Showing posts with label gulikan. Show all posts
Showing posts with label gulikan. Show all posts

ശുക്രന്റെ യോഗദൃഷ്ടികളോടുകൂടിയോ ഭാവങ്ങളിലോ / ഗുളികന്റെ യോഗദൃഷ്ടികളോടുകൂടിയോ നിൽക്കുന്ന ശനിയുടെ ദശാകാലം

ഭൃഗുണാ സംയുതേ ദൃഷ്ടേ ബഹുവിത്തം ലാഭേന്നരഃ
ദേശഗ്രാമാധിപത്യം ച സുന്ദരസ്ത്രീജനാഗമം

ശുക്രാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ സ്ത്രീവിനാശനഃ
രാഹുകേതുസമേതശ്ചേൽ ചോരാദ്ധനവിനാശനം

കാമിലാം വാതരോഗം ച ഗണ്ഡശൂലം മസൂരികാം
മാന്ദിയുക്തേ ക്ഷിതേ മന്ദേ പ്രായേണ മരണം ലഭേൽ.

സാരം :-

ശുക്രന്റെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം പലവിധത്തിൽ ധനലാഭവും ദേശാധിപത്യവും ഗ്രാമനേതൃത്വവും സുന്ദരീജനസമാഗമവും സംഭവിക്കും. ശുക്രൻ നിൽക്കുന്ന രാശിയുടെ 4 - 7 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ഭാര്യാനാശം സംഭവിക്കും. രാഹുകേതുക്കളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം കാമിലയും വാതരോഗവും ഗണ്ഡശൂലവും മസൂരിയും മറ്റും രോഗങ്ങളുമുണ്ടാകാനിടയുണ്ട്.

ഗുളികയുക്തനായോ ഗുളികദൃഷ്ടനായോ നിൽക്കുന്ന ശനി മിക്കവാറും മരണത്തെതന്നെ ചെയ്കയും ചെയ്യും. 

ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളില്‍ ഗുളികന്‍ നിന്നാലുള്ള ഫലങ്ങള്‍


രോഗീ ക്ഷതാംഗോ ഗുളികേ തനുസ്േഥ
നിന്ദ്യാഭിഭാഷീ ധനഗേ വിവേഷഃ
സ്വോത്ഥദ്വിഷദ്ഭ്രാതൃഗതേ സശൗര്യഃ
സുഖാദിഹീനഃ സുഖഗേƒരിഭീതഃ

സാരം :-

ലഗ്നഭാവത്തില്‍ ഗുളികന്‍ വന്നാല്‍ രോഗത്തെയും ഒടിവ്, ചതവ് മുതലായ പരുക്കുകളേയും പറയണം.

രണ്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ നിന്ദ്യങ്ങളായ വാക്ക് പറയുകയും (നിന്ദ്യമായ സംസാരം), കുളിക്കാതേയും ശുദ്ധവസ്ത്രം ധരിക്കാതെയും മലിനനായിരിക്കുകയും ചെയ്യുമെന്ന് പറയണം.

മൂന്നാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ സഹോദരനോട് കലഹിക്കുകയും ശൗര്യം ഉണ്ടാകുകയും ചെയ്യും.

നാലാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ സുഖാവസ്ഥ നശിക്കുകയും ശത്രുക്കളില്‍ നിന്ന് പലതരത്തില്‍ ഭയപ്പെടാനിടവരികയും ചെയ്യും.


ഗുര്‍വാദിനിന്ദ്യാകൃദനാത്മജഃ സ്യാല്‍
ശൂലി സുതേസ്േഥ രിപുഗേ നിജദ്വിള്‍
വിഷേക്ഷണോ വംശവിഭൂക്ഷണശ്ച
കളത്രഹന്താ മദഗേƒതികാമഃ

സാരം :-

അഞ്ചാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ഗുരുനാഥന്മാര്‍ പിതാക്കന്മാര്‍ മുതലായവരെ നിന്ദിക്കുകയും പുത്രന്മാരില്ലാതെ വരികയും ചെയ്യും,

ആറാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ തന്നെ സംബന്ധിച്ചവര്‍ തന്നെ തനിക്കു വിരോധികളായിത്തീരും.

ഏഴാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ തന്‍റെ ദൃഷ്ടിപഥത്തില്‍പെടുന്നത് ഏവര്‍ക്കും അസഹ്യമായി തോന്നുകയും വംശനന്മയെ മലിനപ്പെടുത്തുകയും ഭാര്യയെ നശിപ്പിക്കുകയും അധികമായി കാമപരവശനായിരിക്കുകയും ചെയ്യും.

ധീമാന്‍ ബഹുവ്യാധിരതനായതായുര്‍
വിഷാഗ്നിശസ്ത്രൈര്‍മൃതിരഷ്ടമസ്േഥ
ധര്‍മ്മസ്ഥിതേ ധര്‍മ്മതപോമനൂനഃ
സ്േഥ  സുകീര്‍ത്തിഃ പരകാര്യസക്തഃ

സാരം :-

എട്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ബുദ്ധിശക്തിയുണ്ടാകും. വളരെ രോഗങ്ങളും വന്നുകൂടും, ആയുസ്സ് അല്‍പമായിരുക്കുമത്രേ; വിഷം നിമിത്തമോ അഗ്നിനിമിത്തമോ അഗ്നിഭയത്താലോ ആയുധമേറ്റിട്ടോ മരിക്കുന്നതിന് ഇടവരും. 

ഒന്‍പതാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ധര്‍മ്മകൃത്യങ്ങള്‍, തപോനിഷ്ഠകള്‍, മന്ത്രജപങ്ങള്‍ ഇവയൊന്നും ഇല്ലാത്തവനായിരിക്കും.

പത്താം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ സല്‍കീര്‍ത്തിയും പരോപകാരശ്രദ്ധയും ഉണ്ടായിരിക്കും.

കുര്യാച്ച പൗരുഷയുതോ ധനവാഹനനര്‍ത്ഥാ
നൈശ്വര്യവാന്‍ ഭഗവതേ ബഹുഭൃത്യയുക്താഃ
ദുഃസ്വപ്നവാംശ്ചകുനഖീ വികലോ വ്യയസ്േഥ
ലഗ്നാദിഭാവഗതമാന്ദിഫലം പ്രദിഷ്ടം - ഇതി

സാരം :-

പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ പലവിധേന ഉത്സാഹം കൊണ്ട്  പുരുഷാര്‍ത്ഥങ്ങളെ സാധിക്കുകയും തന്‍റെ ആജ്ഞകള്‍ നിറവേറ്റുന്നതിന് വേണ്ടിടത്തോളം ആളുകളുണ്ടായിരിക്കുകയും ചെയ്യും.

പന്ത്രണ്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ചീത്തസ്വപ്‌നങ്ങള്‍ കാണുകയും രോഗം കൊണ്ടും മറ്റും നഖത്തിന് ഭംഗിയില്ലാതാവുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യും.

ഇങ്ങനെ ലഗ്നം തുടങ്ങി പന്ത്രണ്ട് ഭാവങ്ങളിലും ഗുളികന്‍ നിന്നാലുള്ള ഫലം ഇവിടെ പറഞ്ഞിരിക്കുന്നു. 

ഗുളികസ്ഥിതിഫലം


   ലഗ്നത്തില്‍ ഗുളികന്‍ നിന്നാല്‍, രാജാവോ തത്തുല്യനോ ആയിരിക്കുകയും അല്ലാത്തപക്ഷം രാജധനത്തോടുകൂടിയിരിക്കുകയും ഉത്തമവാഹനത്തോടുകൂടിയവനായും ഗ്രാമാദിജനങ്ങളാല്‍ പൂജിക്കപ്പെടുന്നവനായും ഭവിക്കും.

   രണ്ടില്‍ ഗുളികന്‍ നിന്നാല്‍, കലഹപ്രിയനായും ധനധാന്യങ്ങള്‍ കുറഞ്ഞവനായും അന്യദേശവാസിയായും വൃഥാ വാദിക്കുന്നവനായും കൊഞ്ഞയുള്ളവനായും ഭവിക്കും.

