Showing posts with label ashtavarggam. Show all posts
Showing posts with label ashtavarggam. Show all posts

അഷ്ടകവർഗ്ഗഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

ഇതി നിഗദിതമിഷ്ടംനേഷ്ടമന്യദ്വിശേഷാ-
ദധികഫലവിപാകം ജന്മഭാത്തത്ര ദദ്യുഃ
ഉപചയഗൃഹമിത്രസോച്ചഗൈഃ പുഷ്ടമിഷ്ട-
ന്ത്വപചയഗൃഹനീചാരാതിഗൈർന്നേഷ്ടസംപൽ.

സാരം :-

ദ്വാദർക്ക ഇത്യാദി ശ്ലോകംകൊണ്ടു പറയപ്പെട്ട സ്ഥാനങ്ങൾ ഇഷ്ടങ്ങളാകുന്നു. അതാതു ശ്ലോകത്തിങ്കൽ പറയപ്പെടാത്തവ അനിഷ്ട സ്ഥാനങ്ങളാകുന്നു. ഇഷ്ടാനിഷ്ടഫലങ്ങളിൽ വെച്ച് സംശോധനം ഹേതുവായിട്ട് അധികമായിവരുന്ന ഫലം യാതൊന്നോ അതിന്റെ അനുഭവത്തെ ഗ്രഹങ്ങൾ ജനനകാലത്തിങ്കൽ യാതൊരുരാശിയിലോ അതിങ്കൽനിന്ന് മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ജനിപ്പിക്കുന്നു. ഉപചയസ്ഥാനങ്ങളിലും ബന്ധുക്ഷേത്രത്തിങ്കലും ഉച്ചത്തിങ്കലും നിൽക്കുന്ന ഗ്രഹങ്ങൾ ഇഷ്ടഫലത്തെ പുഷ്ടിയോടു കൂടിയതാക്കി ചെയ്യും. അപചയരാശികളിലും നീചത്തിലും ശത്രുക്ഷേത്രത്തിലും നിൽക്കുന്ന ഗ്രഹങ്ങൾ അനിഷ്ടഫലത്തെ പുഷ്ടമാക്കി ചെയ്യും.

"വിശേഷാദധികഫലവിപാകം ജന്മിനാം തത്ര ദദ്യുഃ" എന്നും പാഠമുണ്ട്. ഈ അംശത്തിന്റെ നിഷ്കർഷത്തെ ഇതിനു താഴെ കാണിക്കാം. ആചാര്യനാൽ പഠിതങ്ങളായ സ്ഥാനങ്ങളെ ബിന്ദുക്കൾകൊണ്ടും അപഠിതങ്ങളായ സ്ഥാനങ്ങളെ രേഖകൾകൊണ്ടും അടയാളപ്പെടുത്തി അനന്തരം ഇഷ്ടങ്ങളായ ബിന്ദുക്കളേയും അനിഷ്ടങ്ങളായ രേഖകളേയും തമ്മിൽ അന്തരിക്കേണം. എന്നാൽ അധികമായി നിൽക്കുന്നത് യാതൊന്നോ അതിന്റെ അനുഭവത്തെ ഗ്രഹങ്ങൾ മേൽപ്പറഞ്ഞ കാലത്തിങ്കൽ അനുഭവിപ്പിക്കും. ഇത് നിഷ്കൃഷ്ടാർത്ഥമാകുന്നു. എട്ടു ബിന്ദുക്കൾ യാതൊരേടത്തു തികയുന്നുവോ അവിടെ സഞ്ചരിക്കുമ്പോൾ ശുഭഫലം സമ്പൂർണ്ണമായി ഭവിക്കും. ബിന്ദുക്കൾ നാലാകിൽ അർദ്ധഫലമെന്നും രണ്ടാകിൽ നാലിലൊന്ന് എന്നും, ആറാകിൽ മുക്കാൽ എന്നും ഇങ്ങനെതന്നെ രേഖാഷ്ടകം മുതലായതുകൊണ്ട് അശുഭഫലവിഭാഗവും ഗ്രാഹ്യമാകുന്നു. ശുഭമായിട്ടുള്ള ഫലം പുഷ്ടിഹീനമായിരുന്നാലും അതിനെ ദാനം ചെയ്യുന്ന ഗ്രഹം ഉപചയരാശി മുതലായ ശുഭസ്ഥലങ്ങളിലാകിൽ പുഷ്ടമാക്കി ചെയ്യും. അശുഭമായിട്ടുള്ള ഫലം മേൽപ്രകാരമായാലും അതിനെ ദാനം ചെയ്യുന്ന ഗ്രഹം അപചയരാശി മുതലായ അനിഷ്ടസ്ഥലങ്ങളിലാകിൽ അതിനെ പുഷ്ടമാക്കി ചെയ്യും. സ്വതഃപുഷ്ടമായിരിക്കുന്നതിനെ ഏറ്റവും പുഷ്ടിയോടുകൂടിയതാക്കി ചെയ്യും. ഉപചയ ഗൃഹമിത്രസോച്ചഗൈഃ എന്നതും അപചയഗൃഹനീചാരാതിഗൈഃ എന്നതും ഉപലക്ഷണമാകയാൽ സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹമായാലും അവർ ഉപചയാദികളായ ഉക്തസ്ഥാനങ്ങളിലെന്നപോലെ ഫലവിശേഷ സമ്പാദനത്തെക്കുറിച്ചു സാമർത്ഥ്യത്തോടുകൂടിയവരായി ഭവിക്കുമെന്നും ഗ്രാഹ്യമാകുന്നു.  ഇങ്ങനെ പുത്രാർദ്ധനിഷ്കർഷം. 

വ്യാഴത്തിന്റെ അഷ്ടകവർഗ്ഗം

ദിക്സ്വാദ്യഷ്ടമദായബന്ധുഷു കുജാൽ
സ്വാൽ സത്രികേഷ്വംഗിരാഃ
സൂര്യാൽ സത്രിതപസ്സുധീസ്വനവദി-
ഗ്ലാഭാരിഗോ ഭാർഗ്ഗവാൽ
ജായായാർത്ഥനവാത്മജേഷു ഹിമഗോർ-
മന്ദാൽ ത്രിഷഡ്‌ധീവ്യയേ
ദിഗ്ദ്ധീഷൾസസുഖായ പൂർവ്വനവഗോ
ജ്ഞാൽ സസ്മരശ്ചോദയാൽ.

