കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല

വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു  വാചകമുണ്ട്. 

"കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല"

 ഇതിനോടനുബന്ധിച്ച് ഒരു കഥ പറയാം.

ഒരു ഗ്രാമത്തിൽ മൺപാത്രങ്ങൾ  ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന ഒരു സാധു സ്ത്രീ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനായിരുന്നു അവരുടെ ഇഷ്ടദേവത. എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി നാമം ജപിച്ചതിനു ശേഷം മാത്രമേ അവർ നിത്യകർമ്മങ്ങൾ ചെയ്യുകയുള്ളൂ.

 പക്ഷേ ഭഗവാന്റെ ഒരു ചിത്രം പോലും അവിടെ ഉണ്ടായിരുന്നില്ല. ഒരു ശ്രീകൃഷ്ണ  വിഗ്രഹം വേണമെന്ന് അവർക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങിനെ ഒരു ദിവസം അവർ മണ്ണുകൊണ്ട്   ഒരു വിഗ്രഹം ഉണ്ടാക്കാമെന്ന്  തീരുമാനിച്ചു. സദാ  മനസ്സിൽ താലോലിച്ചിരുന്ന ബാലഗോപാലന്റെ  വിഗ്രഹം ഉണ്ടാക്കി.

 പീതാംബരം ധരിച്ച ഒരു കൊച്ചുവിഗ്രഹം. അന്നു മുതൽ ആ അമ്മയുടെ കൂടെ സദാ കണ്ണനുണ്ടാവും. എന്നും അവർ കണ്ണനെ  കുളിപ്പിച്ച് മനോധർമ്മംപോലെ  അലങ്കരിക്കും. ആ അമ്മ എന്ത് ആഹാരമുണ്ടാക്കിയാലും കണ്ണനു നൽകിയിട്ട് മാത്രമേ കഴിക്കുകയുള്ളൂ. അവർ സദാ കണ്ണനോട് സംസാരിക്കും. കൂടെ കിടത്തി ഉറക്കും. ഇതെല്ലാം കണ്ട് കൗതുകത്തോടെ അടുത്ത വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ ആ അമ്മയുടെ  അടുത്തെത്തി.

 അവർ സന്തോഷത്തോടെ ഒത്തൊരുമിച്ച് ഇരുന്ന് നാമം ജപിക്കും. ഭജനകൾ പാടും. ഭഗവാന്റെ കഥകൾ പറയും.
ഭഗവാന് നേദിച്ച പഴവും കൽക്കണ്ടവുമെല്ലാം അവർ ആ കുഞ്ഞുങ്ങൾക്ക് നൽകും.  ഇതു കണ്ട് എല്ലാവരും അവരെ പരിഹസിക്കാൻ തുടങ്ങി. ഇത് ഭക്തിയൊന്നുമല്ല. ഈ മൺപ്രതിമ ഇങ്ങനെ ഭഗവാനാകും? 

 ഇതിനെ എന്തിനാണ് സദാ കൂടെ കൊണ്ടു നടക്കുന്നത്. പ്രതിമ ആഹാരം കഴിക്കുമോ? ഇതെല്ലാം വെറും ഭ്രാന്താണ്. എല്ലാവരുടെയും പരിഹാസങ്ങൾ കേട്ടിട്ടും ആ സാധുസ്ത്രീ പറയാതെ പുഞ്ചിരിച്ചതേയുള്ളൂ. അവരുടെ നിസ്സംഗഭാവം കണ്ട് ചിലർക്ക് അവരോട് കടുത്ത ദേഷ്യം തോന്നി. അവരെല്ലാം കൂടി മഹാരാജാവിന്റെ അടുത്തുചെന്ന് ആണ് സാധു സ്ത്രീയ്ക്കെതിരെ പരാതി ബോധിപ്പിച്ചു. 

ആ സ്ത്രീ കൊച്ചു കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നു എന്നും പറഞ്ഞു. മഹാരാജാവ് ഭടന്മാരോട് ആ സ്ത്രീയെ തന്റെ മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അവരെ രാജഭടന്മാർ വന്നു പിടിച്ചുകൊണ്ടുപോയി രാജാവിനു മുന്നിൽ നിർത്തി.