   മൂന്നില്‍ ഗുളികന്‍ നിന്നാല്‍, വിരഹം ഗര്‍വ്വം, അഹങ്കാരം ഇതുക്കളോടുകൂടിയവനായും ഏറ്റവും കോപിയായും ധനത്തിനുവേണ്ടി തിരഞ്ഞുനടക്കുന്നവനായും ദുഃഖവും ഭയവും ഇല്ലാത്തവനായും സഹോദരനാശമുള്ളവനായും ഭവിക്കും.

   നാലില്‍ ഗുളികന്‍ നിന്നാല്‍, മാതൃസുഖവും ബന്ധുക്കളും വാഹനങ്ങളും ധനവും ഇല്ലാത്തവനായും ഭവിക്കും.

  അഞ്ചില്‍ ഗുളികന്‍ നിന്നാല്‍, മനസ്സിന് ചാപല്യവും പുത്രന്മാര്‍ കുറഞ്ഞും അല്പായുസ്സായും ശൂലരോഗിയായും ഭവിക്കും.

  ആറില്‍ ഗുളികന്‍ നിന്നാല്‍, സകല ശത്രുക്കളേയും ഹനിക്കുന്നവനായും ചെപ്പടിവിദ്യക്കാരനായും ശ്രേഷ്ഠന്മാരായ പുത്രന്മാരോട് കൂടിയവനായും ഭവിക്കും.

  ഏഴില്‍ ഗുളികന്‍ നിന്നാല്‍, കളത്ര (ഭാര്യ) ദുരിതമുള്ളവനായും നികൃഷ്ടഭാര്യാനുഭവമുള്ളവനായും സകലര്‍ക്കും ശത്രുവായും ബുദ്ധിഹീനനായും ഉപകാരസ്മരണയില്ലാത്തവനായും ഭവിക്കും.

  എട്ടില്‍ ഗുളികന്‍ നിന്നാല്‍, വിരൂപമായ മുഖത്തോടുകൂടിയവനായും അപമൃത്യു സംഭവിക്കുന്നവനായും ഹ്രസ്വശരീരനായും രോഗങ്ങളാല്‍ പീഡിതനായും വിഷാഗ്നികളില്‍നിന്നും ആപത്തുകള്‍ സംഭവിക്കുന്നവനായും ഭവിക്കും.

  ഒന്‍പതില്‍ ഗുളികന്‍ നിന്നാല്‍, പിതൃജനങ്ങളോട് വേര്‍പ്പെട്ടവനായും ആചാരവും ഗുരുത്വവും ദൈവാനുകൂല്യവും ഇല്ലാത്തവനായും ഭവിക്കും.

 പത്തില്‍ ഗുളികന്‍ നിന്നാല്‍, നികൃഷ്ടകര്‍മ്മങ്ങളെ ചെയ്യുന്നവനായും മടിയനായും പിശുക്കുള്ളവനായും ഭവിക്കും.

  പതിനൊന്നില്‍ ഗുളികന്‍ നിന്നാല്‍, സുഖവും പുത്രന്മാരും ബുദ്ധിയും പൌരുഷവും തേജസ്സും സൗന്ദര്യവും ഭൃത്യന്മാരും ഉള്ളവനായും, ജ്യേഷ്ഠഭ്രാതൃവിയോഗദുഃഖം അനുഭവിക്കുന്നവനായും ഭവിക്കും.

 പന്ത്രണ്ടില്‍ ഗുളികന്‍ നിന്നാല്‍, ദൈന്യതയോടുകൂടി സംസാരിക്കുന്നവനായും സ്ത്രീസുഖം കുറഞ്ഞവനായും ചിലവുകാരനായും ശുചിത്വമില്ലാത്തവനായും ഭവിക്കും.

***********************

  ഗുളികബന്ധമില്ലാതെ ഒരിക്കലും ജനനം ഉണ്ടാകുന്നതല്ല. അതനുസരിച്ച് ഗുളികന്‍ നില്‍ക്കുന്ന രാശിയോ, അതിന്റെ ത്രികോണരാശികളായ അഞ്ചാമത്തെയും ഒന്‍പതാമത്തെയും രാശികളോ, ഗുളികനവാംശകരാശിയോ, ദ്വാദശാംശകരാശിയോ, ഗുളികഭവനാധിപനായ ഗ്രഹം നില്‍ക്കുന്ന രാശിയോ, അതിന്റെ ഏഴാംരാശിയോ, ഈ രാശികളുടെ ത്രികോണരാശികളോ മാത്രമേ ജന്മലഗ്നമായി വരുകയുള്ളു.

