നെടും തുമ്പുകളൊത്തിട്ട് വാമദക്ഷിണകോണുകള്‍
ഒത്തുവന്നീടില്‍ നന്നേറ്റമൈശ്വര്യ ഭൂതിവ൪ദ്ധനം
നെടുന്തുമ്പുവരണ്ടീടിലത്യന്തം രോഗിയായ് വരും
ഊനം വടിവു വന്നീടില്‍ ശാപകോപാദിയുണ്ടത്
ചിലന്തിവലയും മറ്റും ആയു൪ ദോഷവുമായി വരും
സാരം :-
നീണ്ടു മനോഹരമായ താംബൂലാഗ്രത്തോട് കൂടിയതും ഇടത് വലത് എന്നിങ്ങനെ ഇരു കോണുകളും സമാന വലിപ്പത്തോട് കൂടിയതുമായ വെറ്റില ഏറ്റവും ശുഭസൂചകവും ഐശ്വര്യത്തെയും അഭിവൃദ്ധിയെയും പ്രദാനം ചെയ്യുന്നതുമാണ്.
താംബൂലാഗ്രഹം വരണ്ടിരിക്കുന്നതായി കണ്ടാല്‍ അത് ആ വെറ്റില സൂചിപ്പിക്കുന്ന ഭാവ കൊണ്ട് ചിന്തിക്കേണ്ടതായ വ്യക്തിയുടെ അഥവാ വിഷയങ്ങളുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. താംബൂലാഗ്രത്തിലോ അഥവാ വെറ്റിലയ്ക്ക് പൊതുവായ ആകൃതിക്ക് കുറവുകളോ പൊട്ടലുകളോ വന്നിട്ടുണ്ട് എങ്കില്‍ അത് ആ ഭാവസൂചകമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാപകോപാദികളെയാണ് സൂചിപ്പിക്കുന്നത്. താംബൂല ലക്ഷണത്തിലെ ഭാവാല്‍ഭാവചിന്തയുമായും തല്‍ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ഫലം യുക്ത്യനുസാരം സൂക്ഷ്മപ്പെടുത്തിക്കൊള്ളുക. വ്യത്യസ്ത ഭാവ സൂചകമായ വെറ്റിലകളില്‍ കാണുന്ന ചിലന്തിവലയും മറ്റും ആ ഭാവസൂചകമായ വ്യക്തികളെ അഥവാ വിഷയങ്ങളെ ബാധിച്ചിട്ടുള്ള ആയു൪ദോഷാദികളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാവുന്നതാണ്.
ആയു൪ഗ്രേ യശോമൂലേ ലക്ഷ്മീ൪ മദ്ധ്യേ വ്യവസ്ഥിതാ
പ൪ണമൂലേ ഭവേദ് വ്യാധിഃ പ൪ണാഗ്രേ ചായുഷഃ ക്ഷമഃ
സാരം :-
വെറ്റിലയുടെ അഗ്രഭാഗത്ത് ആയുസ്സും, കടയ്ക്കല്‍ യശസ്സും, മദ്ധ്യഭാഗത്ത് ലക്ഷ്മിയും സ്ഥിതിചെയ്യുന്നു. വെറ്റിലയുടെ കടയ്ക്കല്‍ കേടുണ്ടായിരുന്നാല്‍ രോഗവും, ആഗ്രഭാഗത്ത് കേടുണ്ടായിരുന്നാല്‍ ആയു൪നാശവും ഫലം പറയാവുന്നതാണ്. ഇത്തരം ഫലചിന്ത പ്രധാനമായും എട്ടാം ഭാവ സൂചകമായ വെറ്റിലയുമായി ബന്ധപ്പെടുത്തി വേണം.