നരപതിസൽകൃതാടനചമൂപവണിക്സധനാൻ
ക്ഷതതനുചോരഭൂമിവിഷയാംശ്ച കുജസ്സ്വഗൃഹേ.
യുവതിജിതാൻ സുഹൃൽസുവിഷമാൻ പരദാരരതാൻ
കുഹകസുവേഷഭീരുപുരുഷാൻ സിതഭേ ജനയേൽ.
സാരം :-
ചൊവ്വയുടെ (കുജന്റെ) സ്വക്ഷേത്രരാശിയായ മേടം രാശിയിലോ വൃശ്ചികം രാശിയിലോ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ രാജാക്കന്മാരാൽ സൽക്കരിക്കപ്പെടുന്നവനായും സഞ്ചാരിയായും സേനാനായകനായും ക്രയവിക്രയങ്ങളെ ചെയ്യുന്നവനായും ധനവാനായും ശരീരത്തിൽ മുറിവോ വ്രണമോ നിമിത്തം അടയാളപ്പെട്ടവനായും ചൌര്യം ഉള്ളവനായും ഇന്ദ്രിയവർദ്ധനം ഉള്ളവനായും ഭവിക്കും.
ഇടവം രാശിയിലോ തുലാം രാശിയിലോ ചൊവ്വ (കുജൻ) നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ത്രീജിതനായും ബന്ധുക്കൾക്ക് അനുകൂലമല്ലാത്തവനായും പരസ്ത്രീസക്തനായും ജാലവിദ്യയുള്ളവനായും നല്ല അലങ്കാരങ്ങളോടുകൂടിയവനായും എപ്പോഴും ഭയമുള്ളവനായും ഭവിക്കും.