പൃച്ഛായാം ഹി നൃണാം ഫലം യദുദിതം ദ്യുമ്നാഗമാ൪ത്ഥക്ഷയ
ക്ഷുദ്രാദ്യം ഖലു യോജ്യമേതദഖിലം പ്രശ്നേƒത്ര ചായോജയേല്‍
സൂത്രാദീരിതപഞ്ചതാപ്രഭൃതികം സക്രൂരഭാവോദിത-
ക്ഷേത്രേശാദിഷു ചാത്ര വാംകണതടാകാദൗ ഗവാദേ൪മൃതിം
സാരം :-
"പൃച്ഛാനി൪ഗ്ഗമമാ൪ഗ്ഗമന്ദിരഗതി" ഇത്യാദി ശ്ലോകങ്ങളില്‍ വിധിച്ചിട്ടുള്ള ക്രമത്തില്‍ ധനനാശം, ധനലാഭം, ക്ഷുദ്രം, ക൪മ്മവിഘ്നം മുതലായ ഫലങ്ങള്‍ ഈ ദേവപ്രശ്നത്തിലും യോജിപ്പിക്കാവുന്നതെല്ലാം ചിന്തിച്ചു പറയേണ്ടതാണ്.
സൂത്രം, ത്രിസ്ഫുടം, മുതലായവകൊണ്ട് മരണം, അതിന്‍റെ കാലങ്ങള്‍, ഭാവിയിലുള്ള ശോഭനത, ഈ വക ലക്ഷണങ്ങളും ദേവപ്രശനത്തില്‍ പറയപ്പെടണം. എന്നാല്‍ മരണം മുതലായവ ഊരാള൪ തുടങ്ങിയ ക്ഷേത്രകാര്യസ്ഥന്മാരിലാണ് സംഭവിക്കുന്നത്. ഈ വകഭേദങ്ങള്‍ ശ്രദ്ധിച്ചറിയേണ്ടവയാണ്. ലഗ്നാദിയായ ഏതൊരുഭാവത്തില്‍ പാപഗ്രഹം വരുന്നുവോ ആ ഭാവംകൊണ്ട് പറയപ്പെടാവുന്നവ൪ക്ക് ആപത്തും ശുഭഗ്രഹം നില്‍ക്കുന്ന ഭാവംകൊണ്ട് പറയപ്പെടാവുന്നവ൪ക്ക് സമ്പത്തും (ഐശ്വര്യം) പറയണം. സൂത്രംകൊണ്ടും ത്രിസ്ഫുടംകൊണ്ടും മരണലക്ഷണമുണ്ടായാല്‍ ആ ലക്ഷണത്തിനു ഹേതുവായ രാശിഭാവങ്ങളെ ആശ്രയിച്ചു ക്ഷേത്രം, കുളം മുതലായ സ്ഥലങ്ങളില്‍ വച്ച് പശുക്കള്‍ തുടങ്ങിയുള്ള ജന്തുക്കള്‍ക്ക് മരണം പറയാവുന്നതാണ്. ഈ മരണഫലത്തിന്‍റെ ഭൂതഭാവികള്‍ സൂത്രചിന്തയ്ക്കും മറ്റും അനുകരിച്ചുപോരുന്ന രീതിയില്‍ നി൪ണ്ണയിക്കേണ്ടതാണ്.
ഏതെല്ലാം ഭാവങ്ങളുടെ ഐക്യംകൊണ്ടാണോ മരണസൂത്രം സിദ്ധിച്ചത്, മരണഫലം ആ ഭാവങ്ങളെ സംബന്ധിക്കുന്നതാണ്. അതുപോലെ ത്രിസ്ഫുടത്തിന് ദോഷപ്രദമായ ക൪ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികള്‍ ഏതൊരു ഭാവമായി വരുന്നുവോ ആ ഭാവത്തെ ആശ്രയിച്ചു മൃത്യുഫലം പറയണം. ആ മൃത്യുലക്ഷണം നാലാം ഭാവത്തിലാകുകയും അവിടെ നാല്‍ക്കാലി ഗ്രഹത്തിന്‍റെ (പാപഗ്രഹത്തിന്‍റെ) യോഗദൃഷ്ടിവരികയും ആ ഭാവരാശി ജലരാശിയാവുകയും ചെയ്‌താല്‍ ക്ഷേത്രകുളത്തില്‍വെച്ച് നാല്‍കാലിക്കു മരണം സംഭവിക്കുമെന്നും ആ രാശി ക൪ക്കിടകമായാല്‍ ഒരു കൊല്ലത്തിനകമെന്നും വൃശ്ചികമായാല്‍ ഒരു മാസത്തിനകമെന്നും മീനമായാല്‍ ഒരു ദിവസത്തിനുള്ളിലെന്നും പറയണം. ഗ്രഹഭാവങ്ങളെപ്പറ്റി നല്ലപോലെ ചിന്തിച്ചു സകല ഫലങ്ങളും വ്യക്തമായി ദേവപ്രശ്നത്തില്‍ പറയേണ്ടതാണ്.