പ്രശ്നസമയത്ത് പൃഛകനും ദൈവജ്ഞനും ദുഷ്ടിവിഷയമാകുന്ന ശുഭങ്ങളും അശുഭങ്ങളും ആകുന്ന മാനസികാനുഭവങ്ങളും ശകുനാദികളും പ്രശ്നഫലത്തെപ്പറ്റി മുന്‍ കൂട്ടി അറിവ് നല്‍കുകയും ചെയ്യുന്നു.
പ്രശ്നക്രിയാ സമയത്ത് ആരെങ്കീലും എന്തെങ്കിലും പറയുകയോ ദൈവജ്ഞന്‍ എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്‌താല്‍ പ്രശ്നഫലം അതുമായി ബന്ധപ്പെട്ടിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോഴോ ആ കാര്യത്തിന് വേണ്ടി പുറപ്പെടുമ്പോഴോ ആ കാര്യവുമായി ബന്ധപ്പെട്ട വസ്തു ദൃഷ്ടി വിഷയമായാല്‍ ആ കാര്യത്തിന്‍റെ ലാഭം ഉണ്ടാകും.
വിവാഹപ്രശ്നം നടന്നു കൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ ഒരുമിച്ചു വരുന്നതായോ ആരെങ്കിലും പുതിയ വസ്ത്രം കൊണ്ടുവരുന്നതായോ കണ്ടാല്‍ വിവാഹം നടക്കുമെന്ന് പറയാം. അതുപോലെ വിവാഹ പ്രശ്ന സമയത്ത് ആരെങ്കിലും ഏതെങ്കിലും ദ്വാരത്തില്‍ വിരല്‍ കടത്തുന്നത് കണ്ടാല്‍ പെണ്‍കുട്ടി ദുര്‍നടപടിക്കാരിയാണെന്നുള്ള സൂചന ലഭിക്കുന്നു.
സന്താന പ്രശ്നം നടക്കുമ്പോള്‍ ആരെങ്കിലും ലേഖനോപകരണങ്ങള്‍ കൊണ്ട് വരിക, പുസ്തകം തുടങ്ങിയ വിദ്യാഭ്യാസോപകരണങ്ങള്‍ കാണുക, കുട്ടികളുടെ കാലില്‍ കെട്ടുന്ന ചിലങ്ക മുതലായവ കാണുക, ഗര്‍ഭിണി, ബാലകന്‍ മുതലായവര്‍ പ്രശ്നസ്ഥലത്ത് വരുക ഇങ്ങനെ വന്നാല്‍ സന്താനലാഭം ഉണ്ടാകുമെന്ന് പറയാം. ഇതിനു പകരം ആരെങ്കിലും പ്രശ്നസ്ഥലത്ത് നിന്ന് പുറത്തുപോകുക ഇങ്ങനെ വന്നാല്‍ സന്താന മൃത്യു സംഭവിക്കും.
ഒരു കാര്യത്തിനുവേണ്ടി പുറപ്പെടുമ്പോള്‍ ഫലമോ സ്വര്‍ണ്ണമോ കണ്ടാല്‍ ഫലസിദ്ധിയുണ്ടാകും.
രോഗപ്രശ്ന സമയത്ത് മരണാണാനന്തരക്രിയകള്‍ക്കുപയോഗിക്കുന്ന ചെറുപുഷ്പം, ദര്‍ഭ, എള്ള്, അഗ്നി, കോടിവസ്ത്രം, തൈര്, പിതൃകര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവയെക്കണ്ടാല്‍ മരണം സംഭവിക്കും.
രണ്ടു ആളുകളെപ്പറ്റി പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ കൈകോര്‍ത്തുപിടിച്ചുകൊണ്ടു വരുന്നതോ ഒരാള്‍ തനിച്ചു വരുന്നതോ കണ്ടാല്‍ സന്ധി ഉണ്ടാകും എന്ന് പറയാം. നേരെ മറിച്ച് എന്തെങ്കിലും മുറിയുന്നതോ പിളരുന്നതോ കണ്ടാല്‍ സന്ധി ഉണ്ടാകുകയില്ല എന്ന് പറയണം