സാരം :-

ജനനകാലത്തിങ്കൽ ചൊവ്വയാൽ ആശ്രയിക്കപ്പെട്ട രാശിയുടെ പത്താം ഭാവത്തിലും രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ അഷ്ടമസപ്തമങ്ങളിലും ഏഴാം ഭാവത്തിലും നാലാം ഭാവത്തിലും, ജനനകാലത്തിങ്കൽ തന്നാൽ ആശ്രയിക്കപ്പെട്ട രാശിയുടെ മൂന്നാം ഭാവത്തിലും പത്താം ഭാവത്തിലും രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ അഷ്ടമസപ്തങ്ങളിലും ഏകാദശചതുർത്ഥങ്ങളിലും,  സൂര്യനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ മൂന്നാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും പത്താം ഭാവത്തിലും രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ അഷ്ടമസപ്തമങ്ങളിലും ഏകാദശചതുർത്ഥങ്ങളിലും, ശുക്രനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ അഞ്ചാം ഭാവത്തിലും രണ്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും പത്താം ഭാവത്തിലും  പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും, ചന്ദ്രനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ ഏഴാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും രണ്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും അഞ്ചാം ഭാവത്തിലും, ശനിയാൽ ആശ്രയിക്കപ്പെട്ട രാശിയുടെ മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും, ബുധനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ പത്താം ഭാവത്തിലും അഞ്ചാം ഭാവത്തിലും ആറാം ഭാവത്തിലും രണ്ടാം ഭാവത്തിലും നാലാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും മേൽപറഞ്ഞ രാശിയിലും അതിന്റെ ഒമ്പതാം ഭാവത്തിലും ലഗ്നത്തിങ്കലും അതിന്റെ അഞ്ചാം ഭാവത്തിലും പത്താം ഭാവത്തിലും ആറാം ഭാവത്തിലും രണ്ടാം ഭാവത്തിലും നാലാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും ഏഴാം ഭാവത്തിലും സഞ്ചരിച്ചിയങ്ങുന്ന വ്യാഴം ശുഭനാകുന്നു. 

ബുധാഷ്ടകവർഗ്ഗം

ദ്വ്യാദ്യായാഷ്ടതപസ്സുഖേഷു ഭൃഗുജാൽ
സത്ര്യാത്മജേഷ്വിന്ദുജഃ
സാജ്ഞാസ്തേഷു യമാരയോർവ്യയരിപു
പ്രാപ്ത്യഷ്ടഗോ വാക്പതേഃ
ധർമ്മായാരിസുതവ്യയേഷു സവിതുഃ
സ്വാൽ സാദ്യകർമ്മത്രിഗഃ
ഷൾസ്വായാഷ്ടസുഖാസ്പദേഷു ഹിമഗോ-
സ്സാദ്യേഷു ലഗ്നാച്ഛ്ശുഭഃ

സാരം :-

ജനനകാലത്തിങ്കൽ ശുക്രനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും  ഒമ്പതാം ഭാവത്തിലും നാലാം ഭാവത്തിലും മൂന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും, ജനനകാലത്തിങ്കൽ കുജമന്ദന്മാരാൽ ആശ്രയിക്കപ്പെട്ട രാശികളുടെ പത്താം ഭാവത്തിലും ഏഴാം ഭാവത്തിലും രണ്ടാം ഭാവത്തിലും മേൽപ്പറഞ്ഞ രാശിയിലും അതിന്റെ പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും നാലാം ഭാവത്തിലും, ജനനകാലത്തിങ്കൽ വ്യാഴത്താൽ ആശ്രയിക്കപ്പെട്ട രാശിയുടെ പന്ത്രണ്ടാം ഭാവത്തിലും ആറാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും, ജനനകാലത്തിങ്കൽ സൂര്യനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ ഒമ്പതാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും, ജനനകാലത്തിങ്കൽ തന്നാൽ ആശ്രയിക്കപ്പെട്ട രാശിയിലും അതിന്റെ പത്താം ഭാവത്തിലും മൂന്നാം ഭാവത്തിലും മേൽപ്പറഞ്ഞ ഒമ്പതാം ഭാവം മുതലായ സ്ഥാനങ്ങളിലും ജനനകാലത്തിങ്കൽ ചന്ദ്രനാൽ ആശ്രയിക്കപ്പെട്ട രാശിയുടെ ആറാം ഭാവത്തിലും ലഗ്നത്തിലും അതിന്റെ ആറാം ഭാവം മുതലായ മേൽപ്പറഞ്ഞ സ്ഥാനങ്ങളിലും സഞ്ചരിച്ചിയങ്ങുന്ന ബധൻ ശുഭനാകുന്നു. "ചന്ദ്രനാൽ സുഖാരിദശമായാഷ്ടധനേസാദിഷു വിലഗ്നാൽ" എന്ന വചനാന്തരത്തിന്റെ സംവാദം ഹേതുവായിട്ട് "സ്വാൽസാദ്യകർമ്മത്രിഗഃ" എന്ന വാക്യത്തിന്റെ അർത്ഥം മേൽ വിവരിച്ച പ്രകാരം തന്നെ എന്നറിഞ്ഞു കൊൾക.

ചൊവ്വയുടെ അഷ്ടകവർഗ്ഗം

വക്രസ്തൂപചയേഷ്വിനാൽ സതനയേ-
ഷ്വാദ്യാധികേഷൂദയാ-
ച്ചന്ദ്രാൽ ഷൾത്രിഫലേഷു കേന്ദ്രനിധന-
പ്രാപ്ത്യർത്ഥഗഃ സ്വാച്ഛ് ശുഭഃ
ധർമ്മായാഷ്ടമകേന്ദ്രഗോƒർക്കതനയാൽ
ജ്ഞാൽ ഷൾത്രിധീലാഭഗ-
ശ്ശുക്രാൽ ഷഡ്വ്യയലാഭമൃത്യുഷു ഗുരോഃ
കർമ്മാന്ത്യലാഭാരിഷു.

