ബലവതിരാശൌ തദധിപതൌ ച
സ്വബലയുതസ്സ്യാദ്യദി തുഹിനാംശുഃ
കഥിതഫലാനാമവികലദാതാ
ശശിവദതോƒന്ന്യേത്വനുപരിചിന്ത്യാഃ
സാരം :-
ചന്ദ്രൻ നിൽക്കുന്ന രാശിയും, ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹവും, ചന്ദ്രനും ബലവാന്മാരായിരുന്നാൽ ചന്ദ്രാശ്രയ രാശിഫലങ്ങൾ (കൂറുഫലങ്ങൾ) പരിപൂർണ്ണമായി അനുഭവിക്കുന്നതായിരിക്കും.
ചന്ദ്രൻ നിൽക്കുന്ന രാശിക്കും, ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹത്തിനും ചന്ദ്രനും ബലം ഇല്ല എങ്കിൽ ഫലങ്ങൾ ന്യൂനങ്ങളായി വരുന്നതാണ്. (വളരെ കുറച്ചു ഫലങ്ങൾ മാത്രമേ അനുഭവത്തിൽ വരുകയുള്ളു.)
രാശിരാശ്യാധിപചന്ദ്രന്മാരുടെ ബലാബലങ്ങൾക്കനുസരിച്ച് ചന്ദ്രാശ്രയരാശിഫലങ്ങൾ (കൂറുഫലങ്ങൾ) പറഞ്ഞുകൊള്ളണം.
******************************
സൂര്യൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി മുതലായ ഗ്രഹങ്ങളുടെ ആശ്രയരാശിഫലങ്ങൾക്കും മേൽപ്പറഞ്ഞ പ്രകാരം തന്നെ ഫലങ്ങളുടെ ന്യൂനതാപരിപൂർണ്ണതകളെ ചിന്തിച്ചുകൊൾകയും വേണം. എല്ലായിടത്തും തന്നെ രാശിമദ്ധ്യത്തിൽ നിൽക്കുന്ന ഗ്രഹം ആശ്രയരാശിഫലത്തെയും ലഗ്നാധിഭാവമദ്ധ്യത്തിൽ നിൽക്കുന്ന ഗ്രഹം ഭാവഫലത്തേയും പൂർണ്ണമായി ചെയ്യുകയും ചെയ്യും.