***********************

  ആദിത്യന്‍ തുടങ്ങി ഗുളികന്‍ വരെയുള്ള ഗ്രഹങ്ങളുടെ ലഗ്നാദിഭാവങ്ങളിലുള്ള സ്ഥിതിയെപ്പറ്റി സാമാന്യമായി മേല്‍വിവരിച്ചു എങ്കിലും അവയ്ക്കുള്ള രാശ്യാധിപത്യബലം, സ്ഥാനബലം ഇത്യാദി ബലങ്ങളേക്കൂടി  കണ്ടുപിടിചിട്ടുവേണം ഫലം പൂര്‍ണ്ണമായി നിശ്ചയിക്കുവാന്‍.

ഗുളികസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

   ലഗ്നം ഗണിക്കുന്നപോലെതന്നെയാണ് ഗുളികസ്ഫുടം ഗണിക്കുന്നതും. ജനനം പകലാണെങ്കില്‍ അന്നത്തെ പകല്‍ നാഴികവെച്ച്  പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിനും ഗുളികന്‍ നില്‍ക്കുന്ന രാശിയും ഗുളികനാഴികയും കൊടുത്തിരിക്കും. ആ നാഴികയില്‍ നിന്ന് ഉദയാല്‍പരം വാങ്ങി (കുറച്ച്) അടുത്തരാശി നാഴികകള്‍ കളഞ്ഞു (കുറച്ച്) പൂര്‍ണ്ണമായും പോകാത്ത രാശിനാഴികയേതോ ആ രാശിയിലാണ് അന്ന് പകല്‍ ഗുളികന്‍ ഉദിച്ചതെന്നറിയണം. ആ രാശിയില്‍ ചെന്ന് നില്‍ക്കുന്ന ശിഷ്ടനാഴികയെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) അതില്‍ വിനാഴിക ചേര്‍ത്ത് 30 - ല്‍ പെരുക്കി (ഗുണിച്ച്‌) ഗുളികന്‍ ഉദിച്ച രാശി ഹാരകസംഖ്യകൊണ്ട് അതിനെ ഹരിച്ചുകിട്ടുന്ന ഫലം തിയ്യതിയും, ശിഷ്ടത്തെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം കലയുമാകുന്നു. മേടം മുതല്‍ ഉദിച്ച രാശിവരെയുള്ള സംഖ്യ (ഉദിച്ച രാശി കൂട്ടരുത്) രാശിസ്ഥാനത്തും കൂട്ടിയാല്‍ അന്നേക്കുള്ള ഗുളികസ്ഫുടമായി.

   രാത്രിക്കാണ് ഗുളികസ്ഫുടം ഗണിക്കുന്നതെങ്കില്‍ അന്നേക്ക് അഞ്ചാമത്തെ ദിനനാഴികവെച്ച് അതില്‍നിന്ന് അസ്തമനാല്‍പരവും തുടര്‍ന്നുള്ള രാശിനാഴികകളും കളഞ്ഞ് (കുറച്ച്) ശിഷ്ടം വരുന്ന നാഴിക വിനാഴികകള്‍ പോകാനിരിക്കുന്ന രാശിയില്‍ചെന്ന് കഴിഞ്ഞവയാണെന്നറിയണം. ആ രാശിയില്‍ ഗുളികന്‍ ഉദിച്ചുകഴിഞ്ഞ നാഴികവിനാഴികകളാണ്. അതിലെ നാഴികയെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) വിനാഴിക ചേര്‍ത്ത് (കൂട്ടി) വീണ്ടും  30 - ല്‍ പെരുക്കി (ഗുണിച്ച്‌) അതേ രാശി ഹാരകം കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം തിയ്യതിയും; ശിഷ്ടത്തെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം കലയുമാണ്. അതിനുപോലെ രാശി സംഖ്യയും ചേര്‍ത്താല്‍ അന്ന് രാത്രിക്കുള്ള ഗുളികസ്ഫുടമായി.

