കൊടുങ്ങല്ലൂരമ്മ കണ്ണകിയല്ല

തന്ത്രശാസ്ത്രപ്രകാരം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം രുരുജിത് വിധാനം എന്ന രീതിയിലുള്ളതാണ്. ഈ വിധാന പ്രകാരമുള്ള ക്ഷേത്രങ്ങളിലെല്ലാം ശ്രീവിദ്യാപദ്ധതിയും മഹാര്‍ദ്ധ പദ്ധതിയും തനിച്ചോ സഹജമായി സമ്മേളിക്കുന്ന പൂജാ പദ്ധതികളായോ കാണപ്പെടുന്നു. ഈ വിധാനപ്രകാരമുള്ള ക്ഷേത്രങ്ങളില്‍ ശിവന്‍ കിഴക്കോട്ട് സപ്തമാതൃക്കള്‍ വടക്കോട്ടോ പടിഞ്ഞാട്ടോ ദര്‍ശനമായിരിക്കുന്ന രീതിയില്‍ കാണാം. കൂടാതെ ഗണപതിയും വീരഭദ്രനും ഉണ്ടായിരിക്കും.

ചിലക്ഷേത്രങ്ങളില്‍ അഷ്ടമാതൃക്കളെയും കാണാം. ശ്രീചക്ര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ അഷ്ടമാതൃക്കളില്‍ എട്ടാമത് മഹാലക്ഷ്മിയും ശ്രീചക്രപ്രതിഷ്ഠയില്ലാത്തിടത്ത് നാരസിംഹിയുമായിരിക്കും. എട്ടാമത്തെ ദേവതയ്ക്ക് രൂപപ്രതിഷ്ഠ ഉണ്ടായിരിക്കണമെന്നില്ല. സങ്കല്പം മാത്രമാകാം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മഹാലക്ഷ്മിയെയാണ് ആരാധിച്ചുവരുന്നത്. കൊടുങ്ങല്ലൂരില്‍ ബഹുബേരവിധാനത്തിലുള്ള പൂജാക്രമങ്ങളാണ് ബ്രാഹ്മി, മഹേശ്വരി,കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡാ, മഹാലക്ഷ്മി എന്നീ അഷ്ടമാതാക്കളിലെ ചാമുണ്ഡക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള നിത്യപൂജാവിധാനമാണുള്ളത്.

കേരളത്തിലെ രുരുജിത് വിധാനത്തിലുള്ള കേരളത്തിലെ 13 ക്ഷേത്രങ്ങളിലേറ്റവും പ്രാധാന്യമേറിയ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീകുരുംബ വിധാനം എന്നതുകൂടി ഉണ്ട്. ഒരേ കോവിലില്‍ തന്നെ ബഹുബേര വിധാനത്തിലുള്ള രണ്ട് ആരാധന മൂര്‍ത്തികള്‍ കാണാം.
വടക്കോട്ട് ദര്‍ശനമായിരിക്കുന്ന ദാരുബിംബം(രൂപപ്രതിഷ്ഠ) സാധാരണ ഭക്തന്മാരെ ഉദ്ദേശിച്ചും പടിഞ്ഞാട്ട് ദര്‍ശനമായി രഹസ്യ അറക്കകത്ത് മേരുപ്രതിഷ്ഠ താന്ത്രിക സാധകരെ ഉദ്ദേശിച്ചുള്ളതുമാണ്.

ശങ്കരാചാര്യ സ്വാമികള്‍ ദേശസഞ്ചാരത്തിനിടെ കൊടുങ്ങല്ലൂരിലെത്തുകയും ക്ഷേത്ര സങ്കേതത്തിലെ അഭൗമ തേജസ്സ് ആദിപരാശക്തിയുടെതാണെന്ന് തന്റെ ധ്യാനത്തിലൂടെ തിരിച്ചറിയുകയും ആ ചൈതന്യത്തെ തന്റെ കൈയിലുള്ള ശ്രീചക്രത്തിലേക്ക് ആവാഹിച്ച് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുമാണ് ഐതിഹ്യം.