സാരം :-

ജനനകാലത്തിങ്കൽ സൂര്യനാൽ ആശ്രിതമായരാശിയുടെ അഞ്ചാം ഭാവത്തിലും മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ലഗ്നത്തിങ്കലും അതിന്റെ മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലും പത്താം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ചന്ദ്രനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, തന്നാൽ ആശ്രിതമായ രാശിയിലും അതിന്റെ നാലാം ഭാവത്തിലും ഏഴാം ഭാവത്തിലും പത്താം ഭാവത്തിലും എട്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും രണ്ടാം ഭാവത്തിലും, ശനിയാൽ ആശ്രിതമായ രാശിയുടെ ഒമ്പതാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും കേന്ദ്രസ്ഥാനരാശികളിലും, ബുധനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും മൂന്നാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും, ശുക്രനാൽ ആശ്രിതമായ രാശിയുടെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും എട്ടാം ഭാവത്തിലും, വ്യാഴത്താൽ ആശ്രയിക്കപ്പെട്ട രാശിയുടെ പത്താം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും സഞ്ചരിക്കുന്ന ചൊവ്വ ശുഭനാകുന്നു. 

ഭാവാധിപനായ ഗ്രഹത്തിന്റെ ശത്രുക്ഷേത്രത്തിലും അതിശത്രുക്ഷേത്രത്തിലും അഷ്ടവർഗ്ഗത്തിൽ ശൂന്യമായി വരുന്ന രാശിയിലും

യുത്ഭാവേശസ്യാതിശത്രോർഗൃഹേ വാ
യോ വാ ഖേടോ ബിന്ദുശൂന്യർക്ഷയുക്തഃ
തത്തൽപാകേ മൂർത്തിഭാവാദികാനാ
നാശം ബ്രൂയാദ്ദൈവവിൽ പ്രാശ്നികായ.

സാരം :-

ഭാവാധിപനായ ഗ്രഹത്തിന്റെ ശത്രുക്ഷേത്രത്തിലും അതിശത്രുക്ഷേത്രത്തിലും അഷ്ടവർഗ്ഗത്തിൽ ശൂന്യമായി വരുന്ന രാശിയിലും നിൽക്കുന്ന ഗ്രഹങ്ങളുടെ ദശയിലോ അപഹാരത്തിലോ ആ ഭാവത്തിനു നാശമുണ്ടാകുമെന്നു ദൈവജ്ഞൻ (ജ്യോതിഷി) പൃച്ഛകനോടു പറഞ്ഞുകൊള്ളണം.

അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന


അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന

  അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന കഴിഞ്ഞാല്‍ ഏകാധിപത്യശോധന നടത്തണം. ഏകാധിപത്യശോധനം കര്‍ക്കിടകം, ചിങ്ങം രാശികള്‍ക്കില്ല. രവിചന്ദ്രന്മാര്‍ ഏകാധിപത്യ ഗ്രഹങ്ങളായതുകൊണ്ടാണവയെ ഒഴിച്ചുനിര്‍ത്തിയിരിക്കുന്നത്. മേടം, വൃശ്ചികം ----- ഇടവം, തുലാം ------ മിഥുനം, കന്നി ---- ധനു, മീനം ---- മകരം, കുംഭം ഇങ്ങനെ 5 വര്‍ഗ്ഗങ്ങള്‍ക്കാണ് ഏകാധിപത്യശോധനം വിധിച്ചിരിക്കുന്നത്. ത്രികോണശോധനം കഴിഞ്ഞ് ഇവയില്‍ അക്ഷങ്ങളുണ്ടെങ്കില്‍ മാത്രമേ ഏകാധിപത്യശോധനം ആവശ്യമുള്ളു. ഈ അഞ്ചു വര്‍ഗ്ഗങ്ങളില്‍ ഓരോ വര്‍ഗ്ഗത്തിലും പെട്ട ഈരണ്ടു രാശികളില്‍ അക്ഷങ്ങള്‍ (സംഖ്യകള്‍) സമമാണെങ്കില്‍  രണ്ടിലെയും മുഴുവന്‍ അക്ഷങ്ങളും കളയണം. ഒന്നില്‍ അക്ഷം കുറവും മറ്റേതില്‍ അക്ഷം കൂടുതലുമാണെങ്കില്‍ ആ രാശിയിലെ അക്ഷം മുഴുവനും അത്ര അക്ഷം മറ്റേ രാശിയില്‍നിന്നും കളയണം (കുറയ്ക്കണം).

ഉദാഹരണം :-

   മേടത്തില്‍ ഒന്നും വൃശ്ചികത്തില്‍ മൂന്നുമാണെങ്കില്‍ മേടത്തില്‍ നിന്ന്  1 ഉം വൃശ്ചികത്തില്‍ 1 ഉം കളഞ്ഞ് (കുറച്ച്) മേടത്തില്‍ "0" ഉം വൃശ്ചികത്തില്‍ "2" ഉം ആക്കണം.

   ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്ന് രാശിയില്‍ നിന്ന് ഏകാധിപത്യശോധനം നടത്തരുത്.

ശുദ്ധപിണ്ഡാനയനം / രാശിഗുണയോഗം / ഗ്രഹഗുണകരയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന


ഓരോ ഗ്രഹത്തിന്റെ അഷ്ടവര്‍ഗ്ഗവും സമുദായാഷ്ടവര്‍ഗ്ഗവും പ്രത്യേകം പ്രത്യേകം ത്രികോണശോധന നടത്തി ഫലപ്രവചനം ചെയ്യേണ്ടതുണ്ട്. അതിനായി ത്രികോണശോധനയെ താഴെ പറയുന്നു.

