Showing posts with label shanidasha. Show all posts
Showing posts with label shanidasha. Show all posts

ശനിദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

അമരാർച്ചനം ദ്വിജഗുണാഭിരുചിർ-
ഗൃഹപുത്രദാരവിഹൃതിസ്തു ഭവേൽ
ധനദാന്യവൃദ്ധിരധികാഹി നൃണാം
പ്രവിശത്യഥാർക്കിവയസീന്ദ്രഗുരൌ.

സാരം :-

ശനിദശയിലെ വ്യാഴത്തിന്റെ അപഹാരകാലം ദേവപൂജയിലും ബ്രാഹ്മണപൂജയിലും താല്പര്യവും ഗൃഹസുഖവും പുത്രഗുണവും കളത്രഭോഗവും കാര്യസിദ്ധിയും ധനധാന്യാഭിവൃദ്ധിയും സംഭവിക്കും. ഇതിനോടുകൂടി ശനിദശ കഴിയും. അപഹാരഫലം ശുഭമെങ്കിലും ദശാവസാനഫലം കഷ്ടമാകുന്നു.

വ്യാഴത്തിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സഹസ്രനാമജപവും സ്വർണ്ണദാനവും യഥാശക്തി ചെയ്കയും വേണം.

ശനിദശയിലെ രാഹുവിന്റെ അപഹാരകാലം

അപമാർഗ്ഗയാനമസുഭിർവ്വിരഹം
ത്വഥവാ പ്രമേഹഗുരുഗുന്മഭയം
ജ്വരപീഡനം ക്ഷതമതീവ നൃണാം
ഫണിരാജി സൂര്യജദശാം വിശതി.

സാരം :-

ശനിദശയിലെ രാഹുവിന്റെ അപഹാരകാലം ദുർമ്മാർഗ്ഗസഞ്ചാരവും ദുർവൃത്തിയും മരണവും അല്ലെങ്കിൽ പ്രമേഹം, ഗുന്മം, ജ്വരം, ക്ഷതം, വ്രണം മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും ചോരന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും ധനനാശവും രാജകോപവും മറ്റും അനിഷ്ടാനുഭവം ഫലമാകുന്നു.

രാഹുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപവും ഛാഗദാനവും ചെയ്കയും വേണം.

ചന്ദ്രൻ മകരം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

നിത്യം ലാളയതി സ്വദാരതനയാ-
ന്ധർമ്മധ്വജോƒധഃകൃശ-
സ്സ്വക്ഷഃ ക്ഷാമകടിർഗൃഹീതവചന-
സ്സൌഭാഗ്യയുക്തോƒലസഃ
ശീതാലുമ്മനുജോടനശ്ച മകരേ
സത്വാധികഃ കാവ്യകൃ-
ല്ലുബ്ധോƒഗമ്യജരാംഗനാസു നിരത-
സ്സന്ത്യക്തലജ്ജോƒഘൃണഃ

സാരം :-

ജനനസമയത്തു ചന്ദ്രൻ മകരം രാശിയിൽ നിന്നാൽ എപ്പോഴും ഭാര്യാസന്താനങ്ങളുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാവുക, ധർമ്മശാസ്ത്രവിരുദ്ധമായി പ്രവർത്തിയ്ക്കയും എന്നാൽ ധർമ്മിഷ്ഠനാണെന്നു തോന്നിക്കുവാൻ വേണ്ടി വ്യാജമായി ചിലതൊക്കെ കാണിക്കുന്നവനുമാവുക, അരക്കെട്ടു അവിടെനിന്ന് കിഴോട്ടുള്ള ശരീരഭാഗവും മാംസം കുറഞ്ഞു ചടച്ചിരിക്കുക, കണ്ണുകൾക്കു നല്ല ഭംഗിയുള്ളവനാവുക, സകല ശാസ്ത്രങ്ങളേയും വേണ്ടുവണ്ണം അറിയുന്നവനും (ഇതിനു ആത്മജ്ഞാനിയാവുക എന്നും ഒരു  അഭിപ്രായമുണ്ട്) സകല ജനങ്ങൾക്കും ഇഷ്ടനും ആവുക, എല്ലാ പ്രവൃത്തികളിലും അസമർത്ഥനും മടിയനും ആവുക, തണുപ്പു സഹിയ്ക്കുവാൻ കഴിയാത്ത ദേഹപ്രകൃതിയും, എപ്പോഴും സഞ്ചാരശീലവും ഉണ്ടായിരിയ്ക്കുക, വലിയ ബലവാനും (പ്രാണവായുവിനു അധികം ശക്തിയുണ്ടായിരിയ്ക്കുമെന്നും ഒരു അഭിപ്രായമുണ്ട്) കാവ്യപ്രബന്ധാദി ഗ്രന്ഥങ്ങളെ നിർമ്മിയ്ക്കുന്നവനും ആയിരിയ്ക്കുക, വേണ്ടതിന്നായാലും അല്ലെങ്കിലും ചെലവു ചെയ്യുന്നതിൽ വലിയ ലുബ്ധുണ്ടാവുക, ജാതി വയസ്സ് മുതലായവയെക്കൊണ്ടു തനിക്കു അർഹതയില്ലാത്ത വൃദ്ധസ്ത്രീകളിൽ വലിയ താല്പര്യമുള്ളവനും, ലജ്ജ, ദയ ഇതുകൾ ഇല്ലാത്തവനുമായിരിക്കുക. - ഈ ഫലങ്ങളൊക്കെയാണ് അനുഭവിയ്ക്കുക.

