പ്രഷ്ടാവ് നല്‍കിയ വെറ്റിലകളെക്കൊണ്ട് അയാളുടെ സകലഫലങ്ങളും പറയാവുന്നതാണ്. താംബൂലപ്രശ്നം ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ ഫലചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍, എണ്ണിഎടുക്കേണ്ടത് മുകളില്‍ നിന്ന് താഴേക്കും ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ താഴെ നിന്ന് മുകളിലേയ്ക്കുമാണ്.
താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-
സ്തസ്യ വക്തവ്യമേവം
പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-
പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍
എന്ന പദ്യം ഓ൪മ്മിക്കുക, ഇവിടെ ഉപരി (മുകളില്‍) എന്നതുകൊണ്ട് വെറ്റിലക്കെട്ടില്‍ വെറ്റില മല൪ന്നിരിക്കുന്ന ഭാഗവും (അകവശം കാണാവുന്ന ഭാഗവും) അധസ്താദ് (താഴെ മുതല്‍) എന്നതുകൊണ്ട് വെറ്റില കമഴ്ന്നിരിക്കുന്ന ഭാഗവും (ബാഹ്യഭാഗം മാത്രം കാണാനാവുന്ന ഭാഗവും) ആണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സ്പഷ്ടമായി അറിഞ്ഞിരിക്കേണ്ടതാണ്.
വെറ്റില കെട്ടഴിച്ചു മല൪ത്തിക വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങിനെ മല൪ത്തി വയ്ക്കപ്പെട്ട വെറ്റില വെയിലേറ്റ് വാടിപോകാന്‍സാദ്ധ്യതയുള്ളതിനാലാണ് ഇപ്രകാരം ഒരു നിയമം പറയപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു. വെയിലേറ്റ് വാടാത്ത നല്ല വെറ്റില നോക്കിവേണം താംബൂലപ്രശ്നം പറയാന്‍ എന്ന് സാരം. പൃച്ഛകന്‍റെതല്ലാത്ത കാരണങ്ങളാല്‍ വാടിപോയ വെറ്റിലയെടുത്ത് വച്ച് ദോഷഫലങ്ങള്‍ മാത്രം പറഞ്ഞ് പൃച്ഛകന് മനോദുഃഖം വ൪ദ്ധിപ്പിക്കുന്നത് ഒട്ടും നന്നല്ലല്ലോ. താംബൂല ദാനം രാവിലെ തന്നെ നി൪വ്വഹിക്കപ്പെടുകയും പൃച്ഛകന്‍റെതല്ലാത്ത ഏതെങ്കിലും കാരണത്താല്‍ താംബൂല ലക്ഷണങ്ങള്‍ ഫലപ്രവചനം ഉച്ഛയ്ക്കുശേഷമാവുകയും ചെയ്‌താല്‍, വെറ്റില വെയിലേറ്റ് വാടിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ദുരിതഫലങ്ങള്‍ മാത്രം പറയുന്നത് പ്രഷ്ടാവിനോട് കാണിക്കുന്ന ദ്രോഹമായിരിക്കും. കൂടാതെ അത് സത്യഫലബോധനത്തിന് സഹായിക്കുകയില്ല. ആകയാലാവാം ഇപ്രകാരം ഒരു നിയമം നല്‍കപ്പെട്ടിരിക്കുന്നത്. രാത്രിയിലാണ് പൃച്ഛ എങ്കില്‍ വെറ്റില എണ്ണിയെടുക്കേണ്ട ക്രമത്തെപ്പറ്റി ആചാര്യന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നത് ഈ ആശയത്തിന് ഉപോല്‍ബലകമാണ്.
മേല്‍പറഞ്ഞ പദ്യങ്ങളില്‍ ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കേണ്ട ക്രമം പറയപ്പെട്ടിട്ടുണ്ടെങ്കിലും ഓരോ വെറ്റിലയുടെയും ഉള്‍ഭാഗം നോക്കിയാണോ ഭാവചിന്ത നടത്തേണ്ടത് എന്ന് സ്പഷ്ടമാക്കിയിട്ടില്ല പ്രമുഖ ഗ്രന്ഥങ്ങളിലൊന്നും ഈ വിഷയം ച൪ച്ച ചെയ്തിട്ടില്ല എന്നത്, ഏറ്റവും സ്വാഭാവികമായ രീതിയാണ് അക്കാര്യത്തില്‍ അവ൪ പിന്തുട൪ന്നിരുന്നത് എന്ന് സൂചിപ്പിക്കുന്നു. രാവിലെയാണെങ്കിലും ഉച്ചയ്ക്കുശേഷമാണെങ്കിലും ശരി, ഓരോ വെറ്റിലയും മല൪ത്തിവെച്ച് വെറ്റിലയുടെ അകവശം നോക്കി ഫലചിന്ത ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ മാ൪ഗ്ഗം. താംബൂലാഗ്രം കിഴക്ക് ദിക്കിലേയ്ക്ക് തിരിഞ്ഞിരിക്കുന്ന വിധമാണ് വെറ്റില വെയ്ക്കേണ്ടത്.