ശരീരാകൃതി, ദേഹവണ്ണം, ദേഹപ്രകൃതി

ലഗ്നനവാംശപതുല്യതനുഃ സ്യാ-
ദ്വീര്യയുതഗ്രഹതുല്യതനുർവ്വാ
ചന്ദ്രസമേതനവാംശപവർണ്ണഃ
കാദിവിലഗ്നവിഭക്തഭഗാത്രഃ

സാരം :-

രണ്ടാം അദ്ധ്യായത്തിലെ എട്ടാം ശ്ലോകം മുതലായവയെക്കൊണ്ടു പറഞ്ഞിട്ടുള്ള ഗ്രഹസ്വരൂപങ്ങളിൽ വെച്ച്  ലഗ്നാധിപനായ ഗ്രഹത്തിന്റെ ആകൃതിയോടു തുല്യമായിട്ടാണ് ശിശുവിന്റെ ആകൃതിയെപ്പറയേണ്ടത്. ഇതു ലഗ്നാധിപനായ ഗ്രഹത്തിന് ബലമുള്ളപ്പോഴാകുന്നു. ലഗ്നത്തിന്റെ നവാംശകാധിപനായ ഗ്രഹത്തിന് ലഗ്നാധിപനായ ഗ്രഹത്തേക്കാൾ ബലം ഏറുമെങ്കിൽ ആ അംശകാധിപന്റെ ആകൃതിയെ പറയേണ്ടതാകുന്നു. ലഗ്നാധിപൻ അതിന്റെ അംശകാധിപൻ ഇവരിൽ ബലവാനായ ഗ്രഹം നിൽക്കുന്ന രാശിക്ക് പൂർണ്ണബലമുണ്ടെങ്കിൽ ആ രാശ്യധിപനെക്കൊണ്ടാണ് ദേഹപ്രകൃതിയെ പറയേണ്ടതെന്നും ഒരു അഭിപ്രായമുണ്ട്. മേൽപ്പറഞ്ഞ ഗ്രഹങ്ങൾക്കൊന്നും ബലമില്ലെങ്കിൽ ഗ്രഹങ്ങളിൽ വെച്ചു അധികം ബലവാനെക്കൊണ്ടു ദേഹപ്രകൃതിയെ പറയുകയും വേണം. ബലമുള്ളവർ പലഗ്രഹങ്ങളുണ്ടെങ്കിൽ ലഗ്നകേന്ദ്രസ്ഥനും ബലവാനുമായവനേക്കൊണ്ടും, അങ്ങനേയും പലരുമുണ്ടെങ്കിൽ ആ ഗ്രഹങ്ങളുടെ ഒക്കെകൂടിയ സങ്കരമായ ദേഹപ്രകൃതിയേയും പറയണം. കേന്ദ്രരാശികളിൽ ഗ്രഹങ്ങളില്ലെങ്കിൽ പണപരസ്ഥന്മാരെക്കൊണ്ടും അതുലുമില്ലെങ്കിൽ ആപോക്ലിമസ്ഥന്മാരെക്കൊണ്ടും പറയേണ്ടതാണ്.

ജാതകപ്രശ്നാദികളിൽ ദേഹപ്രകൃതിയെ ചിന്തിച്ച ഗ്രഹം ബലവാനും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ വർഗ്ഗോത്തമാംശകം വക്രം ഇത്യാദികളുള്ളവനും, മറിച്ച് പാപഗ്രഹയോഗദൃഷ്ടിമൌഢ്യാദികളും, നീചസ്ഥിതി, ശത്രുക്ഷേത്രസ്ഥിതി, അശുഭഗ്രഹയോഗം ഇത്യാദികളുമില്ലാത്തവനും ആയിരുന്നാൽ, ദേഹത്തിനു ബലവും ആരോഗ്യാദികളും പ്രായേണ അനുഭവിക്കുമെന്നു പറയണം. വിപരീതമായാൽ വിപരീതഫലവും അനുഭവിക്കുന്നതാകുന്നു. മേൽപ്രകാരം ഏഴാം ഭാവാധിപൻ ഏഴാം ഭാവത്തിന്റെ അംശകാധിപൻ എന്നിവരെക്കൊണ്ട് ഭാര്യയുടേയും, അതുപോലെ മറ്റു ഭാവാംശകാധിപന്മാരെക്കൊണ്ടു അതാതാളുകളുടേയും ദേഹസ്വരൂപാദികളെ ചിന്തിക്കാമെന്നും അറിയുക.

