുടം നിറയെ സ്വര്‍ണ്ണമുത്തുകളും ഒരു മണ്‍കുടത്തില്‍ ഒരു കൃഷ്ണവിഗ്രഹവും അയാള്‍ക്കവിടെനിന്നു ലഭിച്ചു.

പൊന്നുകൊണ്ട് ധനമാര്‍ജിച്ച അയാള്‍ കുടിലിന്റെ സ്ഥാനത്ത് ഒരു ഗൃഹം പണിതു. കൃഷ്ണവിഗ്രഹം അറയില്‍വച്ച് നിത്യപൂജയും, തനിക്കറിയുന്ന വിധത്തില്‍ ചെയ്തുതുടങ്ങി. നാളുകള്‍തോറും കുശവനും വളര്‍ന്നു, വിഗ്രഹവും വളര്‍ന്നു. കൈ എത്തിച്ചു കുളിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയെത്തിയപ്പോള്‍ കുശവന്‍ അയ്യനോട് കിടന്നുകൊടുക്കുവാന്‍ യാചിച്ചു. അയ്യന്‍ കിടന്നുകൊടുക്കുകയും ചെയ്തു നിത്യപൂജകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു.

കാലാന്തരത്തില്‍ കുശവന്‍ ശരീരത്യാഗം ചെയ്ത് വൈകുണ്ഠമെത്തി. കുശവന്‍ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാന്‍ അനന്തരഗാമികളില്ലാതായി. ആ കാലത്ത് അരംഗന്റെ നാടുവാണിരുന്ന ചോളരാജ്യത്തിന്റെ സ്ഥാപകനായിരുന് രാജാവു നാരായണഭക്തനായിരുന്നു. കുശവന്‍ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാന്‍ അദ്ദേഹം ബ്രഹ്മണരോടു കല്പിച്ചു. കുശവന്‍ പൂജിച്ചിരുന്ന വിഗ്രഹത്തെ പൂജിക്കുന്നത് ബ്രാഹ്മണ്യത്തിനു തന്നെ കളങ്കമായി തീരും എന്നവര്‍ ശഠിച്ചു. എങ്കിലും രാജകല്പനയെ ഭയന്ന് അവര്‍ പൂജ ചെയ്യുവാന്‍ ഒരുങ്ങി. അവര്‍ ചെമ്പുകൊണ്ട് ശ്രീചക്രം നിര്‍മ്മിച്ച് അതില്‍ മഹാലക്ഷ്മിയെ ആവാഹിച്ചു പൂജകളര്‍പ്പിച്ചു. അരംഗന്‍ ആ പൂജ കൈക്കൊണ്ടില്ല. മഹാലക്ഷ്മിയും ആ പൂജ സ്വീകരിച്ചില്ല. അരംഗന്റെ കോപത്തിനിരയായ അന്തണമാരുടെ ഇല്ലങ്ങളില്‍ ലോഹനിര്‍മ്മിതപാത്രങ്ങള്‍ മണ്‍പാത്രങ്ങളായി മാറി. കുശവന്‍ പൂജിച്ച വിഗ്രഹത്തെ പൂജിച്ചതു കാരണമാണ് തങ്ങള്‍ക്ക് ഈ ദുര്‍ഗതി വന്നുചേര്‍ന്നത് എന്നവര്‍ വാദിച്ചു. രാജാവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

വിഷ്ണുഭക്തനായിരുന്ന രാജാവ് ചിന്താകുലനായി. അവസാനം താന്‍തന്നെ അരംഗനെ പൂജിക്കാമെന്നദ്ദേഹം നിശ്ചയിച്ച് ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചു. തല്‍സമയം അവിടത്തെ ദീപങ്ങളടക്കമുള്ള സകല പൂജാപാത്രങ്ങളും പൊന്നായി കാണപ്പെട്ടു. അരംഗന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും ബ്രഹ്മണര്‍ ചതിച്ചതാണെന്നും മന്നന്‍ അവകാശപ്പെട്ടു. അവിടെ സംഭവിച്ച പരിണാമങ്ങള്‍ മന്നന്‍ ബ്രാഹ്മണരെ വിളിച്ചറിയിച്ചു. അപ്പോഴാണ് ശ്രീചക്രത്തിനു വ്യതിയാനം സംഭവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചെമ്പുകൊണ്ടു നിര്‍മ്മിച്ച ആ ശ്രീചക്രമേരു തങ്കനിര്‍മ്മിതവും വൈരക്കല്ലുകള്‍ പതിച്ചതുമായി കാണപ്പെട്ടു.

അപ്പോള്‍ ശ്രീചക്രത്തില്‍ തങ്ങള്‍ ലക്ഷ്മിയെ പൂജിച്ചതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത് എന്നും അതിനാല്‍ ശ്രീചക്രം അതിന്റെ ഉടമസ്ഥരായ തങ്ങള്‍ക്കു തിരിച്ചു നല്കണമെന്നു ബ്രാഹ്മണരാവശ്യപ്പെട്ടു. ശ്രീചക്രം വീണ്ടും ചെമ്പാകുകയാണെങ്കില്‍ തിരിച്ചുതരാമെന്ന് മന്നനും ന്യായവാദമുന്നയിച്ചു. ബ്രാഹ്മണര്‍ കുണ്ഠിതരായി. അരംഗനെ ‘അബ്രാഹ്മണന്‍’ എന്നു വിളിച്ചു പുലഭ്യം പറഞ്ഞുകൊണ്ടവര്‍ ഇല്ലങ്ങളിലേക്ക് മടങ്ങി. അരംഗകോപത്താല്‍ അവരുടെ ഭാര്യമാരുടെ കെട്ടുതാലിയടക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്പും കാരിരുമ്പുമായി മാറി. സ്ത്രീധനം നല്കിയപ്പോള്‍ ശ്വശൂരന്മാര്‍ തങ്ങളെ ചതിച്ചതാണ് എന്നവര്‍ കരുതി. തത്ഫലമായി അവരുടെ ദാമ്പത്യംപോലും വിഛേദിക്കപ്പെട്ടു. കുശവന്റെ പക്ഷംചേര്‍ന്ന ഭഗവാന്‍ വിഷ്ണുവിനെ ഇനി ആദരിക്കരുത് എന്നവര്‍ നിശ്ചയിച്ച് അവരില്‍ ചിലര്‍ അവിടന്നു പലായനംചെയ്ത് കുമരിദേശഭാഗത്തെത്തിച്ചേര്‍ന്ന് വീരശൈവമതം സ്വീകരിച്ച് ശിവനെ ആരാധിക്കുകയും ഒപ്പംതന്നെ വിഷ്ണുവിനെ ദ്വേഷിക്കുകയും ചെയ്തുവന്നു ഈ സമയത്താണ് മലയാളദേശത്തിലെ അഭിനവശങ്കരന്‍ സവര്‍ജ്ഞപീഠം കയറി അദൈ്വതത്തെ പ്രചരിപ്പിച്ചത്. കുമരിയിലെ ബ്രാഹ്മണര്‍ ശങ്കരവചനങ്ങളെ തിരിസ്‌കരിച്ചു. ശങ്കരന്‍ അവരെ ശപിക്കുകയും ചെയ്തു. ശങ്കരന്റെ ശാപമേറ്റ് നാശം സംഭവിച്ച അവരിലൊരു വിഭാഗം ശൂദ്രസ്ത്രീകളെ കല്യാണം കഴിച്ച് വീരശൈവവെള്ളാപ്പിള്ളകളായി പരണിമിച്ചു. ഇനിയൊരു വിഭാഗം ബ്രാഹ്മണര്‍ തഞ്ചാവൂര്‍ ദേശത്ത് കുടിയേറിപ്പാര്‍ത്ത് ചതിയും കാപട്യവും വഞ്ചനയും മുതല്‍ക്കൂട്ടായി വ്യാപാരം ചെയ്യുകയും അനന്തരം വണികരായി ഭവിക്കുകയും ചെയ്തു.

മറുഭാഗത്ത് അരംഗനെ പൂജിച്ച മന്നന്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്രാപിച്ചു ഭക്തവത്സലനായ രംഗനാഥന്‍ മന്നന്റെ നാടു സുഭിക്ഷമാക്കി. പന്ത്രണ്ടു സംവത്സരങ്ങള്‍ കടന്നുപോയി. ഒരു നാള്‍ പ്രാതപകാലത്ത് മന്നന്‍ പൂജ ചെയ്തുകൊണ്ടിരിക്കെ ധ്യാനനിരതനായിരുന്ന മന്നന് ഭഗവാന്‍ നാരായണന്‍ ദര്‍ശനം നല്കി. ഭഗവാനോടൊപ്പം കുശവന്‍ ഇരിക്കുന്നതായും കണ്ടു. ‘ഉടയും, കുടം, ഒടുക്കമുടയും, ഉടഞ്ഞാലൊട്ടും, ഒട്ടിയാലൂട്ടും’പഴമൊഴിയെ നാരായണന്‍ ചൊല്ലുന്നതായി മന്നന്‍ കേട്ടു. പരമഭക്തനായിരുന്ന മന്നന്‍ രാജസദസ്സിലെത്തി ആസ്ഥാനപണ്ഡിതന്മാരെയും കവികളെയും വിളിച്ചുവരുത്തി ഈ പദ്യശകലത്തിന്റെ ശൂദ്ധാര്‍ത്ഥത്തെ ചോദിച്ചു, ഏതോ വേദാന്തരഹസ്യം അതിലടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞതല്ലാതെ അതേ വര്‍ണ്ണിക്കുവാന്‍ തമിഴകത്തെ പണ്ഡിതഗണത്തിനുകഴിഞ്ഞില്ല. അനന്തരം വസന്തകാലത്ത് നടത്താറുണ്ടായിരുന്ന കവിയരങ്ങ് നടന്നപ്പോള്‍ കേരളം ഒഴിച്ചുള്ള ഭാരതദേശത്തിലെ സര്‍വ്വ സ്ഥലങ്ങളില്‍ നിന്നുമുള്ള കവികളും സഭാമണ്ഡപത്തിലണിനിരന്നപ്പോള്‍ മന്നന്‍ ഈ പ്രശ്‌നം മുന്നോട്ടുവച്ചു. അക്കാലത്തു കവിയരങ്ങുനടക്കുമ്പോള്‍ മലയാളക്കരയില്‍ വിദ്വാന്മാരില്ല എന്ന നിഗമനത്തില്‍ കോട്ടയുടെ ദക്ഷിണകവാടം അടച്ചിടുക പതിവായിരുന്നു. ആസ്ഥാനമണ്ഡപത്തിലുന്ന സര്‍വപണ്ഡിതന്മാരും കവികളും മേല്‍ ചൊന്ന പദ്യശകലത്തിന്റെ അര്‍ത്ഥത്തെ വിവരിക്കുവാന്‍ അപ്രാപ്തരായിരുന്നു.

