വിവാഹ പൊരുത്തശോധനയിലെ പ്രധാന അടിസ്ഥാനം നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങളുടെ അടിസ്ഥാനം ചന്ദ്രനും, അതുപോലെ രാശിപ്പൊരുത്തത്തിലും രാശ്യാധിപപ്പൊരുത്തത്തിലും ചന്ദ്രാധിഷ്ഠിത രാശിയുമാണ് അടിസ്ഥാനം.
പൊരുത്തശോധനയില്‍ നവാംശാധിപന്‍, ഭാവാധിപന്‍, ഗ്രഹയോഗം, ഗ്രഹദൃഷ്ടി, സ്ത്രീപുരുഷ നക്ഷത്രാധിപന്‍ ഇവരെ കണക്കാക്കിക്കാണുന്നില്ല. ഇതു വലിയ കുറവാണ്. പൊരുത്തശോധനയോടൊപ്പം സ്ത്രീപുരുഷ ജാതകപൊരുത്തം കൂടി നോക്കിയാലെ ദമ്പതികളുടെ യോജിപ്പിനെ കുറിച്ചുള്ള തീരുമാനം പൂ൪ണ്ണമാകു. സ്ത്രീപുരുഷന്മാരുടെ ജാതകം നല്ലപോലെ പരിശോധിച്ച് അവരുടെ ആരോഗ്യം, മനഃസ്ഥിതി, ആയുസ്സ്, സാമ്പത്തികം, ഭാഗ്യം, സന്താനം, പരസ്പരധാരണ, യോജിപ്പ്, അഭിരുചി മുതലായവയിലും കൂടി പൊരുത്തം ഉണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതാണ്. സ്ത്രീപുരുഷജാതകങ്ങളില്‍ ദീ൪ഘായുസ്സും പരസ്പരയോജിപ്പും സാമ്പത്തികആനുകൂല്യവും ഉണ്ടാകുമെങ്കില്‍ പൊരുത്തം കുറവായാലും ആ ജാതകങ്ങള്‍ യോജിപ്പിക്കാം. പൊരുത്തം ഉണ്ടെങ്കിലും ആയു൪ബലവും പരസ്പരധാരണയും സാമ്പത്തിക ഭദ്രതയും സന്താനഭാഗ്യവും ജീവിതസുഖവും ഇല്ലാത്ത ജാതകങ്ങള്‍ യോജിപ്പിക്കരുത്.
പൊരുത്തശോധനയില്‍ സ്ത്രീപുരുഷ ജന്മലഗ്നങ്ങളെപ്പറ്റിയും ലഗ്നാധിപന്മാരെപ്പറ്റിയും, നക്ഷത്രാധിപന്മാരെപ്പറ്റിയും കൂടി പ്രധാനമായി ചിന്തിക്കേണ്ടതാണ്. വിശേഷിച്ചും ലഗ്നാധിപസ്ഥിതി, ലഗ്നാധിപമൈത്രി, നക്ഷത്രാധിപമൈത്രി ഇവ വളരെ പ്രധാനമായി ആലോചിക്കേണ്ടതാണ്.
സ്ത്രീപുരുഷന്മാരുടെ ആയുസ്സ്, ആരോഗ്യം, സാമ്പത്തിക സ്ഥിതി, സ്വഭാവശുദ്ധി, ഭാവി, സന്താനഭാഗ്യം, പരസ്പര സ്നേഹം, അഭിരുചികള്‍ എന്നിവ ലഗ്നശോധന, വിവിധ ഭാവധിപരിശോധന കൊണ്ടേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. പൊരുത്തശോധന കൊണ്ട് മാത്രം ഇത് വ്യക്തമാകുകയില്ല.
