എപ്പോഴാണോ ധര്‍മ്മത്തിന് നാശം സംഭവിക്കുന്നത് അപ്പോഴെല്ലാം ഞാന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറയുന്നു. അധര്‍മ്മം ഉണ്ടാകുന്നത് ഏതെങ്കിലും ഭൂപ്രദേശത്തല്ല, ഓരോരുത്തരുടേയും മനസ്സിലാണ്. ഭഗവാന്‍ അവതാരമെടുക്കുന്നതും വേറെങ്ങുമല്ല. ധര്‍മ്മച്യുതി വ്യക്തിയുടെ അന്തരംഗത്തിലാണ്. അവിടെയാണ് ഭഗവാന്‍ ബോധരൂപത്തില്‍ ജന്മമെടുക്കുന്നതും. അല്ലാതെ ബാഹ്യമായ സ്ഥലങ്ങളിലല്ല.
ഭഗവാന് ഭൂമിയില്‍ യാതൊരു താത്പര്യങ്ങളുമില്ല. തെറ്റു ചെയ്യാനൊരുങ്ങുമ്പോള്‍, ചിന്തിക്കുമ്പോള്‍ അരുതെന്ന് ഉള്ളിലിരുന്നു പറയുന്ന ബോധമാണ് ഭഗവാന്‍.
ധര്‍മ്മബോധമാണ് കള്ളംപറയുമ്പോള്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നത്. സജ്ജനങ്ങളുടെ രക്ഷയ്ക്കായി, ദുഷ്ചെയ്തികളുടെ നാശത്തിനായി ധര്‍മ്മം സ്ഥാപിക്കാന്‍ നിരന്തരം താന്‍ സംഭവിച്ചുകൊണ്ടിരിക്കുമെന്ന് ഭഗവാന്‍ പറയുന്നു.
നാമെല്ലാവരും സജ്ജനങ്ങളാണ്. കര്‍മ്മത്തില്‍ മാത്രമാണ് തെറ്റും ശരിയും. ഭഗവാന്‍ പറയുന്നത് ദുഷ്ടരെന്നല്ല, ദുഷ്കര്‍മ്മങ്ങളെന്നാണ്. നിരന്തരം ബോധമുദിക്കുമ്പോള്‍ നാം ദുഷ്കര്‍മ്മങ്ങളില്‍നിന്ന് അകലുന്നു. ഇതാണ് ഭഗവാന്‍റെ ജന്മവും കര്‍മ്മവും. ദിവ്യങ്ങളായ ഈ ജന്മകര്‍മ്മങ്ങളെ താത്വികമായി അറിഞ്ഞവന് പിന്നെ ജന്മങ്ങളില്ല. ബോധവാനായാല്‍ ശരീരമല്ല ഞാന്‍ എന്നറിയും. അതറിഞ്ഞാല്‍ പിന്നെ ജനിമൃതികളില്ല. സുദര്‍ശനം (നല്ല കാഴ്ചപ്പാട്) കൊണ്ട് ഭഗവാന്‍ ആസുരികഭാവങ്ങളെ ഇല്ലായ്മചെയ്യുന്നു.
"കര്‍മ്മത്തേയും ജ്ഞാനത്തേയും സംബന്ധിച്ച രഹസ്യം ഞാന്‍ സൂര്യനും സൂര്യന്‍ മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചതാണ്. പിന്നീടത് നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ വീണ്ടും വെളിപ്പെടുത്തുന്നു" എന്ന് ഭഗവാന്‍ പറയുന്നു. ഇവിടെ ഭഗവാന്‍ ബോധമാണ്. ബോധം ബുദ്ധിക്ക് (സൂര്യന്) ഉപദേശിച്ചു. ബുദ്ധി സ്വപുത്രനായ മനസ്സിലേക്ക് (മനു) പകര്‍ന്നു. മനസ്സ് ഇന്ദ്രിയങ്ങളിലേക്കും. കാര്യങ്ങള്‍ നടപ്പിലാക്കുന്നവര്‍ ഇന്ദ്രിയങ്ങളാണ്. അതിനാല്‍ രാജാവിനോടുപമിക്കുന്നു. ഇന്ദ്രിയങ്ങളില്‍നിന്നാണ് ഈ അറിവ് നഷ്ടപ്പെട്ടുപോയത്. നഷ്ടപ്പെട്ട യോഗ (ജ്ഞാന) രഹസ്യത്തിന്‍റെ പ്രതീകമാണ് ധൃതരാഷ്ട്രര്‍. ധര്‍മാധര്‍മ്മ സംഘര്‍ഷം മനസ്സിലാണ്. ധര്‍മ്മക്ഷേത്രമാണ് ശരീരം. എന്‍റെത് എന്നതാണ് യുദ്ധത്തിനു നിദാനം. എന്‍റെ കര്‍മ്മത്തില്‍ നിസ്വാര്‍ത്ഥമായി ഞാന്‍ എന്തൊക്കെ ചെയ്തു എന്നാണ് ആലോചിക്കേണ്ടത്. അറിയുന്ന ധര്‍മ്മമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും അറിയുന്ന അധര്‍മ്മത്തില്‍നിന്ന് മാറുന്നവരുമാണ് പാണ്ഡവര്‍. ധര്‍മ്മമറിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്തവരും അധര്‍മ്മം അറിഞ്ഞിട്ടും അതില്‍നിന്ന് മാറാത്തവരുമാണ് കൗരവര്‍. ഈ സംഘര്‍ഷത്തില്‍ ബോധസ്വരൂപനായ ഭഗവാന്‍റെ സാമീപ്യമുള്ള, മനസ്സില്‍ ബോധം ജനിച്ചിട്ടുള്ളവര്‍ പരമമായ സത്യത്തെ അറിഞ്ഞ് മോക്ഷം പ്രാപിക്കുന്നു.