ഭാരത പര്യടന വേളയില്‍ രാജപുതാനയിലെത്തിയ സ്വാമിജി ആള്‍ വാറിലെ രാജകുമാരന്‍ ആയ മംഗള്‍ സിങ്ങുമായി വിഗ്രഹാരാധനയെ കുറിച്ച് ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. വിഗ്രഹാരാധനയില്‍ തനിക്കു തരിമ്പും വിശ്വാസമില്ലെന്ന് രാജകുമാരന്‍ പറഞ്ഞു. കല്ലോ മരമോ ലോഹമോ കൊണ്ടുണ്ടാക്കിയ പ്രതിമയെ പൂജിക്കുന്നത് അന്ധവിശ്വാസമല്ലേ എന്നായി അദ്ദേഹം.
സ്വാമി രാജകുമാരനോട് സ്വന്തം ഛായാചിത്രം (Photo) നല്‍കുവാന്‍ ആവശ്യപ്പെട്ടു, ആ ഛായാചിത്രം കയ്യില്‍ വാങ്ങിയ സ്വാമിജി അത് നീട്ടി പിടിച്ചിട്ടു അതിലൊന്ന് കാര്‍ക്കിച്ചു തുപ്പാന്‍ അടുത്തിരുന്ന ദിവാനോട് ആവശ്യപെട്ടു, ദിവാന്‍ പരിഭ്രമിച്ചു പിന്മാറി "എന്താണ് സ്വാമിജി പറയുന്നത്, ഇത് മഹാരാജാവിന്‍റെ ഛായാചിത്രമല്ലേ ഇതില്‍ ഞാന്‍ തുപ്പുകയോ ?" ഈ പ്രതികരണം ആസ്വദിച്ചു കേട്ട സ്വാമിജി രാജകുമാരന്‍റെ നേരെ തിരിഞ്ഞു, നോക്കൂ തിരുമനസേ, ഇത് താങ്കളല്ല താങ്കളുടെ വെറും ഛായാചിത്രം മാത്രമാണ് എന്നിട്ടും ഇതില്‍ താങ്കളുടെ സാന്നിധ്യം താങ്കളുടെ ദിവാന്‍ തിരിച്ചറിയുന്നു.
ഇതുപോലെ തന്നെയാണ് വിഗ്രഹാരാധനയും, ഭക്തന്മാര്‍ പൂജിക്കുന്നത് കേവലം പ്രതിമയെ ആകാം പക്ഷെ ഭഗവാന്‍റെ തെളിമയാര്‍ന്ന രൂപം ഭക്തര്‍ അതില്‍ ദര്‍ശിക്കുന്നു അങ്ങനെ അവന്‍റെ ചിന്തയും മനസ്സും ഈശ്വരോന്മുഖമായി തീരുന്നു, അവര്‍ ആരാധിക്കുന്നത് യഥാര്‍ത്ഥ ഈശ്വരനെയാണ് കല്ലിനെയോ, മരത്തിനേയോ അല്ല....
ലോകമംഗളത്തിനു വേണ്ടി നിത്യപ്രകാശമായി സ്വാമി വിവേകാനന്ദന്‍. ആഴിയുടെ ആഴമുള്ള അറിവുള്ള സ്വാമിയുടെ പാദമുദ്രകളെ നമ്മുക്ക് പിന്തുടരാം. ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യം നേടും വരെ പ്രയത്നിക്കുക...........