    മേടം, ചിങ്ങം, ധനു,---- ഇടവം കന്നി, മകരം,----- മിഥുനം, തുലാം, കുംഭം, ----കര്‍ക്കിടകം, വൃശ്ചികം, മീനം, --- ഇങ്ങനെ 4 ആണ് ത്രികോണരാശികള്‍. ഇവയില്‍ ഓരോ ത്രികോണത്തിലും വരുന്ന 3 രാശികളില്‍ ഏതിലാണോ കുറഞ്ഞ സംഖ്യ (അക്ഷം) ഉള്ളത് ആ സംഖ്യ ആ രാശിയില്‍നിന്നും അത്ര മറ്റു രണ്ടു രാശിയില്‍നിന്നും കളയണം (കുറയ്ക്കണം). ത്രികോണരാശികളില്‍ ഒന്നില്‍ ഒരു സംഖ്യയുമില്ലെങ്കില്‍ മറ്റു രണ്ടു രാശികളിലെയും അക്ഷങ്ങള്‍ മുഴുവന്‍ കളഞ്ഞു കളഞ്ഞു ശൂന്യമാക്കണം. മൂന്നു രാശികളിലേയും സംഖ്യ തുല്യമാണെങ്കില്‍ മൂന്നു രാശികളിലെയും സംഖ്യകള്‍ മുഴുവനും കളഞ്ഞു ശൂന്യമാക്കണം.

    ഉദാഹരണത്തിന് സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ മേടം, ചിങ്ങം, ധനു എന്ന് ത്രികോണത്തില്‍ മേടം 6, ചിങ്ങം 5, ധനു 3 ഇങ്ങനെയാണ് അക്ഷം നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ സംഖ്യ ധനുവിലാകയാല്‍ ആ സംഖ്യ ധനുവില്‍ നിന്നും, മേടത്തില്‍ നിന്നും, ചിങ്ങത്തില്‍ നിന്നും കളഞ്ഞ് (കുറച്ച്) യഥാക്രമം, ധനുവില്‍ 0, മേടത്തില്‍ നിന്നും 3, ചിങ്ങത്തില്‍ 2, എന്നാക്കണം. ഇങ്ങനെ മറ്റെല്ലാം കണ്ടുകൊള്‍ക. ഈ ത്രികോണശോധന നടത്തേണ്ട ക്രമങ്ങള്‍ വേറെയുമുണ്ട്. അവയെല്ലാം നിരൂപണപൂര്‍വ്വം ഉപപാദിക്കാന്‍ തുനിയുന്നില്ല. ഗുരൂപദേശത്തില്‍ സമഞ്ജസമായവ സ്വീകരിച്ച് അതു മാത്രമിവിടെ ഉപപാദിച്ചിരിക്കുകയാണ്. ഏറ്റവും ഋജുവായ പക്ഷം ഇതുതന്നെയെന്നു സര്‍വ്വസമ്മതവുമാണ്.

 
  അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ദശാഫലവും അഷ്ടവര്‍ഗ്ഗവും


ദശാഫലവും അഷ്ടവര്‍ഗ്ഗവും

  ആദിത്യന്‍ മുതല്‍ക്കുള്ള ഗ്രഹങ്ങളുടെ നക്ഷത്രദശാസംവത്സരസംഖ്യയെ 12 ആയി ഭാഗിച്ചാല്‍ ഓരോ ഭാഗത്തിലും വരുന്ന കൊല്ലം, മാസം, ദിവസം എത്രയുണ്ടോ അത്രയും കഴിവോളം അഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ മുതല്‍ക്കുള്ള ഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശിയില്‍ 4 ല്‍ അധികം (അക്ഷം) സംഖ്യയുണ്ടെങ്കില്‍ ശുഭഫലവും 4 ല്‍ കുറവ് സംഖ്യയുണ്ടെങ്കില്‍ അശുഭഫലവും അനുഭവിക്കുന്നതാണ്. 4 ആണെങ്കില്‍ ശുഭാശുഭം സമമായിരിക്കും. ഇങ്ങനെ മറ്റ് എല്ലാ രാശികളിലെയും അക്ഷസംഖ്യാനുസാരം ഫലം അനുഭവിക്കും.

   ഉദാഹരണമായി ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ 5 അക്ഷമുള്ളതുകൊണ്ട് (ചന്ദ്രദശാസംവത്സരമായ 10 നെ 12 ആയി ഭാഗിച്ചാല്‍ ഒരു ഭാഗത്തില്‍ 10 മാസം) ചന്ദ്രദശ തുടങ്ങി. 10 മാസം ധനവൃദ്ധി, ദേഹപുഷ്ടി, മാതൃസുഖം ഇവ അനുഭവിക്കും. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ 2 ല്‍ 3 അക്ഷമുള്ളതുകൊണ്ട് രണ്ടാമത്തെ 10 മാസം ധനധാന്യനാശം, വാക് ദോഷം, ഭരണപരമായ കുടുംബവിഷമം, ധനക്ഷയം എന്നിവ അനുഭവിക്കും. ഇപ്രകാരം ഓരോ ഭാവത്തിലെയും അക്ഷങ്ങള്‍ക്കനുസൃതമായി അതാതുഗ്രഹത്തിന്റെ അഷ്ടവര്‍ഗ്ഗത്തില്‍ ആ ഗ്രഹം നില്‍ക്കുന്ന രാശിലഗ്നമായി കണക്കാക്കി ആ ഗ്രഹത്തിന്റെ ദശാകാലം 12 ആയി ഭാഗിച്ച് ദശാഫലങ്ങള്‍ പറഞ്ഞുകൊള്ളണം.


അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍


അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍
  അഷ്ടവര്‍ഗ്ഗത്തിലെ ലഗ്നം മുതല്‍ ശനി നില്‍ക്കുന്ന രാശി വരെ, ശനി നില്‍ക്കുന്ന രാശി മുതല്‍ ലഗ്നംവരെ, ചൊവ്വ നില്‍ക്കുന്ന രാശിമുതല്‍ ലഗ്നം വരെ, ലഗ്നം മുതല്‍ ചൊവ്വ നില്‍ക്കുന്ന രാശിവരെ ഇങ്ങനെ 4 ഖണ്ഡങ്ങളിലെ അക്ഷങ്ങള്‍ വെവ്വേറെ കൂട്ടി ഓരോന്നിനെയും 7 ല്‍ പെരുക്കി 7 ല്‍ ഹരിച്ചുകിട്ടുന്ന ഹരണഫലസംഖ്യകളോളം വയസ്സുകഴിയുമ്പോള്‍ വലിയ അശുഭങ്ങള്‍ അനുഭവിക്കാന്‍ ഇടവരും.