ശനിദശയിലെ ചൊവ്വയുടെ അപഹാരകാലം

സ്വപദച്യുതിസ്സ്വജനവിഗ്രഹരുഗ്
ജ്വരവഹ്നിശസ്ത്രവിഷഭീരഥവാ
അരിവൃദ്ധിരാന്ത്രജരുഗക്ഷിഭയം
രവിജായുരാവിശതി ഭൂമിസുതേ.

സാരം :-

ശനിദശയിലെ ചൊവ്വയുടെ അപഹാരകാലം ധനനഷ്ടം സ്ഥാനഭ്രംശം തനിക്കും സഹോദരാദിബന്ധുക്കൾക്കും രോഗദുഃഖാദ്യരിഷ്ടയും സ്വജനകലഹവും ജ്വരപീഡയും വിഷാഗ്നിശസ്ത്രങ്ങളിൽ നിന്നു ഭയവും മനോദുഃഖവും ശത്രുവർദ്ധനയും ആന്ത്രരോഗവും നേത്ര രോഗവും സംഭവിക്കും.

ചൊവ്വയ്ക്ക്‌ മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സുബ്രഹ്മണ്യമന്ത്രജപാർച്ചനകളും വൃഷഭദാനവും ദീപദാനവും ചെയ്കയും വേണം.

ശനിദശയിലെ ചന്ദ്രന്റെ അപഹാരകാലം

വനിതാഹതിർമ്മരണമേവ നൃണാം
സുഹൃദാം വിപത്തിരപി രോഗഭയം
ജലവാതജം ഭയമതീവ ഭവേ-
ച്ഛശലാഞ്ഛനേ ശനിദശാം വിശതി.

സാരം :-

ശനിദശയിലെ ചന്ദ്രന്റെ അപഹാരകാലം തനിക്കോ ഭാര്യയ്ക്കോ മറ്റു ബന്ധുക്കൾക്കോ മാതാപിതാക്കന്മാർക്കോ മരണമോ മറ്റു വിപത്തുകളോ സംഭവിക്കുകയും കഠിനങ്ങളായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും കഫം, രക്തം, വാതം ഇവയിൽനിന്ന് ഉപദ്രവവും അല്ലെങ്കിൽ വെള്ളവും കാറ്റും നിമിത്തം ഭയവും സംഭവിക്കുകയും ചെയ്യും.

ചന്ദ്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ഗ്രഹശാന്തി, മൃത്യുഞ്ജയജപം, ദുർഗ്ഗാർച്ചനം ഇവ ചെയ്കയും വെളുത്തപശുവിനെ ദാനം ചെയ്കയും വേണം.

ശനിദശയിലെ സൂര്യന്റെ അപഹാരകാലം

മരണം തു വാ രിപുഭയം സതതം
ഗുരുവർഗ്ഗരുഗ്ജഠരനേത്രരുജഃ
ധനധാന്യമിത്രവിഹതിശ്ച ഭവേ-
ദ്രവിജായൂരാവിശതി തീവ്രകരേ.

സാരം :-

ശനിദശയിലെ സൂര്യന്റെ അപഹാരകാലം കഠിനമായ ശത്രുഭയവും ഗുരുജനങ്ങൾക്ക്‌ രോഗാദ്യരിഷ്ടയും ബന്ധുനാശവും ധനധാന്യങ്ങൾക്ക് ക്ഷയവും വയറ്റിലും കണ്ണിലും വ്യാധികളും സംഭവിക്കുകയും മരണമോ തത്തുല്യമായ മറ്റു കഷ്ടാരിഷ്ടങ്ങളോ സംഭവിക്കുകയും ഫലമാകുന്നു.

സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സൂര്യനമസ്കാരവും അശ്വദാനവും മൃത്യുഞ്ജയജപവും ചെയ്യണം.

ശനിദശയിലെ ശുക്രന്റെ അപഹാരകാലം

സുഹൃദംഗനാതനയസൗഖ്യയുതിഃ
കൃഷിതോയയാനജനിതാർത്ഥചയഃ
ശുഭകീർത്തിരുത്ഭവതി ദേഹഭൃതാം
യമദായഹാരിണി ഭൃഗോസ്തനയേ.

സാരം :-

ശനിദശയിലെ ശുക്രന്റെ അപഹാരകാലം ഭാര്യയും ബന്ധുക്കളും പുത്രന്മാരും സുഖവും ലഭിക്കുകയും കൃഷികാര്യങ്ങൾക്ക് അഭിവൃദ്ധിയും ജലത്തിൽനിന്നും ജലമാർഗ്ഗസഞ്ചാരത്തിൽ നിന്നും അർത്ഥലാഭവും നല്ല കീർത്തിയും മറ്റു ഗുണാനുഭവവും അനുഭവിക്കും.

ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും വെളുത്ത പശുവിനെയും എരുമയെയും ദാനം ചെയ്കയും വേണം.

ശനിദശയിലെ കേതുവിന്റെ അപഹാരകാലം

മരുദഗ്നിപീഡനമരിവ്യസനം
സുതദാരവിഗ്രഹയുതിസ്സതതം
അശുഭാവലോകനമഹേശ്ച ഭയം
ശനിവത്സരാൻ ശിഖിനി ചാപഘൃതേ.

സാരം :-

ശനിദശയിലെ കേതുവിന്റെ അപഹാരകാലം കാറ്റ്, തീയ് (വാതം, ഉഷ്ണം) ഇവയിൽ നിന്ന് ഉപദ്രവവും ശത്രുപീഡയും ഭാര്യാപുത്രകലഹവും അശുഭദർശനവും സർപ്പഭയവും സംഭവിക്കും.

കേതുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ഛാഗദാനം, ഗജദാനം എന്നിവ യഥാശക്തി ചെയ്കയും വേണം.

ശനിദശയിലെ ബുധന്റെ അപഹാരകാലം

സുഭഗത്വമസ്തി സുഖിതാ വനിതാ-
നൃപലാളനം വിജയമിത്രയുതിഃ
ത്രിഗദോത്ഭവസ്സഹജപുത്രരുജാ
ശനിദായഹാരിണി ശശാങ്കസുതേ.

സാരം :-

ശനിദശയിലെ ബുധന്റെ അപഹാരകാലം സൗഭാഗ്യവും സമ്പത്തും സുഖവും സ്ത്രീഭോഗവും രാജപ്രസാദവും കാര്യാദികളിൽ ജയവും ബന്ധുയോഗവും ത്രിദോഷം (വാതപിത്തകഫ) കോപവും സഹോദരനും പുത്രനും രോഗാദ്യരിഷ്ടയും സംഭവിക്കും.

ബുധന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വിഷ്ണുസഹസ്രനാമജപവും യഥാശക്തി അന്നദാനവും ചെയ്യണം.

ശനിദശയിലെ ശനിയുടെ അപഹാരകാലം

കൃഷിവൃദ്ധിഭൃത്യമഹിഷാദ്യുദയഃ
പവമാനരുഗ് വൃഷലജാതിധനം
സ്ഥവിരാംഗനാപ്തിരലസത്വമഘഃ
സ്വദശാന്തരം വിശതി സൂര്യസുതേ.

സാരം :-

ശനിദശയിലെ ശനിയുടെ അപഹാരകാലം കൃഷികാര്യങ്ങൾക്ക് വർദ്ധനവും ഭൃത്യലാഭവും പശുവൃഷമഹിഷാദ്യഭിവൃദ്ധിയും വാതരോഗവും ശൂദ്രജനങ്ങളിൽ നിന്നും അന്യവർണ്ണങ്ങളിൽ നിന്നും ധനലാഭവും വൃദ്ധസ്ത്രീരതിയും അലസതയും ദുഃഖവും പാപതയും ഉണ്ടാകും. 

ശനിയ്ക്ക് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപവും കൃഷ്ണധേനുദാനവും മഹിഷീദാനവും കാലദാനവും യഥാശക്തി നീചാന്നദാനവും ചെയ്തുകൊൾകയും വേണം.

