Showing posts with label kujan. Show all posts
Showing posts with label kujan. Show all posts

കുജദോഷപരിഹാരം

വില്വചന്ദനബലാരുണപുഷ്പൈർ-
ഹിംഗുളൂകഫലിനീബകുളൈശ്ച
സ്നാനമത്ഭിരിഹ മംസിയുതാഭിർ-
ഭൌദോഷവിനിവാരണമേതൽ.

സാരം :-

കൂവളം, ചന്ദനം, (രക്തചന്ദനം), കുറുന്തോട്ടി, കൊന്നപ്പൂവ്, ചായില്യം, ഞാഴൽപൂവ്, ഇലഞ്ഞിപ്പൂവ്, ജടാമാഞ്ചി എന്നിവകളെകൊണ്ടുണ്ടാക്കിയ ജലംകൊണ്ടു സ്നാനം ചെയ്യുന്നതു കുജദോഷഹരമാകുന്നു. 

ചൊവ്വ ചിങ്ങം ധനു മീനം കുംഭം മകരം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

നിസ്സ്വഃ ക്ലേശസഹോƒഭയോ വനചര-
സ്സിംഹേƒല്പദാരാത്മജോ
ജൈവേ നൈകരിപുർന്നരേന്ദ്രസചിവഃ
ഖ്യാതോഭയോƒല്പാത്മജഃ
ദുഃഖാർത്തോ വിധനോടനോനൃതരതി-
സ്തീക്ഷ്ണശ്ച കുംഭസ്ഥിതേ
ഭൌമേ ഭൂരി ധനാത്മജോ മൃഗഗതേ
ഭൂപോƒഥ വാ തത്സമഃ

സാരം :-

ജനനസമയത്ത് ചൊവ്വ ചിങ്ങം രാശിയിൽ നിന്നാൽ, ദരിദ്രനും ഏതു ദുഃഖത്തേയും സഹിയ്ക്കുന്നവനും പേടിയില്ലാത്തവനും അധികവും കാടുകളിൽ സഞ്ചരിയ്ക്കുന്നവനും ഭാര്യാസന്താനങ്ങൾ കുറഞ്ഞവനുമായിരിയ്ക്കും.

ജനനസമയത്തു ചൊവ്വ ധനു രാശിയിലോ മീനം രാശിയിലോ നിന്നാൽ അനേകം ശത്രുക്കളുള്ളവനും രാജമന്ത്രിയും പ്രസിദ്ധനും ഭയരഹിതനും അല്പസന്തതിയുള്ളവനുമായിരിയ്ക്കുന്നതാണ്.

ജനനസമയത്ത് ചൊവ്വ കുംഭം രാശിയിൽ നിന്നാൽ അതിവ്യസനത്താൽ ദുഃഖിക്കുന്നവനും ദരിദ്രനും സദാ സഞ്ചാരശീലനും അസത്യമേ പറയൂ എന്നു നിർബ്ബന്ധമുള്ളവനും അതിക്രൂരനുമായിരിക്കും.

ജനനസമയത്ത് ചൊവ്വ മകരം രാശിയിൽ നിൽക്കുന്നതു അത്യുച്ചം കഴിയുന്നതിനു മുമ്പാണെങ്കിൽ, രാജാവോ രാജതുല്യനോ ആവുമെന്നും അത്യുച്ചാനന്തരമാണെങ്കിൽ വലിയ ധനികനും വളരെ സന്താനങ്ങളുള്ളവനുമാകുമെന്നും അറിയുകയും വേണം.

ചൊവ്വ മിഥുനം കന്നി കർക്കടകം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ബൌധേ സഹസ്തനയവാൻ വിസുഹൃൽ കൃതജ്ഞോ
ഗാന്ധർവ്വയുദ്ധകുശലഃ കൃപണോƒഭയോƒർത്ഥീ
ചാന്ദ്രേƒർത്ഥവാൻ സലിലയാനസമാർജ്ജിതസ്വഃ
പ്രാജ്ഞശ്ച ഭൂമിതനയേ വികലഃ ഖലശ്ച.

സാരം :-

ജനനസമയത്തു ചൊവ്വ മിഥുനം രാശിയിലോ കന്നി രാശിയിലോ നിന്നാൽ, നല്ല ബലവും ധാരാളം സന്താനങ്ങളുണ്ടായിരിയ്ക്കുക, ഒരു ബന്ധുക്കളുമില്ലാതെ ഇരിക്കുക, ഉപകാരസ്മരണയുള്ളവനും സംഗീതവിദ്യയിൽ സമർത്ഥനും യുദ്ധനൈപുണ്യമുള്ളവനുമാവുക, ഒന്നും ആർക്കും ദാനം ചെയ്യാത്തവനാവുക ഭയരഹിതനും യാചകനുമായിരിക്കുക ഈ ഫലങ്ങളൊക്കെയാണ് അനുഭവിക്കുക.

