പ്രശ്നക്രിയകള്‍ നടക്കുന്നത് ചിലപ്പോള്‍ ദൈവജ്ഞന്‍റെ വീട്ടിലും ചിലപ്പോള്‍ പൃഛകന്‍റെ വീട്ടിലുമാകാം. ചെറിയ തല്‍കാല പ്രശ്നങ്ങള്‍ മാത്രമേ ദൈവജ്ഞന്‍റെ വീട്ടില്‍ വെച്ച് നടത്താറുള്ളു. കുടുംബപ്രശ്നവും അഷ്ടമംഗല പ്രശ്നവും മറ്റും പൃഛകന്‍റെ വീട്ടില്‍ വച്ച് നടത്തുന്നതാണ് പതിവ്. ഒരു കുടുംബപ്രശ്നത്തിന് വേണ്ടി പൃഛകന്‍ ദൈവജ്ഞനെ സമീപിച്ച് തനിക്കുവേണ്ടി ഒരു പ്രശ്നം വയ്ക്കണം എന്നും അതിനുവേണ്ടി സൗകര്യം ഉള്ള ഒരു ദിവസം തന്‍റെ വീട്ടില്‍ വരണമെന്നും ക്ഷണിക്കുന്നു. പൃഛകനോ ദൂതനോ ദൈവജ്ഞനെ സമീപിക്കുന്ന സമയത്ത് കാണുന്ന 1). സമയം, 2). ദേശം, 3). ശ്വാസം, 4). മനോദശ, 5). അംഗസ്പര്‍ശം, 6). ദൂതന്‍ നില്‍ക്കുന്ന രാശി, 7). ദൂതന്‍ നില്‍ക്കുന്ന ദിക്ക്, 8). പ്രശ്നാക്ഷരങ്ങള്‍, 9). ദൂതന്‍റെ പൃഛകന്‍റെ ഹാവഭാവങ്ങള്‍, 10). ദൂതചേഷ്ട, 11). ദൂതദൃഷ്ടി, 12). ദൂതന്‍റെ വസ്ത്രാഭരണങ്ങള്‍, 13). ദൂത ദൈവജ്ഞസമാഗമകാലത്ത് കാണുന്ന നിമിത്തങ്ങള്‍ എന്നിവയെപ്പറ്റി ദൈവജ്ഞന്‍ (ജ്യോതിഷി) മനസ്സിലാക്കിയിരിക്കണം.
പൃഛകന്‍റെ ഗൃഹത്തില്‍ വെച്ച് നടക്കുന്ന കുടുംബപ്രശ്നാദികള്‍ക്ക് വേണ്ടി ദൈവജ്ഞന്‍ പൃഛകഗൃഹത്തിലേയ്ക്ക് പോകേണ്ടി വരുമല്ലോ. ആ സമയത്ത് ദൈവജ്ഞന് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും, മാര്‍ഗ്ഗമധ്യത്തിലും പൃഛകഗൃഹപ്രവേശ സമയത്തും പ്രശ്നക്രിയകള്‍ നടക്കുമ്പോഴും പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകും. ഈ അനുഭവങ്ങളില്‍ നിന്ന് പ്രശ്നകര്‍ത്താവിന് അനുകൂലങ്ങളായോ പ്രതികൂലങ്ങളായോ ഉള്ള ഫലങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ദൈവജ്ഞന് സാധിക്കുന്നു.