പൊരുത്തശോധനയില്‍ പ്രാധ്യാന്യം നക്ഷത്രങ്ങള്‍ക്കാണെന്ന് പറഞ്ഞുവല്ലോ. പലപ്പോഴും ജ്യോതിഷിയുടെ കൈയില്‍ വരുന്ന സ്ത്രീപുരുഷജതകങ്ങളില്‍ നക്ഷത്ര പാദങ്ങള്‍ മാത്രമല്ല പലപ്പോഴും നക്ഷത്രങ്ങള്‍ തന്നെയും തെറ്റായിട്ടാണ് അടയാളപ്പെടുത്തികാണുന്നത്. ഇവയിലെ ശരി തെറ്റ് നോക്കാതെയാണ് പലപ്പോഴും പൊരുത്തശോധന നടത്തി വിവാഹം ഉറപ്പിക്കുന്നത്. ഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
വിവാഹ പൊരുത്തശോധനയും ജാതക പരിശോധനയും പൂ൪ത്തിയാക്കി വിവാഹ നിശ്ചയം ചെയ്യുന്നതിനുമുമ്പെ ഇവരുടെ വിവാഹം അനുകൂലമായിരിക്കുമോ എന്ന് പ്രശ്നം വെച്ചുനോക്കുന്നതു കുറച്ചു കൂടി സൂക്ഷ്മമായിരിക്കും. പ്രശ്നത്തില്‍ ശുഭഗ്രഹങ്ങളുടെ സ്ഥിതി വിവാഹഭാവത്തിന് അനുകൂലമായി വന്നാല്‍ വിവാഹത്തിന് അനുകൂലമായിരിക്കും. നേരെമറിച്ച് പാപഗ്രഹങ്ങള്‍ ലഗ്നത്തിന്‍റെ 3,6,8,12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ പൊരുത്തമുണ്ടെങ്കിലും ആ വിവാഹം അനുകൂലമല്ലെന്നു തീരുമാനിക്കണം.
ജാതകങ്ങള്‍ നോക്കി പൊരുത്തശോധന നടത്തുന്ന സമയത്തും, വിവാഹപ്രശ്നസമയത്തും ചുറ്റുപാടും നടക്കുന്ന നിമിത്തങ്ങളേയും ശകുനങ്ങളേയും ദൈവജ്ഞന്‍റെ ശ്വാസഗതിയേയും കൂടി ശ്രദ്ധിക്കണം. അനുകൂല ശകുനമോ നിമിത്തമോ കണ്ടാല്‍ വിവാഹാനുകൂല്യവും പ്രതികൂല ശകുനമോ നിമിത്തമോ കണ്ടാല്‍ വിവാഹപ്രാതികൂല്യവും ചിന്തിക്കണം.
വിവാഹ പൊരുത്ത നിയമങ്ങളില്‍ ചിലവയില്‍ പരസ്പര വിരോധം കാണുന്നുണ്ട്. മാത്രമല്ല ഈ നിയമങ്ങളെ പലതരത്തില്‍ വ്യാഖ്യാനിച്ച് ഏത് സ്ത്രീ ജാതകത്തെ വേണമെങ്കിലും ഏത് പുരുഷ ജാതകത്തോട് കൂടി ചേ൪ക്കാനും ബുദ്ധിമാനായ ജ്യോതിഷിക്ക് സാധിക്കും എന്ന അവസ്ഥയാണിന്ന്. ഈ സന്ദ൪ഭങ്ങളില്‍ വിവാഹപ്രശനം വെച്ച് വേണം ഒരു നിശ്ചിത തീരുമാനത്തിലെത്തേണ്ടത്.
കൂടാതെ ചില പൊരുത്തങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടാലും അവയ്ക്ക് പരിഹാരമായുള്ള മറ്റു പൊരുത്തങ്ങള്‍ സ്ത്രീ പുരുഷ ജാതകങ്ങളില്‍ കണ്ടാല്‍ ആ പൊരുത്ത ദോഷത്തിനെ കണക്കിലെടുക്കേണ്ട കാര്യവുമില്ല. ഉദാഹരണമായി ഒരു ജാതകത്തില്‍ യോനി പൊരുത്തമില്ലെന്നു വിചാരിക്കുക. ആ ജാതകത്തില്‍ വശ്യപൊരുത്തം ഉണ്ടെങ്കില്‍ യോനി പൊരുത്ത ദോഷത്തിന് പരിഹാരമാകും.