പാപഗ്രഹേ സപ്തമരാശിസംസ്ഥേ
ഹാനിം വദേ൪ദ്ദീപവിഭൂഷണാനാം
പൂജാ ച തത്സാധനമുത്സവോ വാ
വൈകല്യമേഷാം ഖഗതേ തു കല്പ്യം
ദേവപ്രശ്നത്തില്‍ പാപഗ്രഹം ഏഴാം ഭാവത്തില്‍ വന്നാല്‍ ദേവന്‍റെ തിരുവാഭരണങ്ങള്‍ക്ക് നാശം മുതലായ ദോഷമുണ്ടെന്നു പറയണം. അതുപോലെ തന്നെ വിളക്ക് (വിളക്ക് കത്തിക്കുന്നത്) യഥാകാലം വേണ്ടപോലെ ഇല്ലെന്നു പറയേണ്ടതാണ്. ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹത്തിന്‍റെ ഭാവാധിപത്യം മുതലായ ദോഷവശങ്ങളനുസരിച്ച് തിരുവാഭരണങ്ങള്‍ അപഹരിച്ചുവെന്നോ നശിച്ചു വെന്നോ ഉള്ള വിഭാഗങ്ങളും ചിന്തിക്കാവുന്നതാണ്.
പൂജ, ഉത്സവം മുതലായവ പത്താം ഭാവംകൊണ്ടാണല്ലോ ചിന്തിക്കേണ്ടത്. പത്താം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ , പൂജശരിക്കില്ലെന്നോ ശരിയല്ലെന്നോ പറയാം. ഇതുപോലെ പൂജാസാധനങ്ങളും അപൂ൪ണ്ണങ്ങളെന്നോ അഹിതങ്ങളെന്നോ പറയാം. ഉത്സവവും യഥാകാലം ഇല്ലെന്നോ യഥാവിധിയല്ലെന്നോ പറയേണ്ടതാണ്.