ഇരുട്ടത്താണോ, വെളിച്ചത്തോ പ്രസവമുണ്ടായതെന്നും, കട്ടിള, കിടക്ക, നിലം മുതലായി ഏതു സ്ഥലത്ത് കിടന്നാണ് പ്രസവിച്ചതെന്നും പറയണം

മന്ദര്‍ക്ഷാംശേ ശശിനി ഹിബുകേ, മന്ദദൃഷ്ടേƒബ്ജഗേ വാ
തദ്യുക്തേ വാ, തമസി ശയനം നീചസംസ്ഥൈശ്ച ഭൂമൗ
യദ്വദ്രാശിര്‍വ്രജതി ഹരിജം ഗര്‍ഭമോക്ഷസ്തു തദ്വത്
പാപൈശ്ചന്ദ്രാത് സ്മരസുഖഗതൈഃ ക്ലേശമാഹുര്‍ജ്ജനന്യാഃ

സാരം :-

1). ജനനസമയത്തെ ചന്ദ്രന്‍ ശനിക്ഷേത്രത്തിലോ ശനി നവാംശകത്തിലോ ലഗ്നാല്‍ നാലാം ഭാവത്തില്‍ നില്‍ക്കുക, അല്ലെങ്കില്‍ 2). ഏതു ഭാവത്തിലായാലും വേണ്ടതില്ല ചന്ദ്രന്‍ ജലരാശിയില്‍ നില്‍ക്കുകയും ശനിദൃഷ്ടിയുണ്ടാവുകയും ചെയ്ക, അതുമല്ലെങ്കില്‍ 3). ജലരാശിസ്ഥിതനായ ചന്ദ്രന് ശനിയുടെ യോഗമുണ്ടാവുക; ജനനസമയത്ത് മേല്‍പറഞ്ഞ മൂന്നു യോഗങ്ങളിലൊന്നുണ്ടായാല്‍ ഇരുട്ടതാണ് പ്രസവിച്ചതെന്ന് പറയണം. ഈ മൂന്നു യോഗങ്ങളിലും ചന്ദ്രന് സൂര്യന്‍റെ യോഗമോ പൂര്‍ണ്ണദൃഷ്ടിയോ ഉണ്ടെങ്കില്‍ ഇരുട്ടത്തല്ലെന്നും ഒരു അഭിപ്രായമുണ്ട്. "തമോനാര്‍ക്കദൃഷ്ടയുത ഉഡുപേ" എന്ന് പ്രമാണമുണ്ട്.

ഈ മൂന്നു യോഗങ്ങളെത്തന്നെ ആറ് യോഗങ്ങളാക്കി കല്‍പ്പിക്കേണമെന്നും ഒരു അഭിപ്രായമുണ്ട്. അത് ഇവിടെ കാണിക്കാം. 1). ചന്ദ്രന്‍ ശനിക്ഷേത്രത്തില്‍ നില്‍ക്കുക, 2). ചന്ദ്രന്‍ ശനിനവാംശകത്തില്‍ നില്‍ക്കുക. 3). ചന്ദ്രന് ശനിദൃഷ്ടിയുണ്ടാവുക; 4). ചന്ദ്രനും ശനിയും തമ്മില്‍കൂടുക; 5). ചന്ദ്രന്‍ ലഗ്നാല്‍ നാലില്‍ നില്‍ക്കുക; 6) ചന്ദ്രന്‍ ജലരാശിയില്‍ നില്‍ക്കുക; ജനനസമയത്ത് ഈ ആറില്‍ ഒന്നുണ്ടായാല്‍ പ്രസവം ഇരുട്ടത്താണെന്നാണ് പറയണം.

ശനിഭവനേ, ശന്യംശേ, തദീക്ഷിതേ, തദ്യുതേ സുഖേ ജലഭേ ഷഡ്വിധ ഇന്ദൗ സുരതം തമസി - എന്ന് കൃഷ്ണീയത്തിള്‍ സുരതപ്രശ്നവിഷയത്തില്‍ പറയുന്നതിനാല്‍ ഈ ഒടുവില്‍ പറഞ്ഞ പക്ഷത്തിനാണ് അധികം പ്രാമാണ്യമെന്നും അറിയുക. ഭോജനപ്രശ്നം, സുരതപ്രശ്നം, ചോരപ്രശ്നം, കിടപ്പിന്‍റെ സ്ഥലം മുതലായി ഇരുട്ടോ വെളിച്ചമോ എന്നറിയേണ്ട സ്ഥലത്തൊക്കയും മേല്‍പറഞ്ഞ യോഗങ്ങളെക്കൊണ്ട് ഫലം വിചാരിയ്ക്കാം.