ജനനസമയത്തു ചൊവ്വ കർക്കടകം രാശിയിൽ നിന്നാൽ, വലിയ ധനികനും തോണി കപ്പൽ മുതലായ ജലവാഹനങ്ങളുടെ വ്യാപാരത്തിൽ സമ്പാദ്യവും വിദ്വത്വവും ഉള്ളവനും, അംഗവൈകല്യത്തോടുകൂടിയവനും, ദുഷ്ടനുമായിരിക്കുന്നതാണ്.

ചൊവ്വ മേടം വൃശ്ചികം ഇടവം ധനു രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

നരപതിസൽകൃതാടനചമൂപവണിക്സധനാൻ
ക്ഷതതനുചോരഭൂരിവിഷയാംശ്ച കുജസ്സ്വഗൃഹേ
യുവതിജിതാൻ സുഹൃത്സു വിഷമാൻ പരദാരരതാൻ
കുഹകസുവേഷഭീരുപരുഷാൻ സിതഭേ ജനയേൽ.

സാരം :-

ജനനസമയത്ത് ചൊവ്വ മേടം വൃശ്ചികം എന്നീ രാശികളിൽ (ചൊവ്വയുടെ സ്വക്ഷേത്രത്തിൽ) നിന്നാൽ, രാജാക്കന്മാരാൽ ബഹുമാനിക്കപ്പെടുക, സദാ സഞ്ചാരശീലനാവുക, സൈന്യാധിപത്യം ലഭിയ്ക്കുക, കച്ചവടക്കാരനും വലിയ ധനികനുമാവുക, നിജമായോ ആഗന്തുകമായോ ദേഹത്തിൽ വ്രണമുണ്ടാവുകയും അല്ലെങ്കിൽ സ്വല്പകാരണങ്ങളെക്കൊണ്ടു ദേഹം മുറിപ്പെടുകയും ചെയ്ക, മോഷ്ടിക്കുന്നവനാവുക, ഇന്ദ്രിയസുഖങ്ങളിൽ അത്യാസക്തനായിരിയ്ക്കുക, ഈ ഫലങ്ങളൊക്കെ അനുഭവിയ്ക്കുന്നതാകുന്നു.

ബലവാന്മാരായ ഗ്രഹങ്ങൾ ഇഷ്ടഫലത്തിനു പുഷ്ടിയും അനിഷ്ടഫലത്തിനു ഹാനിയും ചെയ്യുമെന്ന സാമാന്യവിധിയെ ഈ രാശിശീലാദിവിഷയങ്ങളിലും ചിന്തിക്കേണ്ടതാണ്. എങ്ങിനെയെന്നാൽ ഇവിടെ ചൊവ്വ (കുജൻ ) ദിക്കാലചേഷ്ടാദികളെക്കൊണ്ടു പൂർണ്ണബലവാനാണെങ്കിൽ ഇവിടെ പറഞ്ഞ വ്യാപാരം മുതലായ ശുഭഫലങ്ങൾക്കു പുഷ്ടിയും അശുഭഫലങ്ങൾക്കു ഹാനിയും ഉണ്ടാവും. ചൊവ്വ ബലഹീനനാണെങ്കിൽ വ്രണം മുതലായ അശോഭനഫലങ്ങൾക്കു വൈകല്യവുമാണുണ്ടാവുക എന്നർത്ഥം. ഈ സാമാന്യ നിയമത്തെ ഇങ്ങിനെയുള്ള വിഷയങ്ങളിലും വിചാരിക്കേണമെന്നു സൂചിപ്പിക്കുവാനാണ് ഒരു രാശിയിൽ നിൽക്കുന്ന ഗ്രഹത്തിനുതന്നെ ശുഭാശുഭഫലങ്ങളെ ഇടകലർത്തിപ്പറഞ്ഞിരിക്കുന്നത്.

ജനനസമയത്ത് ചൊവ്വ ഇടവം തുലാം രാശികളിൽ (ശുക്രക്ഷേത്രത്തിൽ) നിന്നാൽ, സ്ത്രീകൾക്ക് അധീനനാവുക; സ്വാധീനത്തിൽ ബന്ധുക്കൾ ധാരാളമുണ്ടെങ്കിലും താൻ ബന്ധുക്കൾക്കു അധീനനാവാതിരിക്കുക, പരസ്ത്രീകളിൽ താല്പര്യമുള്ളവനാവുക, ഇന്ദ്രജാലാദി പലതരം വിദ്യകളിലും കളവ് മുതലായവയിലും സാമർത്ഥ്യമുണ്ടാവുക, നല്ല വസ്ത്രങ്ങളിലും ആഭരണങ്ങളിലും പ്രതിപത്തി അല്ലെങ്കിൽ വസ്ത്രാഭരണാദികളെക്കൊണ്ടു നല്ലപോലെ അലങ്കരിച്ചിരിക്കുക, വലിയ ഭയശീലം, ദയ, സ്നേഹം മുതലായ സൌമ്യഗുണങ്ങളുടെ അഭാവവും വലിയ പാരുഷ്യവുമുണ്ടാവുക എന്നിവ ഫലങ്ങളാകുന്നു.

