ജ്യോതിഷിക്ക് ചോദ്യക൪ത്താവ് വിനീതമായി സമ൪പ്പിക്കുന്ന വെറ്റിലകളുടെ എണ്ണത്തെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നത്. മറിച്ച് ദ്വാദശ ഭാവസൂചകമായ വെറ്റിലകളിലെ മ്ലാനി, കീറല്‍, ദ്വാരം, പുഴുക്കടി തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടാനുള്ള ശ്രമമാണ് താംബൂല ലക്ഷണം.
താംബൂല ലക്ഷണത്തില്‍ നിന്ന് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടി, ആ അറിവിനെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി ഫലം സൂക്ഷ്മപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ താംബൂലപ്രശ്നം സ്വാ൪ത്ഥമായിത്തീരുകയുള്ളു. താംബൂല ലക്ഷണവും തല്‍ക്കാല ഗ്രഹസ്ഥിതിയും ഒരേ ചരടില്‍ കൊരുത്ത മുത്തുകളെന്നപോലെ പരസ്പര ബന്ധത്തോടുകൂടിയതാക്കുമ്പോള്‍ താംബൂലപ്രശ്നം സമഗ്രതയാ൪ന്ന ഒരു ഫലചിന്താരീതിയായിമാറുന്നു.