അപ്പോഴും അവർ ആ ശ്രീകൃഷ്ണവിഗ്രഹം എടുക്കാൻ മറന്നില്ല. മഹാരാജാവ് അവളെ വിചാരണ ചെയ്തു.

അവൾ വിനയത്തോടെ പറഞ്ഞു. 

"മഹാരാജൻ അടിയൻ തെറ്റൊന്നും  ചെയ്തിട്ടില്ല. ഇത് അടിയന്റെ ഉപാസനാമൂർത്തിയായ ശ്രീകൃഷ്ണനാണ്  എനിക്ക് എല്ലാം എന്റെ കണ്ണനാണ് ." 

അവരുടെ നിഷ്കളങ്കമായ മറുപടി കേട്ട് രാജാവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഇത് വെറും മൺവിഗ്രഹമല്ലേ? ഇതെങ്ങനെ ഭഗവാനാകും? ഇതിനെ എന്തിനാണ് അനാവശ്യമായി  അണിയിച്ചൊരുക്കുന്നത്?"    രാജാവിന്റെ ചോദ്യത്തിന് മറുപടി പറയാതെ ആ സ്ത്രീ  പരിസരം വീക്ഷിച്ചു. 

സദസ്സിലെ പ്രധാന ചുവരിൽ മഹാരാജാവിന്റെ മരിച്ചുപോയ പിതാവിന്റെ ചിത്രം മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അതിനടുത്ത് ചെന്ന് തന്റെ ചളി പുരണ്ട കൈ ആ ചിത്രത്തിന്റെ മുഖത്ത് തേക്കാൻ ഒരുങ്ങി. രാജാവ് പെട്ടെന്ന് കോപിഷ്ഠനായി.

"എന്ത്? നിനക്ക് ഇത്ര ധിക്കാരമോ? നമ്മുടെ പിതാവിന്റെ മുഖത്ത് ചളിവാരി തേക്കാൻ ഒരുങ്ങുന്നുവോ? "

അപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ആ സ്ത്രീ ചോദിച്ചു.

 " മഹാരാജൻ! ഇത് അങ്ങയുടെ പിതാവല്ലല്ലോ?  കേവലം ഒരു ചിത്രമല്ലേ? ഈ ചിത്രത്തിലെ എന്തിനാണ് ഇത്രയേറെ അലങ്കാരങ്ങൾ? "

രാജാവിന് അതിന് മറുപടി ഇല്ലായിരുന്നു. 

അവർ തുടർന്നു. " ഒരു ചിത്രമാണെങ്കിലും ഇത് കാണുമ്പോൾ അങ്ങേക്ക് പിതാവിനെ ഓർമ്മ വരുന്നു. മരിച്ചു പോയ ഒരു മനുഷ്യനു വേണ്ടി അങ്ങ്  ഇത്രയും വിലപ്പെട്ട ഒരു ചിത്രം വരച്ച് പൂജിക്കുന്നു.

 അങ്ങനെയെങ്കിൽ സർവ്വ പ്രപഞ്ചത്തിലും ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഭഗവത് ചൈതന്യത്തെ ഏതു രൂപത്തിലും, എവിടെ വേണമെങ്കിലും കാണാമല്ലോ.

ഒരു  വിഗ്രഹം കാണുമ്പോൾ,  അത് വെറും  കല്ലാണ്‌, മണ്ണാണ്, ചിത്രമാണ്, എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യമാണ് എന്നല്ലേ ഓർമ്മിക്കേണ്ടത്?   ഇവിടെ കാണുന്നതെല്ലാം ഈശ്വര ചൈതന്യം തന്നെയാണ്  എന്നിരിക്കേ ഏതിലാണ് ഈശ്വരനെ കണ്ടു കൂടാത്തത്?