ചൊവ്വയുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം

കുജേന സംയുതേ ദൃഷ്‌ടേ ഭൂക്ഷേത്രവിഭവം ലഘു
വാതരോഗോ വ്രണോ വാപി ദാരിദ്ര്യം ചാപി സംഭവേൽ.

സാരം :-

ചൊവ്വയുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം അല്പമായ ഭൂസ്വത്തും കൃഷിയും ധനവും ലഭിക്കും. വാതരോഗം, വ്രണം, നിർദ്ധനത്വം, ദാരിദ്ര്യം എന്നിവയും സംഭവിക്കുന്നതാണ്.

വ്യാഴദശയിലെ ചൊവ്വയുടെ അപഹാരകാലം

ബന്ധൂപതോഷണമരിവ്രജതോƒർത്ഥലാഭഃ
സുക്ഷേത്രസൽകൃതിരിഹ പ്രഥിതഭാവഃ
ഈഷദ്ഗുരൂപഹതിരീക്ഷണസൂക്ഷതിർവ്വാ
ക്ഷിത്യാത്മജേ ഹരതി വത്സരമാര്യജാതം.

സാരം :-

വ്യാഴദശയിലെ ചൊവ്വയുടെ അപഹാരകാലം ബന്ധുക്കളുടെ സന്തോഷവും ശത്രുക്കളിൽ നിന്ന് അർത്ഥലാഭവും നല്ല ഭൂമികളും സൽക്കാരങ്ങളും ലഭിക്കുകയും വലിയ പ്രഭാവം സിദ്ധിക്കുകയും ഗുരുജനങ്ങൾക്ക്‌ ചില നാശങ്ങൾ സംഭവിക്കുകയും നേത്രരോഗമുണ്ടാവുകയും കാര്യവിഘ്നം, സഞ്ചാരം, ജ്വരം, ധനനഷ്ടം, ഉത്സാഹഹാനി എന്നിവ സംഭവിക്കുകയും ഫലമാകുന്നു. ചൊവ്വക്ക് മാരകസ്ഥാനസംബന്ധമുണ്ടെങ്കിൽ ദോഷശാന്ത്യർത്ഥം സുബ്രഹ്മണ്യജപവും വൃഷഭദാനവും ശാന്തിഹോമങ്ങളും ചെയ്കയും വേണം.

രാഹുദശയിലെ ചൊവ്വായുടെ അപഹാരകാലം

നൃപാഗ്നിചോരാസ്ത്രഭയം ശരീരിണാം
ശരീരനാശോ യദി വാ മഹാരുജഃ
പദഭ്രമം ഹൃന്നയനപ്രപീഡനം
യദാത്ര സർപ്പായുഷി സഞ്ചരേൽ കുജഃ

സാരം :-

രാഹുദശയിലെ ചൊവ്വായുടെ അപഹാരകാലം രാജാവിൽനിന്നും അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും ആയുധത്തിൽ നിന്നും ഭയമോ മരണമോ മഹത്തരങ്ങളായ രോഗങ്ങളോ സംഭവിക്കുകയും സ്ഥാനഭ്രംശവും മനോദുഃഖവും ഹൃദയപീഡയും നേത്രരോഗവും ഫലമാകുന്നു. രാഹുദശാന്ത്യം മിക്കവാറും കഷ്ടഫലം തന്നെ. ഇവിടെ അപഹാരനാഥനായ ചൊവ്വക്ക് മാരകാധിപത്യമോ മാരകസ്ഥാനസ്ഥിതിയോ ഉണ്ടെങ്കിൽ ദോഷമേറിയിരിക്കുകയും ചെയ്യും. ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയാദിസൽകർമ്മങ്ങൾക്ക് പുറമേ ഗോമിഥുനത്തെ (പശുവിനേയും കാളയെയും) ദാനം ചെയ്കയും വേണം.

ചൊവ്വാദശയിലെ ചന്ദ്രന്റെ അപഹാരകാലം

വിവിധധനസുതാപ്തിർപ്രയോഗോƒരിവർഗ്ഗൈര്‍-
വസനശയനഭൂഷാരത്നസമ്പൽപ്രസൂതിഃ
ഭവതി ഗുരുജനാർത്തിർഗുന്മപിത്തപ്രപീഡാ
ധരണിതനയവർഷം ശീതഗൗ സമ്പ്രയാതേ.

