Showing posts with label aarambhavam. Show all posts
Showing posts with label aarambhavam. Show all posts

ആറാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

കേതോരരിഗതസ്യാപി ദായേ രിപുഭയം ക്ഷതം
ചോരാഗ്നിഗരളാർത്തിശ്ച ധനധാന്യവിവർദ്ധനം.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം ശത്രുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും അഗ്നിയിൽ നിന്നും വിഷത്തിൽനിന്നും ഭയവും ദേഹക്ഷതവും (മുറിവ്, ചതവ്, വ്രണം) മറ്റും ദോഷങ്ങളും ധനധാന്യാദ്യഭിവൃദ്ധിയും ഉണ്ടാകും.

ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുന്ന ബുധന്റെ ദശാകാലം

ഷഷ്ഠാഷ്ടമന്ത്യസ്ഥിതസൌമ്യദായേ
കുഷ്ഠാദ്യനിഷ്ടം ബഹുരോഗമേതി
നൃപാഗ്നിചോരാരിഭയം കൃശത്വം
ബന്ധുക്ഷയം വിഗ്രഹമർത്ഥനാശം.

സാരം :-

ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുന്ന ബുധന്റെ ദശാകാലം കുഷ്ഠം മുതലായ ത്വഗ്രോഗങ്ങളെക്കൊണ്ടും സന്നിപാതം, പാണ്ഡു, ഉന്മാദം മുതലായ മറ്റുപദ്രവങ്ങളെക്കൊണ്ടും അനിഷ്ടവും രാജാവിൽനിന്നും അഗ്നിയിൽനിന്നും കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും ഭയവും കലഹവും വിവാദവും ദേഹത്തിനു ചടവും അർത്ഥനാശവും മറ്റ് അനിഷ്ടങ്ങളും സംഭവിക്കും.

ആറാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഷഷ്ഠഗസ്യ ശനേർദായേ വ്യാധിചോരവിഷാരിഭിഃ
ഗൃഹക്ഷേത്രക്ഷയഃ കിഞ്ചിൽ കാര്യസിദ്ധിശ്ച സംഭവേൽ.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം രോഗപീഡയും കള്ളന്മാരിൽ നിന്നും വിഷത്തിൽ നിന്നും ശത്രുക്കളിൽ നിന്നും ഉപദ്രവവും ഗൃഹത്തിനും ഭൂസ്വത്തിനും ഹാനിയും അല്പമായ കാര്യസിദ്ധിയും സംഭവിക്കും.

ആറാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

ലഗ്നാദ്രിപുസ്ഥസ്യഗുരോർദശായാ
മരോഗതാമർത്ഥതനൂലാഭം
ആദൗ ഭവേദേവമഥാന്ത്യദായേ
ദാരാരിചോരോത്ഥഭയം ച രോഗം.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ആരോഗ്യം, അർത്ഥലാഭം, പുത്രലാഭം എന്നിവ സിദ്ധിക്കും. ഇതു ദശയുടെ ആദ്യത്തെ ഫലമാണ്. ദശാവസാനം ഭാര്യ, ശത്രു, കള്ളന്മാർ എന്നിവരിൽനിന്നു ഭയവും രോഗപീഡയും സംഭവിക്കുകയും ചെയ്യും.

ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദ്ദശായാം രിപുരാശിഗസ്യ
ചോരാഗ്നിഭൂപൈർഭയമാപ്തനാശം
പ്രമേഹഗുല്മക്ഷയപിത്തരോഗം
ത്വഗ്രോഗദോഷം നിധനം ച വാ സ്യാൽ.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം കള്ളന്മാരിൽ നിന്നും അഗ്നിയിൽ നിന്നും രാജാക്കന്മാരിൽ നിന്നും ഭയവും ആപ്തജനങ്ങൾക്ക്‌ നാശവും പ്രമേഹം ഗുല്മം ക്ഷയം പിത്തം ത്വഗ്രോഗം മുതലായ രോഗങ്ങളും അഥവാ മരണവും സംഭവിക്കും. ഇങ്ങനെ ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന് അനിഷ്ടദശാഫലങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും പാപഗ്രഹങ്ങൾക്ക്‌ ആറാം ഭാവം ഇഷ്ടമാകയാൽ അക്കാലം ധനധാന്യവർദ്ധനം രാജപ്രസാദം ബന്ധുഗുണം കാര്യലാഭം മുതലായ അനേക ഗുണങ്ങൾകൂടി സംഭവിക്കുന്നതാണെന്നുള്ള പ്രമാണാന്തരവും ഇവിടെ സ്മരണീയമാകുന്നു.