    ഗുളികനാഴികകളെക്കാള്‍ അധികം ഉദയാല്‍പരവും അസ്തമനാല്‍പരവും വരുമ്പോള്‍ അവയില്‍ നിന്ന് ഗുളിക നാഴിക കളഞ്ഞ് ശിഷ്ടംകൊണ്ട് ഗുളികനെ ഗണിക്കണം.


ഉദാഹരണം:-
   1152 വൃശ്ചികം 6 ന് ഞായറാഴ്ചയാകയാല്‍ പകല്‍ സമയത്തെ ഗുളിക നാഴിക 26. അന്നത്തെ ഉദയാല്‍പരനാഴിക 4-45 പോയാല്‍ ശിഷ്ടം 21.25. ഇതില്‍ നിന്ന് ഉദയരാശിയുടെ രണ്ടാമത്തെ രാശിയായ ധനു രാശി നാഴിക 5.23 കളഞ്ഞാല്‍ ശിഷ്ടം 15 നാഴിക 52 വിനാഴിക വരും. 

   15 നാഴിക 52 വിനാഴികയില്‍ നിന്ന് മകരം രാശിനാഴിക 4.51 ഉം, കുംഭം രാശി നാഴിക 4.21 ഉം, മീനം രാശിനാഴിക 4.13 ഉം കൂടി കളഞ്ഞാല്‍ ശിഷ്ടം 2 നാഴിക 21 വിനാഴിക ഉണ്ടാകും. 


  2 നാഴിക 21 വിനാഴിക, മേടം രാശിയില്‍ ഗുളികന്‍ പ്രവേശിച്ചു കഴിഞ്ഞ നാഴിക വിനാഴികകളാണ്. ഇതിനെ 2.60 പെരുക്കി 27 ചേര്‍ത്താല്‍ 147 കിട്ടും. 147 നെ 30 ല്‍ പെരുക്കിയാല്‍ 4410 കിട്ടും. ഇതിനെ മേടം രാശിയുടെ ഹാരകസംഖ്യയായ 270 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം 16. ശിഷ്ടം 90. ഈ ഫലസംഖ്യ ഗുളികസ്ഫുടത്തിലെ തിയ്യതിയാണ്. ശിഷ്ടസംഖ്യയായ 90 നെ 60 ല്‍ പെരുക്കിയാല്‍ 90 x 60 = 5400 ÷ 270 ഫലം 20 ശിഷ്ടമില്ല. ഈ ഫലസംഖ്യ ഗുളികസ്ഫുടത്തിലെ കലയാണ്‌. അപ്പോള്‍ ഗുളികസ്ഫുടം 00-16-20 എന്ന് വരുന്നു. ജനനസമയത്തേക്ക് മേടം രാശിയില്‍ ഗുളികന്‍ പകര്‍ന്നു 16 തിയ്യതിയും 20 കലയും എത്തിയിരിക്കുന്നു.

    രാത്രി സമയത്തിന് ഞായറാഴ്ചയുടെ അഞ്ചാംദിവസമായ വ്യാഴാഴ്ചയിലെ ഗുളികനാഴികയായ 10 ല്‍ നിന്ന് അന്നത്തെ അസ്തമനാല്‍പരനാഴികകളും, തുടര്‍ന്നുള്ള രാശിനാഴികകളും കളഞ്ഞ് വരുന്ന ശിഷ്ടത്തെ മേല്‍ പ്രകാരം ക്രിയ ചെയ്തു ഗുളികനുദിച്ച രാശിഹാരകംകൊണ്ട് ഹരിച്ച്‌ തിയ്യതിയും, കലയും ഉണ്ടാക്കി രാശിസ്ഥാനത്ത് രാശിസംഖ്യയും ചേര്‍ത്താല്‍ രാത്രിക്കുള്ള ഗുളികസ്ഫുടമായി.

കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുളികസ്ഫുടം / ഗുളികനാഴികകള്‍

നാള് (നക്ഷത്രം) ഗണിച്ച്  കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുളികസ്ഫുടം / ഗുളികനാഴികകള്‍
   ഗുളികന്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ നാഴികകളിലാണ് ഉദിക്കുന്നത്. ഞായറാഴ്ച സൂര്യോദയരാശി മുതല്‍ ആറാമത്തെ രാശിയില്‍  അസ്തമിക്കുന്നു. ഇങ്ങനെ പ്രതിദിനം ഓരോ രാശിക്കുള്ള നാഴിക വിനാഴികകള്‍ കുറഞ്ഞ് ശനിയാഴ്ച സൂര്യോദയരാശിയില്‍ത്തന്നെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.

      ഉദയദിനത്തിന്റെ അഞ്ചാമത്തെ ദിനനാഴികയാണ് രാത്രി ഗുളിക നാഴികയായി സ്വീകരിക്കേണ്ടത് എന്ന നിയമപ്രകാരം രാത്രിക്ക് സൂര്യോദയദിനത്തില്‍ അഞ്ചാം ദിനത്തിനുള്ള നാഴികകൊണ്ട് ഉദിക്കുന്നു. ഞായറാഴ്ച മുതലുള്ള ഓരോ ദിനത്തിലെയും ഗുളികോദയനാഴികകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. അവയില്‍ നിന്ന് അല്പസ്വല്പം ഏറ്റക്കുറവുകള്‍ പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന നാഴികകളില്‍ കാണാനിടവരുന്നതാണ്. അവ അയന ചലനപ്രകാരമുണ്ടാകുന്ന വ്യതിയാനങ്ങളാണ്. അതിനാല്‍ പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന നാഴികകള്‍ സ്വീകരിക്കുന്നത് ഉത്തമമല്ലെന്നില്ല. ഇവിടെ ചേര്‍ക്കുന്നത് ഉദാഹരണമായി സ്വീകരിക്കുന്നതിലും ഉത്തമമെന്നു കണക്കാക്കിയാല്‍ മതി.

ഗുളികനാഴികകള്‍ :-
ദിനം                   ദിനനാഴിക (പകല്‍)   -         നിശിനാഴിക (രാത്രി)
ഞായര്‍                   26                                                     10
തിങ്കള്‍                     22                                                      6
ചൊവ്വ                     18                                                      2
ബുധന്‍                    14                                                     26
വ്യാഴം                      10                                                    22
വെള്ളി                      6                                                     18
ശനി                          2                                                     14

രാഹുകേതുകള്‍ / ഗുളികന്‍

  സൂര്യസിദ്ധാന്തത്തില്‍ ജ്യോതിശ്ചക്രത്തിന്റെ നിഴലായും, രാശികളില്‍ പ്രതിലോമമായി സഞ്ചരിക്കുന്ന നപുംസകഗ്രഹമായും പറയുന്ന രാഹുകേതുക്കള്‍ക്ക് സ്വര്‍ക്ഷേത്രം, മൂലക്ഷേത്രം, ഉച്ചം എന്നിവ സങ്കല്‍പിച്ചിട്ടുണ്ട്. ചില ആചാര്യന്മാരുടെ പക്ഷത്തില്‍ രാഹുവിന് മിഥുനവും, കേതുവിനു ധനു, കന്നി, മകരം, മീനം എന്നിവയും സ്വര്‍ക്ഷേത്രങ്ങളായി കല്പിച്ചിരിക്കുന്നു. വൃശ്ചികം,ഇടവം ഉച്ചരാശികളെന്നു പറഞ്ഞിരിക്കുന്നു. രാഹുവിന്റെ എഴില്‍മാത്രം നിലനില്‍പ്പുള്ള കേതുവിന് ഒന്നിലേറെ സ്വര്‍ക്ഷേത്രങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത് യുക്തിസഹമെന്ന് തോന്നുന്നില്ല. അതിനാല്‍ രാഹുവിന് മിഥുനം സ്വര്‍ക്ഷേത്രമായി അംഗീകരിക്കുന്നപക്ഷം കേതുവിന് ധനുമാത്രമേ സ്വര്‍ക്ഷേത്രമായി വരാനേ ന്യായം കാണുന്നുള്ളൂ. മാത്രമല്ല, രാഹുവിന് ഉച്ചരാശി വൃശ്ചികവും, കേതുവിന് ഉച്ചരാശി ഇടവവും പറഞ്ഞിരിക്കുന്ന സ്ഥിതിയ്ക്ക് കേതുവിന് ഒന്നിലേറെ സ്വര്‍ക്ഷേത്രങ്ങള്‍ യുക്തിസഹമല്ലെന്ന് വേണം കരുതാന്‍.