സാരം :-

ചൊവ്വാദശയിലെ ചന്ദ്രന്റെ അപഹാരകാലം പലപ്രകാരത്തിൽ ധനനാശം പുത്രജനനം എന്നിവ സംഭവിക്കുകയും ശത്രുവർഗ്ഗങ്ങൾക്ക് വേർപാടുണ്ടാവുകയും വിശേഷവസ്ത്രങ്ങൾ, കട്ടിൽ, കിടക്ക മുതലായ ശയനസാമഗ്രികൾ, ആഭരണങ്ങൾ, രത്നാദിശ്രേഷ്ഠവസ്തുക്കൾ എന്നിവയുടെ സമൃദ്ധിയും പിതാവ്, ആചാര്യൻ മുതലായ ഗുരുജനങ്ങൾക്ക് രോഗദുഃഖ്യാദ്യരിഷ്ടയും ഗുല്മരോഗം പിത്തരോഗം മുതലായ ഉപദ്രവങ്ങളും നിദ്രാലസ്യാദികളും ഫലമാകുന്നു.

ചന്ദ്രന് മാരകത്വാദിലക്ഷണമുണ്ടായിരുന്നാൽ തൽപരിഹാരമായി ദുർഗ്ഗാലക്ഷ്മീമന്ത്രജപവും വെളുത്ത പശുവിന്റെയും എരുമയുടേയും ദാനവും പ്രായശ്ചിത്തവും ചെയ്യണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ചൊവ്വാദശാന്ത്യം ദോഷഘട്ടമാകയാൽ മൃത്യുഞ്ജയാദി മറ്റു സൽക്കർമ്മങ്ങളും യഥാശക്തി ചെയ്യേണ്ടതാകുന്നു.

ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം

നരപതികൃതപൂജാ യുദ്ധലബ്ധപ്രഭാവഃ
പരിജനധനധാന്യശ്രീമദന്തഃപുരം ച
അതിവിലസിതവൃത്തിസ്സാഹസാവാപ്തലക്ഷ്മീ-
സ്ഥിമിരഭിദി കുജായുർദായസംഹാരിണി സ്യാൽ.

സാരം :-

ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം രാജപൂജയും യുദ്ധത്തിൽ പ്രതാപസിദ്ധിയും ഭൃത്യന്മാരോടും ധനധാന്യസമൃദ്ധിയോടും കൂടിയ അന്തഃപുരങ്ങളുടെ അനുഭവവും ഏറ്റവും സന്തോഷകരങ്ങളായ പ്രവൃത്തികളും വളരെ പണിപ്പെട്ട് ലഭിക്കുന്ന സമ്പത്തുകളും അപവാദവും ഗുരുദ്വേഷവും സ്വജനങ്ങൾനിമിത്തം ദുഃഖവും ഫലമാകുന്നു. ദോഷശാന്ത്യർത്ഥം സൂര്യനമസ്കാരം, സൂര്യശാന്തി മുതലായ സൽക്കർമ്മങ്ങൾ ചെയ്കയും വേണം.

ചൊവ്വാദശയിലെ ശുക്രന്റെ അപഹാരകാലം

യുധി ജനിതവിമാനോ വിപ്രവാസസ്സ്വദേശാ-
ദ്വസുഹൃതിരപി ചോരൈർവ്വാമനേത്രാപരാധഃ
പരിജനപരിഹാനിർജായതേ മാനവാനാ-
മപഹരതി യദായുർഭൗമജം ഭാർഗ്ഗവേന്ദ്രഃ

സാരം :-

ചൊവ്വാദശയിലെ ശുക്രന്റെ അപഹാരകാലം യുദ്ധത്തിൽ ജയവും തന്നിമിത്തം ബഹുമാനവും അന്യദേശവാസവും കള്ളന്മാർ നിമിത്തം ധനനഷ്ടവും ഭാര്യയ്ക്ക് അപരാധവും ഭൃത്യജനങ്ങൾക്ക്‌ നാശവും മറ്റു ദോഷങ്ങളും വസ്ത്രാദ്യലങ്കാരവും, സുഖവും, ധനം, സ്ത്രീസുഖം, ഭാര്യാവിരോധം, ബന്ധുക്കളിൽ നിന്നു ധനലാഭം മുതലായ ഗുണങ്ങളും ഫലമാകുന്നു. ദോഷശാന്ത്യർത്ഥം വെളുത്ത പശുവിനേയും എരുമയേയും ദാനം ചെയ്കയും ശാന്തിഹോമം കഴിപ്പിക്കുകയും വേണം.