മൂന്നാം ഭാവത്തിൽ / നാലാം ഭാവത്തിൽ / അഞ്ചാം ഭാവത്തിൽ / ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഭ്രാതൃസ്ഥാനഗതസ്തു സൗഖ്യഫലദോ
ഭൂനന്ദനോƒരാതിഹാ
ധൈര്യം വിത്തസുതാർത്ഥദാരസഹജൈ-
സ്സംഗം നൃപാൽ പൂജ്യതാം
പുത്രസ്ഥാനഗതസ്യ പുത്രമരണം
ബുദ്ധിഭ്രമം ജാഡ്യതാം
ശത്രുക്ഷേത്രഗതസ്യ ഭൂമിസഹജൈർ-
ദുഃഖം മഹാരോഗഭാക്

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സുഖപ്രാപ്തിയും കാര്യഗുണവും  ശത്രുക്കൾക്ക് ഹാനിയും ധൈര്യവും ധനം പുത്രൻ ഭാര്യ സഹോദരൻ മറ്റു കാര്യങ്ങൾ ഇത്യാദി ഗുണപ്രാപ്തിയും രാജാക്കന്മാരിൽ നിന്ന് ബഹുമതിയും ലഭിക്കും.

നാലാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സ്ഥാനഭ്രംശം, ബന്ധുവിരോധം, ചോരാഗ്നിപീഡ, രാജകോപം, വിദേശവാസം എന്നിവ സംഭവിക്കും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പുത്രമരണം, ബുദ്ധിഭ്രമം, ജളത്വം. യശസ്സ്. നേത്രരോഗം, ശ്രവണരോഗം, ധനനഷ്ടം, കലഹം എന്നിവ സംഭവിക്കും. 

ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ഭൂമി നിമിത്തവും സഹോദരൻ (സഹോദരി) നിമിത്തവും ദുഃഖവും മുറിവും വ്രണവും ശത്രുഭയവും മഹത്തായ രോഗവും സംഭവിക്കുന്നതാണ്.

ആറാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

ഷഷ്ഠസ്ഥചന്ദ്രസ്യ ദശാപ്രപന്നാ
കരോതി ദുഃഖം കലഹം വിയോഗം
ചോരാഗ്നിഭൂപാലരിപുപ്രപീഡാം
മൂത്രസ്യകൃഛ്റം ധനനാശമാഹുഃ

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം പലപ്രകാരേണ ദുഃഖവും കലഹവും സ്വജനവിയോഗവും കള്ളന്മാർ, അഗ്നി, രാജാവ്, ശത്രു എന്നിവരിൽ നിന്ന് ഉപദ്രവവും മൂത്രകൃഛ്റം മുതലായ രോഗങ്ങളും ധനനാശവും സംഭവിക്കുന്നതാണ്.

ദുഃസ്ഥാനാധിപനായ ഗ്രഹം തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ

ദുഃസ്ഥാനപസ്തദിതരസ്സ്വഗൃഹസ്ഥിതശ്ചേൽ
സ്വക്ഷേത്രഭാവഫലമേവ കരോതി നാന്യൽ
മന്ദോ മൃഗേ സുതഗൃഹേ യദി പുത്രസിദ്ധിഃ
ഷഷ്ഠാധിപത്യകൃതദോഷഫലം ന ചാത്ര.