അങ്ങിനെ ആദിപരാശക്തിയുടെ അഭൗമതേജസ്സാല്‍ രണ്ട് ശ്രീചക്രപ്രതിഷ്ഠയുള്ള ഏക ഭഗവതി ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം. ഇത്തരം ക്ഷേത്രങ്ങളില്‍ ഉച്ചപൂജയ്ക്കാണ് പ്രാധാന്യം. കാലസംഘര്‍ഷണി,ചണ്ഡയോഗേശ്വരി എന്നീ ദേവതയുടെയൊക്കെ സാന്നിദ്ധ്യം ദര്‍ശിക്കാവുന്നതാണ്. രുരുജിത് വിധാനത്തിലുള്ള ക്ഷേത്രങ്ങളില്‍ നിത്യപൂജാ പദ്ധതികള്‍ക്കുപുറമെ പര്‍വ്വപൂജ (വര്‍ഷത്തിലൊരിക്കലുള്ള കാളിയാമത്തിലുള്ള പൂജ) എന്നിവയുമുണ്ടായിരിക്കും.

പര്‍വ്വപൂജാ പൗര്‍ണമി,അമാവാസി ദിനങ്ങളിലോ ഏതെങ്കിലും പ്രത്യേക നക്ഷത്രത്തിലോ സംക്രമദിനത്തിലോ ആയിരിക്കും. പര്‍വ്വപൂജ കഴിഞ്ഞാല്‍ അന്നു വേറെ പൂജകളൊന്നും പാടില്ല. കൊടുങ്ങല്ലൂരില്‍ പര്‍വ്വപൂജ സംക്രമ ദിനത്തിലായിരുന്നു. അതിനാലാണ് മലയാള മാസം ഒന്നാം തിയ്യതി ഉദയത്തിനുശേഷം മാത്രം അഭിഷേകം നടക്കുന്നത്.

ആദിപരാശക്തിയായ ഈ ലോകാംബികയെ കാളിയാമത്തില്‍ ത്രിമൂര്‍ത്തികളും മറ്റു ദേവതകളും ആരാധിക്കാന്‍ എത്തുന്നതായി സങ്കല്പമുണ്ട്. അതിനാല്‍ മറ്റു ക്ഷേത്രങ്ങളിലുള്ളതുപോലെ ഇവിടെ നിര്‍മ്മാല്യദര്‍ശനം ഇല്ല. അത്താഴപൂജ കഴിഞ്ഞയുടന്‍ തന്നെ ശ്രീകോവില്‍ കഴുകി വൃത്തിയാക്കും. അഭിഷേകം കഴിഞ്ഞതിനുശേഷം മാത്രമാണ് ഭക്തജനങ്ങള്‍ക്കു ക്ഷേത്രനട തുറന്നു നല്‍കുന്നത്.

ശ്രീകുരുംബ വിധാനത്തില്‍പ്പെട്ട ശ്രീകോവിലിനോട് ചേര്‍ന്ന് കൂട്ടികെട്ടിയ രീതിയിലുള്ള മണ്ഡപം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ മണ്ഡപത്തില്‍ ശാന്തി ശുദ്ധിയുള്ളവര്‍ മാത്രമേ കയറാന്‍ പാടുള്ളൂ. രുരുജിത് വിധാനത്തിലുള്ള ക്ഷേത്രങ്ങളില്‍ ഒരു രഹസ്യഗുഹാമാര്‍ഗ്ഗം ഉണ്ടായിരിക്കും. ശ്രീകോവിലിനോട് ചേര്‍ന്നോ അല്ലെങ്കില്‍ മണിക്കിണറിനോട് ചേര്‍ന്നോ ഒക്കെയാകാം ഈ ഗുഹാമാര്‍ഗ്ഗം. വര്‍ഷത്തിലൊരിക്കല്‍ കാളിയാമത്തില്‍ നടത്തിയിരുന്ന പൂജയുടെ ഒരു ഭാഗം ഈ ഗുഹാമാര്‍ഗ്ഗത്തില്‍ വെച്ചാണത്രെ നടത്തിയിരുന്നത്. ഇവിടയുണ്ടായിരുന്ന വിശേഷ പൂജ പ്രാചീനകാലത്ത് കൗള സമ്പ്രദായത്തിലുള്ളതായിരുന്നെന്നും ആദിശങ്കരാചാര്യരുടെ വരവോടെ ദക്ഷിണാചരത്തിലേക്ക് ചിട്ടപ്പെടുത്തിയതാണെന്നും പറയപ്പെടുന്നു. ഈ പൂജ കാളി യാമത്തില്‍ തന്നെയാണ് നടത്തേണ്ടതെന്നു ക്ഷേത്രത്തില്‍ ഈയിടെ നടന്ന അഷ്ടമംഗല്യ പ്രശ്‌നത്തില്‍ പ്രത്യേകം പ്രതിപാദിക്കുകയുണ്ടായി. മലബാര്‍ ഭാഗത്തുള്ള രുരുജിത് വിധാന ക്ഷേത്രങ്ങളിലെല്ലാം കൗള സമ്പ്രദായത്തിലുള്ള ആരാധാനക്രമങ്ങള്‍ നടന്നു വരുന്നുണ്ട്