  ജാതകത്തില്‍ രാഹു അനിഷ്ടസ്ഥാനത്തുനിന്നാലോ രാശിയില്‍ അഷ്ടവര്‍ഗ്ഗപ്രകാരം എത്ര അക്ഷങ്ങളുണ്ടോ അത്രാമാത്തെ വയസ്സില്‍ പാമ്പ് കടിക്കുകയോ, വിഷം തീണ്ടുകയോ ചെയ്യും. ചൊവ്വ നില്‍ക്കുന്ന രാശിയിലെ അക്ഷങ്ങളോളം വയസ്സ് ചെല്ലുമ്പോള്‍ ആയുദ്ധം കൊണ്ട് വ്രണപ്പെടും. ശനി നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ രോഗദുഃഖങ്ങളും വ്യാഴം നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ പുത്രലാഭം, ദ്രവ്യലാഭം അനുഭവിക്കും. ശുക്രന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിവാഹവും സ്ത്രീസുഖവുമനുഭവിക്കും. ബുധന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിദ്യാഭ്യാസം, ബുദ്ധിഗുണം, വിദ്യാപ്രശംസ ഇവ ലഭിക്കും. മേല്‍പറഞ്ഞ ഫലങ്ങളനുഭവിക്കാന്‍ ജാതകത്തില്‍ ഗ്രഹയോഗാദികളെക്കൊണ്ട് ലക്ഷണമുണ്ടെങ്കില്‍ മാത്രം പറയപ്പെടേണ്ട ഫലങ്ങളാണ്. ലക്ഷണമില്ലെങ്കില്‍ ഫലപ്രവചനമരുതെന്നു വിധിതന്നെയുണ്ട്‌.

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നഭാവത്തിന് 25. രണ്ടാംഭാവത്തിന് 22. മൂന്നാം ഭാവത്തിന് 29. നാലാം ഭാവത്തിന് 24. അഞ്ചാം ഭാവത്തിന് 25. ആറാം ഭാവത്തിന് 34. ഏഴാം ഭാവത്തിന് 19. എട്ടാം ഭാവത്തിന് 24. ഒന്‍പതാം ഭാവത്തിന് 29. പത്താം ഭാവത്തിന് 36. പതിനൊന്നാം ഭാവത്തിന് 54. പന്ത്രണ്ടാം ഭാവത്തിന് 16 എന്നിങ്ങനെ ഓരോ ഭാവത്തിനും ഉണ്ടായിരിക്കേണ്ട മിനിമം സംഖ്യകളുണ്ട്. ഈ മിനിമം സംഖ്യയില്‍ നിന്ന് സംഖ്യകള്‍ ഏറിവന്നാല്‍ ആ ഭാവം സമ്പുഷ്ടമായിരിക്കും.

  അഷ്ടവര്‍ഗ്ഗംകൊണ്ട് ജാതകത്തിലെ ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളെ കൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണോ അവയാണിവിടെ പറഞ്ഞിരിക്കുന്നത്. നാലാം ഭാവത്തില്‍ പാപഗ്രഹങ്ങളുടെ യോഗ്ദൃഷ്ടികള്‍ ഇല്ലാതെ 24 ല്‍ അധികം അക്ഷം (സംഖ്യകള്‍) ഉണ്ടായിരിക്കുകയും, രണ്ടാം ഭാവത്തില്‍ 22 ല്‍ അധികം അക്ഷം ഉണ്ടായിരിക്കുകയും ചെയ്‌താല്‍ തന്റെ കാരണവന്മാര്‍ സമ്പാദിച്ച ധനം അഷ്ടവര്‍ഗ്ഗകര്‍ത്താവിന് (ജാതകകാരന്) ലഭിക്കും.

  പത്താം ഭാവത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 36 ല്‍ അധികം അക്ഷമുണ്ടായാല്‍ സ്വന്തം സമ്പാദിച്ചു  സസുഖം ജീവിക്കും.

  പതിനൊന്നാമത്തെ ഭാവത്തില്‍ പാപയോഗദൃഷ്ടികളില്ലാതെ 54 ല്‍ അധികം അക്ഷം ഉണ്ടായാല്‍ പ്രയത്നം കൂടാതെ ധനസമ്പാദ്യംഉണ്ടാകും

   ലഗ്നത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 25 ല്‍ അധികം സമുദായ അഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ, ഒന്‍പതാമിടത്ത് പാപയോഗദൃഷ്ടികള്‍ ഇല്ലാതെ 29 ല്‍ അധികം സമുദായഅഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ ചെയ്‌താല്‍ നിധി കിട്ടുമെന്ന് പറയണം. ലഗ്നത്തില്‍ എത്ര അക്ഷം ഉണ്ടോ അത്രാമാത്തെ വയസ്സില്‍ നിന്ന് മേലെ മാത്രമേ ഈ പറഞ്ഞ ശുഭഫലങ്ങള്‍ അനുഭവിക്കുകയുള്ളൂ.

   പതിനൊന്നാം ഭാവത്തില്‍ പന്ത്രണ്ടാം ഭാവത്തെക്കാള്‍ അക്ഷം അധികമായാല്‍ ധനവാനാകും. പതിനൊന്നാം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ അക്ഷം പന്ത്രണ്ടാം ഭാവത്തില്‍ കൂടുതലായാല്‍ ദാരിദ്രനാകും. പത്താം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ പതിനൊന്നാം ഭാവത്തില്‍ അക്ഷം അധികമായാല്‍ പ്രവൃത്തിയില്‍ അദ്ധ്വാനത്തിനൊത്ത ലാഭമുണ്ടാകും.