 ഓരോ മനസ്സിനും ഇണങ്ങുന്ന രൂപത്തിൽ ഏതിൽ വേണമെങ്കിലും ഭഗവാനെ സങ്കൽപ്പിക്കാം.  ഭാവഗ്രാഹിയ ഭഗവാൻ നമ്മൾ സങ്കൽപ്പിക്കുന്ന ഭാവത്തിൽ സദാ നമ്മുടെ കൂടെയുണ്ടാകും. അതിന്റെ പ്രത്യക്ഷ തെളിവാണ് അടിയന് ഇപ്പോൾ അങ്ങയുടെ മുന്നിൽ പതറാതെ ധൈര്യത്തോടെ ശാന്തമായി നിൽക്കാൻ  കഴിഞ്ഞത്" ഇതെല്ലാം കേട്ട് രാജാവ് അത്ഭുതപ്പെട്ടു പോയി.

 കുലത്തിലും പാണ്ഡിത്യത്തിലും ധനത്തിലും എത്രയോ ദരിദ്രരയാണെങ്കിലും  ഭക്തിയുടെ തലത്തിൽ ഇവർ മഹാറാണി തന്നെ. ഭഗവാനെ അറിയുന്നതിൽ ഇവർ  പരമ പണ്ഡിത തന്നെ. മഹാരാജാവ് നിറഞ്ഞ കണ്ണുകളോടെ അവരുടെ കാലിൽ വീണു നമസ്കരിക്കാൻ ഒരുങ്ങി.

 അവർ  രാജാവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു. " അരുത് മഹാരാജൻ ഒരിക്കലും നശ്വരമായ ശരീരത്തെ നമസ്ക്കരിക്കരുത്. ശരീരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അങ്ങ് മഹാരാജാവും അടിയൻ അങ്ങയുടെ പ്രജയുമാണ്. ആത്മീയ തലത്തിൽ നാം രണ്ടും ഒരേ ചൈതന്യമാണ്. അതുകൊണ്ട് അടിയനെ നമസ്കരിക്കാൻ പാടില്ല. അവരെ പരിഹസിച്ച എല്ലാവരും പശ്ചാത്താപത്തോടെ തല കുനിച്ചു. ഈ കഥ എല്ലാവർക്കും വേണ്ടവിധം ഉൾക്കൊള്ളാൻ കഴിയട്ടെ.

ഭാഗവതം പറയുന്നു 

"യേനകേനാപ്യുപായേന മനഃ കൃഷ്ണേ നിവേശയേത്"

 ഏതു വിധത്തിലായാലും എന്നിൽ മനസ്സെത്തിയാൽ ഞാനയാളുടെയാണ് എന്നാണ് കണ്ണന്റെ മതം. തന്നിലെത്തിയ മനസ്സിനെ കണ്ണൻ ഇല്ലാതെയാക്കും. നമ്മുടെ മനസ്സാകുന്ന വെണ്ണ കണ്ണൻ നാമറിയാതെ കവർന്നെടുക്കും.

 എങ്കിൽ ശരി ഇതെല്ലാം ആരും കാണാതെ  ഒരിടത്ത് അല്ലെങ്കിൽ അവനവന്റെ ഗൃഹത്തിൽ ഇരുന്ന് ചെയ്ത് സ്വയം സന്തോഷിച്ചാൽ പോലെ എന്നൊരു പക്ഷമുണ്ട്. അതുപോരാ. എല്ലാവരെയും കൃഷ്ണാനന്ദത്തിലേക്ക് അടുപ്പിക്കണം . നമ്മൾ കാണാറില്ലേ ഒരു കാക്കയ്ക്ക് രണ്ടു വറ്റു കിട്ടിയാൽ അത് എല്ലാവരെയും വിളിച്ച് വരുത്തും.

 അതുപോലെ നമ്മുടെ ഭഗവത് പ്രേമവും എല്ലാവർക്കും പകർന്ന് എല്ലാവരെയും ഭഗവാനിലേക്ക് അടുപ്പിക്കണം. സുകൃതികളായവർ പെട്ടന്ന് ഓടിവരും. എല്ലാവരുടെ ഹൃദയത്തിലും കൃഷ്ണപ്രേമം നിറഞ്ഞു തുളുമ്പട്ടെ.....  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.