ദ്വാരേ താംബൂലപത്രേ ഭവതി ഖലു നൃണാം
പൂ൪വ്വപുണ്യസ്യ ദോഷോ
വഹ്നേ൪ഭീതിശ്ച ഭൂമിസുരകൃതസകലാ-
ദ്യാമയപ്രേതകോപാഃ
നാഗേ നിന്ദ്യം ച ഭൂമീരുഹവിടപഹതിം
പുഷ്പവല്ലീവിപത്തിം
കൃത്വാ ഭോഗീന്ദ്രശാപാദധിഗതപിടകം
ദേവമ൪ത്യേഷു വാച്യം.
വെറ്റിലയില്‍ ദ്വാരമുണ്ടെങ്കില്‍ ജനങ്ങളുടെ പൂ൪വ്വപുണ്യക്ഷയത്തേയും അഗ്നിഭീതിയേയും രാജകോപത്തേയും അധികാരസ്ഥാനങ്ങളുടെ അപ്രീതിമൂലമുണ്ടാകുന്ന പ്രയാസങ്ങളേയും, പലവിധങ്ങളായ രോഗപീഡകളേയും പ്രേതബാധയേയും, സ൪പ്പനാശത്തേയും, വൃക്ഷശിഖരങ്ങളുടെ നാശത്തേയും, പുഷ്പവള്ളികളുടെ നാശത്തേയും, കാവ് മുതലായവ നശിപ്പിച്ചത് നിമിത്തമുണ്ടായ സ൪പ്പശാപത്തേയും അത് ഹേതുവായി ഉണ്ടാകുന്ന ചൊറി, ചിരങ്ങ് മുതലയാവയേയും പറയണം. സ൪പ്പം കാമത്തിന്‍റെ പ്രതീകമാകയാല്‍, ഇവിടെ "ഭോഗീന്ദ്രശാപദധിഗത പീടകം" എന്ന് പറഞ്ഞിരിക്കുന്നതിനെ, അതിധികമായ കാമവും കാമപൂരണത്തിനുള്ള ശ്രമങ്ങളും (വേശ്യാസംഗം മുതലായവ) നിമിത്തം ഉണ്ടായ ഗുഹ്യരോഗങ്ങളും ചൊറി, ചിരങ്ങ് മുതലായ ത്വക് രോഗങ്ങളും എന്ന് വ്യക്തിപ്രശ്നത്തില്‍ യുക്ത്യനുസാരം വ്യാഖ്യാനിക്കാവുന്നതാണ്. ഇപ്രകാരം ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവത്തിന് അനുയോജ്യമായ ഫലങ്ങള്‍ മാത്രം വെറ്റിലയുടെ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും പറയപ്പെടണമെന്നും ശേഷം ഫലങ്ങള്‍ താംബൂലാരൂഢം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹനിലയും അതേ ഫലത്തെ സൂചിപ്പിക്കുന്നു എങ്കില്‍ മാത്രമേ പറയപ്പെടാന്‍ പാടുള്ളൂ എന്നും അറിഞ്ഞിരിക്കണം. ഏതൊരു ഭാവസംബന്ധിയായ വെറ്റിലയിലാണോ മ്ലാനിക്ഷത്യാദി ദോഷലക്ഷങ്ങള്‍ ഉള്ളത്, ആ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍ മാത്രമല്ല, ആ ഭാവസംബന്ധിയായ മറ്റു ദോഷങ്ങളും തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി പറയേണ്ടതാണ്.
സരന്ധ്രം പൂ൪വ്വഭാഗേ തു താംബൂലേ വനദേവതാ
യമരന്ധ്രേ കുജപ്രേതോ ഭ്രൂണപ്രേതോƒഥവാ ഭവേത്
വാരുണേ തു ജലപ്രേതോ ധനദെ വിത്തവൈരജഃ
മദ്ധ്യേത്വാകാശപാശാദിസംഭൂതപ്രേതസഞ്ചയഃ
സാരം :-
താംബൂലത്തിന്‍റെ അഗ്രഭാഗത്തിങ്കല്‍ ദ്വാരമുണ്ടെങ്കില്‍ വനദേവതയേയും, തെക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ ദു൪മൃതി പ്രേതത്തിനേയും, പടിഞ്ഞാറ് ഭാഗത്ത് ദ്വാരമുണ്ടെകില്‍ ജലമൃതി പ്രേതത്തേയും, വടക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ ധനസംബന്ധമായ വൈരാഗ്യത്തേയും, മദ്ധ്യഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ പാശമൃതി (തൂങ്ങി മരണം) മുതലായവ സംഭവിച്ചിട്ടുള്ള പ്രേതബാധകളെയും പറയണം.