ദശാഫലവും അഷ്ടവര്‍ഗ്ഗവും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വയഃത്രിഭാഗം

   ബന്ധുകം - സേവകം - പോഷകം - ഘാതകം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

വയഃത്രിഭാഗം
  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ മീനം, മേടം, ഇടവം, മിഥുനം എന്നീ രാശികളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ ജനനം മുതല്‍ യൌവനം വരെയുള്ള കാലഘട്ടത്തിലെ സംഖ്യും, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം എന്നീ രാശികളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ അത് യൌവനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തിലെ സംഖ്യയും, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ അത് വാര്‍ദ്ധക്യം മുതല്‍ മരണം വരെയുള്ള കാലം സംഖ്യയുമാകുന്നു. ഇതിന് "വയഃത്രിഭാഗം" എന്ന് പറയുന്നു.

  ഇതില്‍ ഒന്നാമത്തെ ഭാഗത്തിലധികാക്ഷമുണ്ടായാല്‍ ജനനം മുതല്‍ യൌവനം വരെയുള്ള കാലം സുഖലോലുപമായിരിക്കും. മധ്യകാലത്തില്‍ അധികാക്ഷമുണ്ടായാല്‍ യൌവനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലമാകും സുഖഭൂയിഷ്ഠമാകുക. അന്ത്യഭാഗത്തിലധികാക്ഷമുണ്ടായാല്‍ വാര്‍ദ്ധക്യകാലം മുതല്‍ മരണം വരെയുള്ള കാലമാകും സുഖഭൂയിഷ്ഠമായിത്തീരുക. 

  വയത്രിഭാഗത്തില്‍ കാണുന്ന സംഖ്യകളുടെ ഏറ്റക്കുറവുകളനുസരിച്ചുള്ള കാലയളവുകളില്‍ സുഖദുഃഖാനുഭവങ്ങളുണ്ടാകുന്നതാണ്. അക്ഷാധിക്യം കുറഞ്ഞ വയഃത്രിഭാഗത്തില്‍ വ്യാധികളും ദുഃഖങ്ങളുമുണ്ടാകും.

അന്തര്‍ഭാഗം - ബഹിര്‍ഭാഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അഷ്ടവര്‍ഗ്ഗത്തിലെ ദിക് നിര്‍ണ്ണയ വ്യവസ്ഥ


അഷ്ടവര്‍ഗ്ഗത്തിലെ ദിക്  നിര്‍ണ്ണയ വ്യവസ്ഥ

  അഷ്ടവര്‍ഗ്ഗത്തില്‍ ദിക് നിര്‍ണ്ണയം നടത്തേണ്ടത് താഴെ വിവരിക്കും പ്രകാരമാണ്. മേടം, ചിങ്ങം, ധനു, ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ പൂര്‍വ്വദിക് (കിഴക്ക്) സംഖ്യയും, ഇടവം, കന്നി, മകരം ഈ മൂന്നു രാശികളിലെ സംഖ്യകള്‍, ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യകള്‍ ദക്ഷിണ ദിക് (തെക്ക്) സംഖ്യയും, മിഥുനം, തുലാം, കുംഭം ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ പശ്ചിമദിക് (പടിഞ്ഞാറ്) സംഖ്യയും; കര്‍ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ ഉത്തരദിക് (വടക്ക്‌) സംഖ്യയും ആകുന്നു. ഈ വിധം ദിക് നിര്‍ണ്ണയം ചെയ്തു കിട്ടുന്ന സംഖ്യകളില്‍ ഏതു ദിക്കിലെ സംഖ്യയാണോ അധികമുള്ളത് ആ ദിക്ക് ഏറ്റവും ശുഭമാണെന്നറിയണം. അതിനു നേരെ താഴെ വരുന്ന സംഖ്യയുള്ള ദിക്ക് സമഫലമാകുന്നു. പിന്നീടുള്ള സംഖ്യാദിക്കുകള്‍ അശുഭഫലം ചെയ്യും.

  അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷാധിക്യമുള്ള രാശിയും രാശിദിക്കും ശുഭമെന്നു മേല്‍ പറഞ്ഞിടത്ത് രാശിദിക്കുകള്‍ കണക്കാക്കുന്നത് മറ്റൊരു വിധത്തിലാണ്. മേടം, ഇടവം, രാശിദിക്ക് കിഴക്കാക്കുന്നു. മിഥുനം കിഴക്കും തെക്കും ദിക്കാകുന്നു. കര്‍ക്കിടകം, ചിങ്ങം തെക്ക്ദിക്ക്, കന്നി തെക്ക്പടിഞ്ഞാറു ദിക്ക്. തുലാം വൃശ്ചികം പടിഞ്ഞാറ് ദിക്ക്, ധനു വടക്കുപടിഞ്ഞാറ് ദിക്ക്. മകരം, കുംഭം, വടക്ക്ദിക്ക്. മീനം വടക്കു കിഴക്ക്ദിക്ക്. ഇങ്ങനെ രണ്ടുതരത്തിലാണ് അഷ്ടവര്‍ഗ്ഗാദികളില്‍ ദിക്ക് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്.

സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

    ശനിയുടെ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ ശനി നില്‍ക്കുന്ന സമയം ദാസജന സ്വീകാരത്തിനും, കര്‍ഷകവൃത്തിക്കും ഉത്തമമാണ്. അക്ഷാധിക്യമുള്ള ദിക്കില്‍ ചണ്ഡാലന്മാരെയും ദാസന്മാരെയും താമസിപ്പിക്കുന്നത് ഉത്തമമാണ്. ഈ ദിക്കില്‍ കുപ്പക്കുഴി, വിസര്‍ജ്ജസ്ഥലം ഇവ നിര്‍മ്മിക്കുന്നതും ഉത്തമമാകുന്നു. 4 അക്ഷമുള്ള രാശികള്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ സമഫലം ചെയ്യും. മറ്റുളളവ ഏറ്റവും അശുഭഫലങ്ങളുമുളവാക്കും.

