താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-
സ്തസ്യ വക്തവ്യമേവം
പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-
പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍
മ്ലാനി൪ക്ഷത്യാദ്യുപേതം തദയുതമപി യദ്
ഭാവസംബന്ധി പത്രം
തസ്യ വ്യാധ്യാദ്യനിഷ്ടം ഭവതി ശുഭമപി
പ്രാപ്തിസംവ൪ദ്ധനാദ്യം.
സാരം :-
പൃച്ഛകന്‍ ജ്യോതിഷിക്ക് കൊടുത്തിട്ടുള്ള താംബൂലങ്ങളെക്കൊണ്ടും ദ്വാദശഭാവങ്ങളുടെ (12 ഭാവങ്ങളുടെ) എല്ലാ ശുഭാശുഭഫലങ്ങളേയും പറയാം. താംബൂലംകൊണ്ട് ചിന്തിക്കേണ്ട രീതിയെയാണ് ഇവിടെ പറയുന്നത്. "പൃച്ഛ" മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) മുമ്പെയായാല്‍ പൃച്ഛകന്‍തന്ന വെറ്റില അങ്ങിനെ തന്നെ എടുത്ത് മുകളിലത്തെ വെറ്റില ഒന്നാം ഭാവമായും താഴെയുള്ളത് രണ്ടാം ഭാവമായും ക്രമേണ പന്ത്രണ്ടു വെറ്റിലകളെക്കൊണ്ടും പന്ത്രണ്ട് ഭാവങ്ങളായി കല്പിച്ചുകൊള്ളേണ്ടതാകുന്നു. പൃച്ഛ മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) ശേഷമാണെങ്കില്‍ താഴത്തെ വെറ്റില ലഗ്നഭാവമായും (ഒന്നാം ഭാവമായും) അതിന് മുകളിലത്തെ വെറ്റില രണ്ടാം ഭാവമായും, ഇപ്രകാരം മേല്പോട്ട് പന്ത്രണ്ട് വെറ്റിലകളെക്കൊണ്ട് പന്ത്രണ്ട് ഭാവങ്ങളേയും കല്പിച്ച് ഫലം പറയേണ്ടതാകുന്നു.
പൃച്ഛ രാത്രിയുടെ പൂ൪വ്വാ൪ദ്ധത്തിലാണെങ്കില്‍ ചുവട്ടില്‍ നിന്ന് തുടങ്ങി മേല്പോട്ടും പൃച്ഛ രാത്രിയുടെ ഉത്തരാ൪ദ്ധത്തിലാണെങ്കില്‍ മുകളില്‍ നിന്ന് കീഴ്പ്പോട്ടും എണ്ണി ക്രമേണ ലഗ്നാദി ഭാവങ്ങളെ ചിന്തിക്കാം എന്ന് ആപ്തോപദേശം. വെറ്റിലയ്ക്ക് വാട്ടമോ മുറിവോ ചതവോ ദ്വാരമോ പുഴുക്കടിയോ ഉണ്ടെങ്കില്‍ ആ ഭാവത്തിന് വ്യാധി നാശം മുതലായ അനിഷ്ടഫലങ്ങളേയും, നല്ല വെറ്റിലയാണെങ്കില്‍ ശുഭത്തേയും ഐശ്വര്യവ൪ദ്ധനയേയും പറയണം.
"താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാസ്തസ്യ വക്തവ്യമേവം"
(പ്രഷ്ടാവ് നല്‍കിയ വെറ്റിലകലെക്കൊണ്ട് അയാളുടെ എല്ലാ ഫലങ്ങളും പറയാവുന്നതാണ്) എന്നിങ്ങനെ. "അഖിലം വക്തവ്യം" എന്ന് പറഞ്ഞിരിക്കുന്നതില്‍
അ - സൂര്യന്‍ (അഷ്ടവ൪ഗ്ഗം) - പിംഗല (ദക്ഷിണ നാഡി)
ഖി - കുജന്‍ (കവ൪ഗ്ഗം) - അഗ്നി (സുഷുമ്നാ നാഡി)
ലം - ചന്ദ്രന്‍ (യവ൪ഗ്ഗം) - അഗ്നി (വാമ നാഡി)
എന്നിങ്ങനെ ശ്വാസത്തോടുകൂടി സൂചിപ്പിച്ചതില്‍ നിന്ന് ദൈവജ്ഞന്‍ താംബൂലപ്രശ്നം ചെയ്യുമ്പോള്‍ ശ്വാസപരിശോധന ചെയ്യണം എന്നു കൂടി ആചാര്യന്‍ സൂചിപ്പിച്ചിരിക്കുന്നു.