രണ്ടാം ഭാവസംബന്ധിയായ വെറ്റിലയുടെ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന അഗ്രഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ "താംബൂലാഗ്രേ നിവസതി രമാ" എന്നുകൂടി ഉണ്ടായിരിക്കയാല്‍ ധനസംബന്ധമായ ദോഷങ്ങളും ദാരിദ്രവും പ്രവചിക്കപ്പെടാറുണ്ട്. വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടെങ്കില്‍ അത് മൂലക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യാഖ്യാനിക്കാം. ബിംബം, അഷ്ടബന്ധം തുടങ്ങിയവയെ സൂചിപ്പിക്കുന്ന വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടായിരുന്നാല്‍ - തല്‍ക്കാല ഗ്രഹസ്ഥിതികൂടി അനുകൂലമെങ്കില്‍ - ബിംബത്തിന്‍റെയും അഷ്ടബന്ധത്തിന്‍റെയും ദോഷമായി വ്യാഖ്യാനിക്കാവുന്നതാണ്. ക്ഷേത്രത്തിനു വെളിയില്‍ കാവിനോടും കാടിനോടും അനുബന്ധിച്ചുള്ള ദേവതകളെയാണ് "വനദേവത" എന്ന് പറയുന്നത്. ശാസ്താവ്, നാഗ൪ തുടങ്ങിയവ൪ വനദേവതകളാണ്. മാടന്‍, യക്ഷി തുടങ്ങി പല ക്ഷേത്രങ്ങളിലും ധാരാളമായി കാണുന്ന മിക്ക ദേവതകളേയും വനദേവതാ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. തെക്കുഭാഗത്ത്, അതായത് കിഴക്കോട്ട് തിരിച്ചുവെച്ചിരിക്കുന്ന വെറ്റിലയുടെ വലതുഭാഗത്ത് സുഷിരമുണ്ടായിരുന്നാല്‍ (കുജന്‍ - "കു"വില്‍ നിന്ന് അതായത് ഭൂമിയില്‍ നിന്ന് ജനിച്ചവ൪ എന്ന൪ത്ഥമുണ്ടായിരിക്കയാല്‍) ഭൂമി സംബന്ധമായ കാരണങ്ങളാല്‍ ഉണ്ടായ കുഴപ്പങ്ങള്‍ നിലവിലുണ്ട് എന്ന് പറയാം. കൂടാതെ ഭ്രൂണം ഏതൊന്നിന്‍റെയും ഉത്ഭവത്തെ സൂചിപ്പിക്കുന്നതാകയാല്‍ തദ്ഭാവ സംബന്ധിയായ ഏതോ കാര്യത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട ദുരിതങ്ങളാണ് എന്ന് കരുതാവുന്നതാണ്. ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവംകൊണ്ട് ചിന്തിക്കാവുന്ന വ്യക്തികളുടെ കുടുംബങ്ങളിലെ ഗ൪ഭം അലസല്‍, ബാലമരണം എന്നിവയും അവ സൂചിപ്പിക്കുന്നതായും വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. നാലാം ഭാവ സൂചകമായ വെറ്റിലയുടെ കടയ്ക്കല്‍ (പടിഞ്ഞാറുഭാഗത്ത്) സുഷിരമുണ്ട് എങ്കില്‍, ആയത് കിണ൪ കുളം ഇത്യാദി ജലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മരണദോഷങ്ങളെ സൂചിപ്പിക്കുന്നതായി കരുതാം. ഇടതുഭാഗത്താണ് (വടക്കുഭാഗം) സുഷിരമെങ്കില്‍ ധനലാഭവുമായി ബന്ധപ്പെട്ട വൈരാഗ്യങ്ങള്‍ ഉണ്ടെന്ന് പറയണം. ദേവലന്‍ (ശാന്തിക്കാരന്‍), ഭക്തജനങ്ങള്‍, ശത്രുക്കള്‍ ഇത്യാദിയായി അനുയോജ്യമായ ഏതിനെയെങ്കിലും സൂചിപ്പിക്കുന്ന വെറ്റിലയുടെ മദ്ധ്യഭാഗത്ത് സുഷിരമുണ്ടെങ്കില്‍ തൂങ്ങിമരണം മുതലായവ പറയാവുന്നതാണ്. കൂടാതെ വൃഥാഭിമാനജന്യങ്ങളായ പ്രശ്നങ്ങളും നിലവിലുണ്ടാവാം. ഭാവചിന്തയുമായും തല്‍ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ചിന്തിച്ച് ഫലങ്ങള്‍ സൂക്ഷ്മപ്പെടുത്തിക്കൊള്ളണം.