ശ്രീ മഹാവിഷ്‌ണുവിന്‍റെ ആഭരണങ്ങളും ആയുധങ്ങളും


അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം.

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്‌ണുവിന്‍റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്‍റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്‍റെ രൂപത്തില്‍ വിളങ്ങുന്നു. 

മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് "വനമാല" എന്നും പേരുണ്ട്‌. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്‍റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്‍റെ സ്‌പര്‍ശനശക്‌തികൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്‍റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.

മഹാവിഷ്‌ണുവിന്‍റെ വില്ലിന്‍റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌. വൈഷ്‌ണവചാപം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്‍റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.

മനസ്സിന്‍റെ സാത്വികാഹങ്കാരത്തിന്‍റെ രൂപമാണ്‌ വിഷ്‌ണുവിന്‍റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന്‌ വജ്രനാദം എന്നും പേരുണ്ട്‌. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍ , തന്‍റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്‌. പണ്ട്‌ സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ വിഷ്‌ണുവിനു നല്‍കിയതാണ്‌ സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്‌. ചൂണ്ടാണി വിരലിലിട്ട്‌ കറക്കി എറിഞ്ഞാണ്‌ മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്‌. സുദര്‍ശനചക്രം ദുഷ്‌ടന്മാര്‍ക്ക്‌ ഭയാനകവും, ശിഷ്‌ടന്മാര്‍ക്ക്‌ 'സു' ദര്‍ശനവുമാണ്‌. (മംഗളദര്‍ശനമാണ്‌) കര്‍മ്മേന്ദ്രിയങ്ങളും ജ്‌ഞാനേന്ദ്രിയങ്ങളും വിഷ്‌ണുവിന്‌ അസ്‌ത്രങ്ങളാകുന്നു.

മഹാവിഷ്‌ണുവിന്‍റെ വാളാണ്‌ നന്ദകം. വിദ്യാമയമായ ജ്‌ഞാനത്തോടുകൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയില്‍ ധരിക്കുന്നവനാകുന്നു മഹാവിഷ്‌ണു. 

സുഗ്രീവന്‍ , മേഘപുഷ്‌പന്‍ , വലാഹലന്‍ , ശൈബ്യന്‍ എന്നീ നാലുകുതിരകളെ പൂട്ടിയ തേരിലാണ്‌ വിഷ്‌ണുവിന്‍റെ സഞ്ചാരം. ദാരുകനാണ്‌ വിഷ്‌ണുവിന്‍റെ സാരഥി.

കശ്യപപുത്രനായ ഗരുഡന്‍ , വിഷ്‌ണു സ്‌മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തിന്‍റെ മുന്നിലെത്തി വാഹനമായിത്തീരുന്നു. 

വിഷ്‌ണുവിന്‍റെ നാല്‌ തൃക്കൈകളിലും ശംഖ്‌, ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു. മഹത്തത്വത്തെ വിഷ്‌ണു കൗമോദകിയെന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു.

വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാന്‍ വിഷ്‌ണുവില്‍ത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍വച്ച്‌ പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാന്‍ വിഷ്‌ണുതന്നെ.

നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്‌ത്രവും, സര്‍വ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാന്‍ വിഷ്‌ണുവിന്‍റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാം തന്നെ വിഷ്‌ണുവാകുന്നു.

ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്‌ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടുംകൂടി ആദിശേഷന്‍റെ മുകളില്‍ ശയിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.