പ്രസവസമയത്ത് മൂന്നില്‍ കുറയാതെ ഗ്രഹങ്ങള്‍ നീചസ്ഥന്മാരാണെങ്കില്‍, ദാരിദ്രാദികളാല്‍ കട്ടില്‍ മുതലായ കിടപ്പുസാമാനങ്ങളില്ലായ്ക നിമിത്തം നിലത്ത് കിടന്നാണ് പ്രസവിച്ചതെന്ന് പറയുക. കേവലം മാതൃകാരകനായ ചന്ദ്രന്‍ നീചസ്ഥനായാലും, നിലത്തു കിടന്നാണ് പ്രസവിച്ചതെന്നും ചിന്തിയ്ക്കാമെന്നു യുക്തിവശാല്‍ വരുന്നുണ്ട്. ലഗ്നാല്‍ പന്ത്രണ്ടാംഭാവാധിപനും അവിടെ നില്‍ക്കുന്നവനും നീചസ്ഥന്മാരായാലും, പ്രസവം നിലത്തുകിടന്നിട്ടാണെന്നു പറയാം. നേരെ മറിച്ച് മേല്‍പറഞ്ഞ രണ്ടു ഗ്രഹങ്ങളും ഉച്ചസ്ഥന്മാരായാല്‍ കട്ടില്‍ കിടയ്ക്ക മുതലായ ഉല്‍കൃഷ്ടശയ്യയില്‍ കിടന്നാണ് പ്രസവിച്ചതെന്നും വരുമല്ലോ. ഈ പറഞ്ഞ യുക്തിയെ ഭോജനപ്രശ്നവിഷയത്തില്‍ മറ്റൊരു ഗ്രന്ഥകാരന്‍.

"വ്യായാധിപേ തുംഗഗതേ തു ഖട്വാതല്‌പാദികേ രിഫഗതേ ഗ്രഹേ വാ നീചസ്ഥിതൗ രിഫപതദ്ഗതൗ ചേദ്‌ഭുക്തസ്തദാ കേവലഭൂമിശായീ".

എന്ന പ്രമാണവചനംകൊണ്ട് അനുവദിയ്ക്കുന്നുമുണ്ട്. ജാതക പ്രശ്നാദികളില്‍ കിടന്ന് സ്ഥാനാദിഗുണങ്ങളറിയേണ്ടിടങ്ങളിലൊക്കയും മേല്‍പറഞ്ഞതു കൊണ്ട് ഫലം ചിന്തിയ്ക്കാവുന്നതാണെന്നും ധരിയ്ക്കുക.

ഒന്നാമദ്ധ്യായത്തിലെ പത്താം ശ്ലോകം കൊണ്ട് പറഞ്ഞപ്രകാരം നോക്കുമ്പോള്‍ പ്രസവകാലത്തെ ഉദയലഗ്നം എപ്രകാരമാണോ ഉദിയ്ക്കുന്നതു പ്രസവിച്ചതു അപ്രകാരമാണെന്നു പറയാവുന്നതാണ്. ഇതിനെ ഒന്നുകൂടി വിവരിയ്ക്കാം. ലഗ്നം മേടം രാശിയിലാണെങ്കില്‍ പൃഷ്ഠവും, ചിങ്ങമാണെങ്കില്‍ കമിഴ്ന്നും ആണ് പ്രസവമുണ്ടായതെന്നും പറയാം.

"യാദ്വദ്രാശിര്‍വ്രജതി ഹരിജം - " യാതൊരു പ്രകാരത്തിലാണോ ലഗ്നരാശി പൂര്‍വ്വക്ഷിതിജത്തെ പ്രാപിയ്ക്കുന്നത് എന്ന് മാത്രം പറഞ്ഞതുകൊണ്ട് വേറെയും അര്‍ത്ഥം സൂചിപ്പിച്ചിട്ടുണ്ട്. ലഗ്നം ഊര്‍ദ്ധ്വമുഖമാണെങ്കില്‍ മലന്നും തിര്യങ്മുഖമാണെങ്കില്‍ ചെരിഞ്ഞും, അധോമുഖമാണെങ്കില്‍ കമിഴ്ന്നും ആണ് പ്രസവമുണ്ടായതെന്നും പറയാം.

ചന്ദ്രനോടുകൂടിയും ചന്ദ്രന്‍റെ 4 - 7 എന്നീ ഭാവങ്ങളിലും പാപന്മാരുണ്ടായാല്‍ മാതാവിന് ദുഃഖമുണ്ടാവുമെന്നു പറയണം. നേരെ മറിച്ച് അവിടങ്ങളില്‍ ശുഭന്മാര്‍ നിന്നാല്‍ സുഖപ്രസവാദികളില്‍ സൌഖ്യമുണ്ടാവുമെന്നും പറയണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.