മാതാവും ശിശുവും ഉടനെ മരിയ്ക്കുന്നതാണ് / മാതാവും ശിശുവും മരിയ്ക്കുന്നത് ആയുധം ഏറ്റിട്ടായിരിയ്ക്കയും ചെയ്യും

അശുഭസഹിതേ ഗ്രസ്തേ ചന്ദ്രേ കുജേ നിധനാശ്രിതേ
ജനനിസുതയോർമൃത്യുർല്ലഗ്നേ രവൗ തു സ ശസ്ത്രജഃ
ഉദയതി രവൗ ശീതാംശൗ വാ ത്രികോണവിനാശഗൈർ-
ന്നിധനമശുഭൈർവ്വീര്യോപേതൈഃ ശുഭൈരയുതേക്ഷിതേ.

സാരം :-

ഗ്രഹണമുള്ള സമയത്തെ സൂര്യചന്ദ്രന്മാരേയാണ് ഗ്രസ്തന്മാർ എന്ന് പറയുന്നത്.

1). ഗ്രസ്തനും പാപയുക്തനുമായ ചന്ദ്രൻ ലഗ്നത്തിലും, ചൊവ്വ ലഗ്നാൽ എട്ടാം ഭാവത്തിലും നിൽക്കുമ്പോൾ പ്രസവിച്ചാൽ മാതാവും ശിശുവും താമസിയാതെ മരിയ്ക്കുന്നതാണ്. 2). അപ്രകാരംതന്നെ ചൊവ്വാ എട്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ഗ്രസ്തനും പാപസഹിതനുമായ സൂര്യനാണ് ലഗ്നത്തിൽ നിൽക്കുന്നതെങ്കിൽ മാതാവും ശിശുവും മരിയ്ക്കുന്നത് ആയുധം ഏറ്റിട്ടായിരിയ്ക്കയും ചെയ്യും. "പാപയോഗത്തോടുകൂടിയ സൂര്യൻ ലഗ്നത്തിലും, ഒരു പാപഗ്രഹവും ചൊവ്വയും ചന്ദ്രനുംകൂടി ലഗ്നാൽ എട്ടാം ഭാവത്തിലും നിന്നാലും യോഗമായി" എന്നു ചിലർ വ്യാഖ്യാനിച്ചു കാണുന്നുണ്ട്. ഈ വിധമായാൽ "ഗ്രസ്തേ" എന്ന പദം അന്വയിയ്ക്കാതെ പോകുന്നതാകയാൽ അത് യുക്തമാണെന്നും തോന്നുന്നില്ല. 3). സൂര്യചന്ദ്രന്മാരിൽ ഒന്ന് ലഗ്നത്തിൽ നിൽക്കുകയും, അതിന്നു ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ  യോഗമോ ദൃഷ്ടിയോ ഇല്ലാതിരിയ്ക്കയും, ബലവാന്മാരായ പാപഗ്രഹങ്ങൾ ലഗ്നാൽ 5 - 8 - 9 എന്നീ ഭാവങ്ങളിൽ നിൽക്കുകയും ചെയ്ക; ഈ സമയത്ത് ജനിച്ചാലും മാതാവും ശിശുവും ഉടനെ മരിയ്ക്കുന്നതാണ്. "വീര്യോ പേതൈഃ" എന്ന പദം "ഭിത്തിപ്രദീപന്യായേന" അശുഭന്മാരിലും ശുഭന്മാരിലും അന്വയിയ്ക്കേണ്ടതാകുന്നു. ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ ദൃഷ്ടികൾ മേൽപ്പറഞ്ഞ മൂന്നു യോഗങ്ങളുടേയും അപവാദങ്ങളാണ്.

ചൊവ്വാദശയിലെ കേതുവിന്റെ അപഹാരകാലം

അശനി ഭയമസ്മാദഗ്നിശസ്ത്രപ്രപീഡാ
വിഗമനമഥ ദേശാദ്വിത്തനാശോƒഥവാ സ്യാൽ
അപഗമനമസുഭ്യോ യോഷിതോ വാ വിനാശഃ
പ്രവിശതി യദി കേതുഃ ക്രുരനേത്രായുരന്തം.

സാരം :-

ചൊവ്വാദശയിലെ കേതുവിന്റെ അപഹാരകാലം അവിചാരിതമായി ഇടിഭയമുണ്ടാവുകയും അഗ്നിയിൽ നിന്നോ ആയുധങ്ങളിൽ നിന്നോ ഉപദ്രവവും അന്യദേശഗമനവും അർത്ഥനാശവും തനിക്കോ ഭാര്യയ്ക്കോ മരണവും സ്വജനാരിഷ്ടയും ദുർജനവിരോധവും സംഭവിക്കുകയും ചെയ്യും. ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപം ചെയ്യണം.

