വെറ്റിലയ്ക്ക് വീതിയുടെ മൂന്നിരട്ടി നീളം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും ശുഭപ്രദം.
അംഗുലദ്വയസംയുക്തം
ഹ്രസ്വം ദീ൪ഘം ഷഡംഗുലം
ദീ൪ഘഹ്രസ്വവിഹീനാശ്ച
പത്രം ഭാവസ്യ പുഷ്ടിദം
സാരം :-
രണ്ടംഗുലം വീതിയും ആറംഗുലം നീളമുള്ള ഏറെ നീളം കൂടിയതോ ഏറെ വീതിയുള്ളതോ അല്ലാത്ത, വെറ്റില ഭാവപുഷ്ടിയെ പ്രദാനം ചെയ്യും.
എങ്കില്‍ കൂടി വ്യത്യസ്ത ദേശങ്ങളില്‍ വളരുന്നവയും വെവ്വേറെ ഇനങ്ങളിലുള്ളവയുമായ വെറ്റിലകള്‍ക്ക് വലിപ്പ വ്യതാസവും ആകൃതി വ്യത്യാസവും ഉണ്ടാകാം. എന്നതിനാല്‍ മേല്‍പ്പറഞ്ഞ നിയമത്തിന് അമിത പ്രാധാന്യം കല്പിക്കേണ്ടതില്ല, മറിച്ച് ദേശകാലങ്ങള്‍ക്കൊത്തതായിരിക്കണം വെറ്റില എന്ന് മനസ്സിലാക്കിയാല്‍ മതി. ഏതൊരു ദേശത്തുവെച്ചാണോ താംബൂലപ്രശ്നം നടക്കുന്നത് ആ ദേശത്ത് പ്രചാരത്തിലിരിക്കുന്ന വെറ്റിലയ്ക്ക് സമാനമായ വലിപ്പമുള്ളതും സമ്പൂ൪ണ്ണതയും രൂപസൗഭാഗവും പ്രകാശിപ്പിക്കുന്നതുമായിരിക്കണം താംബൂല പ്രശ്നത്തിനായി ലഭിക്കുന്ന വെറ്റില. മറിച്ചാണ് എങ്കില്‍ അതിനനുസരണമായ ദോഷഫലങ്ങള്‍ പറഞ്ഞുകൊള്ളുക.
ഇതുപോലെ തന്നെ വെറ്റിലയുടെ നിറവും സാമാന്യഫലത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. ഏതു ഭാവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നതിനനുസരിച്ചാണ് വെറ്റിലയുടെ നിറത്തെ ഫലവുമായി എങ്ങനെ യോജിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടത്.
പൂ൪വ്വാപരൗ തൗ സിതനീലസംജ്ഞൗ
പൂ൪വ്വശ്ച ദൈവശ്ച പരത്ര പിത്രാ
സാരം :-
വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ തളിരിട്ടത് എന്നതിനെ അടിസ്ഥാനമാക്കി വെറ്റിലയുടെ നിറം വെളുത്തതോ ഇരുണ്ടതോ ആകാം. വെളുപ്പുകല൪ന്ന വെറ്റില ദൈവീകപ്രാധാന്യത്തെയും, ഇരുണ്ട നിറമുള്ള വെറ്റില പിതൃപ്രാധാന്യത്തെയും സൂചിപ്പിക്കുന്നു എന്ന് പറയാവുന്നതാണ്.
കൃഷ്ണം പ൪ണ്ണം തിക്തമുഷ്ണം കഷായം ധത്തേദാഹം വക്ത്രജാഡ്യം മലം ച
ശുഭ്രം പ൪ണ്ണം ശ്ലേഷ്മ വാതായനഘ്നം പഥ്യം രുച്യം ദീപനം പാചനം ച.
സാരം :-
ഇരുണ്ട വെറ്റില തിക്തം ഉഷ്ണം കയ്പ് ദാഹം വായ് വരള്‍ച്ച അഴുക്ക് എന്നിവയെ സൂചിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. വെളുത്ത വെറ്റില കഫനാശകവും, സ്വീകാര്യവും, മധുര രസമുള്ളതും, ദഹനശേഷി വ൪ദ്ധിപ്പിക്കുന്നതും ആണ്. രോഗപ്രശ്നത്തില്‍ ആറാം വെറ്റിലയോട് ബന്ധപ്പെടുത്തി ഇക്കാര്യം പ്രത്യേകം പരിഗണിക്കാവുന്നതാണ്.