സപ്തമാതൃക്കള്‍ക്കു പുറമെ ക്ഷേത്രത്തിലെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള ഗണപതി പ്രതിഷ്ഠ മഹാസിദ്ധഗണപതി (ശ്രീവിദ്യാഗണപതി) യാണ്. ക്ഷേത്രത്തിനുപുറത്ത് വടക്കു കിഴക്കേ മൂലയിലുള്ള ക്ഷേത്രപാലകന്റെ പ്രതിഷ്ഠ വടുക ഭൈരവനാണ്. പുറത്ത് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള പ്രതിഷ്ഠ വസൂരിമാല എന്നറിയപ്പെടുന്നു. അത്താഴപൂജയ്ക്കു ശേഷമുള്ള ഗുരുതിപൂജ ഇവിടെയാണ് നടക്കുന്നത്.

ക്ഷേത്രത്തിന്റെ തെക്കുഭാഗം ഏകദേശം അഞ്ഞൂറ് മീറ്ററോളം മാറി ഒരു പ്രതിഷ്ഠയുണ്ട്. കണ്ണകി മധുരാനഗരം ചുട്ടെരിച്ചു വലിച്ചെറിഞ്ഞ ചിലമ്പ് അവിടെയാണ് വീണതെന്നും അവിടെ ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തണമെന്നും അന്നത്തെ രാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവനു സ്വപ്ന ദര്‍ശനം ഉണ്ടാകുകയും അതിന്‍ പ്രകാരം ഹിമാലയത്തില്‍ നിന്നും അഞ്ജന ശില കൊണ്ടുവന്നു വിഗ്രഹമുണ്ടാക്കി ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തി എന്നാണ് ഐതിഹ്യം.

പിന്നീട് ഇവിടത്തെ ചൈതന്യത്തെ ആവാഹിച്ച് കൊടുങ്ങല്ലൂര്‍ ദേവിയില്‍ ലയിപ്പിച്ചതാണ്. അല്ലാതെ കൊടുങ്ങല്ലൂരമ്മ കണ്ണകിയും ക്ഷേത്രപാലകന്‍ കോവലനുമല്ല.

എന്തുകൊണ്ടാണ് ശ്രീകുരുംബാ ഭഗവതി എന്നുപറയുന്നത് എന്ന് പരിശോധിക്കാം.

ശ്രീ + – സൗഭാഗ്യം

കുരു + സംസ്‌കൃതത്തില്‍ ക്രിയാ പദമായി എടുക്കുമ്പോള്‍ ‘ചെയ്യുന്ന” അല്ലെങ്കില്‍ തരുന്ന എന്നര്‍ത്ഥം വ്യവക്ഷിക്കാം

അംബ – അമ്മ സൗഭാഗ്യം ചെയ്യുന്ന, സൗഭാഗ്യത്തെ നല്‍കുന്ന അമ്മ എന്ന അര്‍ത്ഥത്തില്‍ ശ്രീകുരുംബ എന്ന പദം വ്യാഖ്യാനിക്കാം

മറ്റൊരു തരത്തിലും വ്യവക്ഷിക്കാം

ഗുരു + അംബാ

ഇവിടെ ഗുരു – ദക്ഷിണാ മൂര്‍ത്തി ( ശിവന്‍ )

അംബ – അമ്മ (ശക്തി)

ശ്രീ ഗുരുഃ അംബാ ഭഗവതി ക്ഷേത്രം എന്നത് ശ്രീകുരുംബാ ഭഗവതി ക്ഷേത്രം
ഇവിടെ ഗുരു സങ്കല്പത്തില്‍ (ദക്ഷിണാമൂര്‍ത്തി ) സാക്ഷീ ഭാവത്തിലുള്ള ശിവനാണ്

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.