ചൊവ്വാദശയിലെ ബുധന്റെ അപഹാരകാലം

അരിഭയമുരുചോരോപദ്രവോƒർത്ഥപ്രണാശഃ
പശുഗജതുരഗാണാം വിപ്ലവോƒമിത്രയോഗഃ
നൃപകൃതപരിപീഡാ ശൂദ്രവൈരോത്ഭവാ വാ
ദിശതി വിശതി വിജ്ഞേ വിശ്വധാത്രീസുതായുഃ

സാരം :-

ചൊവ്വാദശയിലെ ബുധന്റെ അപഹാരകാലം ശത്രുഭയവും കള്ളന്മാരിൽ നിന്ന് ഉപദ്രവവും ധനഹാനിയും പശുക്കൾ, ആന, കുതിര, പോത്ത്, മുതലായവയ്ക്ക് നാശവും രാജകോപവും ശുദ്രജനവിരോധവും മറ്റു ദോഷാനുഭവവും അനുഭവിക്കും.

ബുധൻ ഇഷ്ടഭാവസ്ഥനാണെങ്കിൽ കച്ചവടക്കാരിൽ നിന്ന് ധനലാഭവും നൂതനഗൃഹനിർമ്മാണവും ചതുഷ്പാദ ദ്രവ്യലാഭവും കൃഷിഗുണവും ശത്രുപീഡയും മനോദുഃഖവും സംഭവിക്കുകയും ചെയ്യും.

ബുധന്റെ ദോഷശാന്ത്യർത്ഥം അശ്വദാനവും വിഷ്ണു സഹസ്രനാമജപവും ചെയ്കയും വേണം.

ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലം

ഉപരിപരിവിനാശഃ സ്വാത്മജസ്ത്രീഗുരുണാ-
മഗണിതവിപദന്തർദുഃഖമർത്‌ഥോപഹാനിഃ
വസുഹരണമരിഭ്യോ ഭീതിരുഷ്ണാനിലോത്ഥാ
ഭവതി കുജദശായാമർക്കജേ സമ്പ്രയാതേ.

സാരം :-

ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലം ബന്ധുക്കൾക്കും സന്താനങ്ങൾക്കും ഗുരുക്കന്മാർക്കും ഭാര്യയ്ക്കും അടിക്കടി ആപത്തുകൾ നേരിടുകയും അവിചാരിതമായ ആപത്തുകളും മനോദുഃഖവും അർത്ഥനാശവും ശത്രുക്കൾനിമിത്തം ധനഹാനിയും സംഭവിക്കുകയും ഉഷ്ണവർദ്ധനംകൊണ്ടും വാതവികാരംകൊണ്ടും രോഗാദ്യുപദ്രവങ്ങളുണ്ടാവുകയും മറ്റു ദോഷാനുഭവവും ഫലമാകുന്നു.

ശനിയ്ക്ക് മാരകാധിപത്യമോ മാരകസ്ഥാനസ്ഥിതിയോ ഉണ്ടായിരുന്നാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയമന്ത്രജപവും വിഷ്ണു സഹസ്രനാമജപവും കൃഷ്ണധേനുദാനവും മഹിഷീദാനവും ചെയ്കയും വേണം.

ചൊവ്വാദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

ദ്വിജഗുരുസുരപൂജാതീർത്ഥപുണ്യാനുസേവാ
സതതമതിഥിപൂജാ പുത്രമിത്രാർത്ഥസിദ്ധിഃ
ശ്രവണരുഗതിമാത്രം ശ്ലേഷ്മരോഗോത്ഭവോ വാ
ഭവതി കുജദശാന്തസ്സംഗതേ വാഗധീശേ.

സാരം :-

ചൊവ്വാദശയിലെ വ്യാഴത്തിന്റെ അപഹാരകാലം ബ്രാഹ്മണരേയും ഗുരുക്കന്മാരേയും ദേവന്മാരേയും പൂജിക്കയും ഗംഗാദിപുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്കയും എപ്പോഴും അതിഥികളെ സൽക്കരിക്കുകയും പുത്രഗുണം, ബന്ധുഗുണം, അർത്ഥസിദ്ധി എന്നിവ ലഭിക്കുകയും കർണ്ണരോഗമോ കഫജങ്ങളായ മറ്റു രോഗങ്ങളോ സംഭവിക്കുകയും പിന്നീട് ആരോഗ്യസുഖങ്ങളും കാര്യലാഭവും ജയവും ലഭിക്കുകയും ചെയ്യും.

വ്യാഴത്തിന്റെ മാരകത്വാദിദോഷശാന്ത്യർത്ഥം സ്വർണ്ണദാനവും ശിവസഹസ്രനാമജപവും മറ്റു സൽകർമ്മങ്ങളും ചെയ്കയും വേണം.