ഈയവസരത്തിലാണ് ആദിശങ്കരന്‍ അവിടത്തില്‍ ദിഗ്വിജയം ചെയ്തത്. അടഞ്ഞുകിടക്കുന്ന ദക്ഷിണ കവാടത്തിനുപുറത്തുനിന്ന് അകത്തെ ചര്‍ച്ചാവിഷയത്തെ അദ്ദേഹം ഗ്രഹിച്ചു നിമിഷകവിയായ അദ്ദേഹം ആ പദ്യശകലത്തിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനം ചെയ്ത് വിഷ്ണുഭുജംഗകാവ്യത്തെ രചിച്ച് ഉച്ചൈസ്തരം ഘോഷിച്ചു. രംഗനാഥന്റെ ആലയം കമ്പനംകൊള്ളുകയും കോട്ടയുടെ ദക്ഷിണകവാടം താനെ തുറക്കുകയും ചെയ്തു. ഭാരതദേശത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വന്ന പണ്ഡിത സമൂഹത്തിന് വ്യാഖ്യാനം നല്‍കുവാന്‍ കഴിയാതെവന്ന ആ പദ്യശകലത്തെ പണ്ഡിതന്മാരില്ല എന്നു നിശ്ചയിച്ചിരുന്ന മലയാളക്കരയില്‍ നിന്നും ആഗതനായ ആ സന്യാസിക്കുമാത്രമേ വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞുള്ളൂ. മന്നന്‍ വിനയപുരസ്സരം ശങ്കരനു വരവേല്പു നല്കി. മലയാള ദേശത്തിന്റെ തലവന്‍ എന്ന ഖ്യാതി ശങ്കരനു ലഭിക്കുകയും ചെയ്തു. തന്റെ തെറ്റിനു കുറിച്ചു ബോധവാനായ മന്നന്‍ പിന്നീടൊരിക്കലും കോട്ടയുടെ ദക്ഷിണകവാടം അച്ചടിച്ചിട്ടില്ല, എന്നും തുറന്നു തന്നെ ഇട്ടിരുന്നു.

കുശവന്‍ പൂജിച്ചിരുന്ന അരഗന്റെ ആലയം തന്നെയാണ് ഇന്ന് തിരിച്ചിറ പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന ശ്രീരംഗത്തെ ശ്രീരംഗനാഥന്റെ ആലയം പ്രിയശിഷ്യ അഗസ്ത്യന് ചരിത്രത്തെ ചൊല്ലികൊടുത്തശേഷം സ്‌കന്ദന്‍ ഇപ്രകാരം പറയുന്നു ‘മഹര്‍ഷേ’ ! ഈ ശങ്കരന്‍ ആരാണ് എന്നറിയണം. പൂര്‍വ്വ ജന്മത്തിലെ കുശവന്‍ തന്നെയായിരുന്നു ഈ ശങ്കരന്‍. അതിന്റെ തത്വമായിരുന്നു കവിതാശകലത്തില്‍ അടങ്ങിയിരുന്നത്.

മേല്‍ചൊന്ന കാര്യങ്ങളെ ആസ്പദമാക്കി ശങ്കരാചാര്യരുടെ കാലഘട്ടത്തെ നിര്‍ണ്ണയം ചെയ്യുകയാണ് എങ്കില്‍ ഈ കഴിഞ്ഞ 1988ല്‍ നടന്നത് ശങ്കരന്റെ 1200ാമതു ജന്മദിനമാണ് എന്ന വചനത്തിന് കൂടുതല്‍ പ്രസക്തി ലഭിക്കുന്നു. ദക്ഷിണ ഭാരതത്തിലെ പ്രശക്തവും പ്രാചീനവുമായ രാജപരമ്പരയായ പാണ്ഡ്യരാജ്യത്തിന്റെ ആസ്ഥാനം ആദികാലത്ത് ഇന്നത്തെ തിരുനെല്‍വേലിക്കടുത്ത് ശ്രീവൈകുണ്ഠം താലൂക്കില്‍ പെടുന്ന ‘കോര്‍കൈ’ എന്ന സ്ഥലത്തായിരുന്നു എന്ന വസ്തുത പ്രസിദ്ധ എഴുത്തകാരനായിരുന്ന പെരിപ്ലസ്മാറിസ് എറിത്രൈയും ടോളമിയുടെയും ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. പ്രസിദ്ധ ജ്യോദിശാസ്ത്രപണ്ഡിതനായ വരാഹമിഹിരാചാര്യന്റെ ബൃഹത്സംഹിതയില്‍ താംസരപരണിയുടെ തീരത്തുണ്ടായിരുന്ന പാണ്ഡിരാജ്യത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അനന്തരം എ.ഡി.7ാം നൂറ്റാണ്ടിനു ശേഷം അന്നത്തെ പാണ്ഡ്യന്റെ സഹോദരന്‍മാരായിരുന്ന ചോരനും, ചേരനും ഒരു വിഭജനത്തെ തുടര്‍ന്ന്, ചോഴന്‍ ഇന്നത്തെ തഞ്ചാവൂര്‍ തിരുച്ചിറ പള്ളിഭാഗത്ത് രാജ്യം സ്ഥാപിക്കുകയുംചേരന്‍ ഇന്നത്തെ തിരുവിതാംകൂര്‍, മലബാര്‍ കോയമ്പത്തൂര്‍ ഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു എന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പ്രതിപാദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഈ ചരിത്രമാനദണ്ഡങ്ങളെ ആശ്രയിക്കുമ്പോള്‍ ശങ്കരന്‍ 1200 സംവത്സരങ്ങള്‍ക്കുമുമ്പാണ് ജനിച്ചത് എന്ന കാര്യം വ്യക്തമാകും കൂടാതെ ശങ്കരനാല്‍ സ്ഥാപിതമായ ശൃംഗേരിഠത്തില്‍ ശങ്കരന്റെ തന്നെ കൈപ്പടയിലുള്ള ചെമ്പോലകളില്‍ നിന്നും ഈ വസ്തുത വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് ശങ്കരന്റെ ജനനം 1200 വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു എന്നതാണ് കൂടുതല്‍ പ്രസക്തി.

ഭാരതവര്‍ഷത്തിലെ ഇതരഭാഗങ്ങളെക്കാളും ഉന്നതമായ ഒരു സ്ഥാനം ശങ്കരന്റെ ജനനം കൊണ്ട് കേരളക്കരക്കു ലഭിച്ചിട്ടുണ്ട്. കേരളാംബയുടെ തിരുനെറ്റിയിലെ തിലകക്കുറിയായി പരിശോഭിക്കുന്ന ആദിശങ്കരനെ കുറിച്ച് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു.

കിര്‍ലിയന്‍ ഫോട്ടോയും ചൈതന്യവും

മനുഷ്യന് സ്ഥൂലശരീരത്തിനു പുറമേ സൂക്ഷ്മശരീരങ്ങളും ഉണ്ടെന്ന ഭാരതീ തത്വത്തെ കിര്‍ലിയന്‍ ഫോട്ടോഗ്രാഫി അഥവാ ബയോ ഇലക്ട്രോഗ്രാഫി ശരി വയ്ക്കുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ചുറ്റില്‍ ചൈതന്യവത്തായ പ്രഭാവലയം ഉണ്ടെന്ന സത്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ കിര്‍ലിയന്‍ ക്യാമറയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായിരിക്കുകയാണ്. പൂരാതന മനുഷ്യന്റെ ഭാവനയ്ക്ക് ആധുനിക ശാസ്ത്രം അർത്ഥം പകര്‍ന്നിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷതെളിവാണ് സോവിയറ്റ് ശാസ്ത്രജ്ഞനായ കിര്‍ലിയന്‍ വികസിപ്പിച്ചെടുത്ത കിര്‍ലിയന്‍ ക്യാമറ. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഭാവവ്യതിയാനങ്ങള്‍ പകര്‍ത്തുകയാണ്. കിര്‍ലിയന്‍ ഫോട്ടോ ഗ്രാഫി ചെയ്യുന്നത്. ഓം എന്ന പ്രണവാക്ഷരം മന്ത്രിക്കുമ്പോള്‍ പ്രസ്തുത ക്യാമറ നടരാജനൃത്തം പകര്‍ത്തിയെടുത്തതായ ചിത്രം ഇപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ‘താവോ ഓഫ് ഫിസ്‌കസ്’ എന്ന പുസ്തകത്തില്‍ ഇത്തരം ഭാരതീയ ദര്‍ശനങ്ങള്‍ ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടുള്ള കാര്യം ഇവിടെ ശ്രദ്ധേയവുമാണ്.
1939ല്‍ ആണ് കിര്‍ലിയന്‍ ദമ്പതികള്‍ (ഡേവിഡോവിച്ച് കിര്‍ലിയനും ഭാര്യ വാലന്റിന ക്രിസിനോവ കിര്‍ലിയനും) ഈ പ്രത്യേകതരം ഛായാഗ്രഹണ സമ്പ്രദായം കണ്ടെത്തിയത്. എല്ലാ ജീവജാലങ്ങളിലുമുള്ള ഒരുതരം വൈദ്യുതകാന്തിക തരംഗങ്ങളാണ് ചൈതന്യവത്തായ പ്രഭാസ്ഫുരണങ്ങളായി ക്യാമറയില്‍ പകര്‍ത്തുന്നതെന്ന് അവര്‍ പറയുന്നു. ആരോഗ്യം എന്നിവയും കാലവ്യതിയാനവും സമയവും വൈദ്യതു കവചത്തിന് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവത്രേ. ഋഷിവര്യന്മാരുടെയും ദൈവങ്ങളുടെയും പടങ്ങള്‍ക്കു ചുറ്റിലും ചിത്രകാരന്മാര്‍ സ്വര്‍ണ്ണനിറത്തിലുള്ള പ്രഭാവലയം അതായത് ‘ഒറ്റ’ വരയ്ക്കുക പതിവായിരുന്നു രാജാരവിവര്‍മ്മ വരച്ച ഒട്ടനവധി ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു ചുറ്റിലും പ്രഭാവലയ ചിത്രീകരണം കാണാന്‍ കഴിയും. പഴഞ്ചന്‍ ചിത്രകാരന്‍ എന്ന പേരില്‍ രാജാരവിവര്‍മ്മയെ തളച്ചിടാന്‍ ശ്രമിച്ച ആധുനിക ചിന്തകന്മാര്‍ക്ക് കിര്‍ലിയന്‍ ക്യാമറ ഒരു കനത്ത പ്രഹരം തന്നെയാണ്. ഓരോ വ്യക്തിയുടെയും ഗുണാശ്രയങ്ങളെ വെളിപ്പെടുത്താന്‍ ഈ ഫോട്ടോഗ്രാഫിക്ക് കഴിയുമത്രെ. ഏത് ജീവിയും മരിച്ചുകഴിഞ്ഞാല്‍ ഇത്തരം ചൈതന്യവത്തായ പ്രഭാവലയത്തിന്റെ ചലനം അപ്രത്യക്ഷമാവുമെന്നും പറയുന്നു. ഒരാളുടെ ശരീരത്തിനു ചുറ്റുമുള്ള ഈ വൈദ്യുതമേഖല യഥാര്‍ത്ഥയോഗിക്ക് നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാന്‍ സാധിക്കുന്നതാണ്.

