ദാക്ഷിണ്യരൂപധനഭോഗഗുണൈഃ പ്രധാന-
ശ്ചന്ദ്രേ കുളീരവൃഷഭാജഗതേ വിലഗ്നേ
ഉന്മത്തനീചബധിരാ വികലശ്ച മൂക-
ശ്ശേഷേ നരോ ഭവതി കൃഷ്ണതനൗ വിശേഷാൽ.
സാരം :-
ഇടവം രാശിയോ, കർക്കിടകം രാശിയോ, മേടം രാശിയോ ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ ചന്ദ്രൻ നിൽക്കുകയും ചെയ്‌താൽ ഔദാര്യം, സാമർത്ഥ്യം, സൗന്ദര്യം, സമ്പത്ത്, സുഖം, ഭോഗം മുതലായ ഗുണങ്ങളെക്കൊണ്ട് പ്രധാനനായും ദീർഘായുസ്സായും ഭവിക്കും. ഈ ചന്ദ്രന് പക്ഷബലമുണ്ടായിരുന്നാൽ മേൽപ്പറഞ്ഞ ശുഭഫലങ്ങൾ പൂർണ്ണങ്ങളായും അനുഭവിക്കും. ചന്ദ്രന് ബലഹാനിയുണ്ടായിരുന്നാൽ ന്യൂനങ്ങളായിരിക്കും അനുഭവത്തിൽ വരിക. (മേൽപ്പറഞ്ഞ ശുഭഫലങ്ങൾക്ക് കുറവ് അനുഭവപ്പെടും)
ശേഷം രാശികൾ (മിഥുനം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികൾ) ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ ചന്ദ്രൻ നിൽക്കുകയും ചെയ്‌താൽ ഭ്രാന്തനോ നീച്ചനോ ഭൃത്യനോ ചെവിക്കോ കണ്ണിനോ നാക്കിനോ ശരീരത്തിലെ മറ്റംഗങ്ങൾക്കോ വൈകല്യം സംഭവിച്ചവനോ ആയി ഭവിക്കും. കൃഷ്ണപക്ഷവും ചന്ദ്രന് ബലഹാനിയും ഒത്തുവന്നാൽ ഈ അശുഭഫലങ്ങൾക്ക് പൂർണ്ണതയും അല്ലെങ്കിൽ ന്യൂനതയും ഉണ്ടെന്നും അറിഞ്ഞുകൊള്ളണം.
ചന്ദ്രന് ശുക്ളപക്ഷത്തിൽ പഞ്ചമിവരെ അല്പബലം, ഷഷ്ഠി മുതൽ അഷ്ടമിയുടെ പകുതി വരെ മദ്ധ്യബലം, അഷ്ടമിയുടെ അപരാധംമുതൽ ക്രമേണ പൌർണ്ണമാസിവരെ ബലാധിക്യം ഉണ്ടായിരിക്കുന്നതാണ്. കൃഷ്ണപ്രതിപദം മുതൽ കൃഷ്ണപഞ്ചമിവരെ മദ്ധ്യബലം, ഷഷ്ഠിമുതൽ അഷ്ടമ്യർദ്ധം വരെ അല്പബലഹാനി. ഇത്യാദികളും യഥാക്രമം വിചാരിച്ചുകൊള്ളണം.
ചന്ദ്രൻ ബലവാനായാൽ ശുഭപ്രദനം, ബലഹീനനായാൽ അശുഭപ്രദനുമായിരിക്കുകയും ചെയ്യും. ഈ വിശേഷം ശേഷം ചന്ദ്രഭാവഫലങ്ങളിലും നിരൂപിച്ചുകൊൾകയും വേണം.