പിതൃമാതൃഗൃഹേഷുതദ്ബലാത്
തരുസാലാദിഷു നീചഗൈഃ ശുഭൈഃ
യദി നൈകഗതൈസ്തു വീക്ഷിതൌ
ലഗ്നേന്ദു വിജനേ പ്രസൂയതേ
സാരം :-
എപ്പോഴും ഒമ്പതാം ഭാവാധിപന്‍ പിതൃഗ്രഹമാണ്. ജനനം പകലാണെങ്കില്‍ സൂര്യനും, രാത്രിയാണെങ്കില്‍ ശനിയും പിതൃഗ്രഹങ്ങളാകുന്നു. അപ്രകാരം തന്നെ നാലാംഭാവാധിപന്‍ മാതൃഗൃഹമാണ്, പകലാണ് ജനനമെങ്കില്‍ ശുക്രനും, രാത്രിയാണെങ്കില്‍ ചന്ദ്രനും മാതൃഗ്രഹങ്ങളുമാകുന്നു.
ജനനസമയത്തിങ്കല്‍ പിതൃമാതൃഗ്രഹങ്ങളില്‍ വെച്ച് ബലം അധികമുള്ളത്തിന്‍റെ ഗൃഹത്തിലാണ് ജനനമെന്നും പറയാവുന്നതാണ്. ഈ അദ്ധ്യായത്തിലെ എട്ടാം ശ്ലോകം മുതല്‍ക്ക് ആറ് ശ്ലോകംകൊണ്ട് പറഞ്ഞ യോഗങ്ങളൊന്നും ഇല്ലെങ്കില്‍ മാത്രമേ ഈ പറഞ്ഞ വിധം ചിന്തിയ്ക്കേണ്ടതുള്ളു. ഉച്ചം, വക്രം മുതലായതുകളാല്‍ ഈ പറഞ്ഞ പിതൃഗ്രഹങ്ങള്‍ക്കാണ് ബലാധിക്യമുള്ളതെങ്കില്‍ പിതൃഗൃഹത്തിലും, മാതൃഗ്രഹങ്ങള്‍ക്കാണ് ബലാധിക്യമുള്ളതെങ്കില്‍ മാതൃഗൃഹത്തിലും പിതൃമാതൃഗ്രഹങ്ങള്‍ ബലഹീനന്മാരും മറ്റു ഗ്രഹങ്ങള്‍ ബലവാന്മാരുമാണെങ്കില്‍ അന്യഗൃഹത്തിലുമാണ് പ്രസവിച്ചതെന്നും പറയണം.
ശുഭഗ്രഹങ്ങളൊക്കയും നീചസ്ഥന്മാരായാല്‍ മരങ്ങളുടെ ചുവട്, മതിലിന്‍റെ സമീപം, തോടുവക്ക്, പുഴവക്ക് മുതലായ മറവില്ലാത്ത സ്ഥലങ്ങളിലാണ് പ്രസവിച്ചതെന്ന് പറയേണ്ടതാണ്. മൂലംകൊണ്ട് സ്പഷ്ടമായിട്ടില്ലെങ്കിലും ലഗ്നാധിപന്‍ നീചസ്ഥനായാലും ഈ ഫലം അനുഭവിക്കുന്നതാണെന്ന് വിചാരിക്കാം. ഗ്രഹങ്ങള്‍ നീചസ്ഥന്മാരായാല്‍ അവര്‍ മാനഹാനി, മനോവേദന മുതലാതുകളെ സൂചിപ്പിക്കുന്നവരാകുന്നു. "നീചസ്ഥിതേരിപുനിപീഡനമന്യദേശയാനം പദാല്‍ ച ചലനം ധനഹാനി ദൈന്യേ" എന്നുണ്ട്.
ഗ്രഹങ്ങളൊക്കയും ഒരു രാശിയില്‍ നില്‍ക്കുക, ഇവര്‍ വേറെ വേറെ നില്‍ക്കുന്ന ലഗ്നചന്ദ്രന്മാരെ അരയ്ക്കാല്‍, കാല്‍ ഇങ്ങിനെ സ്വല്പദൃഷ്ടി കൊണ്ടുപോലും നോക്കാതിരിയ്ക്കുക, ഈ ലക്ഷണങ്ങളുണ്ടായാല്‍ മരച്ചുവട് മുതലായ അനാവൃതസ്ഥലങ്ങളിലാണെങ്കില്‍ കൂടി പ്രസവസമയത്ത് വേറെ ഒരു മനുഷ്യരും ഉണ്ടായിരുന്നില്ലെന്ന് പറയേണ്ടതാണ്. ലഗ്നവും, ചന്ദ്രനും ഒന്നിച്ചായാലും വേറെ ആയാലും വേണ്ടതില്ല ആ രണ്ടിനേയും അധികം ഗ്രഹങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ വളരെ ജനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് പ്രസവിച്ചതെന്നും മേല്‍പറഞ്ഞതുകൊണ്ടുതന്നെ വന്നുകൂടി. മുന്‍പറഞ്ഞവിധം വിജനസ്ഥലത്ത് പ്രസവിക്കുവാനുള്ള ലക്ഷണമുണ്ടാവേണമെങ്കില്‍ ലഗ്നാല്‍ രണ്ടില്‍ ചന്ദ്രനും മൂന്നില്‍ മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുകതന്നെ വേണമെന്നും അറിക.