ഋഷിവര്യന്മാരുടെയും ദൈവങ്ങളുടെയും പടങ്ങള്‍ക്കു ചുറ്റിലും ചിത്രകാരന്മാര്‍ സ്വര്‍ണ്ണനിറത്തിലുള്ള പ്രഭാവലയം അതായത് ‘ഔറ’ വരയ്ക്കുക പതിവായിരുന്നു. രാജാരവിവര്‍മ്മ വരച്ച ഒട്ടനവധി ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു ചുറ്റിലും പ്രഭാവലയ ചിത്രീകരണം കാണാന്‍ കഴിയും.

ഇന്ത്യയില്‍ ആദ്യമായി  1983ലാണ് കിര്‍ലിയന്‍ ക്യാമറ ചര്‍ച്ചാവിഷയമായത്. പോണ്ടിച്ചേരിയില്‍ നടന്ന ഒരു സെമിനാറിലാണ് കിര്‍ലിയന്‍ ഫോട്ടോഗ്രാഫി അഥവാ ബയോ ഇലക്ട്രോഗ്രാഫിയെകുറിച്ച് സെമിനാര്‍ നടന്നത്. നോബല്‍ സമ്മാനജേതാവും അമേരിക്കയിലെ സീനിയര്‍ സയിന്റിസ്റ്റുമായ ഡോ.ഡഗ്ലസ്ഡീന്‍ പ്രസ്തുത സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ചിരുന്നു. ജീവനുള്ളതും അല്ലാത്തതുമായ ഒട്ടനവധി വസ്തുക്കളുടെ പ്രഭാവലയം പ്രസ്തുത സെമിനാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മനുഷ്യശരീരത്തിന് അഞ്ചുരൂപങ്ങളായ പഞ്ചമയകോശങ്ങള്‍ ഉണ്ടെന്ന ആചാര്യമതം ശാസ്ത്രീയമായി തെളിയിക്കാനും കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടെ പിന്‍ബലത്തോടെ സാധിക്കുന്നതാണ്. പ്രാണയാമത്തിലും യോഗാഭ്യാസത്തിലും ഊര്‍ജ്ജപ്രവാഹം മാറുന്നതായി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയിലൂടെ കാണാന്‍ കഴിയും.

1990 അതിരാത്രമഹാ യജ്ഞത്തോടനുബന്ധിച്ചാണ് കിര്‍ലിയന്‍ ഫോട്ടോഗ്രാഫി ആദ്യമായി കേരളത്തിലെത്തിയത്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും യാഗസമയത്തും അതിനുള്ളിലും അതിനു മുന്‍പും പിന്‍പും ഉണ്ടാവുന്ന മാറ്റം രേഖപ്പെടുത്താനാണ് ക്യാമറയജ്ഞഭൂമിയില്‍ സ്ഥാപിച്ചിരുന്നത്. 1990 ൽ നാല്പതുലക്ഷത്തോളം രൂപ ചിലവ് വാടകയായി വേണ്ടി വരുന്ന കിര്‍ലിയന്‍ ക്യാമറ പകര്‍ത്തിയ യാഗഭൂമിയിലെ ഓരോ ചിത്രങ്ങളുടെയും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുമാത്രം ആറുമാസം വേണ്ടി വരുന്നതാണ്.

ഭാരതീയ ദര്‍ശനത്തിന്റെ അത്യുദാത്തമായ മേഖലകള്‍ കണ്ടെത്താന്‍ അത്യന്താധുനിക സാമഗ്രികളുടെ സഹായത്തോടെയാണെങ്കിലും തെളിയിക്കപ്പെടുന്ന ശാസ്ത്രദര്‍ശനം പാരമ്പര്യനിഷേധത്തില്‍ പുരോഗമനം കണ്ടെത്തുന്നവര്‍ക്ക് ഒരു വീണ്ടുവിചാരത്തിനു വഴി തെളിയിക്കുമെന്നതില്‍ സംശയമില്ല.

നമ്മുടെ ക്ഷേത്രങ്ങള്‍

മതത്തെപ്പറ്റി എപ്പോഴും നാം അറിഞ്ഞിരിക്കേണ്ടതില്ലെങ്കിലും താത്ത്വികമായി നാം മതാനുബന്ധികളാണ്. ബാഹ്യജീവിതത്തില്‍ ആരാധനാക്രമങ്ങളേയും ചടങ്ങുകളേയും നാം സ്വീകരിയ്ക്കുകയോ സ്വീകരിയ്ക്കാതിരിക്കുകയോ ചെയ്‌തെന്നുവരാം. ഒരു മനുഷ്യന്റെ വിശ്വാസത്തെ അവന്റെ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടി നാം സമീപിയ്ക്കുന്നത് വെറും ഉപരിതലസ്പര്‍ശിയായെന്നുവരാം. എല്ലാ അംഗീകൃതമതങ്ങളുടേയും ആധികാരികതയെ നിരസിക്കുന്ന ഒരാള്‍ക്കും അയാളുടെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പാരമാര്‍ത്ഥികമായ ദൈവത്തിന്റെ സന്തുഷ്ടി അയാളുടെ ആകൃതിയിലും പ്രകൃതിയിലും അയാള്‍ നയിക്കുന്ന ഒരു തത്ത്വമായിപ്രവര്‍ത്തിക്കുന്നാതാണ്.
നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈശ്വരചിന്തപ്രകടമാകുന്നത് ആദ്യമായി എല്ലാത്തിലും പൊതുവേ ഒരു താല്‍പര്യമില്ലായ്മ അഥവാ ഉന്മേഷകുറവ് എന്നുള്ള ഭാവത്തിലാണ്, മനസ്സ് അസ്വസ്ഥവും അനുഭൂതവും വ്യാപൃതവുമായ കാര്യങ്ങളില്‍ അതിനുള്ള അഭിരുചി കുറഞ്ഞുവരുന്നതുമാണ്.

മനസ്സ് അസ്വസ്ഥമാവുകയും പൂര്‍വ്വപരിചിതങ്ങളായ കാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും അഭിരുചി കറയുകയും ചെയ്യുന്നു. ഹൃദയത്തില്‍ ഒരു ശൂന്യതയുടെ അനുഭൂതിയുണ്ടാകുന്നു. ഈ ശൂന്യതയെ നിവാരണം ചെയ്യാനായി പല മാര്‍ഗ്ഗങ്ങളും ആരായുന്നു. നമ്മുടെ സന്തുഷ്ടിക്കുള്ള കാരണം നമ്മില്‍ നിന്നു പറയുകയാണെങ്കില്‍ നാം എളുപ്പം ക്ഷീണിതരാകുകയും യഥാര്‍ത്ഥമായ സന്തുഷ്ടിയെ കണ്ടെത്താനായി ശ്രമിക്കുകയും ചെയ്യുന്നു. സിനിമ, റേഡിയോ  മുതലായി ക്ഷണിക സന്തുഷ്ടിപ്രദങ്ങളായ കാര്യങ്ങള്‍ നമുക്കുള്ള താല്‍പര്യത്തെ പുറംതള്ളുകയും അസുഖകരങ്ങളായ അവയുടെ നിഴല്‍മാത്രം അവശേഷിക്കുകുയം ചെയ്യുന്നു. അങ്ങനെ നമ്മുടെ ഉള്ളില്‍തന്നെ സ്ഥിതിച്ചെയ്യുന്ന നിത്യമായ സന്തുഷ്ടിയെപ്പറ്റിയുള്ള നമ്മുടെ അന്വേഷണത്തില്‍ ആത്മാനുഭൂതിവന്ന ഗുരുക്കന്മാരും, ശാസ്ത്രങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ കാണുന്ന സാങ്കേതികരൂപങ്ങളും നമുക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.