  അഷ്ടവര്‍ഗ്ഗത്തിലെ ദിക്  നിര്‍ണ്ണയ വ്യവസ്ഥ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

മന്ദാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? (ശനിയുടെ അഷ്ടവര്‍ഗ്ഗം)


മന്ദാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങത്തില്‍ നില്‍ക്കുന്ന സൂര്യന് ചിങ്ങം, കന്നി, വൃശ്ചികം, കുംഭം, മീനം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കന്നി, ധനു, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മിഥുനം, ചിങ്ങം, കന്നി, മകരം, കുംഭം, മീനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,9,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കന്നിയില്‍ നില്‍ക്കുന്ന ബുധന് കുംഭം മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ധനുവില്‍ നില്‍ക്കുന്ന വ്യാഴത്തിന് മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് മീനം, ചിങ്ങം, കന്നി, എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭത്തില്‍ നില്‍ക്കുന്ന ശനിയ്ക്ക് മേടം, മിഥുനം, കര്‍ക്കിടകം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നത്തില്‍ നിന്ന് 1,3,4,6,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുനലഗ്നത്തിന് മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, മീനം, മേടം, രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഇപ്രകാരം ശനിയുടെ അഷ്ടവര്‍ഗ്ഗം താഴെ ചേര്‍ത്തിരിക്കുന്നു.

ഉദാഹരണം :-

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
വ്യാഴാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,5,7,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് ചിങ്ങം, വൃശ്ചികം, മകരം, മീനം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,5,6,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നിയില്‍ നിന്നാല്‍ കന്നി, തുലാം, ധനു, മകരം, കുംഭം, ഇടവം, മിഥുനം കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനുവില്‍ നിന്നാല്‍ ധനു, മകരം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,5,6,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശുക്രന്‍ തുലാത്തില്‍ നിന്നാല്‍ വൃശ്ചികം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശനി കുംഭത്തില്‍ നില്‍ക്കുകയാണെങ്കില്‍ മേടം, മിഥുനം, കര്‍ക്കിടകം, മകരം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,7,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ലഗ്നം മിഥുനം ആണെങ്കില്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, ധനു, കുംഭം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?


ചന്ദ്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

ചന്ദ്രാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍നിന്ന് 3,6,7,8,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ചിങ്ങത്തില്‍ സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ തുലാം, മകരം, കുംഭം, മീനം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,3,6,7,10,11 എന്നീ  രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കര്‍ക്കിടകത്തിലാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ കര്‍ക്കിടകം, കന്നി, ധനു, മകരം, മേടം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,3,5,6,9,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- കുജന്‍ മേടത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ഇടവം, മിഥുനം, ചിങ്ങം, കന്നി, ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതേണ്ടത്.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,3,4,5,7,8,10,11 എന്നീ രാശികളിലാണ് അക്ഷം എഴുത്തേണ്ടത്.
ഉദാഹരണം :- ബുധന്‍ കന്നിയിലാണ് നില്‍ക്കുന്നതെങ്കില്‍ കന്നി, വൃശ്ചികം, ധനു, മകരം, മീനം, മേടം, മിഥുനം, കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളിലാണ് ഓരോ അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- വ്യാഴം ധനുവിലാണ് നില്‍ക്കുന്നതെങ്കില്‍ ധനു, മകരം, മീനം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,4,5,7,9,10,11 എന്നീ രാശികളിലാണ് അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ശുക്രന്‍ തുലാത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ധനു, മകരം, കുംഭം, മേടം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,11 എന്നീ രാശികളിലാണ് ഓരോ അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- ശനി കുംഭത്തില്‍ നിന്നാല്‍ മേടം, മിഥുനം, കര്‍ക്കിടകം, ധനു രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 3,6,10,11 എന്നീ രാശികളിലാണ് ഓരോ അക്ഷം എഴുതേണ്ടത്.
ഉദാഹരണം :- മിഥുനം രാശി ലഗ്നമാണെങ്കില്‍, ചിങ്ങം, വൃശ്ചികം, മീനം, മേടം രാശികളില്‍ ഓരോ അക്ഷം എഴുതണം.

മേല്‍പ്പറഞ്ഞ വിധം ചന്ദ്രന്റെ അഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കണം.

മേല്‍പ്പറഞ്ഞ രാശിസ്ഥാനങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച ചന്ദ്രാഷ്ടവര്‍ഗ്ഗം താഴെ കൊടുക്കുന്നു.

ചന്ദ്രാഷ്ടവര്‍ഗ്ഗഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അഷ്ടവര്‍ഗ്ഗം എന്നാല്‍ എന്ത്?

അഷ്ടവര്‍ഗ്ഗം എന്നാല്‍ എന്ത്?

  സൂര്യന്‍ മുതല്‍ ശനി വരെയുള്ള ഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗ രചനാരീതിയും സമുദായാഷ്ടവര്‍ഗ്ഗ രചനാരീതിയും അവയുടെ സാമാന്യ ഫലഭാഗവും ഈ website ല്‍ തുടര്‍ന്ന് വിവരിക്കുന്നതാണ്.  

   ഒരു ജാതകത്തിലെ ഗ്രഹനിലയെ ആസ്പദമാക്കി സൂര്യന്‍ മുതല്‍ ശനിവരെയുള്ള ഏഴു ഗ്രഹങ്ങളും തങ്ങളുടെ ചാരകാലത്ത് ആ ജാതകന് എന്തെല്ലാം ഗുണദോഷാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നതെന്നും, ലഗ്നം തുടങ്ങി 12 ഭാവങ്ങളിലും ഓരോ ഗ്രഹങ്ങള്‍ക്കുമുള്ള ബന്ധങ്ങളെന്താണെന്നും അവന്റെ ആയുസ്സ്, ഭാഗ്യം, ശുഭാശുഭകര്‍മ്മങ്ങള്‍ ചെയ്യേണ്ട പ്രത്യേക കാലങ്ങള്‍ തുടങ്ങിയുള്ളവകളേയും പ്രത്യേകം പ്രത്യേകം സൂക്ഷമമായി അറിയുന്നതിനുവേണ്ടി കണ്ടുപിടിച്ച് ഏര്‍പ്പെടുത്തീട്ടുള്ള ഒരു ക്രിയാവിഭാഗമാണ് " അഷ്ടവര്‍ഗ്ഗം" എന്ന് പറയുന്നത്.