സാരം :-

ദുഃസ്ഥാനാധിപനായ ഗ്രഹം (അനിഷ്ടഭാവാധിപനായ ഗ്രഹം) തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ താൻ ഇരിക്കുന്ന ആ ഭാവത്തിന്റെ ഫലമല്ലാതെ ദുഃസ്ഥാനത്തിന്റെ ഫലം സംഭവിക്കുകയില്ല.

കന്നിലഗ്നത്തിൽ ജനിക്കുന്നവർക്ക് ആറാംഭാവാധിപത്യംകൂടിയുള്ള ശനി പഞ്ചമഭാവമായ (അഞ്ചാം ഭാവമായ) മകരം രാശിയിൽ നിന്നാൽ പുത്രഭാവഫലം പുഷ്ടമായിരിക്കുന്നതും ഷഷ്ഠാധിപത്യദോഷം (ആറാംഭാവാധിപത്യ ദോഷം) സംഭവിക്കാത്തതുമാണെന്ന് സാരം. ഇങ്ങനെ തന്നെ ശേഷം ഭാവഫലങ്ങളേയും പറഞ്ഞുകൊള്ളണം.

ഭാവത്തിനു ഹാനിയുണ്ടെന്നും - ഭാവം അനുഭവാർഹവും ശുഭഫലവുമായിരിക്കുകയും ചെയ്യും

യത്ഭാവനാഥോ രിപുരന്ധ്രരിപ്ഫേ
ദുഃസ്ഥാനപോ യത്ഭവനസ്ഥിതോ വാ
തത്ഭാവനാശം കഥയന്തി തൽജ്ഞാഃ
ശുഭേക്ഷിതസ്തത്ഭവനസ്യ സൗഖ്യം.

സാരം :-

ഭാവാധിപനായ ഗ്രഹം ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിൽ നിൽക്കുകയും, ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ ഭാവത്തിൽ നിൽക്കുകയും ചെയ്യുക. എന്നാൽ ആ ഭാവത്തിന് ഹാനിയുണ്ടെന്നു പറയണം. 

ശുഭദൃഷ്ടിയുള്ള ഭാവം അനുഭവാർഹവും ശുഭഫലവുമായിരിക്കുകയും ചെയ്യും. 

ആറാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍

പാപേ ഷഷ്ഠഗതേ തു ഷഷ്ടഭവനോക്താംഗേ വ്രണസ്യോത്ഭവ
ശ്ചോരാരിവ്യസനഞ്ച നാഭി കടിരുഗ്വിഘ്നോദ്ഭവഃ കര്‍മ്മസു
പാപസ്യാസ്യ ച ദോഷസംഭവഗദഃ സൗമ്യേ ച ശത്രുക്ഷയോ
രോഗാണാമഭവഃ സതാം തു ശമനം പ്രഷ്ടുഃ സമാദിശ്യതാം

സാരം :-

ആറാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആറാംഭാവം കൊണ്ട് കല്പിക്കപ്പെടാവുന്ന അവയവത്തിന് വ്രണരോഗവും കള്ളന്മാര്‍ ശത്രുക്കള്‍ ഇവരില്‍ നിന്ന് വേദനയും നാഭി അരക്കെട്ട് ഈ പ്രദേശങ്ങളില്‍ രോഗവും കര്‍മ്മങ്ങള്‍ക്ക് തടസ്സവും ആ പാപന് പറഞ്ഞിട്ടുള്ള വാതാദി ദോഷങ്ങളുടെ കോപം കൊണ്ടുമുത്ഭവിക്കുന്ന വ്യാധികളും പറയേണ്ടതാണ്. 

     ആറാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ ശത്രുനാശവും രോഗങ്ങള്‍ വരാതിരിക്കുകയും ഉള്ള രോഗങ്ങള്‍ ശമിക്കയും ഈ ഫലങ്ങളും പ്രഷ്ടാവിനു പറയേണ്ടതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.