ക്ഷേത്രങ്ങള്‍ കല്ലിലുള്ള പുസ്തകങ്ങള്‍
നാം പദ്മമെന്നോ മുല്ലയെന്നോ എഴുതുമ്പോള്‍ ആ വാക്കില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അക്ഷരങ്ങള്‍ ഏതു പ്രത്യേകതരം ശബ്ദത്തെയാണ് പ്രകടമാക്കേണ്ടതെന്നുള്ളതിന്റെ ചിഹ്നങ്ങള്‍ മാത്രമാകുന്നു. ഭാഷയിലെ അക്ഷരങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ജ്ഞാനമില്ലാത്തവര്‍ക്കു അങ്ങനെയുള്ള അടയാളംകൊണ്ടു യാതൊരു പ്രയോജനവും സിദ്ധിക്കുന്നില്ല. അതിനെ പ്രത്യേകതരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മാത്രമേ ഗണിക്കാറുള്ളു. മുല്ലയെന്നോ ലോട്ടസ് എന്നോ ഉള്ള ശബ്ദംപോലും വെള്ളത്തിലും വള്ളിയിലും വളരുന്ന ഒരുതരം ചെടിയുടെ അടയാളമാണെന്നു മാത്രമേ നമുക്കു ലഭിക്കുന്നുള്ളു. അതുകൊണ്ട് നമ്മുടെ ഭാഷ ചിഹ്നങ്ങളുടെ ഒരു സമൂഹമല്ലാതെ മറ്റൊന്നുമല്ല എന്നു പറയാം. നമ്മുടെ പൂര്‍വ്വികന്മാര്‍ അവരുടെ ആശയങ്ങളെ കല്ലിലും ലോഹങ്ങളിലുമുള്ള കൊത്തുപണികള്‍മൂലം പ്രകടിപ്പിക്കുന്നതില്‍ തല്പരരായിരുന്നു.

അമ്പലങ്ങളില്‍ പോകുന്നതാവശ്യമാണോ?
എല്ലായിടത്തും വെള്ളംതന്നെ, വായുവില്‍ അത് ബാഷ്പരൂപമായി സ്ഥിതിച്ചെയ്യുന്നു. സമുദ്രത്തില്‍ ഉപ്പ് വെള്ളത്തിന്റെ രൂപമാണ്. വൃക്ഷങ്ങളില്‍ അവയുടെ രസം (ചാറ്) ആയിട്ട് സ്ഥിതിചെയ്യുന്നു. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. നമുക്ക് ശുദ്ധജലം കുടിക്കണമെന്നുള്ളപ്പോള്‍ വൃത്തിയുള്ള കിണറുകളേയോ പൈപ്പുകളേയോ സമീപിക്കുന്നു. അതുപോലെ  എല്ലായിടത്തും ദൈവമുണ്ട്. എന്നാല്‍ ക്ഷേത്രങ്ങള്‍ ഈശ്വരാനുഭൂതിയെ ഉണ്ടാക്കാനായി പ്രത്യേകം പ്രതിഷ്ഠക്കപ്പെട്ടിട്ടുള്ളവയാണ്. ഒരു ക്ഷേത്രത്തിന്റെ ചുറ്റുപാടുകള്‍ ആത്മചൈതന്യത്തെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ പര്യാപത്മായിട്ടുള്ളവയാണ്. ക്ഷേത്രങ്ങളുടെ ഓരോ ഭാഗവും പ്രത്യേകിച്ച് പ്രചോദനം നല്‍കുന്നവയാണ്. ഓരോ ബിംബവും അവയുടെ പൂര്‍ണ്ണമായ നിശ്ശബ്ദതയില്‍കൂടി നമ്മുടെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രകാശത്തെ എങ്ങനെ കാണണമെന്ന് പ്രചോദനം നല്‍കുകയാണ്.

ബുദ്ധിയുള്ള ഒരു മനുഷ്യന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അവന്റെ ഭൗതികാവസ്ഥയില്‍ നിന്നും ഒരു വൈകാരികാവസ്ഥയിലേക്കും വൈകാരികാവസ്ഥയില്‍ നിന്ന് യുക്തിചിന്തയിലേക്കും യുക്തിചിന്തയില്‍ നിന്ന് സമാപനചിന്തയിലേക്കും അവസാനമായി തത്ത്വചിന്തയിലേക്കും കടക്കുന്നു. മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങള്‍ക്കും, അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചു കോശങ്ങള്‍ ഉള്ളതുപോലെ ക്ഷേത്രങ്ങള്‍ക്കും അഞ്ചു കോശങ്ങള്‍ ഉണ്ട്. ഓരോ കോശവും അതാതിന്റെ അടുത്ത കോശത്തിലേക്കു നയിക്കുന്നത് അവസാനമായി നമുക്കു പരമചൈതന്യത്തോടും കൂടിയുള്ള ഒരുലയം സിദ്ധിക്കുന്നതുമാണ്.

പഞ്ചഭൂതങ്ങളും അവയുടെ സാങ്കേതികാര്‍ത്ഥവും
ലോകത്തിലുള്ള എല്ലാമതഗ്രന്ഥങ്ങളും പഞ്ചഭൂതങ്ങളെ ജീവിതത്തിന്റെ പ്രധാന ഉപാധികളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. പൂജാമന്ത്രങ്ങള്‍, ഭക്തിഗാനങ്ങള്‍, പൗരാണികകഥകള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങി പഞ്ചഭൂതങ്ങളുടെ പല ഉദ്ധാരണങ്ങളില്‍കൂടി നമ്മള്‍ കടന്നുവരുന്നു. പൃഥ്വി, പാറ, വെള്ളം, വൃക്ഷലതാദികള്‍, പുഷ്പങ്ങള്‍, അഗ്നിവായ്പാദികള്‍, പക്ഷിമൃഗാദികള്‍, ആകാശം, മേഘങ്ങള്‍, പല ചിഹ്നങ്ങള്‍ തുടങ്ങി ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഉദ്ധരാണങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലേക്കു ഒന്നു കടക്കണമെങ്കില്‍ പഞ്ചഭൂതങ്ങളുടെ ഒരു സാങ്കേതികജ്ഞാനം വേണം.

പൃഥ്വി
എല്ലാ സമഷ്ടിഭാവങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് ഭൂമി. നിറഭേദങ്ങളോടുകൂടി അതിന് ഭൗതികമായൊരു രൂപമുണ്ട്. അതിന്റെ ഓരോ കണികകളിലും വിലമതിക്കാന്‍ പാടില്ലാത്ത രത്‌നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൂമി നമ്മുടെ ഭൗതികാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ രൂപങ്ങളും ഉള്‍ക്കൊള്ളുന്നതായി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഭൂമിക്ക് നമ്മുടെ ജീവിതത്തിന്റെ ഭൗതികാവസ്ഥയുമായിട്ട് ബന്ധമുണ്ട്. ഉദാഹരണമായി പൗരാണികകഥ തന്നെ നോക്കാം. ഗൗതമമുനിയുടെ ശാപം നിമിത്തം ശിലാരൂപമായിരുന്ന അഹല്യ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ് വീണ്ടും സ്വന്തം രൂപം കൈക്കൊള്ളുന്നു. ബൈബിളില്‍ ലോട്ടസിന്റെ ഭാര്യ തൂണായിട്ടു മാറിയ കഥ പറയുന്നു. ഇത് എല്ലാ മതഗ്രന്ഥങ്ങളിലും സാധാരണയായി നമുക്കു കാണാന്‍ കഴിയുന്നതാണ്. നമ്മുടെ ക്ഷേത്രങ്ങളിലെ ചുറ്റുപാടുകളും ഭൗതികാവസ്ഥയെ (പൃഥിവിയെ) പ്രതിനിധാനം ചെയ്യുന്നവയാണ്.

ജലം
ഒരു ജലാശയത്തില്‍ പരപ്പും താഴ്ചയുമുണ്ട്, ചിന്താദീപ്തിയോടുകൂടിയ ജീവിതത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ജലപ്പരപ്പിനെ, ബാഹ്യപ്രപഞ്ചത്തിലെ അനന്തവൈവിദ്ധ്യങ്ങള്‍ തമ്മില്‍ പ്രതിഫലിക്കുമ്പോള്‍ ചിന്താദീപ്തമാകുന്ന മനസ്സിനോടുപമിയ്ക്കാം. എന്നാല്‍ താഴ്ചയാകട്ടെ ആ ചിന്താദീപ്തിയുടെയെല്ലാം മൂലകാരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു താമരക്കുളത്തില്‍ മനോഹരമായ പൂക്കള്‍ വിടര്‍ന്ന് നില്ക്കുകയും ജലപ്പരപ്പ് അതിന്റെ ഇലകള്‍കൊണ്ട് വിതാനം ചെയ്തിരിക്കുന്നതായും നാം കാണുന്നു. പക്ഷേ അതിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്ന ചെളിയില്‍ നിന്നാണ് കുസുമങ്ങള്‍ പൊന്തിവന്നിട്ടുള്ളതെന്നുള്ള കാര്യം നാം വിസ്മരിക്കുന്നു.

ചിന്താദീപ്തിയില്‍ നിന്നുളവാകുന്ന സന്തോഷപ്രകടനങ്ങള്‍ മനസ്സാകുന്ന സരസ്സില്‍ നിന്നു പൊന്തിവരുന്ന പങ്കജങ്ങളാണ്. ഈ പങ്കജങ്ങളുടെ വേരുകളും നമ്മുടെ ജീവിതത്തിന്റെ അഗാധതയിലുള്ള അടിത്തട്ടില്‍ ഓടിട്ടുള്ളവയാണ്. ചിന്താദീപ്തിയെ കുറിക്കുന്ന പലകാര്യങ്ങളും ജലത്തെ സംബന്ധിച്ചുവരുന്ന പ്രതീകങ്ങളില്‍കൂടി നമ്മുടെ പുരാണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്മതീര്‍ത്ഥം (ക്ഷേത്രങ്ങളും) മുതലായവ ക്ഷേത്രങ്ങളോടനുബന്ധിച്ച സാങ്കേതികതകളില്‍ നിന്നുളവാകുന്ന ചിന്താദീപ്തിയെ പ്രതിനിധാനം ചെയ്യുന്നു.