ശനിദശയിലെ അപഹാരഫലങ്ങൾ

ശുക്രന്റെ യോഗദൃഷ്ടികളോടുകൂടിയോ ഭാവങ്ങളിലോ / ഗുളികന്റെ യോഗദൃഷ്ടികളോടുകൂടിയോ നിൽക്കുന്ന ശനിയുടെ ദശാകാലം

ഭൃഗുണാ സംയുതേ ദൃഷ്ടേ ബഹുവിത്തം ലാഭേന്നരഃ
ദേശഗ്രാമാധിപത്യം ച സുന്ദരസ്ത്രീജനാഗമം

ശുക്രാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ സ്ത്രീവിനാശനഃ
രാഹുകേതുസമേതശ്ചേൽ ചോരാദ്ധനവിനാശനം

കാമിലാം വാതരോഗം ച ഗണ്ഡശൂലം മസൂരികാം
മാന്ദിയുക്തേ ക്ഷിതേ മന്ദേ പ്രായേണ മരണം ലഭേൽ.

സാരം :-

ശുക്രന്റെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം പലവിധത്തിൽ ധനലാഭവും ദേശാധിപത്യവും ഗ്രാമനേതൃത്വവും സുന്ദരീജനസമാഗമവും സംഭവിക്കും. ശുക്രൻ നിൽക്കുന്ന രാശിയുടെ 4 - 7 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ഭാര്യാനാശം സംഭവിക്കും. രാഹുകേതുക്കളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം കാമിലയും വാതരോഗവും ഗണ്ഡശൂലവും മസൂരിയും മറ്റും രോഗങ്ങളുമുണ്ടാകാനിടയുണ്ട്.

ഗുളികയുക്തനായോ ഗുളികദൃഷ്ടനായോ നിൽക്കുന്ന ശനി മിക്കവാറും മരണത്തെതന്നെ ചെയ്കയും ചെയ്യും. 

വ്യാഴത്തിന്റെ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഗുരുത്രികോണഗോ വാർക്കിഃ ഫലമേവം വിനിർദ്ദിശേൽ
ജീവാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ പിതൃനാശകൃൽ.
പുത്രസ്യ വിപദം ചാത്ര സൗഖ്യകാരക ഏവ സഃ
കൃഷിഭൂധനധാന്ന്യാനി ഭൃത്യലാഭം ച വിന്ദതി.

സാരം :-

വ്യാഴത്തിന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന ശനിയുടെ ദശാകാലത്തെ ദശാഫലം പൂർവ്വോക്തപ്രകാരം തന്നെയാണ്. വ്യാഴസ്ഥിതരാശിയുടെ 4 - 7 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പിതാവിനും പുത്രനും നാശം സംഭവിക്കുമെങ്കിലും ഈ ശനി സുഖകാരകനെന്ന് ആചാര്യന്മാർ നിർണ്ണയിച്ചിട്ടുള്ളതിനാൽ അക്കാലം കൃഷിയും ഭൂമിയും ധനധാന്യങ്ങളും ഭൃത്യന്മാരും വർദ്ധിക്കുകയും ചെയ്യും.

വ്യാഴത്തോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം

ഗുരുണാ സംയുതേ മന്ദേ പൂർവ്വഭാഗേ വിപൽ ഫലം
പശുധാന്യവിനാശം ച പശ്ചാദ്വിത്തം സുഖം തഥാ.

സാരം :-

വ്യാഴത്തോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം ആദ്യം ആപത്തും പശുവൃഷഭനാശവും ധനധാന്യഹാനിയും പിന്നീടു ധനസുഖങ്ങളും ലഭിക്കും.

ചൊവ്വയുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം

കുജേന സംയുതേ ദൃഷ്‌ടേ ഭൂക്ഷേത്രവിഭവം ലഘു
വാതരോഗോ വ്രണോ വാപി ദാരിദ്ര്യം ചാപി സംഭവേൽ.

സാരം :-

ചൊവ്വയുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന ശനിയുടെ ദശാകാലം അല്പമായ ഭൂസ്വത്തും കൃഷിയും ധനവും ലഭിക്കും. വാതരോഗം, വ്രണം, നിർദ്ധനത്വം, ദാരിദ്ര്യം എന്നിവയും സംഭവിക്കുന്നതാണ്.