ശിശു ഒരു വയസ്സിലധികം ജീവിയ്ക്കുകയില്ല

ക്രൂരസംയുതശ്ശശീ സ്മരാന്ത്യമൃത്യുലഗ്നഗഃ
കണ്ടകാദ് ബഹിശ്ശുഭൈരനീക്ഷിതശ്ച മൃത്യുദഃ

സാരം :-

ലഗ്നത്തിലോ ലഗ്നാൽ 7, 8, 12 എന്നീ ഭാവങ്ങളിലോ ചന്ദ്രൻ ഏതെങ്കിലും ഒരു പാപഗ്രഹത്തോടുകൂടി നിൽക്കുകയും ആ ചന്ദ്രന് ശുഭഗ്രഹദൃഷ്ടി അശേഷം ഇല്ലാതിരിയ്ക്കുകയും ചെയ്ക, ലഗ്നകേന്ദ്രരാശികളിൽ ശുഭഗ്രഹങ്ങൾ ഇല്ലാതിരിയ്ക്കുക - ജനനസമയത്ത് ഈ യോഗമുണ്ടായാലും ആ ശിശു ഒരു വയസ്സിലധികം ജീവിയ്ക്കുകയില്ല.

ഇവിടെ " ശുഭൈഃ കണ്ടകാൽ ബഹിസ്ഥിതൈഃ, ശുഭൈഃ അവീക്ഷിതഃ" എന്നിങ്ങനെ ശുഭപദത്തെ "ഭിത്തിപ്രദീപ" ന്യായേന അന്വയിയ്ക്കേണ്ടതാണെന്നും അറിയണം. ഇങ്ങനെ അന്വയിച്ചില്ലെങ്കിൽ യോഗകർത്താവായ ചന്ദ്രന്നു കേന്ദ്രസ്ഥന്മാരായ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുന്നതായാലും യോഗത്തിന്നു പൂർണ്ണതയുണ്ടെന്നു വരുമല്ലോ. ചന്ദ്രന്നു ശുഭഗ്രഹദൃഷ്ടിഉണ്ടാവരുതെന്ന്,

"വ്യയാഷ്ടസപ്തോദയഗേ ശശാങ്കേ
പാപൈഃ സമേതേ ശുഭദൃഷ്ടിഹീനേ;
കേന്ദ്രേഷു സൌമ്യഗ്രഹവർജ്ജിതേഷു
ജാതസ്യ സദ്യഃ കുരുതേ പ്രണാശം."

എന്ന് പ്രമാണവചനംകൊണ്ട് സിദ്ധിയ്ക്കുന്നുണ്ട്.

ഈ യോഗത്തിൽ ലഗ്നകേന്ദ്രത്തിൽ ശുഭഗ്രഹങ്ങൾ നിൽക്കുക, ചന്ദ്രന്നു ശുഭഗ്രഹദൃഷ്ടിയുണ്ടാവുക; ഇതു രണ്ടും അരിഷ്ടയോഗത്തിന്റെ അപവാദഹേതുക്കളാണെന്നും അറിയുക.

ഇവിടെ ക്രൂരശബ്ദത്തിനു കുജൻ (കുജന്നു ക്രൂരദൃക്ക് എന്നും മറ്റും സംജ്ഞകളുണ്ടല്ലോ) എന്നും, സംയുതശബ്ദത്തിന്നു ഒരു കലയായി നിൽക്കുക എന്നും അർത്ഥം കല്പിയ്ക്കേണ്ടതാണെന്നും ഒരു അഭിപ്രായമുണ്ട്. ചന്ദ്രനും കുജനും സമകലയായി മേൽപ്പറഞ്ഞ ലഗ്നസപ്തമാദി നാല് ഭാവങ്ങളിൽ ഒന്നിൽ നിന്നാൽ മാത്രമേ യോഗലക്ഷണത്തിന്നു പൂർണ്ണതയുള്ളുവെന്നാണ് അവരുടെ അഭിപ്രായം.

ചൊവ്വാദശയിലെ രാഹുവിന്റെ അപഹാരകാലം

ശാസ്ത്രാഗ്നിചോരരിപുഭുപഭയം വിഷാർത്തിഃ
കക്ഷ്യക്ഷിശീർഷജഗദോ ഗുരുബന്ധുഹാനിഃ
പ്രാണവ്യയോƒഥ യദി വാ വിപുലാപവാദോ
വക്രായുരന്തരഗതേ ഭുജഗാധിനാഥേ.

സാരം :-

ചൊവ്വാദശയിലെ രാഹുവിന്റെ അപഹാരകാലം ആയുധത്തിൽനിന്നോ അഗ്നിയിൽനിന്നോ കള്ളന്മാരിൽനിന്നോ ശത്രുക്കളിൽനിന്നോ രാജാവിൽനിന്നോ ഉപദ്രവവും വിഷഭയവും വയറ്റിലും കണ്ണിലും തലയിലും വ്യാധികൾ പിടിപ്പെടുകയും പിതാവ് ആചാര്യൻ മുതലായ ഗുരുജനങ്ങൾക്കും ബന്ധുക്കൾക്കും ഹാനിയും വലുതായിരിക്കുന്ന ആപത്തോ അപവാദമോ അഥവാ മരണംതന്നെയോ സംഭവിക്കുകയും ചെയ്യും.