അഗ്നി
അഗ്നിയെ സംബന്ധിച്ചിടത്തോളം പലതും നമുക്കു മനസ്സിലാക്കാനുണ്ട്. ഗ്രീക്കുകാരുടെ പൗരാണിക കഥയില്‍ ‘പ്രൊമീതിയസ്’ എന്നൊരു ജൂതന്‍ ഈശ്വരസന്നിധിയില്‍നിന്നും അഗ്നിയെ മോഷ്ടിച്ചുകൊണ്ടുപോന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ദൈവികമായ ഒരു ശക്തി അഗ്നിയിലും ഉണ്ടെന്നാണു വിശ്വാസം. അഗ്നിജ്വാലകള്‍ ഒന്നിനുപുറകെ ഒന്നായിട്ടു പോകുന്നതുപോലെ നമ്മുടെ മനസ്സും ഒരിക്കലും ശമിക്കാത്ത ദാഹത്തോടും വിശപ്പോടുംകൂടി ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വയ്‌ക്കോല്‍ തീയിലിട്ടാല്‍ എരിഞ്ഞു ചാമ്പലാകുന്നു. സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കാന്‍ അഗ്നിക്കുമാത്രമേ കഴിയൂ. കള്ളങ്ങളെല്ലാം അഗ്നി സാക്ഷിയായിട്ടാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പുരാതനകാലങ്ങളില്‍ സത്യത്തെ അറിഞ്ഞിരിക്കുന്നത് അഗ്നിപരീക്ഷ കൊണ്ടാണ്. രാവണന്‍ ലങ്കയില്‍ കൊണ്ടിരുത്തിയിരുന്ന സീതയുടെ ചാരിത്ര്യശുദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളത് അഗ്നിപരീക്ഷകൊണ്ടാണ്. ഈശ്വരാംശം അഗ്നിയില്‍ ഉള്ളതുകൊണ്ടാണ് ലങ്കാനഗരത്തെ ഭസ്മാക്കാന്‍ ആഞ്ജനേയനു കഴിഞ്ഞത്.

വായു
അഗ്നിയേക്കാള്‍ സൂക്ഷ്മമാണ് വായു. വായുവിന് ഒരു രൂപവുമില്ല. അതു കാണാനും സാധ്യമല്ല. പിന്നെയോ അനുഭവം കൊണ്ട് മനസ്സിലാക്കാവുന്ന ഒന്നാണ്. കാറ്റുകൊണ്ട് തീ പെരുകുന്നു. അതുപോലെ കാരണത്തിനു ദര്‍ശനം കൊണ്ട് പിന്‍ബലം ലഭിക്കുമ്പോള്‍ അത് ഒരു വലിയ ശക്തിയായി തീരുകയും ആ ശക്തി വ്യക്തികളേയോ, രാജ്യത്തേയോ ജനസമുദായത്തെ മുഴുവന്‍ തന്നേയോ മുന്നോട്ടു തള്ളിവിടുന്നതിനു പര്യാപ്തമായി തീരുകയും ചെയ്യുന്നു. വായുവിന്റെ ഗതിയില്‍ പോകുന്ന മേഘങ്ങളും പക്ഷികളും ഇതേ അര്‍ത്ഥത്തിലുള്ളതുതന്നെ ക്ഷേത്രപ്രതീകത്തില്‍ വായുവിനെ സംഗീതോപകരണത്തില്‍കൂടി വരുന്നതും ഭക്തന്മാര്‍ ആലപിക്കുന്നതുമായ ഗാനങ്ങളെ ശ്രവിക്കാനുള്ള ഒരു ഉപാധിയായിട്ട് കണക്കാക്കിയിരിക്കുന്നു.

ആകാശം
ആകാശം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഇടമാണ്. അതിന്റെ ഭൗതികമായ നിലനില്പ് മറ്റു നാലിനേയും അപേക്ഷിച്ചു വളരെ സൂക്ഷ്മമാണ്. ആത്മാവിനെപ്പോലെ അത് എല്ലായിടത്തും ഉണ്ട്. ഒരിടത്തും ഇല്ല. അത് എല്ലാത്തിനേയും പൊതിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആകാശം ആത്മാവിനെ (ചൈതന്യത്തെ) പ്രതിനിധാനം ചെയ്യുന്നു. അത് പരിശുദ്ധജ്ഞാനമാണ്. പ്രപഞ്ചം മുഴുവനും ആകാശത്തിലേ ഇടഞ്ഞാല്‍ ചുറ്റപ്പെടും താങ്ങപ്പെട്ടും ഇരിക്കുന്നതുപോലെ ആത്മാവിനുമാത്രമേ സര്‍വ വ്യാപകമായി സ്ഥിതി ചെയ്യാന്‍ സാധിക്കയുള്ളൂ. മുകളിലും താഴേയും ചുറ്റുപാടും ആകാശം സ്ഥിതിച്ചെയ്യുന്നതെങ്ങിനേയോ അതുപോലെ പ്രപഞ്ചാത്മാവും എല്ലായിടവും നിറഞ്ഞിരിക്കുന്നു. ആകാശം (ഇടം) പ്രതിഷ്ഠാമണ്ഡപമാണ്. അവിടെയാണ് നമുക്കു ദേവതാദര്‍ശനമുണ്ടാകുന്നത്. ഉദാഹരണമായി ചിദംബരം ക്ഷേത്രത്തില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്ന (നൃത്തം ചെയ്യുന്ന) നടരാജവിഗ്രഹം ചിത്താകുന്ന ആകാശത്തില്‍ ബന്ധനിര്‍മ്മുക്തമായ അവബോധസുഖത്തെയാണ് കുറിയ്ക്കുന്നത്. അതുകൊണ്ട് ശ്രീകോവില്‍ നമ്മുടെ  ജീവിതത്തിലെ ആദ്ധ്യാത്മികവശത്തേയാണ് കുറിയ്ക്കുന്നത്.

ക്ഷേത്രപ്രതീകം
ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണ്. ഇന്ന് നാം അറിയുന്നതിനേക്കാള്‍ ഒരു മഹത്തായ ചരിത്രം അതിനുണ്ട്. മതപരവും സാമുദായികവുമായ ഇന്നത്തെ കുഴഞ്ഞ നിലയ്ക്ക് കാരണം ഇന്ത്യയില്‍ വന്നുചേര്‍ന്ന പല സംസ്‌കാരങ്ങളുടെയും കൂട്ടിക്കലര്‍പ്പാണ്. ഒരേ കുടുംബത്തില്‍ത്തന്നെ റോമന്‍സിന്റേയും, അറബികളുടേയും മങ്കോളികളുടേയും ആര്യന്മാര്‍ക്കുമുമ്പുണ്ടായിരുന്ന ദ്രാവിഡരുടേയും സാംസ്‌കാരികശകലങ്ങള്‍ കലര്‍ന്നിട്ടുള്ള അംഗങ്ങളെ കാണുന്നത് സാധാരണമാണ്. പല നൂറ്റാണ്ടുകളില്‍കൂടെയും ഉണ്ടായിട്ടുള്ള ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചയില്‍ കന്യാകുമാരി മുതല്‍ കൈലാസം വരെ അനവധിക്ഷേത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മിതിയിലും അവയുടെ ദേവതാപ്രതിഷ്ഠയിലും രാജ്യത്തിന്റെ തത്ത്വചിന്താഗതിയുടെ വളര്‍ച്ചയെ കാണിക്കുന്ന ആന്തരികമായ തത്ത്വങ്ങളില്‍ നിന്നുദ്ഭുതമായിട്ടുള്ള ചില മുറകള്‍ ഉള്‍പ്പെട്ടു കാണുന്നുണ്ട്.

വടക്കേ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും ശ്രീരാമനും സീതയും ശിവനും പാര്‍വ്വതിയും ഇങ്ങനെ ജോടിയായിട്ടാണ് പ്രതിഷ്ഠകള്‍ കാണുന്നത്. നേരേമറിച്ചാണ് തെക്കേ ഇന്ത്യയിലെ സ്ഥിതി ശിവന്‍, കൃഷ്ണന്‍, പാര്‍വ്വതി, സുബ്രഹ്മണ്യന്‍, ഗണപതി ഇങ്ങനെ ഒറ്റയ്ക്കുള്ള പ്രതിഷ്ഠകളാണ് മിക്കവാറും കാണുന്നത്. ഒന്നില്‍ കൂടുതല്‍ സങ്കല്പങ്ങളുണ്ടെങ്കില്‍ അവയ്‌ക്കെല്ലാം പ്രത്യേകം ക്ഷേത്രങ്ങളും കാണും. തെക്കേ ഇന്ത്യയിലേയും പ്രതിഷ്ഠകളെല്ലാം തന്ത്രശാസ്ത്രവിധിപ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ളവയാണ്. അതില്‍ തെക്കേ ഇന്ത്യയ്ക്കു ഒരു പ്രത്യേകതയുണ്ട് ഓരോ പ്രതിഷ്ഠയും ഓരോ ഉദ്ദേശത്തെ നിലനിറുത്തിയിട്ടുള്ളവയാണ്. ഉദാഹരണം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിയുടെ പ്രതിഷ്ഠതന്നെ. ക്ഷേത്രങ്ങളിലേ ശില്പങ്ങളും കൊത്തുപണികളുമെല്ലാം ശ്രദ്ധിച്ചു കണ്ടാല്‍ ഓരോന്നില്‍ നിന്നു ഓരോ കാര്യങ്ങള്‍ മനസ്സിലാക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുന്നൂറ്റിയിരുപത്തിനാലു കല്തൂണുകളുള്ള ശീവേലിപ്പുരയും ആയിരം തൂണുകളുള്ള കുലശേഖമണ്ഡപവും കണ്ടിട്ടുള്ളവര്‍ക്കു മുന്‍പറഞ്ഞ കാര്യം വ്യക്തമാകുന്നതാണ്.