രണ്ടാം അദ്ധ്യായത്തിലെ നാലാം ശ്ലോകംകൊണ്ട് പറഞ്ഞതായ ഈ വർണ്ണങ്ങളിൽ ചന്ദ്രന്റെ നവാംശകാധിപന്നുള്ള വർണ്ണത്തേയും ശിശുവിന് പറയണം.

ലഗ്നഭാവം ചെവിക്കുറ്റിക്കു മുകൾഭാഗമായ ശിരസ്സിലും, രണ്ടാം ഭാവം മുഖത്തും, മൂന്നാം ഭാവം കഴുത്തു മുതൽ മാറു കഴിയുന്നതുവരേയും, നാലാം ഭാവം ഹൃദയത്തിലും, അഞ്ചാം ഭാവം വയറ്റത്തും, ആറാം ഭാവം വസ്ത്രം ഉടുക്കുന്ന സ്ഥലമായ അരക്കെട്ടിലും, ഏഴാം ഭാവം വസ്തിപ്രദേശത്തും, എട്ടാം ഭാവം ഗുഹ്യപ്രദേശത്തും, ഒമ്പതാം ഭാവം രണ്ടു തുടകളിലും, പത്താം ഭാവം രണ്ടു മുട്ടുകളിലും, പതിനൊന്നാം ഭാവം രണ്ടു കണങ്കാലുകളിലും, പന്ത്രണ്ടാം ഭാവം രണ്ടു കാലടികളിലുമായി കല്പിക്കണം.

ജാതകപ്രശ്നാദികളിൽ, ലഗ്നാദി ഏതേതു ഭാവങ്ങളിലേക്കാണോ ഭാവാധിപന്റെയോ ശുഭഗ്രഹങ്ങളുടെയോ യോഗദൃഷ്ട്യാദികളുള്ളത് അതാതു ഭാവങ്ങളെക്കൊണ്ടു ചിന്തിക്കേണ്ടതായ ശരീരഅവയവങ്ങൾക്ക് പുഷ്ടി സുഖം മുതലായവയും, പാപഗ്രഹങ്ങൾ ഭാവാധിപശത്രുക്കൾ ഷഷ്ഠാഷ്ടമവ്യയാധിപന്മാർ എന്നിങ്ങനെയുള്ളവരുടെ യോഗദൃഷ്ട്യാദികളുള്ള ഭാവങ്ങളുടെ അവയവങ്ങൾക്ക് രോഗോപദ്രവാദികളും പറയാവുന്നതാണ്. 

അതാതു അവയവത്വേന കല്പിച്ചിട്ടുള്ള ഭാവരാശികൾക്ക് ഒന്നാം അദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകംകൊണ്ട് ദീർഘത്വമുണ്ടായിരുന്നാൽ അതാതവയവങ്ങൾ ദീർഘങ്ങളും, ഹ്രസ്വത്വമുണ്ടായിരുന്നാൽ ഹ്രസ്വങ്ങളുമായിരിക്കുന്നതാണ്. ചിങ്ങം, കന്നി, തുലാം. വൃശ്ചികം എന്നീ രാശികളിലൊന്ന്‌ ലഗ്നഭാവമായാൽ ശിരസ്സിന്നു ദീർഘമുണ്ടാവുമെന്നും, കുംഭം, മീനം, മേടം, ഇടവം, എന്നീ രാശികളിലൊന്ന്‌ ലഗ്നഭാവമായാൽ ശിരസ്സിനു നീളം കുറയുമെന്നും പറയാവുന്നതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.