   രാഹു, മറ്റു ഗ്രഹങ്ങളെപോലെ മണ്ഡലകാരനാണ്. എന്നാല്‍ രാഹു മണ്ഡലത്തിന് പ്രകാശമില്ല. തമോമയമണ്ഡലമാണത്. "അന്ധകാരമയോ രാഹുര്‍ മേഘഖണ്ഡമിവോത്ഥിത" എന്ന് ദേവലകവാക്യം കാണുന്നു. അതിനാല്‍ മറ്റു ഗ്രഹമണ്ഡലങ്ങളെപോലെ  ആകാശത്തില്‍ രാഹുമണ്ഡലം ദൃശ്യമല്ല. ആദിത്യന്റെയും ചന്ദ്രന്റെയും മണ്ഡലങ്ങള്‍ ഭൂമിയുടെ നിഴല്‍ മറയ്ക്കപ്പെടുമ്പോള്‍ നിഴലെന്നപോലെ കാണപ്പെടുന്നത് ഈ മണ്ഡലമാണെന്നും പറയപ്പെടുന്നു. ഈ രാഹുമണ്ഡലം സര്‍പ്പാകൃതിയില്‍ വിലക്ഷണരൂപത്തിലുള്ളതും മധ്യഭാഗം - തലയും കാലുമൊഴികെയുള്ള ഭാഗം - ഭാഗണാര്‍ദ്ധം കൊണ്ട് മറയ്ക്കപ്പെട്ടതുമാകുന്നു എന്ന് വരാഹമിഹിരാചാര്യന്‍ പറയുന്നു.

  കേതുവിന്റെ ഉദയാസ്തമയ ദര്‍ശനാദികളെ ഗോളഗണിതനിയമാനുസൃതം അറിയപ്പെടാവുന്നതല്ല. അഗ്നിരഹിതമായ സ്ഥലത്ത് അഗ്നിരൂപമായി കാണുന്ന പ്രകാശത്തിനാണ് കേതു എന്ന് പറയുന്നത്. മിന്നാമിനുങ്ങ്, രത്നദ്യുതി, പിശാച യക്ഷാദിപ്രകാശം, ധാതുപ്രകാശം മുതലായവകളില്‍ ഉള്‍പ്പെടുന്ന പ്രകാശധോരണിയല്ല കേതു. ദിവ്യപ്രകാശം, അന്തരീക്ഷം, ഭൂമി എന്നിവടങ്ങളില്‍ കേതുവിനെ അഗ്നിമയമായി പലരൂപത്തില്‍ കാണപ്പെടും. പരാശരമഹര്‍ഷി 101 കേതുക്കള്‍ എന്നും, ഗര്‍ഗ്ഗാദി മഹര്‍ഷിമാര്‍ 1000 കേതുക്കള്‍ എന്നും പറയുന്നുണ്ട്.

  ഏതായാലും രാഹുകേതുക്കള്‍ സപ്തഗ്രഹങ്ങളെപോലെ തേജോഗോളങ്ങളും, നിയതമായ സഞ്ചാരപഥങ്ങളും, ഭഗണബന്ധങ്ങളും ഉള്ളവരല്ലാത്തതിനാല്‍ വരാഹമിഹിരാചാര്യന്‍ ഇവരെ സപ്തഗ്രഹങ്ങളെപ്പോലെ അംഗീകരിക്കപ്പെട്ടതായി കാണുന്നില്ല.