ശ്രീമദ്ഭഗവദ്ഗീതയില്‍ ക്ഷേത്രത്തെക്കുറിച്ചും ക്ഷത്രജ്ഞനെക്കുറിച്ചും വിവരിക്കുന്ന ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗമെന്ന പതിമ്മൂന്നാം അദ്ധ്യായം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഭഗവത് ഗീതയില്‍ സ്മരിക്കുന്ന ക്ഷേത്രത്തിന് ഗാത്രക്ഷേത്രം എന്നു വ്യവഹാരം ഉള്ളതുപോലെ, പ്രാകൃതഭക്തന്മാരോ അല്ലെങ്കില്‍ വിഗ്രഹാരാധനാതല്പരരോ ആയിട്ടുള്ള സാധുക്കള്‍ അമ്പലം എന്നു വ്യവഹരിച്ചുവരുന്ന സങ്കേതത്തിനും ക്ഷേത്രം എന്നു പേരുണ്ട്. ശരീരത്തെ ശരീരപിണ്ഡം എന്നു പറഞ്ഞുവരുന്നതുപോലെ ക്ഷേത്രത്തെ ക്ഷേത്രപിണ്ഡം എന്നും പറഞ്ഞു വരുന്നുണ്ട്. ആത്മാവിനെ ശരീരപിണ്ഡത്തില്‍ എന്നപോലെ ഈശ്വരനെ ക്ഷേത്രപിണ്ഡത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നമ്മള്‍ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചെരിപ്പു കുട തുടങ്ങിയുള്ള സാധനങ്ങളെല്ലാം പറത്തു സൂക്ഷിച്ചിട്ടാണല്ലോ പ്രവേശിക്കാറുള്ളത്. നാം ഒരു ഭക്തനെന്നനിലയിലാണ് അതിനകത്തു പ്രവേശിക്കുന്നത്. പ്രവേശിക്കുന്ന ആള്‍ ചിലപ്പോള്‍ ചിലരുടെ അച്ഛനായിരിക്കാം. ചിലപ്പോള്‍ ഒരു പ്രഭുവായിരിക്കാം. ചിലപ്പോള്‍ ഒരു ഭടനും ആയിരിക്കാം. ക്ഷേത്രത്തിനുള്ളില്‍ കടക്കുമ്പോള്‍ ഒരു ഭക്തനെന്നുള്ള ഭാവമല്ലാതെ മറ്റൊന്നും ഇവരില്‍ നിന്നു നമുക്കു അനുഭവപ്പെടുകയില്ല.

നാം ക്ഷേത്രത്തിനുള്ളില്‍ കടക്കുന്നതോടുകൂടി കടക്കുന്നവര്‍, ജ്ഞാനികളാണെങ്കില്‍ അവര്‍ ജ്ഞാനത്തിനുവേണ്ടിയും, അര്‍ത്ഥികളാണെങ്കില്‍ അര്‍ത്ഥത്തിനുവേണ്ടിയും ആര്‍ത്തന്മാരാണെങ്കില്‍ ആര്‍ത്തിനാശത്തിനുവേണ്ടിയും ജിജ്ഞാസുവാണെങ്കില്‍ അതിനുവേണ്ടിയും പ്രാര്‍ത്ഥനനടത്തും എന്നു നമുക്കു വിചാരിക്കാം. ഏതായാലും ക്ഷേത്രാരാധനകൊണ്ട് ജീവിതത്തിനും മനസ്സിനും ശരീരത്തിനും വന്നുചേര്‍ന്നിട്ടുള്ള സകല പാകപ്പിഴകള്‍ക്കും പരിഹാരമുണ്ടാകുമെന്നു നമുക്കു വിശ്വസിക്കാം.

അമ്പലത്തില്‍ ആരാധനയ്ക്കു ചെല്ലുന്നവര്‍ ആദ്യമായി ശരീരശുദ്ധിവരുത്തുന്ന ഒരു സമ്പ്രദായമുണ്ട്. അതിലേക്ക് ക്ഷേത്രങ്ങളോടനുബന്ധിച്ചു നിര്‍മ്മിച്ചിട്ടുള്ള പത്മതീര്‍ത്ഥത്തില്‍ ഒരു സ്‌നാനം നടത്തുക പതിവാണ്. അത് ശരീരത്തെമാത്രമല്ല മനസ്സിനേയും നിര്‍മ്മലമാക്കുന്നു. ശുദ്ധജലം ഭക്തിയുടെ പ്രതീകമാണ്. നമ്മുടെ ശരീരത്തെ വെള്ളംകൊണ്ടു കഴുകുമ്പോല്‍ നമ്മുടെ വികാരങ്ങളെല്ലാം ഭക്തിയില്‍ കുളിരുന്നു. സ്‌നാനത്തിനുമുമ്പ് കൈക്കൂമ്പിള്‍ നിറയെ ജലവുമായി സൂര്യനഭിമുഖമായിനിന്നു നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ഋഷികള്‍ കല്പിച്ചിട്ടുള്ള സ്ഥാനം ഏറ്റവും ശ്രേഷ്ഠമാണ്.

പഞ്ചവാദ്യം
അഞ്ചുപകരണങ്ങളില്‍നിന്ന് വരുന്ന സംഗീതത്തെ പഞ്ചവാദ്യമെന്നു പറയുന്നു. ആ സംഗീതത്തിന് മനുഷ്യമനസ്സിനെ വശീകരിക്കാനുള്ള ശക്തിയുണ്ട്. നല്ല പാട്ടുകേള്‍ക്കുമ്പോള്‍ നമ്മള്‍ സകലതും മറന്ന് അതില്‍ത്തന്നെ ലയിച്ചുചേരുന്നു. മനസ്സ് ശാന്തമാകുന്നു, തുഞ്ചത്താചാര്യന്‍ ഹരിനാമകീര്‍ത്തനത്തില്‍ വര്‍ണ്ണിച്ച ‘ഢക്കാമൃദംഗ തുടിതാളങ്ങള്‍ ചോലെയുടന്‍ ഓര്‍ക്കാമതന്നിലയില്‍’ എന്ന ഭാഗം

‘ഡംഭാദിദോഷമുടനെട്ടും കളഞ്ഞുഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്കും

എന്നുള്ള പ്രാര്‍ത്ഥനയുടെ പരിണതഫലമായിവന്നു ചേരുന്നതാണ്, അതായത് ക്ഷേത്രദര്‍ശനം സാധിക്കുന്നതിന് ശ്രമിക്കുന്ന സാധകന് മുന്‍പറഞ്ഞ അനുഭവങ്ങള്‍ വന്നുചേരുന്നുമെന്നാണ് നാം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ക്ഷേത്രത്തില്‍ പഞ്ചവാദ്യമേളം സൂചിപ്പിക്കുന്നതും ഇക്കഥയല്ലെന്നാരറിഞ്ഞു!!

നമ്മള്‍ അമ്പലത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ നമ്മുടെ എല്ലാ ശ്രദ്ധയും ദീപാരാധനയ്ക്കുവേണ്ടി അടച്ചിരിക്കുന്ന നട തുറക്കുന്ന കാര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നു. മണിനാദം മുഴക്കിക്കൊണ്ട് ദീപാരാധനയ്ക്കു നടതുറക്കുന്ന വേളയില്‍, ആര്‍ത്തന്മാരും ജിജ്ഞാസുക്കളും അര്‍ത്ഥാര്‍ത്ഥികളും ജ്ഞാനികളുമായിട്ടുള്ള ഭക്തജനങ്ങള്‍ ആലപിക്കുന്ന കീര്‍ത്തനങ്ങളും മണിമുഴക്കവും പഞ്ചവാദ്യഘോഷവും കൊണ്ട് ക്ഷേത്രവും ക്ഷേത്രപരിസരവും മുഖരിതമാവും, ക്ഷേത്രത്തില്‍ ആവരണങ്ങള്‍ പലതുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിനെ മാറ്റിയതുകൊണ്ട് ഭക്തജനങ്ങള്‍ തൃപ്തരാകുന്നില്ല. എല്ലാ ആവരണങ്ങളും മാറ്റണം. എന്തിനുവേണ്ടിയാണ് അത്തരം ഒരു ബുദ്ധി ഭക്തജനങ്ങളില്‍ ഉണ്ടാകുന്നതെന്നു നാം മനസ്സിലാക്കാണം.

ഈശ്വരചൈതന്യത്തെ നേരില്‍ അനുഭവിക്കുന്നതിനുവേണ്ടിയാണ് ആ യത്‌നം. പെട്ടെന്ന് ആവരണം മാറുന്നു. നമ്മള്‍ ആ തേജസ്സു കാണുന്നു. അതുപോലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ കണ്‍മുമ്പില്‍ വരുന്നു. ആ തേജസ്സിന് ഒരു സമയം നമ്മെ അന്ധരാക്കാന്‍ കഴിഞ്ഞു എന്നു വരാം. അതുകൊണ്ട് ആ പ്രകാശം കാണാന്‍ നമ്മുടെ പുറം കണ്ണ് ഉപയോഗിക്കാതിരിക്കണം, അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കാനുള്ള കണ്ണും, ആ കണ്ണിനു കണ്ണായിട്ടുള്ള മനമാകുന്ന കണ്ണുമാണല്ലോ, പിന്നെയും ഒരു കണ്ണുണ്ട്, സജ്ഞയനും, അര്‍ജ്ജുനനും കിട്ടിയ കണ്ണ് (ദിവ്യം ദരാമിതേ ചക്ഷുഃഗീ) അതിനും കണ്ണായിട്ടുള്ളതാണ് പൊരുള്‍ക്കണ്ണ്.

ആ കണ്ണുകൊണ്ട് അഥവാ അകകണ്ണുകൊണ്ട് ആ പ്രകാശത്തെ നുകരണം. അതായിത്തീരണം ക്ഷേത്രത്തില്‍ നാം നടത്തുന്ന വിഗ്രഹാരാധനകൊണ്ട് നമുക്ക് കൈവരേണ്ടത്, അതായത് ആത്മീയതയിലേക്ക് ഉയരുവാനുള്ള കഴിവ്. അന്തഃചൈതന്യം പലതായി ഒഴികിയിട്ട് ‘ഏകമേവ അദ്വിതീയം ബ്രഹ്മ’ എന്ന പരമതത്ത്വത്തിനു സമാനമായ് ബഹിഃ പ്രകാശിപ്പിക്കുന്ന കര്‍പ്പൂരദീപം സ്വയം ലയിക്കുന്ന കാഴ്ച നാം കാണാറുള്ളതാണല്ലോ. അതുപോലെ നിത്യശുദ്ധബുദ്ധസ്വഭാവമായിരിക്കുന്ന ബ്രഹ്മത്തില്‍ എല്ലാം ലയം പ്രാപിക്കുന്നു. അപ്പോള്‍ ഉള്ളില്‍ യോഗികള്‍ക്കു കേള്‍ക്കുവാന്‍ കഴിയുന്നതും പുറത്ത് പ്രാകൃതഭക്തന്മാര്‍ക്കുവേണ്ടി വിധിച്ചിട്ടുള്ളതുമായ പഞ്ചവാദ്യഘോഷങ്ങളും മണിനാദവും എല്ലാം അടങ്ങിയാല്‍ അവശേഷിക്കുന്നത് നിശ്ശബ്ദത മാത്രമായിരിക്കും. പരമമായിരിക്കുന്ന ഈ തത്ത്വമാണ് നമ്മുടെ ക്ഷേത്രത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്ന വസ്തുത ഗ്രഹിച്ചുകൊണ്ട് എല്ലാവരും ക്ഷേത്രാരാധനയ്ക്ക് പ്രാധാന്യംകല്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

കേരളത്തിലും ഭാരതത്തിലും അനേകം ക്ഷേത്രങ്ങള്‍ ശില്പവൈദഗ്ധ്യത്തോടുകൂടി സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ഉയഷരക്ഷേത്രങ്ങളും ബീജക്ഷേത്രങ്ങളും ഉണ്ട്. ക്ഷേത്രസൃഷ്ടി ശരീരസൃഷ്ടിക്കനുസരണമായിട്ടാണെന്നു സ്ഥൂലവും സൂക്ഷമവും ആയ ശരീരപിണ്ഡതത്ത്വങ്ങളെ ആസ്പദമാക്കിക്കൊണ്ട് പല മഹാന്മാരും പ്രസ്താവിച്ചിട്ടുണ്ടെന്നുള്ള കാര്യവും ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.