   സൂര്യാഷ്ടവര്‍ഗ്ഗം, ചന്ദ്രാഷ്ടവര്‍ഗ്ഗം, കുജാഷ്ടവര്‍ഗ്ഗം, ബുധാഷ്ടവര്‍ഗ്ഗം, വ്യാഴാഷ്ടവര്‍ഗ്ഗം, ശുക്രാഷ്ടവര്‍ഗ്ഗം, മന്ദാഷ്ടവര്‍ഗ്ഗം ഇങ്ങനെ ഏഴു ഗ്രഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം അഷ്ടവര്‍ഗ്ഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. മേല്‍പ്പറഞ്ഞ അഷ്ടവര്‍ഗ്ഗങ്ങള്‍ എല്ലാം കൂടി ഒരുമിച്ച് കൂട്ടുന്നതിന് "സമുദായാഷ്ടവര്‍ഗ്ഗം" എന്ന് പറയുന്നു.

  ജാതകത്തിലെ "അഷ്ടവര്‍ഗ്ഗങ്ങള്‍, സമുദായാഷ്ടവര്‍ഗ്ഗങ്ങള്‍" എന്നിവ വ്യക്തിഗതാഗതമായ പ്രധാന ആവശ്യങ്ങളെയും , അവയ്ക്കുപറ്റിയ നല്ല സ്ഥലകാലങ്ങളെയും  സമയങ്ങളും അറിയിക്കുന്നു. കൃത്യമായ ഗണിച്ചെടുക്കുന്ന ജാതകഫലം അക്ഷരാര്‍ത്ഥം കൃത്യമായിതന്നെ അനുഭവിക്കുമെന്നിരിക്കെ അഷ്ടവര്‍ഗ്ഗങ്ങള്‍ ജാതകത്തില്‍ അത്യാവശ്യമാണ്. സമുദായാഷ്ടവര്‍ഗ്ഗം ഭാവിജീവിതത്തെ കണ്ണാടിയിലെന്നപോലെ വ്യക്തമാക്കുന്ന ഒന്നാണ്. 1 ഉം 1 ഉം 2  എന്നപോലെ ഭാവി ജീവിതഫലം കൃത്യമായി കാണാന്‍  ജാതകത്തിലെ അഷ്ടവര്‍ഗ്ഗങ്ങളും സമുദായാഷ്ടവര്‍ഗ്ഗങ്ങളും കൊണ്ട് കഴിയുന്നു 

   അഷ്ടവര്‍ഗ്ഗമെന്നാല്‍ ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, എന്നീ ഏഴു ഗ്രഹങ്ങള്‍ക്കും ലഗ്നത്തിനും ലഗ്നത്തിനും കൂടി വരുന്ന വര്‍ഗ്ഗം അഥവാ അക്ഷം എന്നര്‍ത്ഥമാകുന്നു. അക്ഷം എന്നതിന് സംഖ്യ എന്നും ഒരക്ഷരമെന്നാല്‍ ഒന്ന് എന്നും അര്‍ത്ഥം ഗ്രഹിച്ചുവരുന്നു. 

  അഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് ഒരു ജാതകത്തിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയാണെന്ന് നേരത്തെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം രാശിചക്രം വരച്ചു അതുകളില്‍ അഷ്ടവര്‍ഗ്ഗങ്ങളെ രേഖപ്പെടുത്തണം. സാധാരണ ജ്യോത്സ്യന്മാര്‍ ഓരോ കവടിയെ ഓരോ രാശികളിലും വച്ചിട്ടാണ് അഷ്ടവര്‍ഗ്ഗം രേഖപ്പെടുത്തി കണക്കാകാറുള്ളത്. നമുക്ക് അതിന് പകരം ഓരോ രാശികളിലും ഓരോ അടയാളങ്ങള്‍ ഒന്നുപോലെ ഇട്ടിട്ട് ഒടുവില്‍ കണക്കാക്കിക്കൊണ്ടാല്‍ മതിയാകുന്നതാണ്.

   അഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുന്നത് ജനനസമയത്തിന് ഗണിച്ചെടുത്ത ജാതകത്തിലെ ഗ്രഹസ്ഥിതിയ്ക്ക് അനുസൃതമായിട്ടാണ്. ഓരോ ഗ്രഹങ്ങള്‍ക്കും അവ നില്‍ക്കുന്ന രാശിയില്‍ നിന്ന് ഇന്ന ഇന്ന രാശികളില്‍ അക്ഷം വരുമെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് അതാതു രാശികളില്‍ ഓരോ അക്ഷസംഖ്യ അടയാളപ്പെടുത്തണം. അങ്ങനെ സൂര്യന്‍ മുതല്‍ ലഗ്നമടക്കമുള്ള ഗ്രഹങ്ങള്‍ക്ക്‌ പറയപ്പെടുന്ന രാശികളില്‍ ഓരോ അക്ഷം അടയാളപ്പെടുത്തി അവസാനം ഓരോ രാശിയിലെയും അക്ഷങ്ങളെ ഒന്നിച്ച് കൂട്ടിയെഴുതണം. (ആ കൂട്ടിയെഴുതിയ സംഖ്യമാത്രമേ ജാതകത്തില്‍ രേഖപ്പെടുത്തുവാന്‍ പാടുള്ളൂ.) പിന്നീട് 12 രാശിയിലെയും, അക്ഷങ്ങള്‍ ഒന്നിച്ച് കൂട്ടിയാല്‍ സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ 48 ഉം, ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ 49 ഉം, കുജാഷ്ടവര്‍ഗ്ഗത്തില്‍ 39 ഉം, ബുധാഷ്ടവര്‍ഗ്ഗത്തില്‍ 54 ഉം, വ്യാഴാഷ്ടവര്‍ഗ്ഗത്തില്‍ 56 ഉം, ശുക്രാഷ്ടവര്‍ഗ്ഗത്തില്‍ 52 ഉം, മന്ദാഷ്ടവര്‍ഗ്ഗത്തില്‍ 39 ഉം സമുദായാഷ്ടവര്‍ഗ്ഗത്തില്‍ 337 ഉം അക്ഷങ്ങള്‍ ഉണ്ടാകും. ഇതാണ് അഷ്ടവര്‍ഗ്ഗ പ്രക്രിയയുടെ സാമാന്യനിയമം.

 സൂര്യാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.