   ചില ആചാര്യന്മാര്‍ രാഹുവിന് - മിഥുനം സ്വര്‍ക്ഷേത്രമായും, വൃശ്ചികം ഉച്ചരാശിയായും, ഇടവം നീചരാശിയായും, മേടവും കര്‍ക്കിടകവും ചിങ്ങവും ശത്രുരാശിയായും, ധനുവും മീനവും കന്നിയും ബന്ധുക്ഷേത്രങ്ങളായും തുലാവും കുംഭവും സമരാശികളായും കല്‍പ്പിച്ചിരിക്കുന്നു. കേതുവിന് - ധനു കന്നി, മീനം രാശികള്‍ സ്വര്‍ക്ഷേത്രങ്ങളായും, ഇടവം ഉച്ചരാശിയായും ചിങ്ങം നീചരാശിയായും, കര്‍ക്കിടകവും മേടവും ശത്രുക്ഷേത്രങ്ങളായും, മിഥുനം ബന്ധുക്ഷേത്രമായും, തുലാവും വൃശ്ചികവും കുംഭവും സമക്ഷേത്രങ്ങളായും കല്‍പ്പിച്ചിരിക്കുന്നു. കേതുവിന് മാത്രം ഉച്ചരാശിയുടെ ഏഴാം രാശി നീചരാശി അല്ല. രാഹുകേതുക്കള്‍ ഏതേതു രാശികളില്‍ ഏതേതു ഗ്രഹങ്ങളോട്  ചേര്‍ന്ന് നില്‍ക്കുന്നുവോ, അതാതു ഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്നതുമാണ്.

  സാധാരണയായി രാഹു, മേടം മുതല്‍ കന്നിവരെ ഉള്ള ആറു രാശികളില്‍ നില്‍ക്കുമ്പോഴും അവയുടെ ഏഴാം രാശികളായ തുലാംമുതല്‍ മീനംവരെയുള്ള ആറുരാശികളില്‍ കേതു നില്‍ക്കുമ്പോഴും അവയ്ക്ക് പ്രത്യേകശക്തി ഉണ്ടായിരിക്കുകയും, അക്കാലങ്ങളില്‍ ജനിച്ചവര്‍ക്ക് പലതരത്തിലുള്ള ഭാഗ്യാഭിവൃദ്ധികളും ഉണ്ടായിരിക്കുന്നതുമായിട്ടാണ് അനുഭവപ്പെടുന്നത്.

  മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ യുക്തിപൂര്‍വ്വം സൂക്ഷ്മമായി ചിന്തിച്ച് അനുഭവത്തില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.

ഗുളികന്‍
  മറ്റൊരു ഗ്രഹമാണ് ഗുളികന്‍. ഗുളികന്‍ രാവും പകലും വെവ്വേറെ ഉദിക്കുന്നു, ഉദിച്ച രാശിയില്‍ ഗുളികന്‍ നില്‍ക്കുന്നു. രാവു കഴിവോളവും, പകലുകഴിവോളവും. ഓരോ ദിവസത്തിനും ഗുളികനാഴികയിത്രയെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ നാഴികകള്‍ക്ക് ഗുളികോദയരാശി കാണാന്‍ കഴിയും. ഗണിതഭാഗത്തില്‍ ഇത് സുവ്യക്തമായി പിന്നീട് പറയുന്നതായിരിക്കും. ഓരോ ദിവസത്തെ ഗുളികനാഴികയിത്രയെന്ന് പഞ്ചാംഗത്തില്‍ നോക്കിയാല്‍ മനസ്സിലാക്കാം.

  എല്ലാ ഗ്രഹങ്ങള്‍ക്ക്‌ ഉച്ചക്ഷേത്രത്തിന്റെ ഏഴാമത്തെ ക്ഷേത്രം നീചക്ഷേത്രമാണ്. ഉച്ചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ ബലവിശേഷതയ്ക്കെതിരായ ബലവിശേഷമാണ് നീചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് ലഭിക്കുക. നീചഗ്രഹത്തിന് യാതൊരു നന്മയുമുളവാക്കാന്‍ ആവുന്നില്ല. ശൂന്യതയാണ് ഫലം. മൃതപ്രായമാണാ ഗൃഹത്തിന്റെ അവസ്ഥ.

ഗ്രഹങ്ങളുടെ മൌഡ്യം / ഗ്രഹങ്ങളുടെ വക്രം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.