സൂര്യന്റെ ദൃഷ്ടിയോഗങ്ങളിലോ ഭാവങ്ങളിലോ / ചന്ദ്രന്റെ ദൃഷ്ടിയോഗങ്ങളിലോ ഭാവങ്ങളിലോ നിൽക്കുന്ന ശനിയുടെ ദശാകാലം

സൂര്യേണ സംയുതേ മന്ദേ ബഹുഭാഗ്യം സുതക്ഷയം
സൂര്യാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ സ തു പുത്രഹാ
സൂര്യേണ യദി സംദൃഷ്‌ടോ ഭാഗ്യകാരക ഏവ സഃ
ചന്ദ്രദൃഷ്‌ടേ യദി യദാ ഗൃഹ വാഹനലാഭവാൻ.

ചന്ദ്രാൽ സപ്തായസൗഖ്യേഷു സ്ഥിതശ്ചേന്മാതൃഹാപി ച
ക്ഷേത്രവാഹനവിത്താദിലാഭസ്സ്യാൽ ബലവാന്യദി.

സാരം :-

സൂര്യനോടുകൂടി (മൗഢ്യമില്ലാതെയിരിക്കണം) നിൽക്കുന്ന ശനിയുടെ ദശാകാലം വലിയ ഭാഗ്യവും പുത്രനാശവും ഉണ്ടാകും.

സൂര്യൻ നിൽക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിൽക്കുന്ന ശനിയുടെ ദശാകാലം പുത്രമരണമുണ്ടാകും.

സൂര്യദൃഷ്ടനായ ശനിയുടെ ദശാകാലം ഏറ്റവും ഭാഗ്യയോഗകർത്തവായിത്തീരും

ചന്ദ്രദൃഷ്ടനായ ശനിയുടെ ദശാകാലം ഗൃഹവും വാഹനങ്ങളും ഉണ്ടാകും.

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 4, 7, 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം മാതൃമരണമുണ്ടാകും. ഈ  ശനി ബലവാനാണെങ്കിൽ ഭൂമിയും ധനവും വാഹനങ്ങളും മറ്റ് ഇഷ്ടഫലങ്ങളും ലഭിക്കുകയും ചെയ്യും. 

മീനം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഝഷഗതമന്ദദശായാം
ദേശഭ്രമണം പിതുർവ്യഥാം ലഭതേ
നേത്രരുജം നൈർദ്ധന്യം
ഭൂനാശം കാര്യസാധനം കിമപി.

സാരം :-

മീനം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ദേശാന്തര സഞ്ചാരവും നേത്രരോഗവും നിർദ്ധനത്വവും ഭൂമിനാശവും പിതാവിന് അരിഷ്ടയും അല്പമായ ചില കാര്യഗുണങ്ങളും സംഭവിക്കും.

കുംഭം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഘടഗതസൂര്യജദായേ
ഘടയതി പുത്രക്ഷയം ക്ഷതം ദേഹ
ബഹുധനലാഭം കീർത്തിം
ഖരഗോമഹിഷോഷ്ട്രലാഭമപി.

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ദേഹത്തിൽ മുറിവ്, വ്രണം, ചതവ്, എന്നിവ സംഭവിക്കുകയും പുത്രന്മാർക്ക് ഹാനിയുണ്ടാവുകയും വളരെ ധനവും കീർത്തിയും കഴുത, പശു, കാള, എരുമ, ഒട്ടകം, കൃഷികാര്യങ്ങൾ എന്നിവയുടെ ലാഭവും സംഭവിക്കുകയും ചെയ്യും.

മകരം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മൃഗഗതമന്ദദശായാം
ബഹുധനസൗഖ്യാഗമം ശ്രിയം ലഭതേ
ഗ്രാമപുരനഗരനേതാ
പ്രഥമേ ഭാഗേ തഥാ മനോദുഃഖം.

സാരം :-

മകരം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം വളരെ ധനവും ഐശ്വര്യവും സുഖവും ലഭിക്കുകയും ഗ്രാമാധിപത്യം, നഗരകർത്തൃത്വം, പുരാദ്ധ്യക്ഷത്വം എന്നിവ സിദ്ധിക്കുകയും ആദ്യം മനോദുഃഖമനുഭവിക്കുകയും ചെയ്യും.

ധനു രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ചാപസ്ഥമന്ദദായേ തു ഭാഗ്യശ്രീസുഖസമ്പദഃ
ബന്ധുനാശം വ്രജേദാദൌ ബന്ധനം ഹൃദയവ്യഥാം.

സാരം :-

ധനു രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പലപ്രകാരേണ ഭാഗ്യവും ശ്രീയും സുഖവും സമ്പത്തും വർദ്ധിക്കുകയും ബന്ധുക്കൾക്ക് നാശം സംഭവിക്കുകയും ദശയുടെ ആദ്യഘട്ടത്തിൽ മനോദുഃഖവും കാരാഗൃഹവാസവും അനുഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.