മുടിയേറ്റ്

കേരളത്തിലെ മിക്ക കാളീക്ഷേത്രങ്ങളിലും, കാളിയെ പ്രീതിപ്പെടുത്തുവാന്‍ നടത്തുന്ന ഒരു അനുഷ്ഠാന നാടകമാണ് മുടിയേറ്റ്. ഈ കര്‍മ്മത്തിന് ചില ദിക്കുകളില്‍ മുടിയെടുപ്പ് എന്നും പറഞ്ഞുവരുന്നു. ദേവീക്ഷേത്രങ്ങളില്‍ മാത്രമല്ല. കയ്യാലകള്‍ക്ക് മുന്നിലും വീടുകളിലും ഇത് നടത്താമെന്നുണ്ട്. ഇതിനു പല ചടങ്ങുകളും ഉണ്ട്. അവയെ ക്രമത്തിന് താഴെ വിവരിക്കാം.
മുടിയേറ്റിന്റെ പ്രാരംഭച്ചടങ്ങായി ‘കളമെഴുത്ത്’ ആണംഗീകരിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകം പന്തലുണ്ടെങ്കില്‍ അതിനകത്തോ അല്ലെങ്കില്‍ ശുദ്ധമായ മുറിക്കകത്തോകളമെഴുതാം. കളം എഴുതുന്നത് ഉപാസനമൂര്‍ത്തികളുടെയാവാം. മഞ്ഞപ്പൊടി, അരിപ്പൊടി, കരി, പച്ചപ്പൊടി ഇവ മാത്രം ഉപയോഗിച്ച് എഴുതുന്ന കളം, പുരാതന മനുഷ്യന്റെ കലയിലുള്ള പ്രാവീണ്യത്തെ വിളിച്ചറിയിക്കുന്നവയാണ്. ഇവ നടത്താന്‍ അധികാരികള്‍ കുറുപ്പന്മാരാണ്. കളം എഴുതിക്കഴിഞ്ഞാല്‍, മൂര്‍ത്തികളെ ഉദ്ദേശിച്ചുള്ള പ്രതിഷ്ഠാപൂജയായി. ദീപാരാധനയും കഴിഞ്ഞ് കളംപൂജ നടത്തുന്നു. ഈ അവസരത്തിലാണ് കളംപാട്ടു നടത്തുന്നത്. പാട്ടിനുശേഷം തിരിയോ, ചെറിയപന്തമോ കൊളുത്തി കളത്തിലുഴിയുന്നു. ഈ ചടങ്ങിനുശേഷം കളം മായ്ക്കുന്നു. ഇത് മായ്ക്കുന്നതിനും ചില പ്രത്യേക നിബന്ധനകളുണ്ട്.

കളം മായ്ക്കല്‍ കഴിഞ്ഞാല്‍ കുറുപ്പന്മാര്‍ മുടിയേറ്റിനു വട്ടംകൂട്ടുകയായി. കഥകളിക്കാരുടെ വേഷവിധാനങ്ങളില്‍ പലതും മുടിയേറ്റിനും ആവശ്യമാണ്. (മുടിയേറ്റില്‍ നിന്ന് കഥകളി പലതും സ്വീകരിച്ചിരിക്കുന്നു എന്നതാണ് ശരി). രാവണനേയോ ദൂര്യോധനനേയോപോലെയുള്ള കത്തിവേഷമാണാദ്യം. ഇതാണ് ദാരികന്‍. എങ്കിലും കഥകളിക്കത്തിപ്പോലെ മുടിയേറ്റുകത്തി അത്ര വിസ്തരിച്ചുള്ളതല്ല. മുഖത്തുതേപ്പിന് കഥകളിയിലെപ്പോലെ പകിട്ടു തോന്നിക്കയില്ല. എങ്കിലും കിരീടവും (മുടി) ഉടുത്തുകെട്ടും എല്ലാം ഏതാണ് ഒരുപോലെതന്നെ. ഉത്തരീയം വെള്ളവസ്ത്രംകൊണ്ടുള്ളതായിരിക്കും.

കടകകങ്കണാദികള്‍ നാമമാത്രമായിരിക്കും. ഇടത്തുകയ്യിലെ കങ്കണത്തിന്നിടയില്‍ ധാരാളം തെച്ചിപ്പു തിരുകിയിരിക്കും. ഉടത്തുകെട്ടിനെ കൂടുതല്‍ അപഗ്രഥിച്ചുനോക്കുമ്പോള്‍ ചാക്യാരുടെ ഉടുത്തുകെട്ടിനെ സാരമായി സാമ്യപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ ദാരികന്റെവേഷം കഴുത്തിനു താഴോട്ട് ചാക്യാരുടെ വേഷത്തോടും. കഴുത്തിനു മുകളിലോട്ടു കഥകളിവേഷത്തോടും സാദൃശ്യമുണ്ടെന്ന് മനസ്സിലാക്കാം. പരിചയും ചേര്‍ന്നാല്‍ കോയിമ്പടനായരായി. വേതാളത്തിന്റെ വേഷം പച്ചിലയും പടലും കുറെ തുണിയും കരിയും ഉണ്ടെങ്കില്‍ പൂര്‍ത്തിയാക്കത്തക്കതരത്തിലാണ്. കാളിയുടെ സഹചാരികളായ കൂളികള്‍ക്ക് പ്രത്യേക വേഷമൊന്നും ഇല്ല.

ഈ ചടങ്ങിന്റെ അരങ്ങിന്റെ കാര്യമാണെങ്കില്‍ അത് വലിയ വിശേഷമായൊന്നും വേണ്ട. വിശാലമായ മുറ്റത്ത് ഒരു വലിയ നിലവിളക്ക് കത്തിച്ചു വച്ച കഴിഞ്ഞാല്‍ അരങ്ങൊരുക്കം തീര്‍ന്നു.രണ്ടു ചെണ്ട, ഒരു വലംതലച്ചെണ്ട ഇലത്താളം ഇത്രയും കൊണ്ട് മേളത്തിന്റെ കാര്യംതീര്‍ന്നു. ഇവര്‍ വിളക്കിനു പിന്നിലാണ് നില്കുന്നത്. ഇത്രയും ആയാല്‍ മുടിയേറ്റു തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നു പറയാം.

രംഗത്തു കേളി എന്ന ചടങ്ങ് നടത്തുന്നതോടുകൂടി മുടിയേറ്റു ആരംഭിക്കുകയായി. പുറകില്‍നിന്ന് ആളുകള്‍ (മേളക്കാര്‍) രാഗം ആലപിക്കുന്നതോടുകൂടി ‘അരങ്ങുവാഴ്ത്തലെ’ ന്ന കര്‍മ്മം നടത്തുന്നു.  കവിത തുളുമ്പുന്ന ഒരു പാട്ട് ഗാനമാധുരികലര്‍ത്താതെ തകിച്ചും പരുക്കന്‍സ്വരത്തില്‍ അസ്പഷ്ടമായി ചൊല്ലുന്നതു കേള്‍ക്കാം. അരങ്ങുവാഴ്ത്തലോടെ തിരിശ്ശീല പിടിക്കുന്നു. ആദ്യം ശിവന്റേയും നാരദന്റേയും പുറപ്പാടാണ്. തിരശ്ശീലക്ക് പിന്നില്‍ വൃക്ഷഭവാഹനനായ ശിവന്‍ പ്രതൃക്ഷപ്പെടുന്നു. ഈ അവസരത്തില്‍ നാരദന്‍ തിരശ്ശീലയ്ക്കു മുന്നില്‍ വന്ന് ശിവനെ നമസ്‌ക്കരിക്കുന്നു. ശിവന്‍ ഒട്ടും സംസാരിക്കാതെ അവിടെ നിലകൊള്ളും എന്നാല്‍ നാരദന്‍ കയ്യിലിരിക്കുന്ന കുരുത്തോലയില്‍ (വാറോല വായിക്കുക എന്ന  പഴയ വിചാരിപ്പുസമ്പ്രദായത്തെ അനുസ്മരിക്കുന്നു ഈ ചടങ്ങ്) നോക്കി തന്റെ ഭാഗം പാടുന്നു. ശിവന്റെ ഭാഗം പിന്നയിലിലുള്ള പാട്ടുകാരും നാരദന്‍ തന്റെ ഭാഗം തനിച്ചും പാടുന്നു. ഇങ്ങനെ കുറെ സമയം നില്ക്കും ഈ രംഗം.
അടുത്തരംഗം ദാരികന്റെ പുറപ്പാടാണ്. കഥകളിയിലെപ്പോലെ തിരനോട്ടം ഇതിനും ഉണ്ട്. ഇരുകയ്യിലും ചുരികക്കോല്‍ ധരിച്ചിരിക്കും ദാരികന്‍, തിരനോട്ടം, ഒന്നല്ല, മൂന്നാണ്. പിന്നീട് തിരശ്ശീല നീക്കുന്നു. ഏതാനും പതങ്ങളാടിയശേഷം ദാരികനൊരു പീഠത്തിലിരിക്കുന്നു. തന്റെ ഇടത്തുകയ്യിലെ കങ്കണത്തിനിടയില്‍ തിരുകിയിരിക്കുന്നു. തന്റെ ഇടത്തുകയ്യിലെ കങ്കണത്തിനിടയില്‍ തിരുകിയിരിക്കുന്ന പൂക്കളെടുത്ത് മാനസപൂജനടത്തുന്നു. വീണ്ടും എഴുന്നേറ്റ് ഉത്തരീയം കയ്യില്‍ പിടിച്ചുകൊണ്ട് നൃത്തം വയ്ക്കുന്നു. അല്പം കഴിഞ്ഞ് ആയുധനേട്ടം നടത്തുന്നു. ഈയവസരത്തിലൊക്കെ നടന്റെ മുമ്പില്‍ രണ്ടു വലിയ കത്തിച്ച പന്തങ്ങള്‍ പിടിച്ചകൊണ്ടിരിക്കുന്നതായികണ്ടിട്ടുണ്ട്. ഇത് രംഗത്തിന് ഭീകരതസൃഷ്ടിക്കാനായിരിക്കാം എന്നു തോന്നുന്നു ദാരികന്‍ തുടര്‍ന്ന് പോരിനുവിളിക്കുന്നു. ദാരികന് വാചികാഭിനയവും അനുവദനീയമാക്കിയിട്ടുണ്ട്. അങ്ങനെ ആ രംഗവും അവസാനിക്കുന്നു.