മാരകലക്ഷണമുള്ള രാഹുവാണെങ്കിൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപഹോമങ്ങളും അജദാനവും നാഗദാനവും ചെയ്കയും വേണം.

ചൊവ്വാദശയിലെ സ്വാപഹാരകാലം

പിത്തോഷ്ണരുഗ് വ്രണഭയം സഹജൈർവ്വിയോഗം
ക്ഷേത്രപ്രവാദജനിതാർത്ഥവിഭൂതിസിദ്ധിഃ
ജ്ഞാത്യഗ്നിശത്രുനൃപചോരജനൈർവ്വിരോധോ
ധാത്രീസുതോ ഹരതി ചേച്ഛരദം സ്വകീയാം.

സാരം :-

ചൊവ്വാദശയിലെ സ്വാപഹാരകാലം (ചൊവ്വായുടെ അപഹാരകാലം) പിത്തവും ഉഷ്ണവുംകൊണ്ടുള്ള രോഗവും ദേഹത്തിൽ മുറിവ് വ്രണം മുതലായ ഉപദ്രവവും സഹോദരന്മാരുടെ വേർപാടും കൃഷിഭൂമികൾ സംബന്ധമായി വ്യവഹാരവും അതിൽനിന്ന് അർത്ഥലാഭാദ്യനുഭവവും ഐശ്വര്യവും അഗ്നി ബന്ധുക്കൾ ശത്രു കള്ളൻ രാജാവ് എന്നിവരിൽ നിന്ന് ഉപദ്രവവും മറ്റു ദോഷാനുഭവവും അനുഭവിക്കും. 

ചൊവ്വാ ഇഷ്ടഭാവസ്ഥനും ബലവാനുമാണെങ്കിൽ മേൽപ്പറഞ്ഞ ദോഷഫലങ്ങൾ സംഭവിക്കുന്നതല്ലെന്നും അറിഞ്ഞുകൊള്ളണം. 

ചൊവ്വായ്ക്ക് മാരകസംബന്ധം മുതലായ അനിഷ്ടലക്ഷണങ്ങളുണ്ടെങ്കിൽ സുബ്രഹ്മണ്യമന്ത്രജപവും അംഗാരകശാന്തിയും വൃഷഭദാനവും പ്രത്യേകം ചെയ്കയും വേണം.

ചൊവ്വാദശയിലെ അപഹാരഫലങ്ങൾ


  1. ചൊവ്വാദശയിലെ സ്വാപഹാരകാലം 
  2. ചൊവ്വാദശയിലെ രാഹുവിന്റെ അപഹാരകാലം 
  3. ചൊവ്വാദശയിലെ വ്യാഴത്തിന്റെ അപഹാരകാലം 
  4. ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലം 
  5. ചൊവ്വാദശയിലെ ബുധന്റെ അപഹാരകാലം 
  6. ചൊവ്വാദശയിലെ കേതുവിന്റെ അപഹാരകാലം 
  7. ചൊവ്വാദശയിലെ ശുക്രന്റെ അപഹാരകാലം 
  8. ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം 
  9. ചൊവ്വാദശയിലെ ചന്ദ്രന്റെ അപഹാരകാലം 

ഒരു വയസ്സേ ജീവിച്ചിരിയ്ക്കയുള്ളു

ക്ഷീണേ ഹിമഗൗ വ്യയഗേ പാപൈരുദായാഷ്ടമഗൈഃ
കേന്ദ്രേഷു ശുഭാശ്ച ന ചേത് ക്ഷിപ്രം നിധനം പ്രവദേത്.

സാരം :-

ക്ഷീണനായ ചന്ദ്രൻ ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിലും ആദിത്യകുജമന്ദന്മാരിൽ ഒരു പാപഗ്രഹം ലഗ്നത്തിലും ഒന്ന് എട്ടാം ഭാവത്തിലും നിൽക്കുകയും, കേന്ദ്രരാശികളിൽ ശുഭഗ്രഹങ്ങൾ ഇല്ലാതിരിയ്ക്കുകയും ചെയ്ക - ഈ യോഗജാതനും ഒരു വയസ്സേ ജീവിച്ചിരിയ്ക്കയുള്ളു. ശുഭഗ്രഹങ്ങൾ കേന്ദ്രരാശികളിലുണ്ടായാൽ ഈ യോഗത്തിന്റെ അപവാദലക്ഷണമായെന്നും അറിയേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.