അടുത്തരംഗം കാളിയുടെ പുറപ്പാടോടുകൂടി ആരംഭിക്കുന്നു വേഷമണിഞ്ഞ നടന്‍ ക്ഷേത്രത്തിനു മുന്നില്‍വന്നു നില്കുമ്പോള്‍ മേളക്കാരും കൂളികളുംകൂടി അന്തരീക്ഷം ശബ്ദായമാനമാക്കുന്നു. കത്തിച്ചു പന്തവും തെള്ളിയേറും വലിയ അലര്‍ച്ചയും കൊണ്ട് രംഗം ഭീകരമാക്കുന്നു. കാളിയുടെ കയ്യില്‍ ഒരു വാള്‍ ഉണ്ടായിരിക്കും. ശബ്ദകോലാഹലം കൊണ്ട് കാളിക്ക് കലികയറുന്നു. ഈ കലി….കുറെ സമയം നീണ്ടുനല്‍ക്കുന്നു. …. പീന്നീട് പോര്‍വിളിയും ആയുധനോട്ടവും നടക്കുന്നു. കാളി പോര്‍വിളിക്കുമ്പോള്‍ അകലെ മറഞ്ഞു നില്‍കുന്ന ദാരികന്‍ മറുപടി പറയുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം ഏറെ സമയം നീണ്ടുനില്‍ക്കുന്നു…. പിന്നീട് പുറപ്പാട് നടക്കുന്നത് കോയിമ്പിടനായരുടെതാണ്. ഈ രംഗം തികച്ചും രംഗവാസികള്‍ക്ക് സന്തോഷം പകരുന്നതിന് വേണ്ടിമാത്രമാണ്.

കോയിമ്പിടനായരുടെ രംഗപ്രവേശനവേളയില്‍ കാളിമുടിയഴിച്ച് പീഠത്തിലിരിക്കും… അരങ്ങുവാഴ്ത്തി കോയിമ്പിടനായര്‍ മറയുമ്പോള്‍ കാളി മുടിമുറുക്കി രംഗത്ത് എത്തുന്നു. ദാനവന്‍, ദാരികന്‍, ഭൂതം (വേതാളം കാളിയുടെ വാഹനം) ഇവര്‍ തിരശ്ശീലക്കുള്ളില്‍ തിരനോട്ടം നടത്തുന്നു, വേതാളത്തിന് വിദൂഷകവേഷമാണുള്ളത്.

അഭിനയപ്രധാനമായ ഒരു രംഗമാണ് കാളിയും ദാരികനും ആയി കണ്ടുമുട്ടുന്നത് (ഏറ്റുമുട്ടുന്നത്). കാളി ദാരികനെ വെട്ടുന്നു…. ദാരികന്‍ തിരയ്ക്കകത്തു മറയുന്നു ഇങ്ങനെ ഒന്നുരണ്ടുതവണ സംഭവിക്കുന്നു. ദാരികനെ വധിക്കാന്‍ സാധിക്കാതെ വരുന്നതില്‍ കാളി കോപാവേശയായിത്തീരുന്നു. കാളിക്കു കാലികൊള്ളുന്നു. തുടര്‍ന്ന് കാളി ഒറ്റക്കാലില്‍ നൃത്തം വയ്ക്കുവാന്‍ തുടങ്ങുന്നു. അല്പം കഴിഞ്ഞ് കാളി ദാരികന്റെ മുടിയുമായി രംഗത്തുവരുന്നു. മുടിയെടുത്തുവരുമ്പോള്‍ കാളി ദാരികന്റെ മുടി (കിരീടം) എടുക്കുന്നതോടുകൂടി കഥയവസാനിക്കുന്നു ഇതിനാണ് മുടിയേറ്റ് അഥവാ മുടിയെടുപ്പ് എന്നു പറയുന്നത്.

ഈ ചടങ്ങ് ദേവീക്ഷേത്രങ്ങളില്‍ നടത്തി വരുന്നുണ്ട്. എങ്കിലും പണ്ടുകാലത്ത് നടന്നു വന്നിരുന്നതുപോലുള്ള പ്രാധാന്യം ഇതിനു ജനങ്ങള്‍ കല്പിക്കുന്നില്ല. പരിഷ്‌ക്കാരം കൂടി വരുന്നതുകൊണ്ടായിരിക്കാം. ഇങ്ങനെ എത്രയെത്രകലകളാണ് (ഹൈന്ദവരുടെ) ദിനംപ്രതി നാമാവിശേഷമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം കൊടുത്തില്ല എങ്കില്‍ ഇവയെല്ലാം ഏറെത്താമസിയാതെ നശിച്ചുപോകുമെന്നുള്ളത്. സത്യം അതു സംഭവിച്ചുകഴിഞ്ഞ് അതിനെപ്പറ്റി പശ്ചാത്തപിച്ചിട്ടു കാര്യവുമില്ലാതായിത്തീരും. ഇതു മനസ്സിലാവുന്നകാലം ഇനിയെന്നുണ്ടാവുമോ?…

കടുക് വീണാല്‍ കലഹം ഉണ്ടാകുമോ?

  കടുക് നിലത്തു വീണു ചിതറിയാല്‍ ആ വീട്ടില്‍ അന്ന് കലഹമുണ്ടാകുമെന്നാണ് വിശ്വാസം. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ഇത് ശരിയാണ്.

  വളരെ ശ്രദ്ധാപൂര്‍വ്വമാണ് കടുക് കൈമാറ്റം ചെയ്തിരുന്നത്. തന്റെ കയ്യില്‍ നിന്നും കടുക് നിലത്തു പോകാതിരിക്കാന്‍ കൊടുക്കുന്ന ആളും വാങ്ങുന്നവരുടെ കയ്യില്‍ നിന്ന് കടുക് നിലത്തുവീഴാതിരിക്കാന്‍ ആയാളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

  വളരെ ചെറിയ വസ്തുവായ കടുക് തറയില്‍ പോയാല്‍ വീണ്ടും ശേഖരിക്കുക അതീവ ശ്രമകരമാണ്. അങ്ങനെ കടുക് നഷ്ടപ്പെടുത്തുന്ന വ്യക്തിയെ വീട്ടുകാര്‍ ശാസിക്കുന്നത് ദാരിദ്രം നിറഞ്ഞുനിന്ന പണ്ട് പുതുമയായിരുന്നില്ല.

  കടുക് വീണാല്‍ കലഹം എന്ന വിശ്വാസം ഇതില്‍ നിന്നും ഉണ്ടായതാണ്.

അരത്തമുഴിയുന്നതിനു പിന്നിലെ രഹസ്യമെന്ത്?

  ശാസ്ത്രവും ആധുനികതയും പുരോഗമനവാദവുമൊക്കെ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ചില വിശ്വാസങ്ങള്‍ ഇന്നും തള്ളികളയാന്‍ പലരും തയ്യാറല്ല. അതില്‍ ഒന്നാണ് "അരത്തമുഴിയുന്ന" ചടങ്ങ്. ദൂരയാത്ര കഴിഞ്ഞെത്തുന്ന കുടുംബാംഗങ്ങള്‍, വരന്റെ വീട്ടിലേയ്ക്ക് വിവാഹം കഴിഞ്ഞെത്തുന്നവള്‍, പ്രസവിച്ചു കിടക്കുന്ന അമ്മ തുടങ്ങിയരെയൊക്കെയാണ് സാധാരണ അരത്തമുഴിഞ്ഞു കണ്ടുവരുന്നത്. പച്ചവെള്ളമെടുത്ത് അതില്‍ മഞ്ഞള്‍ അരച്ചുചേര്‍ത്ത് അല്പം ചുണ്ണാമ്പും ചേര്‍ക്കുന്നു. മഞ്ഞളും ചുണ്ണാമ്പും ചേരുന്നതോടെ വെള്ളത്തിന് ചുവന്ന നിറമായി മാറും. ഇതൊരു പാത്രത്തില്‍ എടുത്ത് അതിനിരുവശത്തും രണ്ടു ദീപനാളങ്ങള്‍ ഉയര്‍ത്തി വ്യക്തിയുടെ ശരീരത്തിനുചുറ്റും മൂന്നുപ്രാവശ്യം ഉഴിയും. ഇതിനെയാണ് "അരത്തം ഉഴിയുക" എന്ന് പറയുന്നത്.മഞ്ഞളിനും ചുണ്ണാമ്പിനും കൃമികീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന കാര്യം നേരത്തെ തെളിയിക്കപ്പെട്ടതുമാണ്. പ്രസ്തുത വ്യക്തിയില്‍ വന്നുചേര്‍ന്നിരിക്കുന്ന വിഷാണുക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഈ വിശ്വാസത്തിനു കഴിയാത്തത്തിനാല്‍ ഇതും അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.